കൊച്ചി വിമാനത്താവളത്തെ ആലുവ മെട്രോ ടെർമിനലുമായി ബന്ധിപ്പിച്ചു വാട്ടർ മെട്രോ സർവീസ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ( കെഎംആർഎൽ ) സജീവമായി പരിഗണിക്കുന്നു. ആലുവ മെട്രോ സ്റ്റേഷനു തൊട്ടുചേർന്നാണു പെരിയാർ. ഇവിടെ ബോട്ട് ടെർമിനൽ നിർമിച്ച് പെരിയാറിലൂടെ 4 കിലോമീറ്റർ പോയാൽ വിമാനത്താവളത്തിന്റെ പുറകിലൂടൊഴുകുന്ന ചെങ്ങൽ തോട്ടിലെത്തും.
തോട്ടിലൂടെ രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ വിമാനത്താവളത്തിന്റെ പിൻവശത്തു റൺവേയ്ക്ക് അരികിലെത്താം. ഇതല്ലെങ്കിൽ, വിമാനത്താവളത്തിന്റെ വടക്കേ അതിരിന് അധികം ദൂരെയല്ലാതെയാണു പെരിയാർ ഒഴുകുന്നത്. ഇതിൽ ഏതെങ്കിലും ഒരു സാധ്യതയാവും പരിഗണിക്കുക. രണ്ടാമത്തേതാണെങ്കിൽ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കു പുറമേ കാലടി ടൗണുമായും വാട്ടർ മെട്രോ ബന്ധിപ്പിക്കാം. കാലടിയിൽ പെരിയാറിൽ ഒരു ടെർമിനൽ കൂടി നിർമിച്ചാൽ മതിയാവും.
സാധ്യതാ പഠനത്തിനു ശേഷമേ പദ്ധതിയുമായി മുന്നോട്ടു പോകണോ എന്നു തീരുമാനിക്കൂ. ആലുവയിൽ നിന്നു റോഡ് മാർഗം വിമാനത്താവളത്തിലേക്ക് 12 കിലോമീറ്റർ ഉണ്ട്. വാട്ടർ മെട്രോയിലാവുമ്പോൾ അതിന്റെ പകുതി മാത്രം. പെരിയാറിൽ ചെങ്ങലിനും ആലുവയ്ക്കും ഇടയിൽ അങ്ങിങ്ങായി പാറക്കൂട്ടങ്ങളുണ്ട്. ഇതു പൊട്ടിച്ചു കളയേണ്ടിവരും. ചെങ്ങൽ തോട് ഇപ്പോൾ ഗതാഗതയോഗ്യമല്ല. അത് വീതികൂട്ടി ആഴംകുട്ടേണ്ടി വരും. ജനവാസം കുറവായതിനാൽ സ്ഥലമെടുപ്പിനും കാര്യമായ തടസ്സമുണ്ടാവില്ല. കൊച്ചി തുറമുഖത്തെയും വിമാനത്താവളത്തെയും ബന്ധിപ്പിച്ചു കാർഗോ ബോട്ട് സർവീസിനു കിൻകോയും ആലുവയിൽ നിന്നു നെടുമ്പാശേരിയിലേക്ക് പനയക്കടവ്, കുഴിപ്പള്ളം, ചെങ്ങൽ തോടുകളെ ബന്ധിപ്പിച്ചു ബോട്ട് സർവീസിനു സിയാലും നേരത്തേ പദ്ധതി തയാറാക്കിയിരുന്നെങ്കിലും പ്രായോഗികമല്ലെന്നു കണ്ടു മുന്നോട്ടുപോയില്ല.
