പഴവര്‍ഗ്ഗങ്ങള്‍ക്ക് എല്ലാ സമയത്തും ആവശ്യക്കാരുണ്ട്. വെറുതെ കഴിച്ചാലും പാചകം ചെയ്ത് കഴിച്ചാലും അതിനുള്ള ഗുണങ്ങള്‍ ഒന്നുവേറെ തന്നെയാണ്. നിറയെ പോഷക ഘടകങ്ങള്‍ നിറഞ്ഞവയാണ് ഫലവര്‍ഗ്ഗങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന ഫലവര്‍ഗ്ഗങ്ങളിലെ പോഷക ഘടകങ്ങളെ പറ്റി നിരവധി ആശങ്കകളുണ്ട്. അതിന് കാരണവുമുണ്ട്. കൃത്രിമമായി പഴുപ്പിച്ചെടുത്ത പഴവര്‍ഗ്ഗങ്ങള്‍ മാര്‍ക്കറ്റില്‍ ഇന്ന് സുലഭമാണ്. കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ചെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇങ്ങനെ പഴുപ്പിച്ചെടുക്കുമ്പോള്‍ അത് സ്വാദിനേയും ഘടനയേയും മാത്രമല്ല ബാധിക്കുന്നത് ദഹനപ്രശ്‌നങ്ങളും ചര്‍മ്മത്തിന് അലര്‍ജിയും മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇത്തരത്തില്‍ രാസവസ്തു പ്രയോഗം നടത്തിയ പഴങ്ങള്‍ക്ക് ആകര്‍ഷകമായ നിറവും വലിപ്പവും ഒക്കെ ഉണ്ടായിരിക്കും. ഇവയില്‍ ആര്‍സെനിക്, ഫോസ്ഫറസ്, എന്നിവയുടെ അംശവും അടങ്ങിയിരിക്കും.
രാസവസ്തുക്കള്‍ കൊണ്ട് പഴുപ്പിച്ചവ തിരിച്ചറിയാം
- സ്വാഭാവികമായി പഴുത്ത പഴങ്ങളുടെ പുറംഭാഗം ഒരേ നിറത്തില്‍ത്തന്നെയായിരിക്കുമ്പോള്‍ കൃത്രിമമായി പഴുപ്പിച്ചവയ്ക്ക് പച്ചയും മഞ്ഞയും ഇടകലര്‍ന്ന നിറമായിരിക്കും.
- പാടുകളും ചതവുകളും ഉള്ളവയോ മെഴുകിന്റെ കോട്ടിംഗ് ഉള്ളവയോ വാങ്ങരുത്
- സ്വാഭാവികമായി പഴുത്ത പഴങ്ങള്‍ക്ക് സ്വാഭാവികമായ ഗന്ധവും ഉണ്ടായിരിക്കും
- കൃത്രിമമായി പഴുത്തവ അമിതമായി സോഫ്റ്റായി കാണപ്പെടും
- പഴവര്‍ഗ്ഗങ്ങള്‍ നന്നായി കഴുകിയ ശേഷം ഒരു കഷണം മുറിച്ച് കഴിച്ചുനോക്കുക. അതിന് സ്വാഭാവികമായ രുചി ഉണ്ടാവും.എന്നാല്‍ കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ചതാണെങ്കില്‍ അതിന് അമിതമായ മധുരവും കൃത്രിമമായ രുചിയും ആയിരിക്കും.
കൃത്രിമമായി പഴുപ്പിച്ച മാമ്പഴം എങ്ങനെ തിരിച്ചറിയാം
- മാമ്പഴത്തിന് ചതവോ പാടുകളോ ഉണ്ടെങ്കില്‍ അവ ഒഴിവാക്കുക.
- മാമ്പഴം വാങ്ങിയ ശേഷം ഒരു ബക്കറ്റില്‍ വെള്ളമെടുത്ത് അതിലേക്ക് ഇടുക. കൃത്രിമമായി പഴുപ്പിച്ച മാങ്ങ പൊങ്ങിക്കിടക്കുകയും സ്വാഭാവികമായി പഴുത്തതാണെങ്കില്‍ അത് വെള്ളത്തില്‍ താഴ്ന്നുപോവുകയും ചെയ്യും.
- മാമ്പഴം കഴുകാനായി വെള്ളത്തിലിട്ട് വയ്ക്കുകയാണെങ്കില്‍ അതില്‍ ഒരു സ്പൂണ്‍ ബേക്കിംഗ് സോഡ കൂടി ചേര്‍ക്കുക. കഴുകി എടുത്തതിന് ശേഷം പഴത്തിന് നിറം മാറുകയാണെങ്കില്‍ അവയില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ട്
കൃത്രിമമായി പഴുത്ത ഏത്തപ്പഴം എങ്ങനെ തിരിച്ചറിയാം
- പ്രകൃതിദത്തമായി പഴുത്ത ഏത്തപ്പഴത്തിന് കറുപ്പ് അല്ലെങ്കില്‍ തവിട്ട് നിറമുള്ള തണ്ടുകളായിരിക്കും ഉണ്ടാവുക. എന്നാല്‍ കൃത്രിമമായി പഴുപ്പിച്ചെടുത്തതിന് പച്ച നിറമുള്ള തണ്ടുകള്‍ ഉണ്ടായിരിക്കും.
- പഴത്തിന്റെ ചിലഭാഗങ്ങള്‍ കട്ടിയായും കുറച്ചുഭാഗം മൃദുവായും കാണപ്പെടുകയാണെങ്കില്‍ അങ്ങനെയുള്ളവ വാങ്ങരുത്.
കൃത്രിമമായി പഴുപ്പിച്ച തണ്ണിമത്തന്‍ തിരിച്ചറിയാന്‍
- പുറംതൊലിയില്‍ അസാധാരണമായ വിള്ളലുകള്‍ ഉണ്ടെങ്കില്‍ അവയില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്
- തണ്ണിമത്തന്‍ മുറിച്ച് അതിന്റെ പള്‍പ്പില്‍ വ്യത്തിയുള്ള ഒരു പഞ്ഞികൊണ്ട് അമര്‍ത്തുക. പഞ്ഞി ചുവപ്പുനിറമായാല്‍ അതില്‍ മായം കലര്‍ന്നിട്ടുണ്ട്.