ഊതിച്ചോളൂ, ‌മദ്യപിക്കാത്തവർ കുടുങ്ങില്ല; എയർ ബ്ലാങ്ക് ടെസ്റ്റ് നിർബന്ധമാക്കി കേരള ഹൈക്കോടതി

വാഹനം ഓടിക്കുന്ന ആൾക്ക് ചക്കപ്പഴം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥ. അരിഷ്ടം കുടിച്ചയാളും കുടുങ്ങി. മദ്യപിച്ചവരെ കുടുക്കാനാണ് ബ്രെത്തലൈസർ. എന്നാലിപ്പോ കുടിച്ചവരും കുടിക്കാത്തവരും കുടുങ്ങുന്ന സ്ഥിതിയാണ്.  ഇനി മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകളിൽ ബ്രെത്തലൈസർ ഉപയോഗിക്കുന്നതിനു മുമ്പ് എയർ ബ്ലാങ്ക് ടെസ്റ്റ് നിർബന്ധമാക്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് കേരള ഹൈക്കോടതി. ഈ സമയം ഉപകരണത്തിൽ  ‘0.000’ റീഡിങ് കാണിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. ഇതിനായി ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ പൊലീസ് ഡയറക്ടർ ജനറലിന്  കേരള ഹൈക്കോടതി നിർദ്ദേശം നൽകി.

ബ്രെത്തലൈസർ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും മുൻ പരിശോധനകളിൽ നിന്നുള്ള ആൽക്കഹോളിന്റെ അശം അതിൽ കലർന്നിട്ടില്ലെന്നും ഉറപ്പാക്കുക എന്നതാണ് ബ്ലാങ്ക് ടെസ്റ്റിന്റെ പ്രാഥമിക ലക്ഷ്യമെന്നും കോടതി കൂട്ടിച്ചേർത്തു. പരിശോധന നടത്തിയ സമയത്തെ ബ്ലാങ്ക് ടെസ്റ്റ് റീഡിങ് ‘0.000’ എന്നതിനെ ആശ്രയിച്ചാണ്ബ്രെത്തലൈസർ പരിശോധനയുടെ ആധികാരികതയും സ്വീകാര്യതയും, വിലയിരുത്തുന്നതെന്നും കോടതി വിശദമാക്കി.

https://www.globalbrightacademy.com/

ശബരിമലയിൽ താൽക്കാലിക ജീവനക്കാരാകാൻ അവസരം; 1800 ഒഴിവുകൾ.

2025-26 മണ്ഡല- മകരവിളക്ക് മഹോത്സവ ത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കൽ എന്നീ ദേവസ്വങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. 18 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള ഹിന്ദു വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് അപേക്ഷിക്കാം. 650 രൂപ ദിവസ വേതനം, താമസ സൗകര്യം, ഭക്ഷണം എന്നിവ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകും.

അപേക്ഷകർ മെഡിക്കൽ സർട്ടിഫിക്കറ്റ്, ഹെൽത്ത് കാർഡ് എന്നിവ ഹാജരാക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്ദൻകോട്, തിരുവനന്തപുരം എന്ന വിലാസത്തിലോ tdbsabdw@gmail.com എന്ന ഇ മെയിൽ ഐഡിയിലോ 2025 ഓഗസ്റ്റ് 16 വൈകിട്ട് 5 മണിക്ക് മുൻപായി ലഭിക്കണം.

https://www.globalbrightacademy.com/

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ പ്രവേശനം; അപേക്ഷ ഓഗസ്റ്റ് 12 വരെ.

കേരളത്തിലെ സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-26 വർഷത്തെ  ഫാർമസി / ഹെൽത്ത് ഇൻസ്‌പെക്ടർ / പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ 2025-26 ലെ  പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്വയംഭരണ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് & ടെക്‌നോളജിക്കാണ് പ്രവേശന പ്രക്രിയയുടെ ചുമതല.

16 കോഴ്‌സുകൾ
ഫാർമസി (ഡി.ഫാം), ഹെൽത്ത് ഇൻസ്‌പെക്ടർ, മെഡിക്കൽ ലാബ് ടെക്‌നോളജി, റേഡിയോ ഡയഗ്‌നോസിസ് & റേഡിയോതെറാപ്പി ടെക്‌നോളജി, റേഡിയോളജിക്കൽ ടെക്‌നോളജി, ഒഫ്ത്താൽമിക് അസിസ്റ്റൻസ്, ഡെൻറൽ മെക്കാനിക്, ഡെന്റൽ ഹൈജിനിസ്റ്റ്, ഓപറേഷൻ തിയേറ്റർ &  അനസ്തീസിയ ടെക്‌നോളജി, കാർഡിയോ വാസ്‌കുലർ ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, എൻഡോസ്‌കോപ്പിക് ടെക്‌നോളജി, ഡെൻറൽ ഓപറേറ്റിങ് റൂം അസിസ്റ്റൻസ്, റെസ്പിറേറ്ററി ടെക്‌നോളജി, സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ടെക്‌നോളജി എന്നീ 16 ഡിപ്ലോമ കോഴ്‌സുകൾക്കാണ് പ്രവേശനം.പ്രത്യേക പ്രവേശന പരീക്ഷയില്ല. യോഗ്യതാ പരീക്ഷയുടെ രണ്ടാം വർഷം നിർദ്ദിഷ്ട വിഷയങ്ങളിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. 

 

കോഴ്‌സ് ദൈർഘ്യം

പൊതുവെ രണ്ടു വർഷമാണ് ഡിപ്ലോമ കോഴ്‌സുകൾ. റേഡിയോ ഡയഗ്‌നോസിസ് & റേഡിയോതെറാപ്പി ടെക്‌നോളജി മൂന്നു വർഷ കോഴ്‌സാണ്. ഫാർമസി പ്രോഗ്രാമിന് മൂന്ന് മാസത്തെ പ്രാക്ടിക്കൽ പരിശീലനമുണ്ട്. ഡയാലിസിസ് ടെക്‌നോളജി കോഴ്‌സ് ഇന്റേൺഷിപ്പടക്കം  രണ്ടുവർഷമാണ്. ഓപറേഷൻ തീയേറ്റർ & അനസ്തീസിയ ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, എൻഡോസ്‌കോപ്പി ടെക്‌നോളജി എന്നിവയ്ക്ക് ആറുമാസത്തെ ഇന്റേൺഷിപ്പടക്കം രണ്ടര വർഷമാണ് കോഴ്‌സ് ദൈർഘ്യം”

അപേക്ഷാ യോഗ്യത
അപേക്ഷകർക്ക് 2025 ഡിസംബർ 31ന് 17 വയസ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. എന്നാൽ സർവിസ് ക്വാട്ടക്കാർക്ക് 49 വയസിൽ കൂടാൻ പാടില്ല. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച് പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ഡി.ഫാമിന് ബയോളജിക്കു പകരം മാത്തമാറ്റിക്‌സ് പഠിച്ചാലും മതി. ഡി.ഫാം ഒഴികെ കോഴ്‌സുകൾക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ പ്ലസ്ടുവിൽ മൊത്തം 40 ശതമാനം മാർക്ക് വേണം. പട്ടികവിഭാഗക്കാർക്ക് 35 ശതമാനം മതി. ഡി.ഫാമിന് മാർക്ക് വ്യവസ്ഥയില്ല. വി.എച്ച്.എസ്.ഇയിൽ ചില വൊക്കേഷണൽ കോഴ്‌സുകൾ പഠിച്ചവർക്ക് പ്രത്യേക സംവരണമുണ്ട്. ലാബ് ടെക്‌നീഷ്യൻ റിസർച്ച് & ക്വാളിറ്റി കൺട്രോൾ (ഘഠഞ)  പഠിച്ചവർക്ക് മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി കോഴ്‌സിന് 5 ശതമാനം സീറ്റും മെയിന്റനൻസ് & ഓപറേഷൻ ഓഫ് ബയോമെഡിക്കൽ എക്യുപ്‌മെൻസ്  പഠിച്ചവർക്ക് ഓപറേഷൻ തീയേറ്റർ ടെക്‌നോളജി കോഴ്‌സിന്  2 ശതമാനം സീറ്റും ഇ.സി.ജി & ഓഡിയോമെട്രിക് ടെക്‌നോളജി പഠിച്ചവർക്ക് കാർഡിയോ വാസ്‌കുലർ ടെക്‌നോളജി കോഴ്‌സിന് 2 ശതമാനം സീറ്റുമാണ് നീക്കിവച്ചിട്ടുള്ളത്.   
പി.ഐ.ഒ, ഒ.സി.ഐ വിഭാഗക്കാരെയും പ്രവേശനത്തിനു പരിഗണിക്കും. പിന്നോക്ക വിഭാഗക്കാർക്ക് നിയമാനുസൃത സംവരണമുണ്ടാകും. വി.എച്ച്.എസ്.ഇ, വിവിധ നോമിനികൾ, ഹെൽത്ത് സർവിസസ് ഡിപ്പാർട്ട്‌മെന്റ്, സ്‌പോർട്‌സ്, വിമുക്തഭടന്മാർ, എയർഫോഴ്‌സ് മുതലായ വിഭാഗക്കാർക്ക് വിവിധ കോഴ്‌സുകൾക്ക് സംവരണമുണ്ട്. അപേക്ഷ 12 വരെ

www.lbscentre.kerala.gov.in വഴി ഓഗസ്റ്റ് 12 നകം അപേക്ഷ സമർപ്പിക്കണം. എല്ലാ കോഴ്‌സുകളിലേക്കുമായി ഒറ്റ അപേക്ഷ മതി. 600 രൂപയാണ് അപേക്ഷാഫീ. പട്ടികവിഭാഗക്കാർക്ക് 300 രൂപ മതി. സർവിസ് ക്വാട്ടക്കാർക്ക് 600 രൂപയാണ് ഫീസ്. ഫീസ് ഓൺലൈനായോ വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ശാഖ വഴിയോ അടയ്ക്കാം. ആവശ്യമായ രേഖകൾ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷയുടെ അന്തിമ കൺഫർമേഷൻ ഓഗസ്റ്റ് 15നു മുമ്പ് ചെയ്തിരിക്കണം. 

 

ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്തു സൂക്ഷിക്കുകയും വേണം. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം വെബ്‌സൈറ്റ് വഴി താൽപര്യമുള്ള സ്ഥാപനം/കോഴ്‌സുകളുടെ ഓപ്ഷനുകൾ നൽകി അലോട്ട്‌മെന്റ് പ്രക്രിയയിൽ പങ്കെടുക്കണം. 

മാനേജ്‌മെന്റ് സീറ്റുകളുടെ പ്രവേശനം അതത് സ്ഥാപനങ്ങളാണ് നടത്തുന്നത്. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇമെയിൽ: lbstvpm@gmail.com. ഫോൺ: 0471-2560363, 9400977754.”

ഒരാള്‍ക്ക് ദിവസവും എത്ര ഗ്ലാസ് ചായ വരെ കുടിക്കാം..?

കേരളീയരെല്ലാം ചായ പ്രിയരാണ്. അധികപേരും രാവിലെ ഒരു ചായ കുടിച്ച് ദിവസം തുടങ്ങുന്ന ശീലമുള്ളവരാണ്. എന്നാല്‍ ചായ അമിതമായി കുടിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് പോഷകാഹാര വിദഗ്ധരുടെ അഭിപ്രായം. ചായ അസിഡിറ്റി വയറു വീര്‍ക്കല്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നത്.

മാത്രമല്ല, ചായയുടെ അമിത ഉപയോഗം മാനസികാരോഗ്യത്തെയും സാരമായി ബാധിക്കും. മൂന്നും നാലും തവണ ചായ കുടിക്കുന്നതും ശരീരത്തില്‍ അമിതമായ അളവില്‍ കഫീന്‍ എത്താന്‍ കാരണമാകും. ഇങ്ങനെ ശരീരത്തില്‍ അമിതമായ അളവില്‍ കഫീനെത്തിയാല്‍ തലവേദന, പേശികളുടെ പിരിമുറുക്കം, ഉത്കണ്ഠ കൂടുക തുടങ്ങിയ ബുദ്ധിമുട്ടുകള്‍ക്കും  കാരണമാകുമെന്നാണ് പറയുന്നത്.

ചായയിലടങ്ങിയ ടാനിനുകള്‍ ശരീരത്തിലെ ഇരുമ്പ് കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് ഇവര്‍ പറയുന്നത്. ചായയിലെ കഫീന്‍ അസിഡിറ്റി വര്‍ധിപ്പിക്കുകയും ഉറക്കക്കുറവിന് കാരണമാവുകയും ചെയ്യും. ഗര്‍ഭിണികളും അമിത അളവില്‍ ചായ കുടിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തേ ഹാനികരമായി ബാധിക്കുന്നതാണ്. ചായ അധികമായി കുടിക്കുന്നത് ഉറക്കമില്ലായ്മയ്ക്കും കാരണമായിത്തീരും.

നിങ്ങള്‍ക്ക് വൃക്കയില്‍ കല്ലുകള്‍ ഉണ്ടെങ്കില്‍ ചായ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ചായയില്‍ ഓക്‌സലേറ്റുകള്‍ കൂടുതലാണ്. വൃക്കതകരാര്‍ ഉണ്ടെങ്കില്‍ ചായ കുടിക്കാതിരിക്കുകയാണ് വേണ്ടത്. ചായയിലെ കഫീന്‍ വേഗത്തില്‍ ആമാശയത്തിലെ ആസിഡ് (HCL) വര്‍ധിപ്പിക്കുകയും കോര്‍ട്ടിസോള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ്. ഇത് അസ്വസ്ഥത, ഓക്കാനം അല്ലെങ്കില്‍ വീര്‍ക്കല്‍ എന്നിവയ്ക്കും കാരണമാകുന്നു.  പാലില്‍ 80% കസീന്‍ അടങ്ങിയിട്ടുണ്ട്.

“ഇത് ദഹിക്കാന്‍ പ്രയാസമുള്ള ഒരു പ്രോട്ടീനാണ്. അത് റിഫ്‌ലക്‌സിന് കാരണമാകുന്ന അസിഡിറ്റി ഉപോല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്നു. കൂടാതെ, പാലുല്‍പ്പന്നങ്ങള്‍ IGF-1 (ഇന്‍സുലിനു സമാനമായ ഒരു ഹോര്‍മോണ്‍) വര്‍ധിപ്പിക്കും. ഇത് ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ തകരാറിലുമാക്കും. പ്രത്യേകിച്ചും PCOS, മുഖക്കുരു അല്ലെങ്കില്‍ മന്ദഗതിയിലുള്ള ദഹനത്തിനു വരെ  കാരണമാകാം.”

 

പ്ലസ്ടുവിന് 50% മാർക്കുണ്ടോ? വ്യോമസേനയിൽ എയർമാനാകാം, അപേക്ഷ ജൂലൈ 31 വരെ.

വ്യോമസേനയുടെ ഗ്രൂപ്പ്–വൈ (നോൺ ടെക്നിക്കൽ) മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിൽ എയർമാൻ ആകാൻ പുരുഷന്മാർക്ക് അവസരം. ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ പരീക്ഷ സെപ്റ്റംബർ 25 മുതൽ. കമ്മിഷൻഡ് ഓഫിസർ/ പൈലറ്റ്/നാവിഗേറ്റർ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പല്ല ഇത്.

യോഗ്യത: എ) 50% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയം. ഇംഗ്ലിഷിന് 50% മാർക്ക് വേണം അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം. ഇംഗ്ലിഷിന് 50% മാർക്ക് വേണം. ബി) ഡിപ്ലോമ/ബിഎസ്‌സി ഫാർമസി ഉദ്യോഗാർഥികൾ: 50% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയം. ഇംഗ്ലിഷിന് 50% മാർക്ക് വേണം. 50% മാർക്കോടെ ഡിപ്ലോമ/ബിഎസ്‌സി ഫാർമസി, സ്റ്റേറ്റ് ഫാർമസി കൗൺസിൽ/ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ റജിസ്ട്രേഷൻ.

പ്രായം: മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ് (പ്ലസ് ടു): 2005 ജൂലൈ 2നും 2009 ജൂലൈ 2നും മധ്യേ ജനിച്ചവർ (രണ്ടു തീയതിയും ഉൾപ്പെടെ). അവിവാഹിതരായിരിക്കണം

മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ് (ഡിപ്ലോമ/ബിഎസ്‌സി ഫാർമസി): 2002 ജൂലൈ 2നും 2007 ജൂലൈ 2നും മധ്യേ ജനിച്ച അവിവാഹിതർ (രണ്ടു തീയതിയും ഉൾപ്പെടെ). വിവാഹിതർ 2002ജൂലൈ 2നും 2005 ജൂലൈ 2നും മധ്യേ ജനിച്ചവരായിരിക്കണം.”

https://www.globalbrightacademy.com/

ശാരീരികയോഗ്യത: ഉയരം 152 സെമീ, നെഞ്ചളവ് കുറഞ്ഞത് അഞ്ചു സെ.മീ. വികസിപ്പിക്കാൻ കഴിയണം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.

∙നിയമനം: തുടക്കത്തിൽ 20 വർഷത്തേക്കാണു നിയമനം. ഇത് 57 വയസ്സുവരെ നീട്ടിക്കിട്ടാം.

ശമ്പളം: പരിശീലനസമയത്ത് 14,600 രൂപ സ്റ്റൈപൻഡ്. പരിശീലനം പൂർത്തിയാക്കുമ്പോൾ 26,900 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കി. ശാരീരികക്ഷമതാ പരിശോധനയിൽ 7 മിനിറ്റിൽ 1.6 കി.മീ. ഓട്ടം പൂർത്തിയാക്കണം. (21 വയസ്സിനു മുകളിലുള്ളവർക്കും ഡിപ്ലോമ/ബിഎസ്‌സി ഫാർമസി യോഗ്യതക്കാർക്കും 7½ മിനിറ്റ് അനുവദിക്കും). 10 പുഷപ്, 10 സിറ്റപ്, 20 സ്ക്വാട്സ് എന്നിവയുമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്: www.airmenselection.cdac.in.

ദിവസങ്ങൾ പെട്ടെന്ന് തീരുന്നതായി തോന്നുന്നുണ്ടോ; ഭൂമിയുടെ ഭ്രമണത്തിന് വേഗത കൂടിയതാണ് കാരണമെന്ന് പഠനം

24 മണിക്കൂറുണ്ടായിട്ടും തികയുന്നില്ല എന്ന് ഈ ഇടെയായി തോന്നുന്നുണ്ടോ? എങ്കിൽ ഈ അടുത്ത കാലത്തായി ദിവസത്തിന് 24 മണിക്കൂർ ദൈർഘ്യമില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ദിവസത്തിന് ദൈർഘ്യം കുറവാണ് എന്ന തോന്നലുണ്ടെങ്കിൽ അതിൽ തെറ്റൊന്നുമില്ലെന്നാണ് ശാസ്ത്രലോകത്തിന്റെ പുതിയ വിശദീകരണം. ചരിത്രത്തിൽ ഇന്ന് വരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും കൂടിയ വേഗത്തിലാണ് ഭൂമി കറങ്ങുന്നത് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇന്നു വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസങ്ങളിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്.

ഈ വർഷത്തിൽ ഇതിനോടകം തന്നെ നമ്മൾ ഭൂമിയിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ വേഗത്തിൽ കറങ്ങിയ ദിവസത്തിലൂടെ കടന്ന് പോയി എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇത് ജൂലൈ ഒൻപത് ആയിരുന്നു. ഇതുപോലെ ജൂലൈ 22, ഓഗസ്റ്റ് 5 എന്നീ ദിവസങ്ങൾക്കും ദൈർഘ്യം കുറവായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കുറച്ച് കാലങ്ങൾക്ക് മുന്നേയുള്ള പഠനത്തിൽ തന്നെ ഭൂമി മുന്നത്തെക്കാൾ വേഗത്തിലാണ് കറങ്ങുന്നത് എന്ന് കണ്ടെത്തപ്പെട്ടിരുന്നു. വാഷിങ്ടൺ ആസ്ഥാനമായുള്ള ഇന്റർനാഷണൽ എർത്ത് റൊട്ടേഷൻ ആൻഡ് റെഫറൻസ് സിസ്റ്റംസ് അടക്കമുള്ളവ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. വേഗത്തിലുള്ള ഈ കറക്കം ഇങ്ങനെ തുടർന്നാൽ 2029 ആകുമ്പോഴേക്കും ക്ലേക്കുകളിൽ നിന്ന് ഒരു ലീപ് സെക്കൻഡ് ഒഴിവാക്കേണ്ടി വന്നേക്കാമെന്ന് വിദഗ്ധർ പറയുന്നു.

https://www.globalbrightacademy.com/

2022 മുതലാണ് ആക്‌സിലേറ്റർ ഒന്ന് അമർത്തി ചവിട്ടാം എന്ന് ഭൂമി കരുതി തുടങ്ങിയത്. ഇൻഡിജിനസ് ഒബ്‌സർവേഷൻസ് ഓഫ് ആർട്ടിക് എൻവയോൺമെന്റൽ ചേഞ്ചിന്റെ റിപ്പോർട്ട് പ്രകാരം ഭൂമി ഇപ്പോൾ വളരെ വേഗത്തിൽ കറങ്ങുകയാണ്. ഓഗസ്റ്റ് അഞ്ച് ആയിരിക്കും ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാധാരണ ദിവസത്തെക്കാൾ 1.51 മില്ലിസെക്കൻഡ് കുറവായിരിക്കും ഈ ദിവസത്തിന്റെ ദൈർഘ്യം എന്നാണ് കരുതുന്നത്.

പെട്ടെന്ന് വാർത്തകൾ കേൾക്കുമ്പോൾ ഇതെല്ലാം വിചിത്രമായി തോന്നാമെങ്കിലും ഭൂമിയുടെ ഭ്രമണ വേഗതയിൽ ഇത്തരത്തിൽ ദീർ‌ഘകാലങ്ങളായി മാറ്റം സംഭവിക്കുന്നതാണ്. ഉദാഹരണത്തിന് ദിനോസറുകൾ 23 മണിക്കൂർ ദൈർഘ്യമുള്ള ദിവസമുള്ള സമയത്താണ് ജീവിച്ചിരുന്നത്. വെങ്കലയുഗത്തിൽ ശരാശരി ദിവസം ഇന്നത്തെക്കാൾ ഏകദേശം അര സെക്കൻഡ് കുറവായിരുന്നു. ഇനി 200 ദശലക്ഷം വർഷം കഴിയുമ്പോൾ ഭൂമിയിലെ ഒരു ദിവസം ഏകദേശം 25 മണിക്കൂർ നീണ്ടുനിൽക്കുമെന്നാണ് ശാസ്ത്രജ്ഞർ പ്രവചിക്കുന്നത്. സാധാരണയായി ഒരു ദിവസത്തിന് 24 മണിക്കൂർ അഥവാ 86,400 സെക്കൻഡ് ദൈർഘ്യമുണ്ട്. എന്നാൽ അത് പൂർണ്ണമായും കൃത്യമല്ല. ഭൂകമ്പങ്ങൾ, അഗ്‌നിപർവ്വത പ്രവർത്തനങ്ങൾ, വേലിയേറ്റങ്ങൾ, ഭൂഗർഭ മാറ്റങ്ങൾ എന്നിവ പോലുള്ള പല കാര്യങ്ങൾക്കും ഭൂമിയെ അൽപം വേഗത്തിലോ സാവധാനത്തിലോ കറക്കാൻ കഴിയും.

പഴയ ടിവി, ഫ്രിജ്, വാഷിങ് മെഷീൻ, കംപ്യൂട്ടർ എന്നിവ ഹരിതകർമസേന വാങ്ങും.

 വർഷങ്ങളായി വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിക്കിടക്കുന്ന ഇ–മാലിന്യങ്ങൾ ഇനി പണം വാങ്ങി വിൽക്കാം. ജില്ലയിലെ ഹരിതകർമസേനാംഗങ്ങൾ ഇ–മാലിന്യം വില നൽകി ശേഖരിക്കാനുള്ള നടപടി തുടങ്ങി. ഓഗസ്റ്റ് 15 വരെ ജില്ലയിലെ എല്ലാ നഗരസഭകളിലും ആദ്യ ഘട്ടമായി പദ്ധതി നടപ്പാക്കും. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

ക്ലീൻ കേരള കമ്പനിയാണു ഹരിത കർമസേന വഴി ശേഖരിക്കുന്ന ഇ-മാലിന്യങ്ങൾ നഗരസഭകളിൽനിന്ന് ഏറ്റെടുക്കുന്നത്. ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, കുടുംബശ്രീ എന്നിവയുടെ പിന്തുണയോടെയും അതതു നഗരസഭകളുടെ നേതൃത്വത്തിലുമാണു ശേഖരണം നടപ്പിലാക്കുന്നത്. എല്ലാ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഇ-മാലിന്യം ശേഖരിക്കും.
മാലിന്യത്തിന്റെ അളവ് അനുസരിച്ച് പണം നൽകും. അപകടകരമല്ലാത്ത ഇലക്ട്രോണിക്- ഇലക്ട്രിക്കൽ ഗണത്തിൽപെടുന്ന 44 ഇനങ്ങളാണു ഹരിത കർമസേന വില നൽകി ശേഖരിക്കുന്നത്. ടിവി, ഫ്രിജ്, വാഷിങ് മെഷീൻ, മൊബൈൽ ഫോൺ, ഇസ്തിരിപ്പെട്ടി, കംപ്യൂട്ടർ തുടങ്ങിയവ ശേഖരിക്കും. ഓരോ ഇനത്തിനും കിലോഗ്രാം നിരക്കിൽ വില നൽകും.

രണ്ടാംഘട്ടത്തിൽ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പുനഃസംസ്കരണത്തിനു യോഗ്യമായ മാലിന്യത്തിനാണു പണം ലഭിക്കുക.ശേഖരിക്കുന്ന മാലിന്യം ഹരിതകർമസേന ക്ലീൻ കേരള കമ്പനിക്ക് കൈമാറും. കമ്പനി സേനാംഗങ്ങൾക്ക് ശേഖരിച്ച ഇ-മാലിന്യങ്ങളുടെ പണം നൽകും ശേഖരിക്കേണ്ട മാലിന്യങ്ങൾ, പുനഃസംസ്കരണം സാധ്യമായവ, അപകടകരമായവ, ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങൾ, ഇ-മാലിന്യത്തിന്റെ വില എന്നീ വിഷയങ്ങളിൽ ഹരിതകർമസേനാംഗങ്ങൾക്കു പരിശീലനവും നൽകും.

ചക്കപ്പഴം കഴിച്ചാല്‍ ‘ഫിറ്റ്’ആകുമോ?

ചക്കപ്പഴം കഴിച്ചാല്‍ ‘ഫിറ്റ്’ആകുമോ?, കുടിനിര്‍ത്താനുറച്ച മദ്യപന്‍മാര്‍ ഇനി താല്‍ക്കാലികാശ്വാസത്തിനു ചക്കയുടെ പിന്നാലെ പാ‍ഞ്ഞേക്കും. കാരണം അത്തരമൊരു അനുഭവമാണ് കഴിഞ്ഞ ദിവസം പന്തളത്തുണ്ടായത്. ചക്കപ്പഴം കഴിച്ച കെഎസ്ആർടിസി പന്തളം ഡിപ്പോയിലെ 3 ജീവനക്കാർ ബ്രത്തനലൈസർ പരിശോധനയിൽ കുടുങ്ങി. മദ്യപിച്ചിട്ടില്ലെന്നു മൂന്ന് ജീവനക്കാരും പറഞ്ഞതോടെ, ആദ്യം നടത്തിയ പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞ ജീവനക്കാരനെ വിളിച്ചു. 

ചക്കപ്പഴം കൊടുത്ത ശേഷം വീണ്ടും പരിശോധിച്ചു. പിന്നീടുള്ള പരിശോധനയിൽ അദ്ദേഹവും ‘ഫിറ്റ്’ ആയി . ഇതോടെ തേൻവരിക്കയാണു പ്രതിയെന്നുറപ്പിച്ചു. എല്ലാവരെയും നിരപരാധികളായി പ്രഖ്യാപിച്ചു. കൊട്ടാരക്കര സ്വദേശിയായ ജീവനക്കാരനാണ് ഇന്നലെ ചക്കപ്പഴവുമായെത്തിയത്. രാവിലെ 6ന് ഡ്യൂട്ടിക്കിറങ്ങും മുൻപ്  ചക്കപ്പഴം കഴിച്ച ആളാണ്  ആദ്യം കുടുങ്ങിയത്. ഇതോടെ ഡിപ്പോയിൽ ചക്കപ്പഴത്തിന് വിലക്കേർപ്പെടുത്തി. നല്ല മധുരമുള്ള പഴങ്ങൾ പഴക്കം മൂലം പുളിച്ചാൽ അതിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിയും. പുളിക്കാൻ സഹായിക്കുന്ന ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ ഘടകങ്ങൾ ചക്കപ്പഴത്തിലുണ്ട്. എന്നാൽ ചക്കപ്പഴം ആ അവസ്‌ഥയിൽ കഴിക്കാൻ പോലും പ്രയാസമായിരിക്കും എന്നാണ് വിദഗ്‌ധർ പറയുന്നത്.

ഓണം സമൃദ്ധമാക്കാൻ സപ്ലൈകോ ഗിഫ്റ്റ്‌

“ഓണം സമൃദ്ധമായി ആഘോഷിക്കാൻ ഇക്കുറി സപ്ലൈകോയുടെ ഗിഫ്‌റ്റ്‌ കാർഡുകൾ. സപ്ലൈകോയിൽനിന്ന്‌ ലഭിക്കുന്ന കാർഡുകൾ പ്രിയപ്പെട്ടവർക്ക്‌ ഓണാശംസയ്‌ക്കൊപ്പം കൈമാറാം. ആഗസ്ത്‌ ആദ്യവാരം മുതൽ കാർഡുകൾ ലഭ്യമാകും. ഗിഫ്‌റ്റ്‌ കാർഡുമായി ഔട്ട്‌ലെറ്റുകളിലെത്തുന്നവർക്ക്‌ സദ്യയൊരുക്കാനുള്ള വിഭവങ്ങളടങ്ങിയ സമൃദ്ധികിറ്റും സിഗ്നേച്ചർ കിറ്റുമായി മടങ്ങാം. ആദ്യമായാണ്‌ സപ്ലൈകോ ഓണത്തിന്‌ മുന്നോടിയായി ഈ സംവിധാനം ഒരുക്കുന്നത്‌. 1000 രൂപയുടെയും 500 രൂപയുടെയും ഗിഫ്‌റ്റ്‌ കാർഡുകളാണുണ്ടാവുക. 1225 രൂപയുള്ള സമൃദ്ധി ഓണക്കിറ്റ്‌ 1000 രൂപയ്‌ക്കും 625 രൂപയുള്ള മിനി സമൃദ്ധി കിറ്റ്‌ 500 രൂപയ്‌ക്കും 305 രൂപ വിലയുള്ള സിഗ്നേച്ചർ കിറ്റ്‌ 229 രൂപയ്‌ക്കും ലഭ്യമാകും.

18 ഇനങ്ങളടങ്ങിയതാണ്‌ സമൃദ്ധി കിറ്റ്‌. അഞ്ച്‌ കിലോഗ്രാം അരി, ഒരുകിലോ പഞ്ചസാര, തുവരപ്പരിപ്പ്‌, ചെറുപയർ പരിപ്പ്‌, കടുക്‌, ജീരകം, മഞ്ഞൾപ്പൊടി, പുട്ടുപൊടി, മിൽമ നെയ്യ്‌, പായസം മിക്സ്‌, മല്ലിപ്പൊടി, സാമ്പാർ പൊടി, ആട്ട, ശർക്കര, ചായപ്പൊടി, കടല, മാങ്ങ അച്ചാർ, ഉലുവ എന്നിവയാണ്‌ കിറ്റിലുണ്ടാവുക.

പത്തിനങ്ങളുള്ള മിനി കിറ്റിൽ അരി, പഞ്ചസാര, തുവരപ്പരിപ്പ്‌, ചെറുപയർ പരിപ്പ്‌, കടുക്‌, മഞ്ഞൾപൊടി, മിൽമ നെയ്യ്‌, പായസം മിക്സ്‌, സാമ്പാർ പൊടി, ശർക്കരപ്പൊടി എന്നിവയുണ്ടാകും. ശബരി ഉൽപ്പന്നങ്ങളായ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, സാമ്പാർ പൊടി, രസംപൊടി, ഉലുവ, കടുക്‌, പാലട, പുട്ടുപൊടി എന്നീ ഒമ്പതിനങ്ങളാണ്‌ സിഗ്നേച്ചർ കിറ്റിലുണ്ടാവുക. ഗിഫ്റ്റ്‌ കാർഡുകളുമായി സപ്ലൈകോയുടെ ഏത്‌ ഔട്ട്‌ലെറ്റിലെത്തിയും കിറ്റുകൾ സ്വന്തമാക്കാം.”

ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസറാകാം, 2500 ഒഴിവുകൾ; അപേക്ഷ ജൂലൈ 24 വരെ.

മുൻനിര പൊതുമേഖലാ ധനകാര്യ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസറാകാൻ അവസരം. ബാങ്ക് ഓഫ് ബറോഡയിലെ 2500 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകളിലേക്ക് ജൂലൈ 24 വരെ ഓൺലൈനിൽ അപേക്ഷിക്കാം. കേരളത്തിൽ 50, കർണാടകയിൽ 450 എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത

അംഗീകൃത സർവകലാശാല ബിരുദവും ഒരു ഷെഡ്യൂൾഡ് ബാങ്കിൽ/ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ടാം ഷെഡ്യൂൾഡിൽ ഉൾപ്പെട്ട റൂറൽ/തുത്തുല്യം ബാങ്കിൽ ഓഫീസർ ജോലിയിൽ ഒരു വർഷത്തെ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (വായന, എഴുത്ത്, സംസാരിക്കൽ) ഉണ്ടായിരിക്കണം. പ്രായം 01-7-2025 ന് 21 നും 30 വയസ്സിനുമിടയിൽ. ഉയർന്ന പ്രായപരിധിയിൽ പിന്നോക്ക/പട്ടിക/ ഭിന്നശേഷി അപേക്ഷകർക്ക് യഥാക്രമം മൂന്ന്/അഞ്ച്/ പത്ത് വർഷത്തിൻ്റെ ഇളവുണ്ട്. ഇത് പിന്നോക്ക ഭിന്നശേഷി വിഭാഗത്തിന് പതിമൂന്നും പട്ടിക വിഭാഗം ഭിന്നശേഷിക്കാർക്ക് പതിനഞ്ചു വർഷവുമാണ്. വിമുക്തഭടന്മാർക്കും നിബന്ധനകൾക്ക് വിധേയമായി ആനുകൂല്യമുണ്ട്.

തിരഞ്ഞെടുപ്പു രീതി

ഓൺലൈൻ ടെസ്റ്റ്, ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ്, സൈക്കോമെട്രിക് ടെസ്റ്റ്/തുടർന്നുള്ള തിരഞ്ഞെടുപ്പിനു അനുയോജ്യമായ തത്തുല്യം ടെസ്റ്റ് എന്നിവ ഉൾപ്പെട്ടതാണ് പ്രാഥമിക തിരഞ്ഞെടുപ്പ് പ്രക്രിയ. ഇതിൽ യോഗ്യത നേടിയവരെ ഗ്രൂപ്പ് ഡിസ്കഷൻ, ഇൻ്റർവ്യൂ എന്നിവക്ക് ക്ഷണിക്കും. ഓൺലൈൻ ടെസ്റ്റ് ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ ആണ്. രണ്ട് മണിക്കൂർ120 മാർക്ക് .ഇംഗ്ലീഷ് ഭാഷ, ബാങ്കിങ് പരിജ്ഞാനം, സാമ്പത്തിക മേഖലയെക്കുറിച്ച് പൊതുധാരണ , യുക്തി -സംഖ്യാവബോധം എന്നീ നാലു വിഷയങ്ങളിൽ നിന്നു 30 വീതം ചോദ്യങ്ങൾ ഉണ്ടാകും. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എസ്എസ്എൽസി/ഹയർ സെക്കണ്ടറി പരീക്ഷയിൽ ഒരു വിഷയമായി പഠിച്ചിട്ടുണ്ടെങ്കിൽ ലാംഗ്വേജ് ടെസ്റ്റ് എഴുതേണ്ട.

പന്ത്രണ്ട് വർഷം തികയുകയോ പ്രമോഷൻ ലഭിക്കുകയോ ചെയ്താൽ ജോലി ചെയ്യുന്ന സംസ്ഥാനത്ത് നിന്നു മാറ്റം കിട്ടും. ഓൺലൈൻ പരീക്ഷക്ക് കേരളത്തിൽ കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ ഉണ്ട്. മംഗളൂരു, ഉഡുപ്പി, കോയമ്പത്തൂർ, ഗൂഡല്ലൂർ, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിലും ടെസ്റ്റ് എഴുതാം. അപേക്ഷ ഫീസ് 850 രൂപ. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭടന്മാർ എന്നിവർക്ക് 175 രൂപ. വെബ്സൈറ്റ്: www.bankofbaroda.in,bankofbaroda.co.in

https://www.globalbrightacademy.com/