മൊബൈല്‍ ഫോണ്‍ ആഴ്ചയിലൊരിക്കല്‍ റീസ്റ്റാര്‍ട്ട് ചെയ്തോളൂ; ​ഗുണമുണ്ട്.

ഫോൺ ഒന്ന് നിന്നുപോയാൽ, അല്ലെങ്കിൽ അമിതമായി വേഗത കുറഞ്ഞാൽ, എന്തെങ്കിലും ആപ്പുകൾ പ്രവർത്തിച്ചിട്ടില്ലെങ്കിൽ, നമ്മൾ ആദ്യം ചെയ്യുന്നത് ഫോൺ ഒന്ന് റീസ്റ്റാർട്ട് ചെയ്യുക ആണല്ലോ. ഇങ്ങനെ ചെയ്യുമ്പോൾ ഫോൺ വേഗത കൂടും എന്നൊരു വിശ്വാസം നമുക്ക് ഉണ്ട്. എന്നാൽ ഇത് ചെയ്യാത്തവരുമുണ്ട്. അവരോടാണ് ഇനി പറയാൻ പോകുന്നത്.

എല്ലാത്തിനും കാരണം റാം തന്നെയാണ്. ഫോണിലെ റാം. നമ്മൾ ഉപയോഗിക്കുന്ന ഓരോ ആപ്പുകൾക്കും ആവശ്യമായ മെമ്മറി നൽകി അവയെ നിലനിർത്തുന്ന ഈ റാം, പ്രോസസറിന്റെ സഹായത്തോടെ കാര്യങ്ങൾ സുഗമമാക്കുന്നു. പക്ഷെ ആപ്പുകൾ കൂടുതലായി ഉപയോഗിക്കുന്നതിലൂടെ ഈ റാം മെമ്മറി തീരുകയും അത് ഫോൺ പ്രവർത്തനങ്ങളെ ബാധിക്കുകയുമാണ് ചെയ്യുന്നത്. 

റാമും മറ്റ് ആപ്ലിക്കേഷനുകളും നിറഞ്ഞതിനാല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് മന്ദഗതിയിലാകുന്നു. വേഗത്തില്‍ ബാറ്ററി തീര്‍ന്നുപോകുന്നു, ഓപ്പറേറ്റിങ് സിസ്റ്റം ഹാങ് ആവുകയോ, ഫ്രീസ് ആവുകയോ തെയ്യും. അപ്‌ഡേറ്റുകള്‍ കൃത്യമായി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടില്ല. തന്നെയുമല്ല നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങളോ, കാള്‍ പ്രശ്‌നങ്ങളോ ഉണ്ടാകാന്‍ ഇടയുണ്ട്.

പതിവായി റീസ്റ്റാര്‍ട്ട് ചെയ്യാതിരിക്കുന്നത് അപ്‌ഡേറ്റുകള്‍ തടസ്സപ്പെടുത്തുകയും സോഫ്റ്റ്‌വെയര്‍, ഓഎസ് അപ്‌ഡേറ്റുകള്‍ കൃത്യമായി നടപ്പിലാക്കുന്നത് തടയുകയും ചെയ്യും. അത്യാവശ്യമായ സെറ്റിങ്ങ്‌സുകള്‍, ഡേറ്റ അപ്‌ഡേറ്റ് എന്നിവയെയും അത് ബാധിക്കും. ഇപ്രകാരം ചെയ്തില്ലെങ്കില്‍ കോളുകള്‍ ഇടയ്ക്ക് കട്ടായിപോകുന്നതിനും നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റിക്കും കാരണമാകും.

പതിവായി റീസ്റ്റാര്‍ട്ട് ചെയ്യുന്നത് മെമ്മറി ക്ലിയര്‍ ചെയ്യുന്നതിനും സിസ്റ്റം സ്റ്റബിലിറ്റി മെച്ചപ്പെടുത്തുന്നതിനും ചെറിയ സോഫ്റ്റ്‌വെയര്‍ ബഗുകള്‍ ഫിക്‌സ് ചെയ്യുന്നതിനും സഹായിക്കും. നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനും അപ്‌ഡേറ്റുകള്‍ കൃത്യമായി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും ഇത് സഹായിക്കും. ഒപ്പം ഫോണ്‍ അമിതമായി ചൂടാകുന്നത് തടയും.

ആഴ്ചയില്‍ ഒരു തവണ എങ്കിലും ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യണം. അതുപോലെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിന് ശേഷവും ഫോണിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുമ്പോഴും അമിതമായി ചൂടാകുമ്പോഴും ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യാം.

സംസ്ഥാന സർക്കാർ സൗജന്യമായി ഒരുക്കുന്ന അവസരം! നിയുക്തി 2025 മെഗാ ജോബ് ഫെയർ സെപ്റ്റംബർ 13ന്.

നാഷണൽ എംപ്ലോയ്മെൻ്റ് സർവീസ് (കേരളം) വകുപ്പിൻ്റെ എറണാകുളം, തൃശ്ശൂർ, കോട്ടയം, ഇടുക്കി എന്നീ നാലു ജില്ലകൾ ഉൾപ്പെട്ട എറണാകുളം മേഖലയിൽ നിയുക്തി 2025 മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജോബ് ഫെയർ സെപ്റ്റംബർ 13 ന് കുസാറ്റ് കാമ്പസിലാണ് നടക്കുക. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, ഐ.ടി.ഐ. ഡിപ്ലോമ, ബി.ടെക്ക്, പാരാമെഡിക്കൽ മുതലായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.

സംസ്ഥാന സർക്കാർ സൗജന്യമായി ഒരുക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്തുന്നതിന് www.privatejobs.employment.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള ഏതെങ്കിലും എപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിലോ 0484-2422452, 0484-2422458, 9446926836, 7736628440 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

മുകേഷ് അംബാനി നൽകുന്ന വമ്പൻ ഓഫർ, ജിയോ ഉപയോക്താക്കൾക്ക്.

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ ഈ മാസം ഒമ്പതാം വാർഷികം ആഘോഷിക്കുകയാണ്, ഇതിന്റെ ഭാഗമായി ജിയോ ഉപയോക്താക്കൾക്ക് വമ്പൻ ഓഫറാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. 500 ദശലക്ഷം ഉപയോക്താക്കൾ എന്ന നാഴികക്കല്ലും ജിയോ പിന്നിട്ടിരിക്കുന്നു. ഈ സന്തോഷം ഉപയോക്താക്കളുമായി പങ്കുവെക്കുകയാണ് ജിയോ. ഇതിനായി കമ്പനി ഉപയോക്താക്കൾക്കായി നിരവധി ഓഫറുകൾ അവതരിപ്പിക്കുന്നു. 349 രൂപയുടെ ‘സെലിബ്രേഷൻ പ്ലാൻ’ ജിയോ അവതരിപ്പിച്ചു. ഈ പ്ലാൻ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത 5G ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, ജിയോഹോട്ട്സ്റ്റാർ, ജിയോസാവൻ, സൊമാറ്റോ ഗോൾഡ് സബ്‌സ്‌ക്രിപ്‌ഷനുകൾ, ഡിജിറ്റൽ ഗോൾഡ് റിവാർഡുകൾ തുടങ്ങി നിരവധി കാര്യങ്ങൾ ലഭിക്കും.

“ജിയോ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി എത്രത്തോളം ആഴത്തിൽ മാറിയിരിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ് 500 ദശലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കാനായത് എന്ന് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ചെയർമാൻ ആകാശ് അംബാനി പറഞ്ഞു. ഈ നാഴികക്കല്ല് പിന്നിടാൻ സഹായിച്ച ഓരോ ജിയോ ഉപയോക്താവിനും ഞാൻ വ്യക്തിപരമായി നന്ദി പറയുന്നു. നിങ്ങളുടെ വിശ്വാസവും പിന്തുണയും ഞങ്ങൾക്കുള്ള പ്രചോദനമാണെന്നും ആകാശ് അംബാനി പറഞ്ഞു.

ബിരുദക്കാർക്കും പിജിക്കാർക്കും കേന്ദ്ര സർക്കാർ ജോലി നേടാം; എൻഎച്ച്‌പിസിയിൽ 248 ഒഴിവ്.

കേന്ദ്ര സർക്കാർ സ്ഥാപനമായ ഫരീദാബാദിലെ എൻഎച്ച്‌പിസി ലിമിറ്റഡിൽ നോൺ എക്സിക്യൂട്ടീവ് തസ്തികകളിലായി 248 ഒഴിവ്. സെപ്റ്റംബർ 2 മുതൽ ഒക്ടോബർ 1 വരെ ഒാൺലൈനായി അപേക്ഷിക്കാം.
“തസ്തിക, യോഗ്യത, ശമ്പളം:

∙അസിസ്റ്റന്റ് രാജ്ഭാഷ ഒാഫിസർ: ഹിന്ദിയിൽ പിജി (ബിരുദത്തിൽ ഇംഗ്ലിഷ് ഇലക്ടീവ് വിഷയമായിരിക്കണം) അല്ലെങ്കിൽ ഇംഗ്ലിഷിൽ പിജി (ബിരുദത്തിൽ ഹിന്ദി ഇലക്ടീവ് വിഷയമായിരിക്കണം), 3 വർഷ പരിചയം; 40,000-1,40,000

ജൂനിയർ എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇ & സി): സിവിൽ/ ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗങ്ങളിലൊന്നിൽ 3 വർഷ ഡിപ്ലോമ; 29,600-1,19,500. ∙സൂപ്പർവൈസർ (ഐടി): ബിരുദം, ഡിഒഇഎസിസി എ ലെവൽ കോഴ്സ്/ തത്തുല്യ ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/ഐടിയിൽ 3 വർഷ പോളിടെക്നിക് ഡിപ്ലോമ അല്ലെങ്കിൽ ബിസിഎ/ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്/ഐടി); 29,600-1,19,500. ∙സീനിയർ അക്കൗണ്ടന്റ്: സിഎ ഇന്റർ ജയം/സിഎംഎ ഇന്റർ ജയം; 29,600-1,19,500.

ഹിന്ദി ട്രാൻസ്‌ലേറ്റർ: ഹിന്ദിയിൽ പിജി (ബിരുദത്തിൽ ഇംഗ്ലിഷ് ഇലക്‌ടീവ്‌ വിഷയമായിരിക്കണം) അല്ലെങ്കിൽ ഇംഗ്ലിഷിൽ പിജി (ബിരുദത്തിൽ ഹിന്ദി ഇലക്ടീവ് വിഷയമായിരിക്കണം); ഒരു വർഷ പരിചയം അല്ലെങ്കിൽ ട്രാൻസ്‌ലേഷനിൽ ബിരുദം/ ഡിപ്ലോമ (ഇംഗ്ലിഷിൽ നിന്ന് ഹിന്ദിയിലേക്കും തിരിച്ചും); 27,000-1,05,000.

പ്രായപരിധി: 30. അർഹർക്ക് ഇളവ്.

ഫീസ്: 708 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ, വിമുക്തഭടൻമാർക്കു ഫീസില്ല. www.nhpcindia.com.

വിസാറ്റ് കോളേജിൽ റോബോട്ടിക്സ് A I വർക്ഷോപ്പ് സംഘടിപ്പിച്ചു.

വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ BCA ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ റോബോട്ടിക്സ് Al വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. കോട്ടയം ആസ്ഥാനമായുള്ള I -hub എന്ന റോബോട്ടിക്സ് കമ്പനിയാണ് വർക്ക് ഷോപ്പിന് റിസോഴ്സ് സപ്പോർട്ട് നൽകിയത്. വർക്ക് ഷോപ്പിന്റെ ഭാഗമായി പ്രദർശിപ്പിച്ച ചൈനീസ് നിർമ്മിത ‘റോബോട്ടിക് ഡോഗ് ‘ വിദ്യാർത്ഥികൾക്കും ഹരിത കർമ്മ സേനാംഗങ്ങൾക്കും കൗതുകമായി. വർ ക്ക്ഷോപ്പിന്റെ ഭാഗമായി ഇലഞ്ഞി പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ച CFL ബൾബ് നിർമ്മാണ പരിശീലനത്തിനിട യ്ക്കാണ് റോബോട്ടിക് ഡോഗ്’ ‘ എത്തിയത്. തുടർന്ന് വിസാറ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾക്കായി i-hub ലെ വിദഗ്ധർ ‘റോബോട്ടിക് ഡോഗി’ന്റെ പ്രവർത്തന തത്വങ്ങളെക്കുറിച്ചും ഭാവി ഉപയോഗ സാധ്യതകളെക്കുറിച്ചും ക്ലാസുകൾ എടുത്തു. HoD Ms . നീതു പൗലോസ്, വർക്ക്ഷോപ്പ് കോ-ഓർ ഡിനേറ്റർ Ms . സുമിത K സോമൻ, പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ , PRO ഷാജി ആറ്റുപുറം, ഡയറക്ടർ ഡോ. ദിലീപ് K, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. അനൂപ് KJ എന്നിവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി.

ഓർമ്മ ഇൻറർനാഷണൽ കേരള ചാപ്റ്റർ ഓണാഘോഷം വാഗമണ്ണിൽ.

 വിദേശ മലയാളികളുടെ USA അടിസ്ഥാനമാക്കിയുള്ള പ്രമുഖ സാംസ്കാരിക സംഘടനയായ ഓർമ്മ ഇൻറർനാഷണൽ കേരള ചാപ്റ്ററിന്റെ ഈ വർഷത്തെ ഓണാഘോഷം 7/9 / 2025 ഞായറാഴ്ച വാഗമണ്ണിൽ സംഘടിപ്പിച്ചു.
അത്തപ്പൂക്കളമത്സരം , മാവേലി വേഷമത്സരം , വടംവലി, സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങിയ പരിപാടികളോടെ ആരംഭിച്ച ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഓർമ്മ ഇന്റർനാഷണൽ ദേശീയ രക്ഷാധികാരി ജോസ് ആറ്റുപുറം നിർവഹിച്ചു. യോഗത്തിൽ കേരള ചാപ്റ്റർ പ്രസിഡൻറ് കുര്യാക്കോസ് മാണിവേലിൽ അധ്യക്ഷത വഹിച്ചു. ആലീസ് ജോസ്, ഷാജി അഗസ്റ്റിൻ. കൊച്ചുറാണി, സർജൻ വാഗമൺ പോൾ കോട്ടയം ,നവീൻ കുര്യാക്കോസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിഭവസമൃദ്ധമായ ഓണസദ്യയോടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സമാപിച്ചു.

സെപ്തംബറിൽ 14 ദിവസം ബാങ്ക് അവധി.

ഈ മാസം അവധികളുടെ ചാകരക്കോളാണ്. ഇതിൽ ഏറ്റവും പ്രധാനം ഓണാവധിതന്നെയാണ്. തുടർന്നങ്ങോട്ട് രണ്ടാം ശനിയുൾപ്പെടെയുള്ള അവധിയും. ബാങ്കുകൾക്ക് ഈ മാസം 14 ദിവസം അവധിയാണ്. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടർ അനുസരിച്ചാണിത്. പ്രാദേശിക, ദേശീയ അവധികൾ ഉൾപ്പെടെയാണിത്. സംസ്ഥാനാടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനങ്ങളിൽ വ്യത്യാസമുണ്ടാകും. ബാങ്കുകൾ തുറന്നുപ്രവർത്തിക്കില്ലെങ്കിലും ഓൺലൈൻവഴി ഇടപാടുകൾ നടത്താനാവുന്നത് ഇടപാടുകാർക്ക് വലിയ ആശ്വാസമാണ്.

അവധിദിവസങ്ങൾ ഇവയാണ്

സെപ്തംബർ 3 ബുധനാഴ്ച കർമ പൂജ:ഝാർഖണ്ഡ്.

സെപ്തംബർ 4 വ്യാഴാഴ്ച ഒന്നാം ഓണം (ഉത്രാടം): കേരളം.

സെപ്തംബർ 5 വെള്ളിയാഴ്ച തിരുവോണം, നബി ദിനം: കേരളം, ഗുജറാത്ത്, മിസോറാം, മഹാരാഷ്ട്ര, കർണാടക, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, മണിപ്പൂർ, ജമ്മു കാശ്മീർ, ഉത്തർപ്രദേശ്, ഡൽഹി, ഝാർഖണ്ഡ്, തെലങ്കാന.

സെപ്തംബർ 6 ശനിയാഴ്ച നബിദിനം: സിക്കിം, ഛത്തീസ്ഗഡ്, ജമ്മുകാശ്മീർ.

സെപ്തംബർ 7 ഞായറാഴ്ച.

സെപ്തംബർ 12 വെള്ളിയാഴ്ച Eid i Milad ul Nabi: ജമ്മുകാശ്മീർ.

സെപ്തംബർ 13 രണ്ടാം ശനിയാഴ്ച.

സെപ്തംബർ 14 ഞായറാഴ്ച.

സെപ്തംബർ 22 തിങ്കളാഴ്ച നവരാത്രി ആരംഭം: രാജസ്ഥാൻ.

സെപ്തംബർ 23 ചൊവ്വാഴ്ച മഹാരാജ ഹരിസിങ് ജന്മദിനം: ജമ്മുകാശ്മീർ.

സെപ്തംബർ 27 നാലാമത്തെ ശനിയാഴ്ച.

സെപ്തംബർ 28 ഞായറാഴ്ച.

സെപ്തംബർ 29 തിങ്കളാഴ്ച പൂജവയ്പ്പ്, ദുർഗാപൂജ: ത്രിപുര, അസം, പശ്ചിമബംഗാൾ.

സെപ്തംബർ30 ചൊവ്വാഴ്ച ദുർഗാപൂജ: ത്രിപുര, ഒഡീഷ, അസം, മണിപ്പൂർ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ബീഹാർ, ഝാർഖണ്ഡ്‌.

കൊക്കോയിൽനിന്ന് ഇനി കൂടുതൽ ഭക്ഷ്യോൽപ്പന്നങ്ങൾ.

ചോക്ലേറ്റ് നിർമാണത്തിനിടെ ബാക്കിയാവുന്ന കൊക്കോ തൊണ്ടും പൾപ്പും ഒഴിവാക്കുന്നതിനെക്കാൾ നല്ലത് ഭക്ഷ്യയോഗ്യമാക്കുന്നതല്ലേ എന്ന ചിന്തയിൽനിന്നാണ് കേരള കാർഷിക സർവകലാശാലയിലെ കൊക്കോ റിസർച്ച് സെന്റർ പുതിയ കണ്ടുപിടിത്തവുമായി മുന്നോട്ടുവന്നത്.

തൊണ്ടും പൾപ്പും ഉപയോഗിച്ച് പോഷകമൂല്യമുള്ള ഭക്ഷ്യ ഉത്പന്നങ്ങളാക്കി മാറ്റിയിരിക്കുകയാണ് ഇവർ. കൊക്കോ ഹസ്ക് കുക്കികളും പൾപ്പിൽനിന്നുള്ള റെഡി ടു സർവ് പാനീയവുമാണ് വികസിപ്പിച്ചത്. വിദ്യാർഥികളുടെ പ്രോജക്ടായാണ് ഗവേഷണം ആദ്യം തുടങ്ങിയത്. പിന്നീട് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ അഞ്ചുവർഷമെടുത്തു പൂർത്തിയാക്കി. ഉത്പന്നങ്ങൾ ഇപ്പോൾ സെന്ററിൽ ലഭ്യമാണ്. സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ആരോഗ്യ സംരക്ഷണത്തിലേക്ക്

ചോക്ലേറ്റ് നിർമാണത്തിനായി ഉപയോഗിക്കുന്ന കൊക്കോ വിത്തുകളുടെ തൊലിയായ ഹസ്കും പൾപ്പും ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ശരിയായ രീതിയിൽ നശിപ്പിക്കാതിരുന്നാൽ ഇവ രോഗം വളർത്തുന്ന ഫംഗസുകൾക്കും കൊതുകുകൾക്കും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ഇടയാക്കും. പ്രത്യേകിച്ച് ഫൈറ്റോഫ്ത്തോറാ എന്ന ഫംഗസ് കറുത്തകായ രോഗമുണ്ടാക്കി 40 ശതമാനംവരെ വിളനാശം വരുത്തും. തെങ്ങിനും റബറിനു ഉൾപ്പെടെ എല്ലാ വിളകൾക്കുമുണ്ടാകുന്ന രോഗങ്ങൾക്കാണ് ഇത് കാരണമാകുക.

 

ഹസ്ക് കുക്കികൾ

തൊണ്ട് പൊടിയായി ഉപയോഗിച്ച് വികസിപ്പിച്ച ഹൈ ഫൈബർ കുക്കികൾ പോഷകമൂല്യമുള്ളതാണ്. അസിഡിറ്റി, പോളിഫീനോളുകൾ, ആന്റി ന്യൂട്രീഷണൽ ഘടകങ്ങൾ എന്നിവ നീക്കംചെയ്തതിനാൽ ഭക്ഷ്യയോഗ്യമാക്കാൻ മികച്ചരീതിയിൽ ശുദ്ധീകരിച്ചിട്ടുണ്ട്. പ്രമേഹരോഗികൾക്കും വയസ്സായവർക്കും ഉപയോഗിക്കാം. ഓട്സുമായി ചേർത്ത് ഒരുക്കിയതും അവിൽ (റൈസ് ഫ്ലേക്സ്) ഉപയോഗിച്ചുമുള്ള രണ്ടിനങ്ങളാണ് വികസിപ്പിച്ചത്.

പോഷകമൂല്യങ്ങൾ: ഊർജം-541.92 കലോറി, കാർബോഹൈഡ്രേറ്റ് -48.10 മിഗ്രാം, പ്രോട്ടീൻ -8.63 മിഗ്രാം, കൊഴുപ്പ് -35 മിഗ്രാം, ഡയറ്ററി ഫൈബർ -4.26 മിഗ്രാം.

പൾപ്പിൽനിന്നുള്ള റെഡി ടു സർവ് പാനീയം

ഫെർമെന്റേഷൻ സമയത്ത് പുറന്തള്ളപ്പെടുന്ന പൾപ്പ് അതിന്റെ ദുർഗന്ധംമൂലം കോക്കോ കുരുവിന്റെ ഗുണനിലവാരം കുറയ്ക്കുകയും ഫംഗസ് വളർച്ചയ്ക്കിടയാക്കുകയും ചെയ്യും. ഇതുമൂലം പുളിപ്പിച്ച കുരുക്കളിൽ ഫ്രീ ഫാറ്റി ആസിഡിന്റെ അളവ് കൂടും. അത് ആരോഗ്യത്തിന് ഹാനികരമാണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് ആരോഗ്യകരവും ആന്റി ഓക്സിഡന്റുകൾ നിറഞ്ഞതുമായ പാനീയം വികസിപ്പിച്ചത്. പുളിപ്പിക്കലിനായി പൂർണമായും പൾപ്പിനെ ഉപയോഗിക്കുന്നില്ല. കുറച്ച് അളവിൽ പൾപ്പ് ആദ്യം നീക്കംചെയ്യുന്നത് കുരുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും.

പോഷകമൂല്യങ്ങൾ: കാർബോഹൈഡ്രേറ്റ് -12.6 ഗ്രാം, വിറ്റാമിൻ സി -7.51 മിഗ്രാം, സോഡിയം -563 മിഗ്രാം, പൊട്ടാസ്യം -1748 മിഗ്രാം”

ISRO NRSC -ല്‍ അപ്രന്റീസ്ഷിപ്പ്; 96 ഒഴിവുകള്‍, മത്സരപ്പരീക്ഷയോ ഇന്റര്‍വ്യൂവോ ഇല്ല, മികച്ച അവസരം.

ഇന്ത്യുടെ അഭിമാനമായ ബഹിരാകാശ ഗവേഷണ സ്ഥാപനം ഐഎസ്ആർഒയുടെ (ISRO) പ്രധാന കേന്ദ്രങ്ങളിലൊന്നായ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (NRSC), 2025-ലെ അപ്രന്റീസ്ഷിപ്പ് ഡ്രൈവിനായി അപേക്ഷകൾ ക്ഷണിച്ചു. ബിരുദധാരികൾ, എഞ്ചിനീയർമാർ, ഡിപ്ലോമക്കാർ എന്നിവർക്കായി ആകെ 96 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉദ്യോഗാർഥികൾക്ക് nrsc.gov.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. അവസാന തീയതി 2025 സെപ്റ്റംബർ 11. എഴുത്തുപരീക്ഷയോ ഇന്റർവ്യൂവോ ഇല്ല. തിരഞ്ഞെടുപ്പ് പൂർണ്ണമായും അക്കാദമിക് യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും. ഇന്ത്യയിലെ പ്രമുഖ ബഹിരാകാശ ഗവേഷണ ഏജൻസിയിൽ ജോലി ചെയ്യാൻ ലഭിക്കുന്ന സുവർണ്ണാവസരമാണിത്. 96 അപ്രന്റീസ്ഷിപ്പ് സീറ്റുകൾ ഇത്തരത്തിലാണ്:

ഗ്രാജ്വേറ്റ് അപ്രന്റീസ് – 11 തസ്തികകൾ

ടെക്നീഷ്യൻ അപ്രന്റീസ് – 30 തസ്തികകൾ

ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ് – 25 തസ്തികകൾ

ഗ്രാജ്വേറ്റ് അപ്രന്റീസ് (ജനറൽ സ്ട്രീം) – 30 തസ്തികകൾ

യോഗ്യത

അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് താഴെക്കാണുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം:

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം

ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ്

അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ BE/BTech

സ്റ്റൈപ്പൻഡ്

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തസ്തികയനുസരിച്ച് പ്രതിമാസം 8,000 രൂപ മുതൽ 9,000 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കും. സാമ്പത്തിക സഹായത്തോടൊപ്പം, ഐഎസ്ആർഒയിൽ നിന്ന് നേരിട്ടുള്ള പരിശീലനവും അനുഭവപരിചയവും ലഭിക്കും. സർക്കാർ, സ്വകാര്യ മേഖലകളിൽ മികച്ച തൊഴിൽ സാധ്യതകൾ തുറക്കുന്നതാണിത്.

ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർഥികൾ താഴെ പറയുന്നവ ഉൾപ്പെടെയുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം:

ജനനത്തീയതി തെളിയിക്കുന്ന രേഖ

വിദ്യാഭ്യാസ യോഗ്യതകൾ (SSLC/SSC മുതൽ)

ജാതി/വിഭാഗം സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)

പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ)

ഓൺലൈൻ അപേക്ഷയും അസ്സൽ രേഖകളും തമ്മിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ, അപേക്ഷ നിരസിക്കുന്നതാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ

ബിരുദം/ഡിപ്ലോമ എന്നിവയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകൾ പരിശോധിക്കുക.

ഒരു മെറിറ്റ് ലിസ്റ്റ്/പാനൽ തയ്യാറാക്കും.

മെറിറ്റ് പാനലിലെ സ്ഥാനത്തിനനുസരിച്ച് മാത്രമായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർഥികൾക്ക് മാത്രമേ ഇമെയിൽ വഴി ഓഫർ ലെറ്റർ ലഭിക്കുകയുള്ളൂ.

എങ്ങനെ അപേക്ഷിക്കാം

താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് താഴെ പറയുന്ന ഘട്ടങ്ങളിലൂടെ ഓൺലൈനായി അപേക്ഷിക്കാം:

ഘട്ടം 1. എന്റോൾമെന്റ് ഐഡി ലഭിക്കുന്നതിനായി NATS പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.

ഘട്ടം 2. UMANG പോർട്ടലിൽ ലോഗിൻ ചെയ്ത് ‘Apply Now’ എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3. ആവശ്യമായ എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.

ഘട്ടം 4. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), പുതിയ ഫോട്ടോ എന്നിവയുടെ സ്കാൻ ചെയ്ത കോപ്പികൾ അപ്ലോഡ് ചെയ്യുക.

ഘട്ടം 5. അപേക്ഷ സമർപ്പിക്കുക, ഭാവിയിലെ ആവശ്യങ്ങൾക്കായി അതിന്റെ ഒരു പ്രിന്റ്ഔട്ട് സൂക്ഷിക്കുക.

മത്സരപരീക്ഷയോ ഇന്റർവ്യൂവോ ഇല്ലാതെ ഐഎസ്ആർഒയുടെ എൻആർഎസ്സിയിൽ നിങ്ങളുടെ കരിയർ ആരംഭിക്കാനുള്ള അവസരമാണിത്.

കേരള ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ സ്ഥിര ജോലി; ലക്ഷങ്ങള്‍ ശമ്പളം വാങ്ങാം.

കേരള സര്‍ക്കാറിന് കീഴില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ സ്ഥിര ജോലി നേടാന്‍ അവസരം. അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ പിഎസ് സി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

അവസാന തീയതി: സെപ്റ്റംബര്‍ 03

തസ്തിക & ഒഴിവ്

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്- അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

കാറ്റഗറി നമ്പര്‍: 181/2025

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 55,200 രൂപയ്ക്കും 1,15,300 രൂപവരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി

21 വയസ് മുതല്‍ 42 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

ഉദ്യോഗാര്‍ഥികള്‍ 02.01.1983നും 01.01.2004നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി, ഒബിസി, മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹോമിയോപ്പതിയില്‍ ബിരുദം. അല്ലെങ്കില്‍ സമയദൈര്‍ഘ്യത്തിനും ഹൗസ് സര്‍ജന്‍സിയിലും ഇന്റേണ്‍ഷിപ്പിലും മേല്‍പ്പറഞ്ഞതിന് തത്തുല്യമായ ബിരുദം ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഹൗസ് സര്‍ജന്‍സി / ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം. ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ നിന്നുള്ള എ ക്ലാസ് രജിസ്‌ട്രേഷന്‍. വിശദമായ യോഗ്യത വിവരങ്ങള്‍ വിജ്ഞാപനത്തില്‍. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ നിന്ന് റിക്രൂട്ട്‌മെന്റ് പേജ് തിരഞ്ഞെടുക്കുക. സെപ്റ്റംബര്‍ 03ലേക്കുള്ള പുതിയ വിജ്ഞാപന ലിസ്റ്റില്‍ വിശദമായ നോട്ടിഫിക്കേഷന്‍ നല്‍കിയിട്ടുണ്ട്. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. ശേഷം വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി നേരിട്ട് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.