പൂജ വയ്പ് സെപ്റ്റംബർ 29ന്; വരുന്നത് നവരാത്രി ദിനങ്ങൾ.

നവരാത്രിയിൽ അസ്തമയത്തിന് അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവയ്ക്കേണ്ടത്. അന്ന് വൈകുന്നേരം വിദ്യാർഥികൾ പുസ്തകങ്ങളും കർഷകരും തൊഴിലാളികളും ഉദ്യോഗസ്ഥരും തൊഴിൽ ഉപകരണങ്ങളും കമ്പ്യൂട്ടറുകളും പൂജവയ്ക്കും. വീട്ടിലോ ക്ഷേത്രങ്ങളിലോ പൂജ വയ്ക്കാം. വീട്ടിലാണെങ്കിൽ ശുദ്ധിയുള്ള മുറിയിലോ പൂജാമുറിയിലോ ശരീരശുദ്ധിയോടെ പ്രാർഥിച്ചുകൊണ്ട് പൂജവയ്ക്കണം. “ശാക്തേയ വിശ്വാസപ്രകാരം ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ഭഗവതിയായ ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളെ ആരാധിക്കുന്നു. അതിന്റെ ഭാഗമായി ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ മഹാസരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. ഇതിലൂടെ അറിവും സമ്പത്തും സമൃദ്ധിയും ദുരിതനാശവും ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. മറ്റൊരു രീതിയിൽ ശക്തിസ്വരൂപിണിയായ ദുർഗയുടെ ഒമ്പത് ഭാവങ്ങളെ (നവദുർഗ) ആരാധിക്കുന്നു. ഇത് ശൈല പുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാളി (കാലരാത്രി), മഹാഗൗരി, സിദ്ധിദാത്രി എന്നിവരെ ഒമ്പത് ദിവസങ്ങളിലായി ആരാധിക്കുന്നു. മറ്റ് ചിലയിടങ്ങളിൽ ദുർഗാഷ്ടമി വരെ ദുർഗയെയും നവമിയിൽ മഹാലക്ഷ്മിയേയും ദശമിക്ക് മഹാസരസ്വതിയേയും ആരാധിക്കുന്നു. ബംഗാളിൽ ദുർഗാഷ്ടമിക്കാണ് പ്രാധാന്യം. കേരളത്തിൽ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് മഹാസരസ്വതി പൂജയ്ക്ക് ഈ ദിവസങ്ങളിൽ പ്രാധാന്യം നൽകി വരുന്നു. ഇത് വിദ്യാരംഭം എന്നറിയപ്പെടുന്നു. അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി അറിവിന്റെ പ്രകാശം പ്രദാനം ചെയ്യുന്നു എന്നതാണ് നവരാത്രി ആഘോഷ ത്തിന്റെ സന്ദേശം. പൊതുവേ ദുർഗയെ വിവിധ ഭാവങ്ങളിൽ ആരാധിക്കുന്ന നാളുകളാണ് നവരാത്രി എന്ന്‌ പറയാം.

അഷ്ടമി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പൂജ വയ്ക്കുന്നത്. പറവൂർ മൂകാംബിക, കണ്ണൂർ പള്ളിക്കുന്ന് മൂകാംബിക, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, ഏലൂർ കിഴക്കുംഭാഗം ദേവീ ക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം, ചോറ്റാനിക്കര ക്ഷേത്രം ഇവിടെയെല്ലാം സെപ്റ്റംബർ 29ന് തിങ്കളാഴ്ച വൈകിട്ട് 5 മണി മുതൽ പുസ്തകങ്ങൾ സമർപ്പിക്കാം. 6. 45നാണ് പൂജ വയ്പ്പ്. ഒക്ടോബർ 1ന് ബുധനാഴ്ച്ച വൈകിട്ട് 6.45 നാണ് വാഹന പൂജ. ഒക്ടോബർ 2ന് വ്യാഴാഴ്ച്ച രാവിലെ 7നാണ് പൂജയെടുക്കുന്നത്. 7.30നാണ് വിദ്യാരംഭം. ചില ക്ഷേത്രങ്ങളിൽ ദീപാരാധനയ്ക്ക് മുമ്പും മറ്റു ചിലയിടങ്ങളിൽ ദീപാരാധനയ്ക്ക് ശേഷവുമാകും പൂജവയ്ക്കുക. ഈ വർഷത്തെ നവരാത്രി ആഘോഷം സെപ്റ്റംബർ 22ന് ആരംഭിച്ച് ഒക്ടോബർ 2ന് വിജയ ദശമിയോടെ സമാപിക്കും.