മുൻനിര പൊതുമേഖലാ ധനകാര്യ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസറാകാൻ അവസരം. ബാങ്ക് ഓഫ് ബറോഡയിലെ 2500 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകളിലേക്ക് ജൂലൈ 24 വരെ ഓൺലൈനിൽ അപേക്ഷിക്കാം. കേരളത്തിൽ 50, കർണാടകയിൽ 450 എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത
അംഗീകൃത സർവകലാശാല ബിരുദവും ഒരു ഷെഡ്യൂൾഡ് ബാങ്കിൽ/ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ടാം ഷെഡ്യൂൾഡിൽ ഉൾപ്പെട്ട റൂറൽ/തുത്തുല്യം ബാങ്കിൽ ഓഫീസർ ജോലിയിൽ ഒരു വർഷത്തെ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (വായന, എഴുത്ത്, സംസാരിക്കൽ) ഉണ്ടായിരിക്കണം. പ്രായം 01-7-2025 ന് 21 നും 30 വയസ്സിനുമിടയിൽ. ഉയർന്ന പ്രായപരിധിയിൽ പിന്നോക്ക/പട്ടിക/ ഭിന്നശേഷി അപേക്ഷകർക്ക് യഥാക്രമം മൂന്ന്/അഞ്ച്/ പത്ത് വർഷത്തിൻ്റെ ഇളവുണ്ട്. ഇത് പിന്നോക്ക ഭിന്നശേഷി വിഭാഗത്തിന് പതിമൂന്നും പട്ടിക വിഭാഗം ഭിന്നശേഷിക്കാർക്ക് പതിനഞ്ചു വർഷവുമാണ്. വിമുക്തഭടന്മാർക്കും നിബന്ധനകൾക്ക് വിധേയമായി ആനുകൂല്യമുണ്ട്.
തിരഞ്ഞെടുപ്പു രീതി
ഓൺലൈൻ ടെസ്റ്റ്, ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ്, സൈക്കോമെട്രിക് ടെസ്റ്റ്/തുടർന്നുള്ള തിരഞ്ഞെടുപ്പിനു അനുയോജ്യമായ തത്തുല്യം ടെസ്റ്റ് എന്നിവ ഉൾപ്പെട്ടതാണ് പ്രാഥമിക തിരഞ്ഞെടുപ്പ് പ്രക്രിയ. ഇതിൽ യോഗ്യത നേടിയവരെ ഗ്രൂപ്പ് ഡിസ്കഷൻ, ഇൻ്റർവ്യൂ എന്നിവക്ക് ക്ഷണിക്കും. ഓൺലൈൻ ടെസ്റ്റ് ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ ആണ്. രണ്ട് മണിക്കൂർ120 മാർക്ക് .ഇംഗ്ലീഷ് ഭാഷ, ബാങ്കിങ് പരിജ്ഞാനം, സാമ്പത്തിക മേഖലയെക്കുറിച്ച് പൊതുധാരണ , യുക്തി -സംഖ്യാവബോധം എന്നീ നാലു വിഷയങ്ങളിൽ നിന്നു 30 വീതം ചോദ്യങ്ങൾ ഉണ്ടാകും. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എസ്എസ്എൽസി/ഹയർ സെക്കണ്ടറി പരീക്ഷയിൽ ഒരു വിഷയമായി പഠിച്ചിട്ടുണ്ടെങ്കിൽ ലാംഗ്വേജ് ടെസ്റ്റ് എഴുതേണ്ട.
പന്ത്രണ്ട് വർഷം തികയുകയോ പ്രമോഷൻ ലഭിക്കുകയോ ചെയ്താൽ ജോലി ചെയ്യുന്ന സംസ്ഥാനത്ത് നിന്നു മാറ്റം കിട്ടും. ഓൺലൈൻ പരീക്ഷക്ക് കേരളത്തിൽ കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ ഉണ്ട്. മംഗളൂരു, ഉഡുപ്പി, കോയമ്പത്തൂർ, ഗൂഡല്ലൂർ, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിലും ടെസ്റ്റ് എഴുതാം. അപേക്ഷ ഫീസ് 850 രൂപ. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭടന്മാർ എന്നിവർക്ക് 175 രൂപ. വെബ്സൈറ്റ്: www.bankofbaroda.in,bankofbaroda.co.in
