“രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസ് കൗണ്ടറുകളിലും ഓഗസ്റ്റ് ഒന്നു മുതൽ ഡിജിറ്റൽ പേയ്മെന്റ് വഴി പണം സ്വീകരിക്കാൻ സൗകര്യമൊരുങ്ങുന്നു. തപാൽ വകുപ്പിന്റെ ഐടി സംവിധാനത്തിൽ പുതിയ ആപ്ലിക്കേഷൻ ഉൾപ്പെടുത്തിയാണ് ഇതിനു വഴിയൊരുക്കിയത്.
പോസ്റ്റ് ഓഫീസുകളുടെ ബാങ്ക് അക്കൗണ്ടുകൾ യുപിഐ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിൽ തടസ്സങ്ങളുണ്ടായതാണ് കൗണ്ടറുകളിൽ ഡിജിറ്റൽ പേയ്മെന്റ് സൗകര്യം കൊണ്ടുവരാൻ വൈകാനിടയാക്കിയത്. ഇതു പരിഹരിക്കാനായി പുതിയ ആപ്ലിക്കേഷൻ ഐടി സംവിധാനത്തിൽ ഉൾപ്പെടുത്തി.
ഇനി മുതൽ ഡൈനാമിക് ക്യുആർ കോഡ് വഴി കൗണ്ടറുകളിൽ പണം സ്വീകരിക്കും. 2025 ഓഗസ്റ്റോടെ ഇത് എല്ലാ പോസ്റ്റോഫീസുകളിലും നടപ്പാക്കും. കർണാടക സർക്കിളിൽ മൈസൂരു, ബാഗൽകോട്ട് ഹെഡ് ഓഫീസ് പരിധിയിലുള്ള തപാലോഫീസുകളിലായിരുന്നു പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ആദ്യം നടപ്പാക്കിയത്.
നേരത്തേ സ്ഥിരം ക്യുആർ കോഡ് ഉപയോഗിച്ച് ഇടപാടുകൾ തുടങ്ങിയിരുന്നെങ്കിലും ആവർത്തിച്ച് സാങ്കേതിക തടസ്സങ്ങളുണ്ടായതിനെത്തുടർന്നാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.
