ആപ്പിളോ വാഴപ്പഴമോ അല്ല, പഴങ്ങളില്‍ കേമന്‍ ചെറുനാരങ്ങ തന്നെ; കാരണം വ്യക്തമാക്കി പഠനം

ഫൈബർ, വിറ്റാമിൻ സി, പൊട്ടാസ്യം എന്നീ പോഷകങ്ങൾ അടങ്ങിയത് കാരണം ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നവരുടെ ഇഷ്ടപ്പെട്ട പഴങ്ങളാണ് ആപ്പിളും വാഴപ്പഴവും. എന്നാൽ ഇവയുടെ സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് അധികം ആഘോഷിക്കപ്പെടാത്ത ചെറുനാരങ്ങ. വില്യം പാറ്റേഴ്സൺ യൂണിവേഴിസിറ്റി നടത്തിയ പഠനത്തിലാണ് ആരോഗ്യബോധമുള്ളവരുടെ ഇഷ്ടഭക്ഷണത്തിൽ ചെറുനാരങ്ങയുടെ പ്രാധാന്യത്തേക്കുറിച്ച് പറയുന്നത്.

വിവിധ ആരോഗ്യ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നാൽപ്പത്തിയൊന്ന് പഴങ്ങളിൽ നടത്തിയ പഠനത്തിന് ശേഷമാണ് ചെറുനാരങ്ങയെ ഏറ്റവും മികച്ച പഴമായി ഗവേഷകർ അംഗീകരിച്ചത്. മറ്റുള്ള പഴങ്ങളെ അപേക്ഷിച്ച് ചെറുനാരങ്ങ ചെറുതും പുളിയുള്ളതുമാണെങ്കിലും പോഷകഗുണങ്ങളിൽ മുൻപന്തിയിലാണ്. വിറ്റാമിൻ സി, ലയിക്കുന്ന ഫൈബറുകൾ, ഫ്ലേവനോയിഡുകൾ, മറ്റ് സസ്യ സംയുക്തങ്ങൾ എന്നീ ഘടകങ്ങളുടെ സാന്നിധ്യമാണ് ചെറുനാരങ്ങയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. പ്രതിരോധശേഷി, ദഹനം, ഹൃദയസംബന്ധമായ രോഗങ്ങളെ ചെറുക്കുക എന്നിവയ്ക്കും ചെരുനാരങ്ങ നല്ലതാണ്.

ആന്റിമൈക്രോബിയലുകൾ അടങ്ങിയതും കാൻസറിനെ ചെറുക്കാൻ കഴിവുമുള്ള ലിമണീനുകളാൽ സമ്പുഷ്ടമാണ് ചെറുനാരങ്ങയുടെ തൊലി. പലപ്പോഴും ഉപയോഗമില്ല എന്ന് പറഞ്ഞ് ഒഴിവാക്കുന്ന തൊലി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സ്വാദ് വർധിപ്പിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ഫ്ലേവനോയിഡുകളുടെ സാന്നിധ്യം രക്തസമ്മർദ്ദം കുറയ്ക്കുന്നു.

ചെറുനാരങ്ങയുടെ പുളി രുചി ഇഷ്ടമില്ലാത്തവർക്കും പല രീതിയിൽ ഇവ ദൈനംദിന ജീവിതത്തിലെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.”രാവിലെ ചൂടു വെള്ളത്തിൽ ചെറുനാരങ്ങയുടെ നീരും കുറച്ച് തേനും കൂടി കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്.

സാലഡുകളിലും സൂപ്പുകളിലും കുറച്ച് ചെറുനാരങ്ങനീര് ഒഴിക്കുന്നത് സ്വാദ് വർധിപ്പിക്കുകയും പോഷകമൂല്യം ഉയർത്തുകയും ചെയ്യുന്നു.

ചെറുനാരങ്ങയുടെ തൊലി ചുരണ്ടി അത് ഭക്ഷണത്തിലും മധുരപലഹാരങ്ങളിലും ചേർക്കുന്നത് രുചിക്കും ആന്റിഓക്സിഡന്റുകൾ ലഭിക്കുന്നതിനും നല്ലതാണ്.

ധാരാളം ഗുണങ്ങൾ ഉണ്ടെങ്കിലും വെറും വയറ്റിൽ ചെറുനാരങ്ങയുടെ നീര് മാത്രമായി കഴിക്കുന്നത് ഗവേഷകർ പ്രോത്സാഹിപ്പിക്കുന്നില്ല. ഇങ്ങനെ ചെയ്യുന്നത് അസിഡിറ്റിക്ക് കാരണാമാകും. ദഹനത്തിന്റെ പ്രശനമുള്ളവർ ചെറുനാരങ്ങ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് ആരോഗ്യ വിദഗ്ദന്റെ അഭിപ്രായം ചോദിക്കണം.