ചോക്ലേറ്റ് നിർമാണത്തിനിടെ ബാക്കിയാവുന്ന കൊക്കോ തൊണ്ടും പൾപ്പും ഒഴിവാക്കുന്നതിനെക്കാൾ നല്ലത് ഭക്ഷ്യയോഗ്യമാക്കുന്നതല്ലേ എന്ന ചിന്തയിൽനിന്നാണ് കേരള കാർഷിക സർവകലാശാലയിലെ കൊക്കോ റിസർച്ച് സെന്റർ പുതിയ കണ്ടുപിടിത്തവുമായി മുന്നോട്ടുവന്നത്.
തൊണ്ടും പൾപ്പും ഉപയോഗിച്ച് പോഷകമൂല്യമുള്ള ഭക്ഷ്യ ഉത്പന്നങ്ങളാക്കി മാറ്റിയിരിക്കുകയാണ് ഇവർ. കൊക്കോ ഹസ്ക് കുക്കികളും പൾപ്പിൽനിന്നുള്ള റെഡി ടു സർവ് പാനീയവുമാണ് വികസിപ്പിച്ചത്. വിദ്യാർഥികളുടെ പ്രോജക്ടായാണ് ഗവേഷണം ആദ്യം തുടങ്ങിയത്. പിന്നീട് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ അഞ്ചുവർഷമെടുത്തു പൂർത്തിയാക്കി. ഉത്പന്നങ്ങൾ ഇപ്പോൾ സെന്ററിൽ ലഭ്യമാണ്. സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ആരോഗ്യ സംരക്ഷണത്തിലേക്ക്
ചോക്ലേറ്റ് നിർമാണത്തിനായി ഉപയോഗിക്കുന്ന കൊക്കോ വിത്തുകളുടെ തൊലിയായ ഹസ്കും പൾപ്പും ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ശരിയായ രീതിയിൽ നശിപ്പിക്കാതിരുന്നാൽ ഇവ രോഗം വളർത്തുന്ന ഫംഗസുകൾക്കും കൊതുകുകൾക്കും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ഇടയാക്കും. പ്രത്യേകിച്ച് ഫൈറ്റോഫ്ത്തോറാ എന്ന ഫംഗസ് കറുത്തകായ രോഗമുണ്ടാക്കി 40 ശതമാനംവരെ വിളനാശം വരുത്തും. തെങ്ങിനും റബറിനു ഉൾപ്പെടെ എല്ലാ വിളകൾക്കുമുണ്ടാകുന്ന രോഗങ്ങൾക്കാണ് ഇത് കാരണമാകുക.

ഹസ്ക് കുക്കികൾ
തൊണ്ട് പൊടിയായി ഉപയോഗിച്ച് വികസിപ്പിച്ച ഹൈ ഫൈബർ കുക്കികൾ പോഷകമൂല്യമുള്ളതാണ്. അസിഡിറ്റി, പോളിഫീനോളുകൾ, ആന്റി ന്യൂട്രീഷണൽ ഘടകങ്ങൾ എന്നിവ നീക്കംചെയ്തതിനാൽ ഭക്ഷ്യയോഗ്യമാക്കാൻ മികച്ചരീതിയിൽ ശുദ്ധീകരിച്ചിട്ടുണ്ട്. പ്രമേഹരോഗികൾക്കും വയസ്സായവർക്കും ഉപയോഗിക്കാം. ഓട്സുമായി ചേർത്ത് ഒരുക്കിയതും അവിൽ (റൈസ് ഫ്ലേക്സ്) ഉപയോഗിച്ചുമുള്ള രണ്ടിനങ്ങളാണ് വികസിപ്പിച്ചത്.
പോഷകമൂല്യങ്ങൾ: ഊർജം-541.92 കലോറി, കാർബോഹൈഡ്രേറ്റ് -48.10 മിഗ്രാം, പ്രോട്ടീൻ -8.63 മിഗ്രാം, കൊഴുപ്പ് -35 മിഗ്രാം, ഡയറ്ററി ഫൈബർ -4.26 മിഗ്രാം.
പൾപ്പിൽനിന്നുള്ള റെഡി ടു സർവ് പാനീയം
ഫെർമെന്റേഷൻ സമയത്ത് പുറന്തള്ളപ്പെടുന്ന പൾപ്പ് അതിന്റെ ദുർഗന്ധംമൂലം കോക്കോ കുരുവിന്റെ ഗുണനിലവാരം കുറയ്ക്കുകയും ഫംഗസ് വളർച്ചയ്ക്കിടയാക്കുകയും ചെയ്യും. ഇതുമൂലം പുളിപ്പിച്ച കുരുക്കളിൽ ഫ്രീ ഫാറ്റി ആസിഡിന്റെ അളവ് കൂടും. അത് ആരോഗ്യത്തിന് ഹാനികരമാണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് ആരോഗ്യകരവും ആന്റി ഓക്സിഡന്റുകൾ നിറഞ്ഞതുമായ പാനീയം വികസിപ്പിച്ചത്. പുളിപ്പിക്കലിനായി പൂർണമായും പൾപ്പിനെ ഉപയോഗിക്കുന്നില്ല. കുറച്ച് അളവിൽ പൾപ്പ് ആദ്യം നീക്കംചെയ്യുന്നത് കുരുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും.
പോഷകമൂല്യങ്ങൾ: കാർബോഹൈഡ്രേറ്റ് -12.6 ഗ്രാം, വിറ്റാമിൻ സി -7.51 മിഗ്രാം, സോഡിയം -563 മിഗ്രാം, പൊട്ടാസ്യം -1748 മിഗ്രാം”
