മഴക്കാലത്ത് വാഷിങ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ഇങ്ങനെ ചെയ്യരുത്, മോട്ടോര്‍ പൊട്ടിത്തെറിച്ചേക്കാം.

മഴക്കാലത്ത് വാഷിങ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ചെറിയ തെറ്റ് കാരണം മോട്ടോര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. മഴക്കാലത്ത് സാധാരണ ആളുകള്‍ ചെയ്യുന്ന തെറ്റുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

ചില സ്ഥലങ്ങളില്‍ വാഷിങ് മെഷീന്‍ പുറത്തോ ടെറസിനു മുകളിലോ ഒക്കെ വയ്ക്കുന്നതു കാണാം. ഇങ്ങനെ വയ്ക്കുമ്പോള്‍ മഴത്തുള്ളികള്‍ വീഴാനുള്ള സാധ്യത കൂടുതലാണ്. മെഷീന്റെ കണ്‍ട്രോള്‍ പാനലിന് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. മെഷീനില്‍ വച്ചിരിക്കുന്ന ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ വെള്ളവുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ മെഷീന്‍ പ്രവര്‍ത്തിക്കുന്നത് നിര്‍ത്തും. 

തുണി കുത്തി നിറയ്ക്കല്‍

ചിലര്‍ വാഷിങ് മെഷീനില്‍ തുണികള്‍ കുത്തി നിറയ്ക്കുന്നതു കാണാം. കൂടുതല്‍ തുണികള്‍ ഒരേ സമയമിട്ടു കഴുകിയാല്‍ സമയവും വൈദ്യുതിയും ലാഭിക്കാമെന്നാണ് കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല. ഇത് തികച്ചും തെറ്റാണ്. ആവശ്യത്തില്‍ കൂടുതല്‍ വസ്ത്രങ്ങള്‍ നിറയ്ക്കുന്നത് മെഷീനിന്റെ മോട്ടോറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതാണ്. ഇതുകാരണം വസ്ത്രങ്ങള്‍ ശരിയായി കഴുകുകയോ ഡ്രം ശരിയായി കറങ്ങുകയോ ചെയ്യുകയില്ല. മാത്രമല്ല മോട്ടോര്‍ കത്താനുള്ള സാധ്യതയും കൂടുതലാണ്. 

ഡീസ്‌കെയിലര്‍ ഉപയോഗിക്കരുത്

നമ്മളെല്ലാവരും മെഷീനിന്റെ പുറം ഭാഗം മാത്രം നന്നായി കഴുകുന്നവരാണ്. നന്നായി മിനുക്കിവയ്ക്കാറുണ്ട്. എന്നാല്‍ അതിനുള്ളിലെ അതായത് ആന്തരിക വൃത്തിയാക്കലില്‍ ശ്രദ്ധിക്കാറില്ല. ഡീസ്‌കെയിലര്‍ പൊടിയുടെയോ ദ്രാവകത്തിന്റെയോ ഉപയോഗം മെഷീനിനുള്ളില്‍ അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

അതുകൊണ്ട് മാസത്തിലൊരിക്കലെങ്കിലും വസ്ത്രങ്ങളിടാതെ ഡീസ്‌കെയിലര്‍ ഉപയോഗിച്ച് മാത്രം മെഷീന്‍ പ്രവര്‍ത്തിപ്പിക്കുക. ഇങ്ങനെ ചെയ്താല്‍ മെഷീന്‍ കേടുകൂടാതെയിരിക്കുകയും വളരെക്കാലം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. 

ഡിറ്റര്‍ജന്റിന്റെ അമിത ഉപയോഗം

വസ്ത്രങ്ങള്‍ നന്നായി വൃത്തിയാകുമെന്ന് കരുതി കൂടുതല്‍ ഡിറ്റര്‍ജന്റ് ഇട്ടു കൊടുക്കുന്ന പതിവ് ചിലര്‍ക്കെങ്കിലും ഉണ്ട്. എന്നാല്‍ ഇത് കൂടുതല്‍ നുരയുണ്ടാക്കുകയും മെഷീനിന് പൂര്‍ണമായും കഴുകാന്‍ കഴിയുകയുമില്ല. ഇത് ഡ്രമ്മിലും പൈപ്പുകളിലും അവശിഷ്ടങ്ങള്‍ അടിഞ്ഞു കൂടുന്നതിനു കാരണമാവുകയും ചെയ്യും. ഡിറ്റര്‍ജന്റ് ട്രേ, ലിന്റ് ഫില്‍ട്ടര്‍, ഡ്രം എന്നിവയൊക്കെ മാസത്തിലൊരിക്കലെങ്കിലും വൃത്തിയാക്കുക. 

റെയിൽവേയിൽ 6238 ഒഴിവുകൾ, ജൂലായ് 28 വരെ അപേക്ഷിക്കാം

ഇന്ത്യൻ റെയിൽവേയിൽ ടെക്നീഷ്യന്മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. ടെക്നീഷ്യൻ ഗ്രേഡ്-I സിഗ്നൽ തസ്തികയിൽ 183 ഒഴിവും ടെക്നീഷ്യൻ ഗ്രേഡ്-III തസ്തികയിൽ 6055 ഒഴിവും ഉൾപ്പെടെ ആകെ 6238 ഒഴിവിലേക്കാണ് വിജ്ഞാപനം.

തിരുവനന്തപുരം ആർആർബിയിൽ ആകെ 197 ഒഴിവാണുള്ളത്. (ടെക്നീഷ്യൻ ഗ്രേഡ്-I സിഗ്നൽ തസ്തികയിൽ 6, ടെക്നീഷ്യൻ ഗ്രേഡ്-III തസ്തികയിൽ 191). ടെക്നീഷ്യൻ ഗ്രേഡ്-III തസ്തികയിലേക്ക് ആകെ 29 ട്രേഡുകളുണ്ട്. ഇതിൽ 11 ട്രേഡുകളിലാണ് തിരുവനന്തപുരത്ത് ഒഴിവുള്ളത്.

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിജ്ഞാപനം 02/2025 എന്ന നമ്പറിൽ എല്ലാ ആർആർബികളുടെയും വെബ്സൈറ്റിൽ ലഭ്യമാണ്.

തിരുവനന്തപുരം ആർആർബിയുടെ വെബ്സൈറ്റ്: www.rrbthiruvananthapuram.gov.in.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 28.

ഏറ്റവും കൂടുതൽ പേരുകളുള്ള പഴം ഏതാണെന്ന് അറിയാമോ

പ്രാദേശിക നാമങ്ങളിൽ എന്നും മുന്നിൽ നമ്മുടെ പപ്പായ തന്നെ. ഒന്നും രണ്ടുമല്ല, നാൽപ്പത്തഞ്ചോളം അപരനാമങ്ങളിലാണ് അറിയപ്പെടുന്നത്. സാധാരണ കപ്പയ്ക്ക, പപ്പായ, ഓമയ്ക്ക എന്നൊക്കെ അറിയപ്പെടുമ്പോഴും പോർച്ചുഗീസുകാർ നൽകിയ ‘പപ്പായ’ എന്ന പേരിന് പുറമെയാണ് ഈ അപരനാമങ്ങൾ.

പുറമെ നിന്ന് കപ്പലിൽ വന്ന വസ്തുക്കളോടൊപ്പം ‘കപ്പ’ എന്ന വാക്ക് ചേർത്ത പതിവിൽ നിന്നാണ് കപ്പയ്ക്ക, കൊപ്പക്ക, കപ്പ, കപ്ലിങ്ങ, കപ്പളം തുടങ്ങിയ പേരുകൾ പപ്പായക്ക് ലഭിച്ചത്. ‘ഓവുള്ള’ അഥവാ ‘ഓട്ടയുള്ള’ മരത്തിന്റെ കായ എന്ന അർത്ഥത്തിലാണ് ഓമയ്ക്ക എന്ന പേര്. പോർച്ചുഗീസ് പേരിനോട് സാമ്യമുള്ള പപ്പക്കായ, പപ്പയ്ക്ക, പപ്പരക്ക, പപ്പര തുടങ്ങിയ പേരുകളും പ്രചാരത്തിലുണ്ട്. പട്ടിണിക്കാലത്ത് ദാനമായി നൽകിയിരുന്നതിനാലാവാം ധർമ്മത്തുങ്കായ, ദർമൂസുങ്കായ എന്നീ പേരുകൾ ലഭിച്ചതെന്നും ചില നിഗമനങ്ങളുണ്ട്. കേരളവുമായി അടുത്ത ബന്ധമുള്ള ലക്ഷദ്വീപിൽ കടമത്ത്, കൊപ്പക്ക, കർമോസ എന്നിങ്ങനെയെല്ലാമാണ് പപ്പായയെ വിളിക്കുന്നത്.

അപരനാമങ്ങൾ 43

തിരുവനന്തപുരം: പപ്പാളിക്ക, കപ്പക്ക, പപ്പക്ക

കൊല്ലം: കപ്പക്ക, ഓമക്ക, പപ്പക്ക

പത്തനംതിട്ട: ഓമക്കായ, ഓമക്ക

ആലപ്പുഴ: പപ്പരങ്ങ, പപ്പരക്ക, ഓമക്ക

കോട്ടയം: കപ്ലങ്ങ, കപ്പളം, കപ്പളങ്ങ

ഇടുക്കി: ഓമക്ക, കപ്ലങ്ങ

എറണാകുളം: ഓമക്കായ, കപ്ലിംഗ്, കപ്പങ്ങ

തൃശൂർ: കൊപ്പക്കായ, ഓമക്കായ, പപ്പക്കായ, കപ്പങ്ങ

പാലക്കാട്: ഓമക്ക, കറുവത്തുംകായ, പപ്പാളങ്ങ

മലപ്പുറം: ഓമക്ക, കരുമൂച്ചി, കർമൂസ, കരുത്ത്

കോഴിക്കോട്: കർമൂസ്, കപ്ലങ്ങ

വയനാട്: കറുമുസ, കപ്ലങ്ങ, കപ്ലിങ്ങ, കപ്ലിക്ക

കണ്ണൂർ: കപ്പക്ക, അപ്പക്കായി, കർമൂസ്

കാസർകോട്: ബപ്പങ്ങായി, കപ്പങ്കായ, പപ്പങ്ങായി, കുപ്പക്കായി

ആരോഗ്യ ഗുണങ്ങൾ

മികച്ച കൃമിനാശിനിയും ഉദരരോഗ സംഹാരിയുമാണ്. കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ ഉത്തമം. ഒരു ഗ്രാം പപ്പായയിൽ ഏകദേശം 32 കലോറി ഊർജ്ജം, 7.2 ഗ്രാം കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ എ, സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. പഴുത്ത പപ്പായയിൽ പൊട്ടാസ്യം കുറവായതിനാൽ വൃക്കരോഗികൾക്കും കഴിക്കാം. ധാരാളം ബീറ്റാ കരോട്ടിൻ അടങ്ങിയിരിക്കുന്നതിനാൽ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമം. പച്ച പപ്പായയിലെ പപ്പെയ്ൻ എൻസൈമും നാരുകളും ദഹനത്തെ സുഗമമാക്കും.

എഫ് 35 ബി വിമാനം ഹാങ്ങറിൽ; അറ്റകുറ്റപ്പണി തുടങ്ങി, വിമാനത്തിന് നൽകേണ്ട വാടക പ്രതിദിനം 20,000രൂപ.

മൂന്നാഴ്ചയിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടിഷ് യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എൻജിനീയര്‍മാരുടെ സംഘം ശ്രമം തുടരുന്നു. വിമാനത്തിന്റെ നിര്‍മാതാക്കളായ യുഎസിലെ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയില്‍ നിന്നുള്ളവരും സംഘത്തിലുണ്ട്. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ എപ്പോള്‍ പരിഹരിക്കാനാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്കു മാറ്റിയ വിമാനം നിലവില്‍ ബ്രിട്ടിഷ് സംഘത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്.

വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിടുന്നതിന്റെ വാടക അദാനി കമ്പനി ബ്രിട്ടിഷ് അധികൃതരില്‍നിന്ന് ഈടാക്കും. എഫ് 35 ബി യുദ്ധവിമാനത്തിന്റെ വലുപ്പം കണക്കിലെടുക്കുമ്പോള്‍ പ്രതിദിന ഫീസ് 10,000 – 20,000 രൂപ വരെയാകാം. വിമാനം കഴിഞ്ഞ 24 ദിവസമായി വിമാനത്താവളത്തിലുണ്ട്. വിമാനം ലാന്‍ഡ് ചെയ്യാന്‍ 1 – 2 ലക്ഷം രൂപ വരെയാണ് വിമാനത്താവള നടത്തിപ്പുകാര്‍ക്കു നല്‍കേണ്ടത്. യുദ്ധവിമാനത്തിനു പുറമെ കഴിഞ്ഞ ദിവസം വിദഗ്ധ എൻജിനീയര്‍മാരുമായി ബ്രിട്ടനില്‍ നിന്നെത്തിയ എയര്‍ബസ് എ 400 എം അറ്റ്‌ലസ് വിമാനത്തിനും ലാന്‍ഡിങ് ചാര്‍ജ് നല്‍കേണ്ടി വരും.

നാവികസേനയിൽ സിവിലിയൻ സ്റ്റാഫ്, വ്യോമസേനയിൽ അഗ്നിവീർ

വിവിധ കമാൻഡുകളിലെ വിവിധ ഗ്രൂപ്പ് ‘ബി (നോൺഗസറ്റഡ്‌)’, ഗ്രൂപ്പ് ‘സി’ തസ്തികകളിലേക്ക് ഇന്ത്യൻ നാവികസേന നിയമന വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 1110 ഒഴിവുണ്ട്‌. തിരഞ്ഞെടുത്തവരെ ബന്ധപ്പെട്ട കമാൻഡുകളുടെ അഡ്മിനിസ്ട്രേറ്റീവ് നിയന്ത്രണത്തിലുള്ള യൂണിറ്റുകളിൽ നിയമിക്കും. ഇന്ത്യയിലെവിടെയുമുള്ള നേവൽ യൂണിറ്റുകളിൽ നിയമനം ലഭിക്കാം.

ഒഴിവുള്ള തസ്‌തികകൾ: സ്റ്റാഫ് നഴ്സ് 1, ചാർജ്മാൻ (നേവൽ ആവിയേഷൻ) 1, ചാർജ്മാൻ: അമ്യൂണിഷൻ വർക്ക്ഷോപ്പ് 8, മെക്കാനിക് 49, അമ്യൂണിഷൻ ആൻഡ്‌ എക്‌സ്‌പ്ലോസീവ്‌സ്‌ 53, ഇലക്ട്രിക്കൽ 38, ഇലക്ട്രോണിക്സ് ആൻഡ് ഗൈറോ 5, വെപ്പൺ ഇലക്ട്രോണിക്സ് 5, ഇൻസ്‌ട്രുമെന്റ്‌ 2, മെക്കാനിക്കൽ 11, ഹീറ്റ് എഞ്ചിൻ 7, മെക്കാനിക്കൽ സിസ്റ്റംസ് 4 , മെറ്റൽ 21 , ഷിപ്പ് ബിൽഡിങ്‌ 11, മിൽ‌റൈറ്റ് 5, ഓക്സിലറി 3, റഫർ & എസി 4, മെക്കട്രോണിക്സ് 1, സിവിൽ വർക്‌സ്‌ 3, മെഷീൻ 2, പ്ലാനിങ്‌–-പ്രൊഡക്ഷൻ–-കൺട്രോൾ 13, അസിസ്റ്റന്റ് ആർട്ടിസ്റ്റ് റീടച്ചർ 2, ഫാർമസിസ്റ്റ് 6, കാമറാമാൻ 1, സ്റ്റോർ സൂപ്രണ്ട് (ആർമമെന്റ്‌) 8, ഫയർ എൻജിൻ ഡ്രൈവർ 14, ഫയർമാൻ 30, സ്റ്റോർ കീപ്പർ/ സ്റ്റോർ കീപ്പർ (ആർമമെന്റ്‌) 178, സിവിലിയൻ മോട്ടോർ ഡ്രൈവർ ഓർഡിനറി ഗ്രേഡ് 117, ട്രേഡ്സ്മാൻ മേറ്റ് 207, പെസ്‌റ്റ്‌ കൺട്രോൾ വർക്കർ 53, ഭണ്ഡാരി 01, ലേഡി ഹെൽത്ത് വിസിറ്റർ 01, മൾട്ടി ടാസ്കിങ്‌ സ്റ്റാഫ് (മിനിസ്റ്റീരിയൽ) 09, നോൺ ഇൻഡസ്ട്രിയൽ)/ വാർഡ് സഹൽക്ക 81, ഡ്രസ്സർ 02, ധോബി 04, മാലി 06, ബാർബർ 04, ഡ്രാഫ്റ്റ്സ്മാൻ (കൺസ്ട്രക്ഷൻ) 02. യോഗ്യത, പ്രായപരിധി എന്നിവയടക്കമുള്ള കൂടുതൽ വിരങ്ങൾ www.joinindiannavy.gov.inൽ ലഭിക്കും incet.cbt-exam.in/incetcycle3/login/user ലിങ്ക്‌ വഴി അപേക്ഷിക്കാം. അവസാന തീയതി: ജൂലൈ 18.

വ്യോമസേനയിൽ അഗ്നിവീർ

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ (Agniveervayu Intake 02/2026) സെലക്ഷൻ ടെസ്‌റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. 4 വർഷത്തേക്കാണ്‌ നിയമനം. ജൂലൈ 11 മുതൽ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത സംബന്ധിച്ച്‌ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. പ്രായം: 2005 ജൂലൈ 2നും 2009 ജനുവരി 2 നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതികളും ഉൾപ്പെടെ). എൻറോൾ ചെയ്യുമ്പോൾ പ്രായപരി 21 വയസ്‌. ഫീസ്: 550 രൂപ. ഓൺലൈനായി അടയ്ക്കാം. തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്ക് ഓൺലൈൻ ടെസ്‌റ്റ്, അഡാപ്റ്റബിലിറ്റി ടെസ്‌റ്റ്, ശാരീരികക്ഷമതാ പരിശോധന, വൈദ്യ പരിശോധന എന്നിവ ഉണ്ടാകും. സെപ്റ്റംബർ 25 മുതലാണ് ഓൺലൈൻ ടെസ്റ്റ്. https://agnipathvayu.cdac.in

ഇന്നൊരു പ്രത്യേകതയുണ്ട്, ഉറപ്പായും ചോക്ലേറ്റ് കഴിക്കണം; കാരണം അറിയാമോ?

മധുരം കഴിക്കൂ ഇന്ന് ഒന്നാം തീയതിയാണ് എന്ന് പറയുന്നതുപോലെ ചോക്ലേറ്റ് കഴിക്കൂ ഇന്ന് ചോക്ലേറ്റ് ദിനമാണ്. ലോകമെമ്പാടും ഇന്ന് ചോക്ലേറ്റ് ദിനം കൊണ്ടാടുകയാണ്. എല്ലാ ചോക്ലേറ്റ് പ്രേമികൾക്കും ആഘോഷിക്കാൻ ഒരു ദിവസം. ഇത്രയും ആരാധകരുള്ള മറ്റൊരു മധുര പലഹാരം ഉണ്ടോ എന്ന് പോലും സംശയമാണ്.

ചോക്ലേറ്റിന് നൂറ്റാണ്ടുകൾ പഴക്കമുള്ള കഥ പറയാനുണ്ട്. 2000 ബിസിയിൽ കൊക്കോ ബീൻസ് കൃഷി ചെയ്യാൻ തുടങ്ങിയ ഒൽമെക്സിന്റെ പുരാതന മധ്യ അമേരിക്കൻ നാഗരികതയിൽ നിന്നാണ് ചോക്ലേറ്റിന്റെ ചരിത്രം. 3000 വർഷങ്ങൾക്കു മുമ്പ് മെക്സിക്കോയിലെ ആസ്ടെക് ഗോത്രക്കാരാണ് ചോക്കലേറ്റ് ആദ്യമായി നിർമിച്ചത്. കയ്പുള്ള പാനീയം ഉണ്ടാക്കാൻ അവർ കൊക്കോ മരത്തിൽ നിന്നുള്ള കൊക്കോ ബീൻസ് ഉപയോഗിക്കാൻ തുടങ്ങി. യൂറോപ്യന്മാർ പഞ്ചസാരയും മറ്റ് ചേരുവകളും ചേർത്ത് ഈ കൈപ്പുള്ള ചോക്ലേറ്റ് കൊണ്ട് മിഠായി ബാറുകൾ നിർമിക്കുന്നത് വരെ ചോക്ലേറ്റ് ഒരു സോളിഡ് രൂപത്തിൽ ആയിരുന്നില്ല. 

എന്തുകൊണ്ടാണ് ജൂലൈ 7 ന് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്? 

1550-ൽ യൂറോപ്പിൽ ചോക്ലേറ്റ് അവതരിപ്പിച്ചതിന്റെ വാർഷികത്തെ അനുസ്മരിക്കുന്നതിനാലാണ് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കാൻ ജൂലൈ 7 തിരഞ്ഞെടുത്തത്.ചോക്ലേറ്റിന്റെ യഥാർത്ഥ രൂപം സൃഷ്ടിച്ച മെക്സിക്കോയിൽ നിന്നുള്ള ആസ്ടെക് ഗോത്രത്തിന് ആദരവായും ഈ ദിവസം തിരഞ്ഞെടുത്തുവെന്ന് വിശ്വസിക്കപ്പെടുന്നു.1519-ൽ, ആസ്ടെക് ചക്രവർത്തി സ്പാനിഷ് പര്യവേക്ഷകനായ ഹെർണാൻ കോർട്ടെസിന് Xocolatl എന്ന ചോക്ലേറ്റ് അധിഷ്ഠിത പാനീയം സമ്മാനിച്ചുവത്രേ.

അദ്ദേഹമാണ് ഇന്ന് ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ചോക്ലേറ്റ് എണ്ണ മധുരത്തെ യൂറോപ്പിന് പരിചയപ്പെടുത്തുന്നത്. 1800-കളിൽ ഖരരൂപത്തിലുള്ള ചോക്ലേറ്റുകളായിരുന്നു. ഇവ യൂറോപ്പിലുടനീളം ചോക്ലേറ്റിന്റെ ജനപ്രീതി നേടുകയും ഒടുവിൽ അത് ഇന്ന് നമുക്കറിയാവുന്ന പ്രിയപ്പെട്ട സ്വീറ്റായി മാറുകയും ചെയ്തു. ചോക്ലേറ്റിന് പ്രായമില്ല. ഏതു തരത്തിലും ഒരുപോലെ ഇഷ്ടപ്പെടുന്ന മധുരമൂറുന്ന ചോക്ലേറ്റിന് ആരോഗ്യഗുണങ്ങൾ കൂടിയുണ്ടെന്നും പല കാലങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്.

ചോക്ലേറ്റിനെ കുറിച്ചുള്ള രസകരമായ വസ്തുതകൾ

2009 ൽ ഇന്റർനാഷണൽ കൊക്കോ ഓർഗനൈസേഷൻ ജൂലൈ 7 ലോക ചോക്ലേറ്റ് ദിനമായി പ്രഖ്യാപിച്ചതോടെയാണ് ഇത് ആദ്യമായി ഔദ്യോഗികമായി ആഘോഷിച്ചത്. ഓരോ വർഷവും ഒരാൾക്ക് ശരാശരി 11 പൗണ്ട് ഉപഭോഗമുള്ള സ്വിറ്റ്സർലൻഡാണ് പ്രതിശീർഷ ചോക്ലേറ്റ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് ഇറ്റലിയിൽ നിർമിച്ച 12,000 പൗണ്ടിലധികം ഭാരമുള്ള ഒന്നാണ്.  

ചോക്ലേറ്റ് വില്പനയിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രാജ്യം യുണൈറ്റഡ് സ്റ്റേറ്റാണ്. പ്രതിവർഷം 20 ബില്യൺ ഡോളറിന്റെ വിൽപനയാണ് രാജ്യത്ത് നടക്കുന്നത്. മറ്റേതൊരു ഭക്ഷണത്തേക്കാളും കൂടുതൽ ആന്റി ഓക്‌സിഡന്റുകൾ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റിന്റെ ഫ്ലേവനോളുകൾ ഓർമ, രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം സുഗമമാക്കുകയും പ്രമേഹത്തെ തടയുകയും ചെയ്യുന്നു.

ഒരു കൊക്കോ മരം ഓരോ വർഷവും 300 ബാർ ചോക്കലേറ്റിന് ആവശ്യമായ ബീൻസ് ഉത്പാദിപ്പിക്കുന്നു. ലോക ചോക്ലേറ്റ് ദിനത്തിൽ കുറച്ചു ചോക്ലേറ്റ് നമുക്കും കഴിക്കാം, നമ്മുടെ പ്രിയപ്പെട്ടവർക്കും ഒരല്പം മധുരം നൽകാം.

ബാങ്കുകൾക്കു വേണം ഈ വർഷം 50,000 പുതിയ ജീവനക്കാരെ.

രാജ്യത്ത് പൊതുമേഖലാ ബാങ്കുകൾ ഈ വർഷം വൻതോതിൽ പുതിയ നിയമനങ്ങൾക്കൊരുങ്ങുന്നു. പ്രവർത്തന വളർച്ചയുടെ ഭാഗമായി ഏകദേശം 50,000 പേരെ പുതുതായി നിയമിക്കാനാണ് നീക്കം. ഇതിൽ 21,000 പേരെയും നിയമിക്കുന്നത് ഓഫിസർ റാങ്കിലായിരിക്കും. മറ്റുള്ളവരെ ക്ലാർക്ക് ഉൾ‌പ്പെടെയുള്ള തസ്തികകളിലും.

12 പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവുമധികം നിയമനത്തിന് ഒരുങ്ങുന്നത് എസ്ബിഐ ആണെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഏകദേശം 20,000 പേരെ. എസ്ബിഐ ഇതിനകം തന്നെ 13,455 ജൂനിയർ അസോസിയേറ്റുമാരെയും 505 പ്രൊബേഷനറി ഓഫിസർമാരെയും നിയമിച്ചുകഴിഞ്ഞു. രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) 5,500 പേരെ ചേർക്കാനുള്ള ഒരുക്കത്തിലാണ്; സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 4,000 പേരെയും.

ബഹിരാകാശനിലയം കേരളത്തിനു മുകളിലൂടെ; കാണാം ഈ സമയത്ത്.

ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയടക്കം 11 ബഹിരാകാശ യാത്രികരുമായി ഭൂമിയെ ചുറ്റുന്ന രാജ്യാന്തര ബഹിരാകാശനിലയം (ഐഎസ്എസ്) കേരളത്തിൽ നിന്നു കാണാനുള്ള സുവർണാവസരം ഇന്നു മുതൽ 10 വരെ. ഒരു ദിവസം പല തവണ ഭൂമിയെ ചുറ്റുമെങ്കിലും ഈ നിലയം ഒരു നിശ്ചിതസ്ഥലത്തുനിന്ന് കാണാനുള്ള അവസരം അപൂർവമായേ ഒത്തുവരാറുള്ളൂ. മാത്രമല്ല, ഇന്ത്യക്കാരൻകൂടി ഉൾപ്പെടുന്ന പേടകത്തെ നഗ്നനേത്രങ്ങൾ കൊണ്ട് കാണുക എന്നത് അപൂർവ കാഴ്ചയുമായിരിക്കും.

ഇന്നു രാത്രി 7.56 ആകുമ്പോൾ തെക്കുപടിഞ്ഞാറൻ മാനത്ത് നിലയം പ്രത്യക്ഷപ്പെടും. 7.59 ആകുമ്പോൾ ആകാശത്തൂടെ സഞ്ചരിച്ച് 8.03 ആകുമ്പോഴേക്കും വടക്കുകിഴക്കൻ മാനത്ത് അപ്രത്യക്ഷമാകും. മഴക്കാറില്ലാത്ത ആകാശമാണെങ്കിൽ ഏതാണ്ട് ആറര മിനിറ്റ് സമയം അതീവശോഭയുള്ള നക്ഷത്രം പോലെ ഈ നിലയം സഞ്ചരിക്കുന്നതായി കാണാം. നാളെ രാത്രി 7.10 ആകുമ്പോഴും തെക്കുകിഴക്കൻ മാനത്ത് ഐഎസ്എസിനെ കാണാമെങ്കിലും അത്ര മെച്ചപ്പെട്ട കാഴ്ച ആകണമെന്നില്ല. എന്നാൽ 9ന് പുലർച്ചെ 5.50ന് വടക്കുപടിഞ്ഞാറൻ മാനത്ത് പ്രത്യക്ഷപ്പെടുന്ന നിലയം 5.53 ആകുമ്പോൾ ആകാശത്തിലൂടെ സഞ്ചരിച്ച് 5.57ന് തെക്കുകിഴക്കൻ മാനത്ത് അപ്രത്യക്ഷമാകും. അത് നല്ല തിളക്കത്തിലുള്ള കാഴ്ചയായിരിക്കും.

കാൽ നൂറ്റാണ്ടിലധികമായി ബഹിരാകാശത്ത് ഭൂമിയെ ചുറ്റുന്ന ഐഎസ്എസിന് ഫുട്ബോൾ സ്റ്റേഡിയത്തിന്റെ അത്രയും വലുപ്പമുണ്ട്. യുഎസ്, റഷ്യ, ജപ്പാൻ തുടങ്ങി 15 രാജ്യങ്ങളുടെ സംയുക്ത സംരംഭമാണിത്. മണിക്കൂറിൽ 27,500 കി.മീ വേഗത്തിൽ സഞ്ചരിക്കുന്ന ഈ നിലയം ഭൂമിയിൽ നിന്ന് ഏതാണ്ട് 400 കി.മീ ഉയരത്തിലാണ്. സാധാരണയായി സന്ധ്യക്കും പുലർകാലത്തുമാണ് പേടകത്തെ കാണാൻ കഴിയുക. 90 മിനിറ്റാണ് ഒരു തവണ ഭൂമിയെ ഭ്രമണം ചെയ്യാൻ നിലയത്തിനു വേണ്ടത്. സൂര്യരശ്മി തട്ടി പ്രതിഫലിച്ചാണ് കാഴ്ച സാധ്യമാകുന്നതെന്ന് അമച്വർ വാനനിരീക്ഷകൻ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു.

അറിയാം ആപ്പിലൂടെ

രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതു പലരുടെയും വിനോദമാണ്. ഇതിന് ആശ്രയിക്കാവുന്ന മികച്ച ആപ്പാണു നാസ പുറത്തിറക്കിയ ‘സ്പോട് ദ് സ്റ്റേഷൻ’. നിലയം ഇപ്പോൾ എവിടെയുണ്ടെന്നും നമ്മൾ താമസിക്കുന്ന മേഖലയ്ക്കടുത്ത് എപ്പോൾ ഇതു വരുമെന്നുമൊക്കെ വിവരങ്ങൾ തരാൻ ഈ ആപ് ഉപകരിക്കും. പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ് ഈ സൗജന്യ ആപ്.

ഡോക്ടറില്ല,​ ബഹിരാകാശ നിലയത്തിൽ ആർക്കെങ്കിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വന്നാൽ എന്തുചെയ്യും?​

“ഇന്ത്യൻ വ്യോമസേനാ ക്യാപ്റ്റൻ ശുഭാംശു ശുക്ല ആക്സിയം 4 ദൗത്യവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് (ഐഎസ്എസ്) ഇപ്പോഴുളളത്. 41 വർഷങ്ങൾക്കുശേഷമാണ് ഒരു ഇന്ത്യാക്കാരൻ ബഹിരാകാശത്തേക്ക് പോകുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പല തരത്തിലുളള പഠനങ്ങളുടെ ഭാഗമായി പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ബഹിരാകാശ യാത്രികർ ഐഎസ്എസിൽ മാസങ്ങളോളം ചെലവഴിച്ചാണ് പരീക്ഷണങ്ങൾ നടത്തുന്നത്. എന്നാൽ ചിലർക്ക് ബഹിരാകാശനിലയത്തിൽ വളരെ കൂടുതൽ കാലം ചെലവഴിക്കേണ്ടി വരുന്ന സാഹചര്യങ്ങളും ഉണ്ടാകും.

അടുത്തിടെ ബഹിരാകാശ നിലയത്തിൽ നിന്ന് സുനിത വില്യംസും സംഘവും മാസങ്ങൾ കഴിഞ്ഞിട്ടാണ് തിരിച്ചെത്തിയത്. ഏകദേശം 608ൽ അധികം ദിവസമാണ് അവർ ബഹിരാകാശത്ത് കഴിഞ്ഞത്. ഈ മാസം വരെയുളള കണക്കുകൾ പരിശോധിക്കുമ്പോൾ, ഇരുപതിലധികം രാജ്യങ്ങളിൽ നിന്ന് 280ൽ അധികം ബഹിരാകാശ യാത്രികരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ചത്. ഈ അവസരത്തിൽ ബഹിരാകാശത്തുളളവർക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാലുളള സാഹചര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

പൂർണമായ തയ്യാറെടുപ്പുകളോടെയാണ് ബഹിരാകാശ യാത്രികർ ഐഎസ്എസിലെത്തുന്നത്. യാത്രയ്ക്ക് മുൻപ് തന്നെ എല്ലാ തരത്തിലുമുളള പ്രഥമശുശ്രൂഷ പരിശീലനവും ഇവർ നേടിയിരിക്കും. കൂടാതെ ഐഎസ്എസിൽ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാണ്. സാധാരണയായി എല്ലാ ദൗത്യങ്ങളിലും ഒരു ബഹിരാകാശ യാത്രികനെ ഒരു ക്രൂ മെഡിക്കൽ ഓഫീസർ ആയി നാമനിർദ്ദേശം ചെയ്യാറുണ്ട്. അദ്ദേഹത്തിനും പ്രത്യേക പരിശീലനം നൽകാറുണ്ട്. എന്നിരുന്നാലും അദ്ദേഹം ഒരു ഡോക്ടറായിരിക്കണമെന്നില്ല.കൂടാതെ വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, അലർജിക്കുളള മരുന്നുകൾ, പോർട്ടബിൾ അൾട്രാസൗണ്ട് ഉപകരണം,ഡിഫിബ്രില്ലേറ്റർ (ഹൃദയമിടിപ്പ് കൃത്യമാക്കാൻ സഹായിക്കുന്ന ഉപകരണം), സിപിആർ ഉപകരണങ്ങൾ എന്നിവയും ബഹിരാകാശ യാത്രികരുടെ മെഡിക്കൽ കിറ്റിൽ ഉൾപ്പെടുന്നുണ്ട്. ഐഎസ്എസിൽ കഴിയുന്നവർക്ക് ഗുരുതര ആരോഗ്യപ്രശ്നം നേരിടുകയാണെങ്കിൽ നാസയുടെ മിഷൻ കൺട്രോൾ സെന്ററിൽ നിന്നുളള തത്സമയ വീഡിയോ, ഓഡിയോ വഴി ഡോക്ടർമാരുടെ ടെലി മെഡിക്കൽ സഹായവും നൽകും. ലഭിക്കുന്ന വിവരങ്ങളനുസരിച്ച് വിദഗ്ദ ഡോക്ടർമാർ ഇവർക്ക് നിർദ്ദേശങ്ങളും നൽകും.

എന്നാൽ, ബഹിരാകാശ യാത്രികന്റെ ആരോഗ്യം വഷളായാൽ, അവിടെ ചികിത്സ സാദ്ധ്യമാകാതിരുന്നാൽ അത് പരിഹരിക്കാനുളള സംവിധാനവുമുണ്ട്. ബഹിരാകാശ യാത്രികനെ അടിയന്തരമായി ഭൂമിയിലേക്ക് എത്തിക്കുന്നതാണ് അടുത്ത ഘട്ടം. 

അതിനായി ഒരു സോയൂസ് അല്ലെങ്കിൽ സ്‌പേസ് എക്സ് ഡ്രാഗൺ ക്യാപ്‌സ്യൂൾ ഐഎസ്എസിൽ ഡോക്ക് ചെയ്തിട്ടുണ്ട്. ഇത് മൂന്ന് മുതൽ അഞ്ച് മണിക്കൂറിൽ ബഹിരാകാശ യാത്രികനെ ഭൂമിയിലെത്തിക്കും. ഇത് കസാക്കിസ്ഥാനിലാണ് സാധാരണയായി ലാൻഡ് ചെയ്യുന്നത്. അവിടെ നിന്ന് രോഗിയെ ഉടൻ തന്നെ നാസയുടെയോ റഷ്യൻ ബഹിരാകാശ ഏജൻസിയുടെയോ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കും. കഴിഞ്ഞ 20 വർഷത്തിനിടയിൽ ഒരു ബഹിരാകാശ യാത്രികനെയും ഇത്തരത്തിൽ കൊണ്ടുവരേണ്ട അവസ്ഥ ഉണ്ടായിട്ടില്ല.

ഒന്നര കിലോ 100 രൂപ; വിലക്കുറവും മഞ്ഞ നിറവും കണ്ട് മാമ്പഴം വാങ്ങുന്നവര്‍ ഇത് കൂടി അറിയണം

“നല്ല നിറവും മണവുമായി വിപണിയില്‍ നിറഞ്ഞിരിക്കുന്ന മാമ്പഴങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ കാല്‍സ്യം കാര്‍ബൈഡ് എന്ന രാസവസ്തുവിന്റെ ഉപയോഗം വ്യാപകമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തല്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന പാകമാകാത്ത മാങ്ങയാണ് കാര്‍ബൈഡ് വിതറി വേഗത്തില്‍ പഴുപ്പിച്ചെടുക്കുന്നത്. കാര്‍ബൈഡ് പ്രയോഗത്തില്‍ നല്ല മഞ്ഞനിറമാകുന്ന മാങ്ങ ആരെയും ആകര്‍ഷിക്കും. വിപണിയില്‍ നിന്ന് വാങ്ങുന്ന മാമ്പഴങ്ങള്‍ക്ക് വേണ്ടത്ര മധുരമില്ലെന്നും പുളിയാണെന്നുമുള്ള പരാതികളും വ്യാപകമാണ്. ഇത് കഴിച്ചവര്‍ക്ക് അടുത്തിടെ ഛര്‍ദ്ദിയും വയറിളക്കവുമൊക്കെ പിടിപെട്ടിരുന്നു. ഇതേതുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് കാര്‍ബൈഡ് ഉപയോഗം കണ്ടെത്തിയത്.

അയല്‍നാട്ടിലെ പച്ചമാങ്ങ, അതിര്‍ത്തി കടന്നാല്‍ മാമ്പഴം പച്ചമാങ്ങ വേഗത്തില്‍ നിറമുള്ളതാക്കി മാറ്റാനാണ് കാര്‍ബൈഡ് ഉപയോഗിക്കുന്നത്. മാങ്ങ അട്ടിയിട്ടശേഷം ഇതിന് താഴെയായി കാര്‍ബൈഡ് വിതറി അടച്ചുമൂടി കെട്ടിവച്ചാല്‍ ഒരുദിവസംകൊണ്ട് തൊലി മഞ്ഞനിറമുള്ളതായി മാറും. ഇത്തരം മാങ്ങയ്ക്ക് മധുരം കുറവായിരിക്കും. ഉള്‍ഭാഗം പഴുത്തിട്ടുമുണ്ടാകില്ല. കാര്‍ബൈഡ് കലര്‍ത്തുമ്പോഴുണ്ടാകുന്ന അസറ്റലിന്‍ എന്ന വാതകത്തിന്റെ പ്രവര്‍ത്തനഫലമായാണ് മാങ്ങ വേഗത്തില്‍ നിറംവയ്ക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മാങ്ങകള്‍ വാഹനത്തില്‍ നിറച്ചശേഷമാണ് കാര്‍ബൈഡ് വിതറുക. വാഹനം കേരളത്തില്‍ എത്തുമ്പോഴേക്കും പച്ചമാങ്ങ പഴുത്തിരിക്കും.

80 രൂപയുടെ കൊള്ളലാഭം

ഒരു കിലോ കാര്‍ബൈഡ് പൊടി 80 രൂപയ്ക്ക് ലഭിക്കുമെന്നതിനാല്‍ കച്ചവടം ലാഭകരമാകും.ഒരു കിലോ പൊടികൊണ്ട് ആയിരം കിലോ മാങ്ങ വരെ നിറമുള്ളതാക്കി മാറ്റാന്‍ കഴിയും. ഇത്തരം മാമ്പഴം വിപണിയിലെത്തിക്കുമ്പോള്‍ ചെറുകിട വില്പനക്കാരും കുറ്റക്കാരാകും. കാര്‍ബൈഡിന്റെ ഉപയോഗം 1954 ലെ മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം കുറ്റകരമാണ്.

മാമ്പഴ വില – ഒന്നര കിലോയ്ക്ക് : 100 രൂപ.”