ഓർമ്മ ഇൻറർനാഷണൽ കേരള ചാപ്റ്റർ ഓണാഘോഷം വാഗമണ്ണിൽ.

 വിദേശ മലയാളികളുടെ USA അടിസ്ഥാനമാക്കിയുള്ള പ്രമുഖ സാംസ്കാരിക സംഘടനയായ ഓർമ്മ ഇൻറർനാഷണൽ കേരള ചാപ്റ്ററിന്റെ ഈ വർഷത്തെ ഓണാഘോഷം 7/9 / 2025 ഞായറാഴ്ച വാഗമണ്ണിൽ സംഘടിപ്പിച്ചു.
അത്തപ്പൂക്കളമത്സരം , മാവേലി വേഷമത്സരം , വടംവലി, സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങിയ പരിപാടികളോടെ ആരംഭിച്ച ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഓർമ്മ ഇന്റർനാഷണൽ ദേശീയ രക്ഷാധികാരി ജോസ് ആറ്റുപുറം നിർവഹിച്ചു. യോഗത്തിൽ കേരള ചാപ്റ്റർ പ്രസിഡൻറ് കുര്യാക്കോസ് മാണിവേലിൽ അധ്യക്ഷത വഹിച്ചു. ആലീസ് ജോസ്, ഷാജി അഗസ്റ്റിൻ. കൊച്ചുറാണി, സർജൻ വാഗമൺ പോൾ കോട്ടയം ,നവീൻ കുര്യാക്കോസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിഭവസമൃദ്ധമായ ഓണസദ്യയോടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സമാപിച്ചു.

സെപ്തംബറിൽ 14 ദിവസം ബാങ്ക് അവധി.

ഈ മാസം അവധികളുടെ ചാകരക്കോളാണ്. ഇതിൽ ഏറ്റവും പ്രധാനം ഓണാവധിതന്നെയാണ്. തുടർന്നങ്ങോട്ട് രണ്ടാം ശനിയുൾപ്പെടെയുള്ള അവധിയും. ബാങ്കുകൾക്ക് ഈ മാസം 14 ദിവസം അവധിയാണ്. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടർ അനുസരിച്ചാണിത്. പ്രാദേശിക, ദേശീയ അവധികൾ ഉൾപ്പെടെയാണിത്. സംസ്ഥാനാടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനങ്ങളിൽ വ്യത്യാസമുണ്ടാകും. ബാങ്കുകൾ തുറന്നുപ്രവർത്തിക്കില്ലെങ്കിലും ഓൺലൈൻവഴി ഇടപാടുകൾ നടത്താനാവുന്നത് ഇടപാടുകാർക്ക് വലിയ ആശ്വാസമാണ്.

അവധിദിവസങ്ങൾ ഇവയാണ്

സെപ്തംബർ 3 ബുധനാഴ്ച കർമ പൂജ:ഝാർഖണ്ഡ്.

സെപ്തംബർ 4 വ്യാഴാഴ്ച ഒന്നാം ഓണം (ഉത്രാടം): കേരളം.

സെപ്തംബർ 5 വെള്ളിയാഴ്ച തിരുവോണം, നബി ദിനം: കേരളം, ഗുജറാത്ത്, മിസോറാം, മഹാരാഷ്ട്ര, കർണാടക, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, മണിപ്പൂർ, ജമ്മു കാശ്മീർ, ഉത്തർപ്രദേശ്, ഡൽഹി, ഝാർഖണ്ഡ്, തെലങ്കാന.

സെപ്തംബർ 6 ശനിയാഴ്ച നബിദിനം: സിക്കിം, ഛത്തീസ്ഗഡ്, ജമ്മുകാശ്മീർ.

സെപ്തംബർ 7 ഞായറാഴ്ച.

സെപ്തംബർ 12 വെള്ളിയാഴ്ച Eid i Milad ul Nabi: ജമ്മുകാശ്മീർ.

സെപ്തംബർ 13 രണ്ടാം ശനിയാഴ്ച.

സെപ്തംബർ 14 ഞായറാഴ്ച.

സെപ്തംബർ 22 തിങ്കളാഴ്ച നവരാത്രി ആരംഭം: രാജസ്ഥാൻ.

സെപ്തംബർ 23 ചൊവ്വാഴ്ച മഹാരാജ ഹരിസിങ് ജന്മദിനം: ജമ്മുകാശ്മീർ.

സെപ്തംബർ 27 നാലാമത്തെ ശനിയാഴ്ച.

സെപ്തംബർ 28 ഞായറാഴ്ച.

സെപ്തംബർ 29 തിങ്കളാഴ്ച പൂജവയ്പ്പ്, ദുർഗാപൂജ: ത്രിപുര, അസം, പശ്ചിമബംഗാൾ.

സെപ്തംബർ30 ചൊവ്വാഴ്ച ദുർഗാപൂജ: ത്രിപുര, ഒഡീഷ, അസം, മണിപ്പൂർ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ബീഹാർ, ഝാർഖണ്ഡ്‌.

കൊക്കോയിൽനിന്ന് ഇനി കൂടുതൽ ഭക്ഷ്യോൽപ്പന്നങ്ങൾ.

ചോക്ലേറ്റ് നിർമാണത്തിനിടെ ബാക്കിയാവുന്ന കൊക്കോ തൊണ്ടും പൾപ്പും ഒഴിവാക്കുന്നതിനെക്കാൾ നല്ലത് ഭക്ഷ്യയോഗ്യമാക്കുന്നതല്ലേ എന്ന ചിന്തയിൽനിന്നാണ് കേരള കാർഷിക സർവകലാശാലയിലെ കൊക്കോ റിസർച്ച് സെന്റർ പുതിയ കണ്ടുപിടിത്തവുമായി മുന്നോട്ടുവന്നത്.

തൊണ്ടും പൾപ്പും ഉപയോഗിച്ച് പോഷകമൂല്യമുള്ള ഭക്ഷ്യ ഉത്പന്നങ്ങളാക്കി മാറ്റിയിരിക്കുകയാണ് ഇവർ. കൊക്കോ ഹസ്ക് കുക്കികളും പൾപ്പിൽനിന്നുള്ള റെഡി ടു സർവ് പാനീയവുമാണ് വികസിപ്പിച്ചത്. വിദ്യാർഥികളുടെ പ്രോജക്ടായാണ് ഗവേഷണം ആദ്യം തുടങ്ങിയത്. പിന്നീട് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ അഞ്ചുവർഷമെടുത്തു പൂർത്തിയാക്കി. ഉത്പന്നങ്ങൾ ഇപ്പോൾ സെന്ററിൽ ലഭ്യമാണ്. സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ആരോഗ്യ സംരക്ഷണത്തിലേക്ക്

ചോക്ലേറ്റ് നിർമാണത്തിനായി ഉപയോഗിക്കുന്ന കൊക്കോ വിത്തുകളുടെ തൊലിയായ ഹസ്കും പൾപ്പും ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ശരിയായ രീതിയിൽ നശിപ്പിക്കാതിരുന്നാൽ ഇവ രോഗം വളർത്തുന്ന ഫംഗസുകൾക്കും കൊതുകുകൾക്കും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ഇടയാക്കും. പ്രത്യേകിച്ച് ഫൈറ്റോഫ്ത്തോറാ എന്ന ഫംഗസ് കറുത്തകായ രോഗമുണ്ടാക്കി 40 ശതമാനംവരെ വിളനാശം വരുത്തും. തെങ്ങിനും റബറിനു ഉൾപ്പെടെ എല്ലാ വിളകൾക്കുമുണ്ടാകുന്ന രോഗങ്ങൾക്കാണ് ഇത് കാരണമാകുക.

 

https://www.globalbrightacademy.com/

ഹസ്ക് കുക്കികൾ

തൊണ്ട് പൊടിയായി ഉപയോഗിച്ച് വികസിപ്പിച്ച ഹൈ ഫൈബർ കുക്കികൾ പോഷകമൂല്യമുള്ളതാണ്. അസിഡിറ്റി, പോളിഫീനോളുകൾ, ആന്റി ന്യൂട്രീഷണൽ ഘടകങ്ങൾ എന്നിവ നീക്കംചെയ്തതിനാൽ ഭക്ഷ്യയോഗ്യമാക്കാൻ മികച്ചരീതിയിൽ ശുദ്ധീകരിച്ചിട്ടുണ്ട്. പ്രമേഹരോഗികൾക്കും വയസ്സായവർക്കും ഉപയോഗിക്കാം. ഓട്സുമായി ചേർത്ത് ഒരുക്കിയതും അവിൽ (റൈസ് ഫ്ലേക്സ്) ഉപയോഗിച്ചുമുള്ള രണ്ടിനങ്ങളാണ് വികസിപ്പിച്ചത്.

പോഷകമൂല്യങ്ങൾ: ഊർജം-541.92 കലോറി, കാർബോഹൈഡ്രേറ്റ് -48.10 മിഗ്രാം, പ്രോട്ടീൻ -8.63 മിഗ്രാം, കൊഴുപ്പ് -35 മിഗ്രാം, ഡയറ്ററി ഫൈബർ -4.26 മിഗ്രാം.

പൾപ്പിൽനിന്നുള്ള റെഡി ടു സർവ് പാനീയം

ഫെർമെന്റേഷൻ സമയത്ത് പുറന്തള്ളപ്പെടുന്ന പൾപ്പ് അതിന്റെ ദുർഗന്ധംമൂലം കോക്കോ കുരുവിന്റെ ഗുണനിലവാരം കുറയ്ക്കുകയും ഫംഗസ് വളർച്ചയ്ക്കിടയാക്കുകയും ചെയ്യും. ഇതുമൂലം പുളിപ്പിച്ച കുരുക്കളിൽ ഫ്രീ ഫാറ്റി ആസിഡിന്റെ അളവ് കൂടും. അത് ആരോഗ്യത്തിന് ഹാനികരമാണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് ആരോഗ്യകരവും ആന്റി ഓക്സിഡന്റുകൾ നിറഞ്ഞതുമായ പാനീയം വികസിപ്പിച്ചത്. പുളിപ്പിക്കലിനായി പൂർണമായും പൾപ്പിനെ ഉപയോഗിക്കുന്നില്ല. കുറച്ച് അളവിൽ പൾപ്പ് ആദ്യം നീക്കംചെയ്യുന്നത് കുരുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും.

പോഷകമൂല്യങ്ങൾ: കാർബോഹൈഡ്രേറ്റ് -12.6 ഗ്രാം, വിറ്റാമിൻ സി -7.51 മിഗ്രാം, സോഡിയം -563 മിഗ്രാം, പൊട്ടാസ്യം -1748 മിഗ്രാം”

ISRO NRSC -ല്‍ അപ്രന്റീസ്ഷിപ്പ്; 96 ഒഴിവുകള്‍, മത്സരപ്പരീക്ഷയോ ഇന്റര്‍വ്യൂവോ ഇല്ല, മികച്ച അവസരം.

ഇന്ത്യുടെ അഭിമാനമായ ബഹിരാകാശ ഗവേഷണ സ്ഥാപനം ഐഎസ്ആർഒയുടെ (ISRO) പ്രധാന കേന്ദ്രങ്ങളിലൊന്നായ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (NRSC), 2025-ലെ അപ്രന്റീസ്ഷിപ്പ് ഡ്രൈവിനായി അപേക്ഷകൾ ക്ഷണിച്ചു. ബിരുദധാരികൾ, എഞ്ചിനീയർമാർ, ഡിപ്ലോമക്കാർ എന്നിവർക്കായി ആകെ 96 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉദ്യോഗാർഥികൾക്ക് nrsc.gov.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. അവസാന തീയതി 2025 സെപ്റ്റംബർ 11. എഴുത്തുപരീക്ഷയോ ഇന്റർവ്യൂവോ ഇല്ല. തിരഞ്ഞെടുപ്പ് പൂർണ്ണമായും അക്കാദമിക് യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും. ഇന്ത്യയിലെ പ്രമുഖ ബഹിരാകാശ ഗവേഷണ ഏജൻസിയിൽ ജോലി ചെയ്യാൻ ലഭിക്കുന്ന സുവർണ്ണാവസരമാണിത്. 96 അപ്രന്റീസ്ഷിപ്പ് സീറ്റുകൾ ഇത്തരത്തിലാണ്:

ഗ്രാജ്വേറ്റ് അപ്രന്റീസ് – 11 തസ്തികകൾ

ടെക്നീഷ്യൻ അപ്രന്റീസ് – 30 തസ്തികകൾ

ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ് – 25 തസ്തികകൾ

ഗ്രാജ്വേറ്റ് അപ്രന്റീസ് (ജനറൽ സ്ട്രീം) – 30 തസ്തികകൾ

യോഗ്യത

അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് താഴെക്കാണുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം:

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം

ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ്

അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ BE/BTech

സ്റ്റൈപ്പൻഡ്

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തസ്തികയനുസരിച്ച് പ്രതിമാസം 8,000 രൂപ മുതൽ 9,000 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കും. സാമ്പത്തിക സഹായത്തോടൊപ്പം, ഐഎസ്ആർഒയിൽ നിന്ന് നേരിട്ടുള്ള പരിശീലനവും അനുഭവപരിചയവും ലഭിക്കും. സർക്കാർ, സ്വകാര്യ മേഖലകളിൽ മികച്ച തൊഴിൽ സാധ്യതകൾ തുറക്കുന്നതാണിത്.

ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർഥികൾ താഴെ പറയുന്നവ ഉൾപ്പെടെയുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം:

ജനനത്തീയതി തെളിയിക്കുന്ന രേഖ

വിദ്യാഭ്യാസ യോഗ്യതകൾ (SSLC/SSC മുതൽ)

ജാതി/വിഭാഗം സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)

പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ)

ഓൺലൈൻ അപേക്ഷയും അസ്സൽ രേഖകളും തമ്മിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ, അപേക്ഷ നിരസിക്കുന്നതാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ

ബിരുദം/ഡിപ്ലോമ എന്നിവയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകൾ പരിശോധിക്കുക.

ഒരു മെറിറ്റ് ലിസ്റ്റ്/പാനൽ തയ്യാറാക്കും.

മെറിറ്റ് പാനലിലെ സ്ഥാനത്തിനനുസരിച്ച് മാത്രമായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർഥികൾക്ക് മാത്രമേ ഇമെയിൽ വഴി ഓഫർ ലെറ്റർ ലഭിക്കുകയുള്ളൂ.

എങ്ങനെ അപേക്ഷിക്കാം

താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് താഴെ പറയുന്ന ഘട്ടങ്ങളിലൂടെ ഓൺലൈനായി അപേക്ഷിക്കാം:

ഘട്ടം 1. എന്റോൾമെന്റ് ഐഡി ലഭിക്കുന്നതിനായി NATS പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.

ഘട്ടം 2. UMANG പോർട്ടലിൽ ലോഗിൻ ചെയ്ത് ‘Apply Now’ എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3. ആവശ്യമായ എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.

ഘട്ടം 4. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), പുതിയ ഫോട്ടോ എന്നിവയുടെ സ്കാൻ ചെയ്ത കോപ്പികൾ അപ്ലോഡ് ചെയ്യുക.

ഘട്ടം 5. അപേക്ഷ സമർപ്പിക്കുക, ഭാവിയിലെ ആവശ്യങ്ങൾക്കായി അതിന്റെ ഒരു പ്രിന്റ്ഔട്ട് സൂക്ഷിക്കുക.

മത്സരപരീക്ഷയോ ഇന്റർവ്യൂവോ ഇല്ലാതെ ഐഎസ്ആർഒയുടെ എൻആർഎസ്സിയിൽ നിങ്ങളുടെ കരിയർ ആരംഭിക്കാനുള്ള അവസരമാണിത്.

കേരള ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ സ്ഥിര ജോലി; ലക്ഷങ്ങള്‍ ശമ്പളം വാങ്ങാം.

കേരള സര്‍ക്കാറിന് കീഴില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ സ്ഥിര ജോലി നേടാന്‍ അവസരം. അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ പിഎസ് സി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

അവസാന തീയതി: സെപ്റ്റംബര്‍ 03

തസ്തിക & ഒഴിവ്

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്- അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

കാറ്റഗറി നമ്പര്‍: 181/2025

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 55,200 രൂപയ്ക്കും 1,15,300 രൂപവരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി

21 വയസ് മുതല്‍ 42 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

ഉദ്യോഗാര്‍ഥികള്‍ 02.01.1983നും 01.01.2004നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി, ഒബിസി, മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹോമിയോപ്പതിയില്‍ ബിരുദം. അല്ലെങ്കില്‍ സമയദൈര്‍ഘ്യത്തിനും ഹൗസ് സര്‍ജന്‍സിയിലും ഇന്റേണ്‍ഷിപ്പിലും മേല്‍പ്പറഞ്ഞതിന് തത്തുല്യമായ ബിരുദം ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഹൗസ് സര്‍ജന്‍സി / ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം. ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ നിന്നുള്ള എ ക്ലാസ് രജിസ്‌ട്രേഷന്‍. വിശദമായ യോഗ്യത വിവരങ്ങള്‍ വിജ്ഞാപനത്തില്‍. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ നിന്ന് റിക്രൂട്ട്‌മെന്റ് പേജ് തിരഞ്ഞെടുക്കുക. സെപ്റ്റംബര്‍ 03ലേക്കുള്ള പുതിയ വിജ്ഞാപന ലിസ്റ്റില്‍ വിശദമായ നോട്ടിഫിക്കേഷന്‍ നല്‍കിയിട്ടുണ്ട്. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. ശേഷം വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി നേരിട്ട് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.

പെരിയാറിലൂടെ ആലുവയില്‍ നിന്ന് എട്ട് കിലോമീറ്റര്‍; കൊച്ചി വിമാനത്താവളത്തിലേക്ക് വാട്ടര്‍മെട്രോ സാധ്യത പരിശോധിക്കുന്നു.

കൊച്ചി വാട്ടര്‍ മെട്രോ ആലുവയില്‍ നിന്ന് സിയാല്‍ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച സാധ്യത പഠനം നടത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ആരംഭിച്ചു. പ്രാരംഭ പഠനത്തിനായി രൂപീകരിച്ച ആഭ്യന്തര ഉന്നതതല കമ്മറ്റി പ്രവര്‍ത്തനം തുടങ്ങി. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്കും പ്രാന്ത പ്രദേശങ്ങളിലേക്കും വാട്ടര്‍മെട്രോ സര്‍വ്വീസ് ആരംഭിക്കണമെന്ന പൊതുജനങ്ങളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം. കൊച്ചി മെട്രോയെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന സമാന്തര ഗതാഗത മാര്‍ഗമായി വികസിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആദ്യം ഈ റൂട്ടാണ് പരിഗണിക്കുന്നത്.

കൊച്ചി മെട്രോയ്ക്കും സിയാലിനും കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും ഗതാഗത തടസം മൂലം യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ട് കുറയ്ക്കാനും വാട്ടര്‍ മെട്രോയ്ക്ക് കഴിയുമെന്നും പ്രതീക്ഷിക്കുന്നു. പ്രാരംഭ പഠനത്തിന്റെ ഭാഗമായി ഏതുതരം ബോട്ടാണ് ഇവിടെ സര്‍വ്വീസ് നടത്താന്‍ സാധ്യയുള്ളത് എന്ന് പഠിക്കും. കണക്ടിവിറ്റി ഏതൊക്കെ മാര്‍ഗത്തിലാകണം എന്നതും വിശദ പഠനത്തിന് വധേയമാക്കും.

ആലുവ സ്റ്റേഷനുമായും എയര്‍പോര്‍ട്ടുമായും ഏതുതരത്തിലാണ് ബന്ധിപ്പിക്കാനാകുക, അതിന് നിലവില്‍ സാധ്യമായ മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്, എയര്‍ വോക്ക് വേയാണോ ഉപകാരപ്രദം തുടങ്ങിയവയും പഠനത്തിന് വിധേയമാക്കും. ഏകദേശം എട്ട് കിലോമീറ്ററാണ് ആലുവയില്‍ നിന്ന് പെരിയാറിലൂടെ വിമാനത്താവളത്തിലേക്കുള്ള ദൂരം.

ആലുവയില്‍ നിന്ന് ആരംഭിച്ച് എയര്‍പോര്‍ട്ടില്‍ അവസാനിക്കുന്ന പോയിന്റ് ടു പോയിന്റ് സര്‍വ്വീസാണോ ഇടയ്ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതാണോ അഭികാമ്യം, എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണം തുടങ്ങിയ കാര്യങ്ങളും പ്രാരംഭ സാധ്യത പഠനത്തിന്റെ ഭാഗമായി പരിശോധിക്കും

ഓണത്തെ വരവേറ്റ് വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്.

ഓണത്തെ വരവേറ്റ് വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്.
ഇലഞ്ഞി: വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയൻ സംഘടിപ്പിച്ച കാഹളം 2025 ഓണാഘോഷം നടത്തി. മലയാളിയുടെ ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവമായ ഓണത്തിൻ്റെ സൗന്ദര്യം കൂട്ടുന്നതിന് ഫ്ലവേഴ്സ് ടിവിയുടെയും 24 ന്യൂസിൻ്റെയും ഓണരഥം എത്തിയിരുന്നു. കേരളത്തിന്റെ തനത് വസ്ത്രങ്ങൾ അണിഞ്ഞാണ് വിദ്യാർഥികളും അധ്യാപകരും എത്തിയത്. പൂക്കള മത്സരം മുതൽ വടംവലി മത്സരം വരെയുള്ള കലയും കായികവും ഒത്തുചേരുന്ന മത്സരങ്ങളാണ് അരങ്ങേറിയത്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിവിധ പരിപാടികളും നടത്തി. വിപുലമായ ഓണസദ്യയും പായസവും വിതരണം ചെയ്തു കോളേജ് ഓണാഘോഷം തകൃതിയാക്കി.

ഇ-മാലിന്യം കുറയ്ക്കാൻ എൽഇഡി ബൾബ് നിർമ്മാണവും റിപ്പയർ സാങ്കേതിക വിദ്യകളും പഠിപ്പിച്ച് VISAT -Arts & Science കോളേജ് നൈപുണ്യ വികസന ശില്പശാല സംഘടിപ്പിച്ചു.

ഇ-മാലിന്യം കുറയ്ക്കാൻ എൽഇഡി ബൾബ് നിർമ്മാണവും റിപ്പയർ സാങ്കേതിക വിദ്യകളും പഠിപ്പിച്ച് VISAT -Arts & Science കോളേജ് നൈപുണ്യ വികസന ശില്പശാല സംഘടിപ്പിച്ചു. സുസ്ഥിരമായ സാങ്കേതിക വിദ്യകളിലൂടെ പരിസ്ഥിതി സൗഹൃദ ജീവിതരീതിയെ പ്രോത്സാഹിപ്പിക്കാനായി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കൊമേഴ്‌സ് ഡിപ്പാർട്മെന്റിന്റെ എൻട്രപ്രണർഷിപ്പ് ആൻഡ് ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ , ഇലഞ്ഞി ഗ്രാമ പഞ്ചായത്തിന്റെ, LSDG വകുപ്പുമായി സഹകരിച്ചു വിദ്യാർഥികളിൽ നൈപുണ്യ വികസനത്തിനും, വ്യവസായിക സാദ്ധ്യതകൾ തിരിച്ചറിയുന്നതിനുമായി നവീനമായ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. “എൽഇഡി ബൾബ് നിർമ്മാണവും റിപ്പയർ സാങ്കേതിക വിദ്യകളും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെഷൻ, വിദ്യാർത്ഥികൾക്കും,  ഇലഞ്ഞി പഞ്ചായത്തിലെ ഇരുപതോളം  ഹരിതകർമസേനഗങ്ങൾക്കും,പുതിയ എൽഇഡി ബൾബുകൾ നിർമ്മിക്കാനും കേടായവ റിപ്പയർ ചെയ്യാനും ആവശ്യമായ പ്രായോഗിക കഴിവുകൾ നൽകുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

repair-Reuse-Reduce എന്ന ആശയം പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇ-മാലിന്യം കുറയ്ക്കുന്നതിന്റെ പ്രാധാന്യവും ഉത്തരവാദിത്തമുള്ള ഉപഭോക്തൃ പെരുമാറ്റത്തിന്റെ ആവശ്യകതയും വർക്ക്‌ഷോപ്പിൽ എടുത്തുകാട്ടി. പുതിയ  എൽ  ഇ  ഡി ബൾബുകൾ  നിർമിക്കുക, എൽഇഡി ബൾബ് അസംബ്ലി ചെയ്യുക, സാധാരണ തകരാറുകൾ തിരിച്ചറിയുക, അടിസ്ഥാന റിപ്പയർ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ കാര്യങ്ങളിൽ പങ്കെടുത്തവർക്ക് കൈപ്പുണ്യം ലഭിച്ചു. എലഞ്ഞി ഗ്രാമപഞ്ചായത്തിലെ വനിതാ ഹരിതകർമ്മസേന അംഗങ്ങൾ വർക്ക്‌ഷോപ്പിൽ സജീവമായി പങ്കെടുത്തു. അവരുടെ സാന്നിധ്യം പ്രാദേശിക ഭരണകൂടവും കമ്മ്യൂണിറ്റി തല ഇടപെടലുകളും പരിസ്ഥിതി സൗഹൃദ ജീവിതരീതികൾ  തിരിച്ചറിയുന്നതിനും,  നടപ്പിൽ വരുത്തേണ്ടതിന്റെയും ആവശ്യകത എത്രത്തോളം നിർണായകമാണെന്ന് തെളിയിച്ചു.

തുരുത്തിക്കരയിലെ സയൻസ് സിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. തങ്കച്ചൻ പി. ടി. യാണ് വർക്ക്‌ഷോപ്പ് നയിച്ചത്. ഭൗതികശാസ്ത്രത്തിലെ സങ്കീർണ്ണ സിദ്ധാന്തങ്ങൾ വളരെ എളുപ്പത്തിൽ വിശദീകരിച്ചുകൊണ്ട്, ശാസ്ത്ര പശ്ചാത്തലം ഇല്ലാത്ത വിദ്യാർത്ഥികൾക്കും ഹരിതകർമ്മസേനാംഗങ്ങൾക്കും വിഷയങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിച്ചു.

ഈ അവസരത്തിൽ പ്രസംഗിച്ച കോളേജ്പ്രിൻസിപ്പൽ ഡോ രാജുമാവുങ്കൾ, ഇലഞ്ഞി ഗ്രാമപഞ്ചായത് പ്രസിഡണ്ട്‌, ശ്രീമതി…… മറ്റുഅദ്ധ്യാപക പ്രതിനിധികൾ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സംരംഭക മനോഭാവം വളർത്തുന്നതിനൊപ്പം, പ്രാദേശിക സമൂഹത്തിന്റെ സഹകരണത്തോടെ അടിയന്തരമായ പരിസ്ഥിതി വെല്ലുവിളികളെ നേരിടുന്നതിലും സഹായകമാണെന്ന് അഭിപ്രായപ്പെട്ടു. ഹരിതകർമ്മസേനയുടെ സാന്നിധ്യം സുസ്ഥിര ജീവിതശൈലിക്കായുള്ള  വിസാ റ്റിന്റെ കൂട്ടായ്മാ ശ്രമങ്ങളെ കൂടുതൽ ശക്തമാക്കി.

വർക്ക്‌ഷോപ്പ് സജീവ സംവാദ സെഷനോടെ സമാപിച്ചു. ഗൃഹങ്ങളിലും സമൂഹത്തിലും ഇ-മാലിന്യം കുറയ്ക്കാൻ ‘റിപ്പെയർ-റീയൂസ്’ ശീലങ്ങൾ സ്വീകരിക്കാൻ പങ്കെടുത്തവരെ പ്രോത്സാഹിപ്പിച്ചു.

നിരവധി തൊഴിലവസരങ്ങളുമായി എമിറേറ്റ്‌സ് രംഗത്ത്.

ലോകപ്രശസ്ത വിമാനക്കമ്പനിയായ എമിറേറ്റ്സ് നിരവധി തൊഴിലവസരങ്ങളുമായി രംഗത്ത്. ക്യാബിന്‍ക്രൂ ആയി ജോലി ചെയ്യാന്‍ നിരവധി പേര്‍ക്കാണ് ഇതിലൂടെ അവസരം ഒരുങ്ങുന്നത്. താല്‍പ്പര്യമുള്ള യാത്രക്കാര്‍ക്ക് ജോലി അവസരങ്ങള്‍ പരിശോധിക്കാന്‍ ഇനിയും സമയം ബാക്കിയുണ്ട് എന്നാണ് കമ്പനി അറിയിക്കുന്നത്.

സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, പോര്‍ച്ചുഗല്‍, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളവരെയാണ് പുതിയ തസ്തികകളിലേക്ക് പരിഗണിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര എയര്‍ലൈന്‍ എന്ന നിലയില്‍, എമിറേറ്റ്സില്‍ 24,500 ഓളം പേരാണ് ക്യാബിന്‍ ക്രൂവായി ജോലി ചെയ്യുന്നത്. ഇറ്റലിയിലെ യാത്രാ പ്രേമികള്‍ക്ക് ഓഗസ്റ്റ് 24 ന് സസാരി-സാര്‍ഡിനിയയിലും ഫ്രാന്‍സിലുള്ളവര്‍ക്ക് അതേ തീയതിയില്‍ കോര്‍സിക്കയും സന്ദര്‍ശിക്കാം.

ഓഗസ്റ്റ് 30 ന് പോര്‍ച്ചുഗലിലെ മദീരയിലും ഓഗസ്റ്റ് 31 ന് ഇറ്റലിയിലെ പിസയിലും ആയിരിക്കും ഇതിനായി അവസരം ഒരുങ്ങുക. എയര്‍ലൈനില്‍ ജോലി ചെയ്യുന്ന ക്യാബിന്‍ ക്രൂവിന് താമസസൗകര്യം ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള ഗതാഗത സൗകര്യവും ലോകോത്തര പരിശീലനവും അവര്‍ക്ക് നല്‍കുന്നു.

മെഡിക്കല്‍, ഡെന്റല്‍, ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയും ഇവര്‍ക്ക് ലഭിക്കും. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വലിയ കിഴിവുള്ള ടിക്കറ്റുകള്‍ ലഭിക്കും. ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആദ്യം ദുബായിലായിരിക്കും ജോലി ലഭിക്കുക. എമിറേറ്റ്‌സിലെ ഒരു ക്യാബിന്‍ ക്രൂ റോള്‍ ഉപയോഗിച്ച്, ഇവര്‍ക്ക് ലോകം ചുറ്റി സഞ്ചരിക്കാനും വ്യത്യസ്ത സംസ്‌കാരങ്ങള്‍ മനസ്സിലാക്കാനും കഴിയും എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. എന്നാല്‍ എമിറേറ്റ്സ് ക്യാബിന്‍ ക്രൂവില്‍ ഇടം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ചില ആവശ്യകതകള്‍ പാലിക്കേണ്ടതുണ്ട്.

ഹോസ്പിറ്റാലിറ്റി, ടൂറിസം അല്ലെങ്കില്‍ ഉപഭോക്തൃ സേവനം എന്നീ മേഖലകളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയമുള്ള അപേക്ഷകരെയാണ് കമ്പനി തേടുന്നത്. യാത്ര ചെയ്യാനും ആളുകളുമായി ബന്ധപ്പെടാനും താല്‍പ്പര്യമുള്ളവര്‍ക്ക്് ഈ ജോലിക്കായി അപേക്ഷിക്കാം. ഉപഭോക്തൃ സേവനം, ടീം വര്‍ക്ക്, ആളുകളുമായി ഒത്തുപോകല്‍ എന്നിവയുള്‍പ്പെടെയുള്ള കഴിവുകള്‍ ഉള്ളവര്‍ മാത്രം ഈ ജോലിക്കായി അപേക്ഷിച്ചാല്‍ മതി.

ഓണക്കിറ്റുകളുടെ വിതരണം 26 മുതൽ.

തിനാലിനം ഭക്ഷ്യ ഉത്പന്നങ്ങളടങ്ങിയ ഓണക്കിറ്റുകളുടെ വിതരണം ഈ മാസം 26 മുതൽ. ആറ് ലക്ഷത്തിൽ പരം എ എ വൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുകയെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

സെപ്തംബർ നാലോടെ വിതരണം പൂർത്തിയാക്കും. ഓണത്തിന് ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കും. ബി പി എൽ- എ പി എൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെയാണിത്. 250ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകൾ ലഭിക്കും. പുതുതായി പുറത്തിറക്കിയ സാധങ്ങൾ ഓണം പ്രമാണിച്ച് വലിയ വിലക്കുറവിൽ ലഭിക്കും.

അരിപ്പൊടി, ഉപ്പ്, പഞ്ചസാര, മട്ട അരി, പായസം മിക്സ്‌ എന്നീ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ കിട്ടും. അടുത്ത മാസത്തെ സബ്സിഡി ഉത്പന്നങ്ങൾ ഈ മാസം 25 മുതൽ വിൽപ്പന തുടങ്ങും. ഈ മാസം 25ഓടെ വെളിച്ചെണ്ണ വില കുറയുമെന്നും  മന്ത്രി അറിയിച്ചു.