ഇന്ത്യയിൽ എങ്ങനെ ഇ-പാസ്‌പോർട്ടിന് അപേക്ഷിക്കാം.

ഇന്ത്യയിൽ ഇനി ഇ-പാസ്‌പോർട്ടിന് അപേക്ഷിക്കാം. 2024 ഏപ്രിൽ 1 മുതൽ വിദേശകാര്യ മന്ത്രാലയം ആരംഭിച്ച പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് അപേക്ഷിക്കാനാകുന്നത്. ഇപ്പോൾ പരിമിതമായ പാസ്‌പോർട്ട് ഓഫീസുകളിലാണ് ഇത് ലഭ്യമാകുന്നത്. എന്നാൽ അടുത്ത മാസങ്ങളിൽ ഇത് കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. കവർ പേജിൻ്റെ തലക്കെട്ടിന് താഴെയുള്ള സ്വർണ്ണനിറത്തിലുള്ള ചെറിയ ചിഹ്നമാണ് മറ്റ് പാസ്പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

ഇത് സാധാരണ പാസ്‌പോർട്ടിൻ്റെ പകരക്കാരൻ അല്ലെങ്കിലും സുരക്ഷയും സുതാര്യതയും വർധിപ്പിച്ച്, അന്താരാഷ്ട്ര യാത്രകൾ കൂടുതൽ എളുപ്പവും കാര്യക്ഷമവുമാക്കുന്നതാണ് ലക്ഷ്യം.

ഇ-പാസ്‌പോർട്ടിൻ്റെ പ്രധാന സവിശേഷതകൾ
മുൻ കവർ പേജിനുള്ളിൽ ഇലക്ട്രോണിക് ചിപ്പ്
വിരലടയാളം, മുഖചിത്രം, ഐറിസ് സ്‌കാൻ ഉൾപ്പെടുന്ന ബയോമെട്രിക് വിവരങ്ങൾ
പേര്, ജനനത്തീയതി, പാസ്‌പോർട്ട് നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ
അധിക സുരക്ഷയ്ക്കായി എൻക്രിപ്റ്റുചെയ്ത കോൺടാക്റ്റ്‌ലെസ് ചിപ്പ്
ഐസിഎഒ (International Civil Aviation Organization) മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നു
കൃത്രിമം ഉണ്ടാകാനുള്ള സാധ്യത പരമാവധി കുറയ്ക്കുന്നു
ഇ-പാസ്‌പോർട്ട് എങ്ങനെ അപേക്ഷിക്കാം?
നടപടിക്രമം:
1: ഔദ്യോഗിക Passport Seva Portal സന്ദർശിക്കുക.
2: പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ സൈൻ-ഇൻ ചെയ്ത് ഇ-പാസ്‌പോർട്ട് അപേക്ഷാ ഫോം പൂരിപ്പിക്കുക.
3: സമീപത്തെ Passport Seva Kendra (PSK) അല്ലെങ്കിൽ Post Office Passport Seva Kendra (POPSK) തിരഞ്ഞെടുക്കുക.
4: ഓൺലൈനായി അപേക്ഷാ ഫീസ് അടയ്ക്കുക.
5: തിരഞ്ഞെടുക്കുന്ന കേന്ദ്രത്തിൽ അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യുക

ആറു മിനിറ്റ് ഭൂമി ഇരുട്ടിലാവും; നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം വരുന്നു

നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണത്തെ വരവേൽക്കാനൊരുങ്ങി ശാസ്ത്രലോകം. ആറ് മിനിറ്റും 23 സെക്കൻഡും സമയം ഭൂമിയിലെ ഏറ്റവും ജനസാന്ദ്രതയേറിയ ഭാഗങ്ങളെ പൂർണ ഇരുട്ടിലാക്കുന്ന സൂര്യഗ്രഹണം 2027 ആഗസ്റ്റ് രണ്ടിന് സംഭവിക്കുമെന്ന് ശാസ്ത്രലോകത്തിന്റെ പ്രവചനം. ഇന്ത്യയിൽ ഭാഗികമായി മാത്രമാണ് ഈ നൂറ്റാണ്ടിന്റെ അത്ഭുതം ദൃശ്യമാകുന്നത്. എന്നാൽ, മലയാളികൾ ഏറെ വസിക്കുന്ന ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടുന്ന മധ്യപൂർവേഷ്യയിലും യൂറോപ്പ്, വടക്കൻ ആഫ്രിക്ക എന്നിവടങ്ങളിലും സൂര്യഗ്രഹണം ദൃശ്യമാകും.1991നും 2114നും ഇടയിലെ 123 വർഷത്തിനിടയിൽ സംഭവിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണത്തിനാകും 2027 ആഗസ്റ്റ് രണ്ടിന് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് ഗോളശാസ്ത്ര വിദഗ്ധർ പ്രവചിക്കുന്നു. നൂറ്റാണ്ടിലെ സൂര്യഗ്രഹണം എന്നാണ് ‘സ്പേസ് ഡോട് കോം’ വെബ്സൈറ്റ് ഇതിനെ വിശേഷിപ്പിക്കുന്നത്.

2025ൽ അല്ല; 2027 ആഗസ്റ്റ് രണ്ടിന്

നൂറ്റാണ്ടിലെ ദൈർഘ്യമേറിയ സൂര്യഗ്രഹണം 2025 ആഗസ്റ്റിലെന്ന് സാമൂഹികമാധ്യമ പ്രചരണമുണ്ടായെങ്കിലും ഇത് തെറ്റാണെന്ന് ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയും മറ്റും നിരീക്ഷണ സ്ഥാപനങ്ങളും പറയുന്നു. രണ്ടു വർഷം കഴിഞ്ഞാണ് ലോകം കാത്തിരിക്കുന്ന ഈ സൂര്യഗ്രഹണമെത്തുന്നത്”

റൺവേയിലൂടെ ട്രെയിൻ കടന്നുപോകുന്ന ലോകത്തിലെ ഏക വിമാനത്താവളം

ക്ഷേത്രാചാരങ്ങൾക്ക് വേണ്ടി അടിച്ചിടുന്ന ലോകത്തിലെ ഏക വിമാനത്താവളമാണ് തിരുവനന്തപുരം വിമാനത്താവളം. എന്നാല്‍, റണ്‍വേയിലൂടെ ട്രെയിൻ കടന്നുപോകുന്ന ലോകത്തിലെ ഏക വിമാനത്താവളമേതെന്ന് അറിയാമോ? സാധാരണയായി വിമാനത്താവളങ്ങളിലെ റൺവേകൾ വിമാനങ്ങൾക്ക് മാത്രമായുള്ളതാണ്. എന്നാൽ, ന്യൂസിലൻഡിലെ ഗിസ്‌ബോൺ വിമാനത്താവളത്തിൽ കാര്യങ്ങൾ അൽപ്പം വ്യത്യസ്തമാണ്. ഇവിടെ, ട്രെയിനുകളും വിമാനങ്ങളും ഒരേ റൺവേയിലൂടെ ഊഴം അനുസരിച്ച് സഞ്ചരിക്കുന്നു. ഒരു പ്രധാന റൺവേയുടെ മധ്യത്തിലൂടെ ഒരു റെയിൽവേ ലൈൻ നേരിട്ട് കടന്നുപോകുന്ന ലോകത്തിലെ അപൂർവ്വം വിമാനത്താവളങ്ങളിൽ ഒന്നാണിത്, സന്ദർശകരെ അമ്പരപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന ഒരു അപൂർവ കാഴ്ചയാണ് ഈ വിമാനത്താവളം സമ്മാനിക്കുന്നത്.”ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിന്‍റെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഗിസ്‌ബോൺ വളരെ ചെറിയ ഒരു നഗരമാണ്. 160 ഹെക്ടറിൽ വ്യാപിച്ച് കിടക്കുന്ന ഗിസ്‌ബോൺ വിമാനത്താവളത്തെ പാമർസ്റ്റൺ നോർത്ത് – ഗിസ്‌ബോൺ റെയിൽവേ ലൈൻ മുറിച്ചുകടക്കുന്നു. പ്രധാന റൺവേയെ ഏതാണ്ട് പകുതിയായി വിഭജിച്ചു കൊണ്ടാണ് ഈ റെയിൽവേ ട്രാക്ക് കടന്നു പോകുന്നത്. എല്ലാ ദിവസവും രാവിലെ 6 .30 മുതൽ രാത്രി 8 . 30 വരെയാണ് ഈ വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസുകളും ട്രെയിൻ ഗതാഗതവും നടക്കുന്നത്. അതിന് ശേഷം റൺവേ അടയ്ക്കും.

ഈ അസാധാരണമായ സജ്ജീകരണം കൃത്യമായ ആസൂത്രണത്തോടെയാണ് നടപ്പാക്കുന്നത്. ഒരു ട്രെയിൻ കടന്നു പോകുമ്പോൾ വിമാനങ്ങൾ കാത്തുനിൽക്കും. മറിച്ച് റൺവേയിൽ ഉള്ളത് വിമാനം ആണെങ്കിൽ ട്രെയിനും കാത്തു നിൽക്കണം. ഗിസ്ബോണിനെ അടുത്തുള്ള പട്ടണമായ മുരിവായിയുമായി ബന്ധിപ്പിക്കുന്നതാണ് റൺവേയിലൂടെ കടന്നുപോകുന്ന റെയിൽവേ പാത. ടാസ്മാനിയയിലെ വൈന്യാർഡ് വിമാനത്താവളത്തിനും ഒരുകാലത്ത് സമാനമായ ക്രമീകരണം ഉണ്ടായിരുന്നെങ്കിലും, 2005 -ൽ വൈന്യാർഡ് വിമാനത്താവളത്തിലെ റെയിൽ പ്രവർത്തനങ്ങൾ നിർത്തിവച്ചു. ഇപ്പോൾ ഇത്തരത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏക വിമാനത്താവളമാണ് ഗിസ്ബോൺ. സമാനമായി ജിബ്രാൾട്ടർ വിമാനത്താവളത്തിലെ 1777 മീറ്റർ നീളമുള്ള റണ്‍വേ മുറിച്ച് കടന്ന് നാല് വരി റോഡ് കടന്നു പോകുന്നു. ലോകത്തിലെ ഏറ്റവും അപകടകരമായ റണ്‍വേയായി ഇതിനെ കണക്കാക്കുന്നു.

ബ്രിട്ടിഷ് യുദ്ധവിമാനം എഫ് 35 ബി കേരളത്തിൽനിന്ന് യാത്രയാകുന്നു; പറക്കുന്നത് ഓസ്ട്രേലിയയിലേക്ക്

ഒരു മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനു ശേഷം ബ്രിട്ടിഷ് യുദ്ധവിമാനം എഫ് 35 ബി തിരുവനന്തപുരത്തുനിന്നു പറക്കുന്നത് ഓസ്ട്രേലിയയ്ക്ക്. അറ്റകുറ്റ പണികൾക്കായി നിർത്തിയിട്ടിരുന്ന എയർ ഇന്ത്യയുടെ ഹാങ്ങറിൽനിന്ന് തിങ്കളാഴ്ച രാവിലെ പുറത്തിറക്കിയ വിമാനത്തിൽ ഇന്ധനം നിറച്ചു. വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ പരിഹരിക്കാൻ ഏതാനും ആഴ്ചകൾ മുൻപ് ബ്രിട്ടനിൽ നിന്നെത്തിയ 14 അംഗ വിദഗ്ധ സംഘത്തെ കൊണ്ടുപോകാൻ ബ്രിട്ടിഷ് സേനാ വിമാനം ബുധനാഴ്ചയെത്തും. കഴിഞ്ഞ മാസം 14നാണു വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്.

അറബിക്കടലിലെ ബ്രിട്ടിഷ് വിമാനവാഹിനിക്കപ്പലിൽ നിന്നു പരിശീലനത്തിനായി പറന്നുയർന്ന വിമാനം ഇന്ധനം തീരാറായതോടെയാണ് അടിയന്തര ലാൻഡിങ് വേണ്ടിവന്നത്. ഇതിനിടെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാർ സംഭവിച്ചു. ബ്രിട്ടനിൽനിന്നുള്ള വിദഗ്ധ സംഘമെത്തുന്നതു വരെ വിമാനത്താവളത്തിലെ തുറസ്സായ സ്ഥലത്താണു വിമാനം നിർത്തിയിട്ടത്.

ഈമാസം 6ന് തിരുവനന്തപുരത്തെത്തിയ സംഘം വിമാനത്തെ ഹാങ്ങറിലേക്കു മാറ്റി. വിമാനത്താവളത്തിൽ യുദ്ധവിമാനം നിർത്തിയിട്ടതിന്റെ പാർക്കിങ് ഫീസ് വിമാനത്താവള നടത്തിപ്പുകാരായ അദാനി കമ്പനിക്കു ബ്രിട്ടിഷ് സേന നൽകേണ്ടി വരും. ഹാങ്ങർ ഉപയോഗിച്ചതിന്റെ വാടക എയർ ഇന്ത്യയ്ക്കും നൽകും.

ദിവസങ്ങൾ പെട്ടെന്ന് തീരുന്നതായി തോന്നുന്നുണ്ടോ; ഭൂമിയുടെ ഭ്രമണത്തിന് വേഗത കൂടിയതാണ് കാരണമെന്ന് പഠനം

24 മണിക്കൂറുണ്ടായിട്ടും തികയുന്നില്ല എന്ന് ഈ ഇടെയായി തോന്നുന്നുണ്ടോ? എങ്കിൽ ഈ അടുത്ത കാലത്തായി ദിവസത്തിന് 24 മണിക്കൂർ ദൈർഘ്യമില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ദിവസത്തിന് ദൈർഘ്യം കുറവാണ് എന്ന തോന്നലുണ്ടെങ്കിൽ അതിൽ തെറ്റൊന്നുമില്ലെന്നാണ് ശാസ്ത്രലോകത്തിന്റെ പുതിയ വിശദീകരണം. ചരിത്രത്തിൽ ഇന്ന് വരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും കൂടിയ വേഗത്തിലാണ് ഭൂമി കറങ്ങുന്നത് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇന്നു വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസങ്ങളിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്.

ഈ വർഷത്തിൽ ഇതിനോടകം തന്നെ നമ്മൾ ഭൂമിയിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ വേഗത്തിൽ കറങ്ങിയ ദിവസത്തിലൂടെ കടന്ന് പോയി എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇത് ജൂലൈ ഒൻപത് ആയിരുന്നു. ഇതുപോലെ ജൂലൈ 22, ഓഗസ്റ്റ് 5 എന്നീ ദിവസങ്ങൾക്കും ദൈർഘ്യം കുറവായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കുറച്ച് കാലങ്ങൾക്ക് മുന്നേയുള്ള പഠനത്തിൽ തന്നെ ഭൂമി മുന്നത്തെക്കാൾ വേഗത്തിലാണ് കറങ്ങുന്നത് എന്ന് കണ്ടെത്തപ്പെട്ടിരുന്നു. വാഷിങ്ടൺ ആസ്ഥാനമായുള്ള ഇന്റർനാഷണൽ എർത്ത് റൊട്ടേഷൻ ആൻഡ് റെഫറൻസ് സിസ്റ്റംസ് അടക്കമുള്ളവ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. വേഗത്തിലുള്ള ഈ കറക്കം ഇങ്ങനെ തുടർന്നാൽ 2029 ആകുമ്പോഴേക്കും ക്ലേക്കുകളിൽ നിന്ന് ഒരു ലീപ് സെക്കൻഡ് ഒഴിവാക്കേണ്ടി വന്നേക്കാമെന്ന് വിദഗ്ധർ പറയുന്നു.

2022 മുതലാണ് ആക്‌സിലേറ്റർ ഒന്ന് അമർത്തി ചവിട്ടാം എന്ന് ഭൂമി കരുതി തുടങ്ങിയത്. ഇൻഡിജിനസ് ഒബ്‌സർവേഷൻസ് ഓഫ് ആർട്ടിക് എൻവയോൺമെന്റൽ ചേഞ്ചിന്റെ റിപ്പോർട്ട് പ്രകാരം ഭൂമി ഇപ്പോൾ വളരെ വേഗത്തിൽ കറങ്ങുകയാണ്. ഓഗസ്റ്റ് അഞ്ച് ആയിരിക്കും ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാധാരണ ദിവസത്തെക്കാൾ 1.51 മില്ലിസെക്കൻഡ് കുറവായിരിക്കും ഈ ദിവസത്തിന്റെ ദൈർഘ്യം എന്നാണ് കരുതുന്നത്.

പെട്ടെന്ന് വാർത്തകൾ കേൾക്കുമ്പോൾ ഇതെല്ലാം വിചിത്രമായി തോന്നാമെങ്കിലും ഭൂമിയുടെ ഭ്രമണ വേഗതയിൽ ഇത്തരത്തിൽ ദീർ‌ഘകാലങ്ങളായി മാറ്റം സംഭവിക്കുന്നതാണ്. ഉദാഹരണത്തിന് ദിനോസറുകൾ 23 മണിക്കൂർ ദൈർഘ്യമുള്ള ദിവസമുള്ള സമയത്താണ് ജീവിച്ചിരുന്നത്. വെങ്കലയുഗത്തിൽ ശരാശരി ദിവസം ഇന്നത്തെക്കാൾ ഏകദേശം അര സെക്കൻഡ് കുറവായിരുന്നു. ഇനി 200 ദശലക്ഷം വർഷം കഴിയുമ്പോൾ ഭൂമിയിലെ ഒരു ദിവസം ഏകദേശം 25 മണിക്കൂർ നീണ്ടുനിൽക്കുമെന്നാണ് ശാസ്ത്രജ്ഞർ പ്രവചിക്കുന്നത്. സാധാരണയായി ഒരു ദിവസത്തിന് 24 മണിക്കൂർ അഥവാ 86,400 സെക്കൻഡ് ദൈർഘ്യമുണ്ട്. എന്നാൽ അത് പൂർണ്ണമായും കൃത്യമല്ല. ഭൂകമ്പങ്ങൾ, അഗ്‌നിപർവ്വത പ്രവർത്തനങ്ങൾ, വേലിയേറ്റങ്ങൾ, ഭൂഗർഭ മാറ്റങ്ങൾ എന്നിവ പോലുള്ള പല കാര്യങ്ങൾക്കും ഭൂമിയെ അൽപം വേഗത്തിലോ സാവധാനത്തിലോ കറക്കാൻ കഴിയും.

വാനോളം ആഗ്രഹങ്ങളുമായി ‘പറക്കാം’: വൻ തൊഴിലവസരുവമായി ദുബായുടെ സ്വന്തം എയർലൈൻസ്; ഇപ്പോൾ അപേക്ഷിക്കാം.

“കാബിൻ ക്രൂ ആകുകയാണോ നിങ്ങളുടെ ആഗ്രഹം? എങ്കിലിതാ സുവർണാവസരം ഒരുക്കി ദുബായുടെ സ്വന്തം എമിറേറ്റ്സ് എയർലൈൻസ്. കാബിൻ ക്രൂ തസ്തികകളിലേക്ക് പുതിയ ആഗോള റിക്രൂട്ട്‌മെന്റ് ഡ്രൈവ് എമിറേറ്റ്സ് എയർലൈൻസ് ആരംഭിച്ചു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ വ്യോമയാന ടീമുകളിലൊന്നിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.

ഇതൊരു യൂണിഫോമിനേക്കാൾ ഉപരി ഒരു ജീവിതശൈലിയാണ്. നിങ്ങളുടെ എമിറേറ്റ്സ് കാബിൻ ക്രൂ യാത്ര ആരംഭിക്കൂ, അത് നിങ്ങളെ എവിടെയെത്തിക്കുമെന്ന് കാണൂ! എന്ന് ദുബായ് ആസ്ഥാനമായുള്ള എയർലൈൻ തങ്ങളുടെ സമൂഹമാധ്യമ പേജുകളിൽ അറിയിപ്പ് പങ്കുവച്ചു. താൽപര്യമുള്ളവർക്ക് എമിറേറ്റ്സ് ഗ്രൂപ്പ് കരിയേഴ്‌സ് വെബ്സൈറ്റ് വഴി റെസ്യൂമെ സമർപ്പിക്കാവുന്നതാണ്.

ആർക്കൊക്കെ അപേക്ഷിക്കാം? മാനദണ്ഡങ്ങളറിയാം

വൈവിധ്യമാർന്ന സംസ്കാരങ്ങളുള്ള ഒരു ടീമിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിവുള്ള, ഊർജസ്വലരും സേവന തത്പരരുമായ വ്യക്തികളെയാണ് എമിറേറ്റ്സ് തേടുന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്:

 കുറഞ്ഞത് 21 വയസ്സ് പൂർത്തിയായിരിക്കണം.കുറഞ്ഞത് 160 സെന്റീമീറ്റർ ഉയരവും നിന്നാൽ 212 സെന്റീമീറ്റർ ഉയരത്തിൽ എത്താനുള്ള കഴിവുമുണ്ടായിരിക്കണം.

ഇംഗ്ലിഷിൽ സംസാരിക്കാനും എഴുതാനും നന്നായി അറിയണം (മറ്റ് ഭാഷാ പരിജ്ഞാനം അധിക യോഗ്യതയാണ്).

∙ കുറഞ്ഞത് ഒരു വർഷത്തെ ഹോസ്പിറ്റാലിറ്റി അല്ലെങ്കിൽ കസ്റ്റമർ സർവീസ് പരിചയം ഉണ്ടായിരിക്കണം.കുറഞ്ഞത് ഹൈസ്കൂൾ ഡിപ്ലോമ (ഗ്രേഡ് 12) ഉണ്ടായിരിക്കണം.

∙യൂണിഫോമിൽ ആയിരിക്കുമ്പോൾ കാണുന്ന ഭാഗങ്ങളിൽ ടാറ്റൂകൾ പാടില്ല.∙ യുഎഇയുടെ തൊഴിൽ വീസ ആവശ്യകതകൾ നിറവേറ്റാൻ കഴിയണം.

യോഗ്യതകൾ എന്തൊക്കെ? 
എമിറേറ്റ്സിന്റെ മുഖമെന്ന നിലയിൽ കാബിൻ ക്രൂ അംഗങ്ങൾ വിമാനത്തിൽ ഉയർന്ന സുരക്ഷയും സേവന നിലവാരവും ഉറപ്പാക്കാൻ ബാധ്യസ്ഥരാണ്. ആത്മവിശ്വാസം, ഏത് സാഹചര്യവുമായും പൊരുത്തപ്പെടാനുള്ള കഴിവ്, സമ്മർദ്ദങ്ങളിൽ ശാന്തമായിരിക്കാനുള്ള ശേഷി എന്നിവ ഈ ജോലിയ്ക്ക് ആവശ്യമാണ്. സുരക്ഷാ പ്രോട്ടോക്കോളുകൾ കൈകാര്യം ചെയ്യുന്നത് മുതൽ മികച്ച ഉപയോക്തൃ സേവനം നൽകുന്നത് വരെ, ദുബായിലെ എമിറേറ്റ്സിന്റെ അത്യാധുനിക സൗകര്യങ്ങളുള്ള കേന്ദ്രത്തിൽ നിന്ന് ക്രൂ അംഗങ്ങൾക്ക് വിപുലമായ പരിശീലനം ലഭിക്കും.

അപേക്ഷിക്കേണ്ട രീതി

താല്പര്യമുള്ള ഉദ്യോഗാർഥികൾ ഓൺലൈനായി അപേക്ഷിക്കണം. ദുബായിലും തിരഞ്ഞെടുക്കപ്പെട്ട മറ്റ് രാജ്യാന്തര നഗരങ്ങളിലും എല്ലാ ആഴ്ചയും റിക്രൂട്ട്മെന്റ് ഇവന്റുകൾ നടക്കുന്നുണ്ട്. ഇവ ക്ഷണം ലഭിച്ചവർക്ക് മാത്രമുള്ളതാണ്. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട അപേക്ഷകരെ അവരുടെ അടുത്തുള്ള അവസരത്തെക്കുറിച്ച് അറിയിക്കും

∙ ശമ്പളവും ആനുകൂല്യങ്ങളും

എമിറേറ്റ്സ് ആകർഷകമായ, നികുതിരഹിത ശമ്പള പാക്കേജ് വാഗ്ദാനം ചെയ്യുന്നു∙ അടിസ്ഥാന ശമ്പളം: പ്രതിമാസം  4,430 ദിർഹം ഫ്ലൈയിങ് പേ:  മണിക്കൂറിൽ 63.75 ദിർഹം (പ്രതിമാസം 80-100 മണിക്കൂർ പറക്കുന്നത് അനുസരിച്ച്) ശരാശരി പ്രതിമാസ ആകെ വരുമാനം: 10,170 ദിർഹം (ഏകദേശം 2,770 യുഎസ് ഡോളർ)

∙ യാത്രകളിലെ താമസ സൗകര്യങ്ങൾ, വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ഗതാഗത സൗകര്യം, രാജ്യാന്തര യാത്രകൾക്കുള്ള ഭക്ഷണ അലവൻസുകൾ എന്നിവ അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.”അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

∙ ഇംഗ്ലിഷിലുള്ള ഏറ്റവും പുതിയ സിവി.

∙ ഏറ്റവും പുതിയ ഫോട്ടോ. (അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഇവയുണ്ടെന്ന് ഉറപ്പാക്കുക). 

ചൈനീസ് വന്മതിൽ ബഹിരാകാശത്തുനിന്ന് ദൃശ്യമോ? മിത്താണതെന്ന് നാസ.

ബഹിരാകാശത്തു നിന്നു കാണാവുന്ന ഏക മനുഷ്യനിർമിത വസ്തു–ചൈനീസ് വന്മതിലിനെക്കുറിച്ച് കാലങ്ങളായി പ്രചരിക്കുന്ന ഒരു മിത്ത് ആണിത്. ബഹിരാകാശമേഖലയുമായി ബന്ധപ്പെട്ടുള്ള ഏറെ പ്രശസ്തമായ ഒരു പ്രചാരണമാണ് ഇത്. പ്രാചീന ലോകത്തെ മഹാദ്ഭുതങ്ങളിലൊന്നാണ് ചൈനീസ് വന്മതിൽ. ചൈനയെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തുന്നതാണ് ഈ ചരിത്രനിർമിതി. എന്നാൽ ഇതു ബഹിരാകാശത്തെ ലോവർ എർത്ത് ഓർബിറ്റിൽനിന്നുപോലും കാണാൻ സാധിക്കില്ലെന്ന് നാസ സ്ഥിരീകരിച്ചിട്ടുണ്ട്.

നീൽ ആംസ്ട്രോങ്, ക്രിസ് ഹാഡ്ഫീൽഡ് തുടങ്ങിയവരും ഈ വാദത്തെ പിന്തുണയ്ക്കുന്നു. ഡാമുകൾ, നഗരങ്ങൾ എന്നിവയൊക്കെ ചിലപ്പോൾ ബഹിരാകാശത്തു നിന്ന് ദർശിക്കാം. എന്നാൽ അത്ര വീതിയില്ലാത്ത വൻമതിൽ ദൃശ്യമല്ല. ചൈനയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ യാങ് ലിവിയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

ചന്ദ്രനിൽനിന്നു പോലും വന്മതിൽ കാണാനൊക്കുമെന്നൊക്കെ ഇടയ്ക്കു പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇതു പൂർണമായും വസ്തുതാവിരുദ്ധമാണ്. ഒരു മനുഷ്യനിർമിത ഘടനയും 3.84 ലക്ഷം കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽനിന്നു കാണാനാകില്ല.ചൈനയുടെ വടക്കൻ മേഖലയിൽ നിന്നു ഭീഷണിയുയർത്തിയ നാടോടികളായ അക്രമണകാരികളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് ചക്രവർത്തിമാർ മതിൽ നിർമിച്ചത്. പല തലമുറകളിൽപെട്ട ചക്രവർത്തിമാർ മതിൽനിർമാണത്തിൽ ഏർപ്പെട്ടിരുന്നു. ചൈനയിൽ എഡി 1368 കാലയളവിൽ സ്ഥാപിതമായ മിങ് സാമ്രാജ്യമാണ് പ്ലാറ്റ്‌ഫോമുകളും കാവൽപ്പുരകളുമൊക്കെ നിർമിച്ച് ഇന്നത്തെ രീതിയിൽ വന്മതിലിനെ ഗംഭീരസ്ഥിതിയിലെത്തിച്ചത്.5500 കിലോമീറ്റോളം വന്മതിൽ നീണ്ടുകിടക്കുകയാണ്.

പിൽക്കാലത്ത് ചൈനയിലെ മഞ്ചു സാമ്രാജ്യത്തിലെ ചക്രവർത്തിമാർ ഈ മതിലിനപ്പുറമുള്ള പ്രദേശങ്ങൾ കീഴടക്കിയതോടെ അതിർത്തിയെന്ന നിലയിൽ വന്മതിൽ വഹിച്ചുവന്ന പ്രാധാന്യം ഇല്ലാതെയായി. എങ്കിലും ഈ വന്മതിൽ നിലനിൽക്കുകയാണ്, ഒരു വലിയ സാംസ്‌കാരിക പ്രതീകമായി.

ഇത്തിഹാദ് റെയില്‍; യുഎഇയില്‍ യുവാക്കളെ കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍

“യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയില്‍ അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍. 17 വര്‍ഷം നീണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ അബൂദബിയില്‍ നിന്ന് ദുബൈയിലേക്ക് 30 മിനിറ്റിനുള്ളില്‍ എത്തിച്ചേരാനാകും. ഇത് യുഎഇയുടെ ബിസിനസ് മേഖലയില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത് ഇത്തിഹാദ് റെയില്‍ വെറുമൊരു റെയില്‍ ട്രാക്കല്ല, 2030ഓടെ യുഎഇയില്‍ ആരംഭിക്കാന്‍ പോകുന്ന വന്‍കിട പദ്ധതികള്‍ക്കുള്ള വഴിയാണ്. പദ്ധതി നിലവില്‍ വരുന്നതോടെ 10,000ത്തിലധികം പേര്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030ഓടെ 9,000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. എഞ്ചിനീയറിംഗ്, നിര്‍മാണം, ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍, ലോജിസ്റ്റിക്‌സ്, അറ്റകുറ്റപ്പണികള്‍ എന്നീ മേഖലകളില്‍ പരിചയസമ്പന്നര്‍ മുതല്‍ തുടക്കക്കാര്‍ വരെ ഉള്‍പ്പെടുന്നവര്‍ക്ക് തൊഴില്‍ ലഭിക്കും.

200 ബില്യണ്‍ ദിര്‍ഹത്തിന്റെ ബിസിനസ് സാധ്യതകള്‍

ഇത്തിഹാദ് റെയില്‍ പദ്ധതിക്ക് പുറമെ, 200 ബില്യണ്‍ ദിര്‍ഹം വിപണി മൂല്യമുള്ള പുതിയ ബിസിനസുകള്‍ രാജ്യത്തുടനീളം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇതിലൂടെ വന്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. സുസ്ഥിരമായ ഗതാഗത സംവിധാനം വികസിപ്പിക്കുക മാത്രമല്ല, പരിസ്ഥിതി, വ്യവസായം, ടൂറിസം തുടങ്ങിയ  മേഖലകളില്‍ വളര്‍ച്ച കൈവരിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.2030ലെ പ്രതീക്ഷകള്‍.

2030ഓടെ യുഎഇയില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ഇത്തിഹാദ് റെയില്‍ പദ്ധതി യുഎഇയുടെ സാമ്പത്തികവും വ്യാവസായികവുമായ ഭാവിയെ പുതുക്കിപ്പണിയുമെന്ന് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു

എഫ് 35 ബി വിമാനം ഹാങ്ങറിൽ; അറ്റകുറ്റപ്പണി തുടങ്ങി, വിമാനത്തിന് നൽകേണ്ട വാടക പ്രതിദിനം 20,000രൂപ.

മൂന്നാഴ്ചയിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടിഷ് യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എൻജിനീയര്‍മാരുടെ സംഘം ശ്രമം തുടരുന്നു. വിമാനത്തിന്റെ നിര്‍മാതാക്കളായ യുഎസിലെ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയില്‍ നിന്നുള്ളവരും സംഘത്തിലുണ്ട്. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ എപ്പോള്‍ പരിഹരിക്കാനാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്കു മാറ്റിയ വിമാനം നിലവില്‍ ബ്രിട്ടിഷ് സംഘത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്.

വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിടുന്നതിന്റെ വാടക അദാനി കമ്പനി ബ്രിട്ടിഷ് അധികൃതരില്‍നിന്ന് ഈടാക്കും. എഫ് 35 ബി യുദ്ധവിമാനത്തിന്റെ വലുപ്പം കണക്കിലെടുക്കുമ്പോള്‍ പ്രതിദിന ഫീസ് 10,000 – 20,000 രൂപ വരെയാകാം. വിമാനം കഴിഞ്ഞ 24 ദിവസമായി വിമാനത്താവളത്തിലുണ്ട്. വിമാനം ലാന്‍ഡ് ചെയ്യാന്‍ 1 – 2 ലക്ഷം രൂപ വരെയാണ് വിമാനത്താവള നടത്തിപ്പുകാര്‍ക്കു നല്‍കേണ്ടത്. യുദ്ധവിമാനത്തിനു പുറമെ കഴിഞ്ഞ ദിവസം വിദഗ്ധ എൻജിനീയര്‍മാരുമായി ബ്രിട്ടനില്‍ നിന്നെത്തിയ എയര്‍ബസ് എ 400 എം അറ്റ്‌ലസ് വിമാനത്തിനും ലാന്‍ഡിങ് ചാര്‍ജ് നല്‍കേണ്ടി വരും.

ഇന്നൊരു പ്രത്യേകതയുണ്ട്, ഉറപ്പായും ചോക്ലേറ്റ് കഴിക്കണം; കാരണം അറിയാമോ?

മധുരം കഴിക്കൂ ഇന്ന് ഒന്നാം തീയതിയാണ് എന്ന് പറയുന്നതുപോലെ ചോക്ലേറ്റ് കഴിക്കൂ ഇന്ന് ചോക്ലേറ്റ് ദിനമാണ്. ലോകമെമ്പാടും ഇന്ന് ചോക്ലേറ്റ് ദിനം കൊണ്ടാടുകയാണ്. എല്ലാ ചോക്ലേറ്റ് പ്രേമികൾക്കും ആഘോഷിക്കാൻ ഒരു ദിവസം. ഇത്രയും ആരാധകരുള്ള മറ്റൊരു മധുര പലഹാരം ഉണ്ടോ എന്ന് പോലും സംശയമാണ്.

ചോക്ലേറ്റിന് നൂറ്റാണ്ടുകൾ പഴക്കമുള്ള കഥ പറയാനുണ്ട്. 2000 ബിസിയിൽ കൊക്കോ ബീൻസ് കൃഷി ചെയ്യാൻ തുടങ്ങിയ ഒൽമെക്സിന്റെ പുരാതന മധ്യ അമേരിക്കൻ നാഗരികതയിൽ നിന്നാണ് ചോക്ലേറ്റിന്റെ ചരിത്രം. 3000 വർഷങ്ങൾക്കു മുമ്പ് മെക്സിക്കോയിലെ ആസ്ടെക് ഗോത്രക്കാരാണ് ചോക്കലേറ്റ് ആദ്യമായി നിർമിച്ചത്. കയ്പുള്ള പാനീയം ഉണ്ടാക്കാൻ അവർ കൊക്കോ മരത്തിൽ നിന്നുള്ള കൊക്കോ ബീൻസ് ഉപയോഗിക്കാൻ തുടങ്ങി. യൂറോപ്യന്മാർ പഞ്ചസാരയും മറ്റ് ചേരുവകളും ചേർത്ത് ഈ കൈപ്പുള്ള ചോക്ലേറ്റ് കൊണ്ട് മിഠായി ബാറുകൾ നിർമിക്കുന്നത് വരെ ചോക്ലേറ്റ് ഒരു സോളിഡ് രൂപത്തിൽ ആയിരുന്നില്ല. 

എന്തുകൊണ്ടാണ് ജൂലൈ 7 ന് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്? 

1550-ൽ യൂറോപ്പിൽ ചോക്ലേറ്റ് അവതരിപ്പിച്ചതിന്റെ വാർഷികത്തെ അനുസ്മരിക്കുന്നതിനാലാണ് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കാൻ ജൂലൈ 7 തിരഞ്ഞെടുത്തത്.ചോക്ലേറ്റിന്റെ യഥാർത്ഥ രൂപം സൃഷ്ടിച്ച മെക്സിക്കോയിൽ നിന്നുള്ള ആസ്ടെക് ഗോത്രത്തിന് ആദരവായും ഈ ദിവസം തിരഞ്ഞെടുത്തുവെന്ന് വിശ്വസിക്കപ്പെടുന്നു.1519-ൽ, ആസ്ടെക് ചക്രവർത്തി സ്പാനിഷ് പര്യവേക്ഷകനായ ഹെർണാൻ കോർട്ടെസിന് Xocolatl എന്ന ചോക്ലേറ്റ് അധിഷ്ഠിത പാനീയം സമ്മാനിച്ചുവത്രേ.

അദ്ദേഹമാണ് ഇന്ന് ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ചോക്ലേറ്റ് എണ്ണ മധുരത്തെ യൂറോപ്പിന് പരിചയപ്പെടുത്തുന്നത്. 1800-കളിൽ ഖരരൂപത്തിലുള്ള ചോക്ലേറ്റുകളായിരുന്നു. ഇവ യൂറോപ്പിലുടനീളം ചോക്ലേറ്റിന്റെ ജനപ്രീതി നേടുകയും ഒടുവിൽ അത് ഇന്ന് നമുക്കറിയാവുന്ന പ്രിയപ്പെട്ട സ്വീറ്റായി മാറുകയും ചെയ്തു. ചോക്ലേറ്റിന് പ്രായമില്ല. ഏതു തരത്തിലും ഒരുപോലെ ഇഷ്ടപ്പെടുന്ന മധുരമൂറുന്ന ചോക്ലേറ്റിന് ആരോഗ്യഗുണങ്ങൾ കൂടിയുണ്ടെന്നും പല കാലങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്.

ചോക്ലേറ്റിനെ കുറിച്ചുള്ള രസകരമായ വസ്തുതകൾ

2009 ൽ ഇന്റർനാഷണൽ കൊക്കോ ഓർഗനൈസേഷൻ ജൂലൈ 7 ലോക ചോക്ലേറ്റ് ദിനമായി പ്രഖ്യാപിച്ചതോടെയാണ് ഇത് ആദ്യമായി ഔദ്യോഗികമായി ആഘോഷിച്ചത്. ഓരോ വർഷവും ഒരാൾക്ക് ശരാശരി 11 പൗണ്ട് ഉപഭോഗമുള്ള സ്വിറ്റ്സർലൻഡാണ് പ്രതിശീർഷ ചോക്ലേറ്റ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് ഇറ്റലിയിൽ നിർമിച്ച 12,000 പൗണ്ടിലധികം ഭാരമുള്ള ഒന്നാണ്.  

ചോക്ലേറ്റ് വില്പനയിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രാജ്യം യുണൈറ്റഡ് സ്റ്റേറ്റാണ്. പ്രതിവർഷം 20 ബില്യൺ ഡോളറിന്റെ വിൽപനയാണ് രാജ്യത്ത് നടക്കുന്നത്. മറ്റേതൊരു ഭക്ഷണത്തേക്കാളും കൂടുതൽ ആന്റി ഓക്‌സിഡന്റുകൾ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റിന്റെ ഫ്ലേവനോളുകൾ ഓർമ, രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം സുഗമമാക്കുകയും പ്രമേഹത്തെ തടയുകയും ചെയ്യുന്നു.

ഒരു കൊക്കോ മരം ഓരോ വർഷവും 300 ബാർ ചോക്കലേറ്റിന് ആവശ്യമായ ബീൻസ് ഉത്പാദിപ്പിക്കുന്നു. ലോക ചോക്ലേറ്റ് ദിനത്തിൽ കുറച്ചു ചോക്ലേറ്റ് നമുക്കും കഴിക്കാം, നമ്മുടെ പ്രിയപ്പെട്ടവർക്കും ഒരല്പം മധുരം നൽകാം.