ബുധനാഴ്ചയോടെ വീണ്ടും ന്യൂനമര്‍ദ്ദം.

ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ആന്ധ്രാ- ഒഡിഷ തീരത്തിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്.ഈ ആഴ്ച അവസാനത്തോടെ സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നത്.

ഇന്ന്കോട്ടയം, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ജാഗ്രതയുടെ ഭാഗമായി ഈ നാലു ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മാഡന്‍-ജൂലിയന്‍ ഓസിലേഷന്റെ വ്യാപനം വരും ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് പ്രവര്‍ത്തനത്തിന് ശക്തി പകരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇത് കോര്‍ മണ്‍സൂണ്‍ പ്രദേശങ്ങളില്‍ മഴയുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കും.

“ഓഗസ്റ്റ് 1 മുതല്‍ 11 വരെ സാധാരണയായി ലഭിക്കേണ്ട ശരാശരി മഴയായ 179 മില്ലിമീറ്റര്‍ മഴയെ അപേക്ഷിച്ച് കേരളത്തില്‍ 75.4 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ജൂണ്‍ ഒന്നാം തീയതി മുതല്‍ ഇതുവരെ കേരളത്തില്‍ മഴയുടെ മൊത്തത്തിലുള്ള കുറവ് ഇപ്പോള്‍ 15 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. കാലവര്‍ഷം ഇനിയും ദുര്‍ബലമായി തുടര്‍ന്നാല്‍ മണ്‍സൂണ്‍ കുറവുള്ള സീസണ്‍ ആയി ഈ വര്‍ഷം രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്

വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ സജീവമായി പരിഗണിച്ച് കെഎംആർഎൽ; സാധ്യതകൾ.

 കൊച്ചി വിമാനത്താവളത്തെ ആലുവ മെട്രോ ടെർമിനലുമായി ബന്ധിപ്പിച്ചു വാട്ടർ മെട്രോ സർവീസ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ( കെഎംആർഎൽ ) സജീവമായി പരിഗണിക്കുന്നു. ആലുവ മെട്രോ സ്റ്റേഷനു തൊട്ടുചേർന്നാണു പെരിയാർ. ഇവിടെ ബോട്ട് ടെർമിനൽ നിർമിച്ച് പെരിയാറിലൂടെ 4 കിലോമീറ്റർ പോയാൽ വിമാനത്താവളത്തിന്റെ പുറകിലൂടൊഴുകുന്ന ചെങ്ങൽ തോട്ടിലെത്തും.
 തോട്ടിലൂടെ രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ വിമാനത്താവളത്തിന്റെ പിൻവശത്തു റൺവേയ്ക്ക് അരികിലെത്താം. ഇതല്ലെങ്കിൽ, വിമാനത്താവളത്തിന്റെ വടക്കേ അതിരിന് അധികം ദൂരെയല്ലാതെയാണു പെരിയാർ ഒഴുകുന്നത്. ഇതിൽ ഏതെങ്കിലും ഒരു സാധ്യതയാവും പരിഗണിക്കുക. രണ്ടാമത്തേതാണെങ്കിൽ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കു പുറമേ കാലടി ടൗണുമായും വാട്ടർ മെട്രോ ബന്ധിപ്പിക്കാം. കാലടിയിൽ പെരിയാറിൽ ഒരു ടെർമിനൽ കൂടി നിർമിച്ചാൽ മതിയാവും.

സാധ്യതാ പഠനത്തിനു ശേഷമേ പദ്ധതിയുമായി മുന്നോട്ടു പോകണോ എന്നു തീരുമാനിക്കൂ. ആലുവയിൽ നിന്നു റോഡ് മാർഗം വിമാനത്താവളത്തിലേക്ക് 12 കിലോമീറ്റർ ഉണ്ട്. വാട്ടർ മെട്രോയിലാവുമ്പോൾ അതിന്റെ പകുതി മാത്രം. പെരിയാറിൽ ചെങ്ങലിനും ആലുവയ്ക്കും ഇടയിൽ അങ്ങിങ്ങായി പാറക്കൂട്ടങ്ങളുണ്ട്. ഇതു പൊട്ടിച്ചു കളയേണ്ടിവരും. ചെങ്ങൽ തോട് ഇപ്പോൾ ഗതാഗതയോഗ്യമല്ല. അത് വീതികൂട്ടി ആഴംകുട്ടേണ്ടി വരും. ജനവാസം കുറവായതിനാൽ സ്ഥലമെടുപ്പിനും കാര്യമായ തടസ്സമുണ്ടാവില്ല. കൊച്ചി തുറമുഖത്തെയും വിമാനത്താവളത്തെയും ബന്ധിപ്പിച്ചു കാർഗോ ബോട്ട് സർവീസിനു കിൻകോയും ആലുവയിൽ നിന്നു നെടുമ്പാശേരിയിലേക്ക് പനയക്കടവ്, കുഴിപ്പള്ളം, ചെങ്ങൽ തോടുകളെ ബന്ധിപ്പിച്ചു ബോട്ട് സർവീസിനു സിയാലും നേരത്തേ പദ്ധതി തയാറാക്കിയിരുന്നെങ്കിലും പ്രായോഗികമല്ലെന്നു കണ്ടു മുന്നോട്ടുപോയില്ല.

പോസ്റ്റ് ബോക്സുകൾ പോകുന്നില്ല : അവസാനിക്കുന്നത് തപാൽ വകുപ്പിൻ്റെ ‘രജിസ്റ്റേർഡ് പോസ്റ്റ്’ സേവനം

തപാൽ വകുപ്പിൻ്റെ 50 വർഷത്തിലേറെ പഴക്കമുള്ള രജിസ്റ്റേർഡ് പോസ്റ്റ് സേവനം 2025 സെപ്റ്റംബർ 1 മുതൽ നിർത്തലാക്കുന്നു. സ്പീഡ് പോസ്റ്റുമായി സേവനം ലയിപ്പിക്കാനാണ് തീരുമാനം. വിശ്വാസ്യത, താങ്ങാനാവുന്ന നിരക്ക്, നിയമസാധുത എന്നിവയാലാണ് രജിസ്റ്റേർഡ് പോസ്റ്റ് ജനപ്രീതി നേടിയിരുന്നത്. ജോലി ഓഫറുകൾ, നിയമനോട്ടീസുകൾ, സർക്കാർ കത്തിടപാടുകൾ എന്നിവ അയക്കാനാണ് ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നത്. രജിസ്റ്റേർഡ് പോസ്റ്റ് സേവനമാണ് തപാൽ വകുപ്പ് അവസാനിപ്പിക്കുന്നതെങ്കിലും പോസ്റ്റ് ബോക്സുകളുടെ സേവനം അവസാനിക്കുന്നുവെന്ന തെറ്റിദ്ധാരണ ചിലർക്കുണ്ട്.

2011-12 ൽ 244.4 ദശലക്ഷം രജിസ്റ്റേർഡ് പോസറ്റുകൾ ഉണ്ടായിരുന്നത് 2019-20 ൽ 184.6 ദശലക്ഷമായി 25% കുറഞ്ഞു. ഡിജിറ്റൽ സേവനങ്ങളുടെ വ്യാപനവും സ്വകാര്യ കൊറിയർ, ഇ-കൊമേഴ്സ് ലോജിസ്റ്റിക്സ് സേവനങ്ങളുടെ മത്സരവും ഇതിന് കാരണമായതായാണ് വിലയിരുത്തൽ. സ്പീഡ് പോസ്റ്റിന് കീഴിൽ സേവനങ്ങൾ ഏകീകരിച്ച് ട്രാക്കിങ് കൃത്യത, വേഗത, പ്രവർത്തനക്ഷമത എന്നിവ മെച്ചപ്പെടുത്താനാണ് തപാൽവകുപ്പ് ലക്ഷ്യംവെക്കുന്നത്.

എന്നാൽ സ്പീഡ് പോസ്റ്റിന്റെ ഉയർന്ന നിരക്ക് സ്ഥിരമായി രജിസ്റ്റേർഡ് പോസ്റ്റ് ഉപയോഗിച്ചിരുന്നവർക്ക് ആശങ്കയുണ്ടാക്കുന്നതാണ്. രജിസ്റ്റേർഡ് പോസ്റ്റിന് 25.96 രൂപയും ഓരോ 20 ഗ്രാമിനും 5 രൂപയുമായിരുന്നു നിരക്ക്. എന്നാൽ സ്പീഡ് പോസ്റ്റിന് 50 ഗ്രാമിന് 41 രൂപയാണ് നിരക്ക്, ഇത് 20-25% കൂടുതലാണ്. ഈ വില വർധന ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ തപാൽ സേവനങ്ങളെ ആശ്രയിക്കുന്ന ചെറുകിട വ്യാപാരികൾ, കർഷകർ എന്നിവരെ  ബാധിച്ചേക്കും. ബാങ്കുകൾ, സർവകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ രജിസ്റ്റേർഡ് പോസ്റ്റുകളെ കൂടുതൽ ആശ്രയിച്ചിരുന്നു.

ഓണക്കാലത്ത് ഗിഫ്റ്റ് കാർഡ് പദ്ധതിയുമായി സപ്ലൈകോ.

വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കി സപ്ലൈകോ.

18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങൾ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, ഒമ്പത് ശബരി ഉൽപന്നങ്ങൾ അടങ്ങിയ ശബരി സിഗ്‌നേച്ചർ കിറ്റ് എന്നിവയാണ് പുറത്തിറക്കിയത്.

500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിന് തയാറാണ്

.

മഴ കനക്കുന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്.

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കും. തിങ്കളാഴ്ച അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഇതിനിടെ, വയനാട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ഈ ജില്ലകളിലുള്ളവർ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി, സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നാണ് നിർദേശം.

ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മില്ലീ മീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ ലഭിക്കുന്ന മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കൻ തമിഴ്‌നാടിനും മന്നാർ കടലിടുക്കിനും മുകളിലായി അന്തരീക്ഷത്തിന്‍റെ ഉയർന്ന ലെവലിലാണ് ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നത്. ഇത് കണക്കിലെടുത്ത് കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കടൽതീരങ്ങളിൽ ശക്തമായ തിരമാലയും കാറ്റുമുണ്ടാകുമെന്നതിനാൽ തീരദേശവാസികൾ ജാഗ്രതപാലിക്കണം.കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മൂന്നുമക്കളിൽ നടുക്കത്തെയാളാണോ? നിങ്ങളെക്കുറിച്ചാണ് ഈ ശുഭവാർത്ത.

മക്കളിൽ രണ്ടാമതായിട്ടുള്ളവരെക്കുറിച്ച് നിരന്തരം നിരവധി കാര്യങ്ങൾ നമ്മൾ വായിക്കാറുണ്ട്. രണ്ടാമത്തെ കുട്ടികൾ വാശിക്കാരായിരിക്കും, അവർ മറ്റു കുട്ടികളെ അപേക്ഷിച്ച് റിബലുകളായിരിക്കും അങ്ങനെയങ്ങനെ. എന്നാൽ, ഈ ആരോപണങ്ങൾ എല്ലാം കാറ്റിൽ പറത്തി കൊണ്ടാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്. സഹോദരങ്ങളിൽ നടുവിൽ ജനിച്ച കുട്ടി സത്യസന്ധത, വിനയം, അംഗീകരിക്കാനുള്ള മനസ്സ് എന്നിവ ഉയർന്ന അളവിൽ പ്രകടിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. കാൽഗറി സർവകലാശാലയിലെ ഗവേഷകരായ മൈക്കൽ സി ആഷ്ടണും കിബിയോം ലീയും നടത്തിയ പഠനത്തിലാണ്  ഈ കണ്ടെത്തൽ. സഹോദരങ്ങളിൽ നടുക്കത്തെയാൾ തങ്ങളുടെ മറ്റുള്ള സഹോദരങ്ങളെ അപേക്ഷിച്ച് ഉയർന്ന തലത്തിലുള്ള സത്യസന്ധതയും വിനയവും പ്രകടിപ്പിക്കുന്നവരെന്നാണ് കണ്ടെത്തൽ. നാഷണൽ അക്കാദമി ഓഫ് സയൻസസിൻ്റെ പ്രൊസീഡിംഗ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സത്യസന്ധത, ദയ, വിനയം തുടങ്ങിയ നല്ല ഗുണങ്ങൾ നടുവിലുള്ള കുട്ടികളിൽ മറ്റ് സഹോദരങ്ങളെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജനിക്കുന്ന ക്രമം വ്യക്തിത്വത്തിന് സംഭാവന നൽകുന്നതായി വളരെക്കാലമായി കരുതപ്പെട്ടിരുന്നു. എന്നാൽ, ചില സമീപകാല ഗവേഷണങ്ങൾ ഇത് നിസ്സാരമായിരിക്കാമെന്ന് സൂചിപ്പിച്ചിരുന്നു.

സഹോദരങ്ങൾക്ക് ഇടയിൽ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഗവേഷകർ ഹെക്സാകോ വ്യക്തിത്വ പട്ടികയാണ് ഉപയോഗിച്ചത്. ഇതിൽ, സത്യസന്ധത, വിനയം, വൈകാരികത, മനസ്സാക്ഷി തുടങ്ങിയ ആറ് സ്വഭാവവിശേഷങ്ങൾ ആണ് പഠനവിധേയമാക്കിയത്. ലോകമെമ്പാടുമുള്ള 700,000 മുതിർന്നവരെ ഉൾപ്പെടുത്തിയാണ് ആദ്യഗ്രൂപ്പിൻ്റെ ഗവേഷണം നടത്തിയത്.

രണ്ടാമത്തെ ഗ്രൂപ്പിൽ 70,000 പേരെയാണ് ഉൾപ്പടുത്തിയത്. രണ്ടു ഗ്രൂപ്പുകളിലും മധ്യനിരയിലുള്ള കുട്ടികൾ സത്യസന്ധത, വിനയം എന്നിവയിൽ മുൻനിരയിൽ എത്തി. കൂടുതൽ സഹോദരങ്ങൾ ഉള്ളവർ കൂടുതൽ സത്യസന്ധരാണെന്നും പഠനത്തിൽ കണ്ടെത്തി. ഒറ്റകുട്ടികൾക്കും പ്രത്യേകതകളുണ്ട്. സഹോദരങ്ങൾ ഉള്ളവരേക്കാൾ ഒറ്റകുട്ടികൾ തുറന്ന മനസ്സുള്ളവരാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ജനനക്രമവും സഹോദരങ്ങളുടെ എണ്ണവും വ്യക്തിത്വത്തിൽ സ്വാധീനം ചെലുത്തുന്നില്ലെന്ന സമീപകാല ഗവേഷണങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇവരുടെ കണ്ടെത്തലുകൾ. അതേസമയം, നടുവിലെ കുട്ടികളുടെ വ്യക്തിത്വപ്രഭാവം വ്യക്തമാകുന്നതിന്  കൂടുതൽ ഗവേഷണങ്ങൾ ഇനിയും വേണ്ടി വന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ.

പതിനായിരങ്ങൾ പുറത്ത്; എൽ.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റുകള്‍ ഇന്ന് അവസാനിക്കും.

പതിനായിരക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷകൾക്ക് ഫുൾസ്റ്റോപ്പിട്ട് എൽ.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റുകള്‍ വ്യാഴാഴ്ച അവസാനിക്കും. 14 ജില്ലകളിലുമായി 2022 ആഗസ്റ്റ് ഒന്നിന് നിലവിൽവന്ന റാങ്ക് ലിസ്റ്റുകൾ മൂന്നുവർഷ കാലാവധി പൂർത്തിയാക്കി അവസാനിക്കുമ്പോൾ ഇതുവരെ നൽകിയത് 49 ശതമാനം നിയമന ശിപാർശ മാത്രം. വിവിധ ജില്ലകളിലായി 23,518 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത്. ഇതിൽ 11,562 പേർക്ക് നിയമന ശിപാർശ ലഭിച്ചു. നിയമന ശിപാർശയിൽ 2342 ഒഴിവും എൻ.ജെ.ഡിയാണ് (നോട്ട് ജോയിനിങ് ഡ്യൂട്ടി). യഥാർഥ നിയമനം 9220 മാത്രം.

ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 12,069 പേർക്കാണ് നിയമന ശിപാർശ ലഭിച്ചത്. ഏറ്റവും കൂടുതൽ നിയമന ശിപാർശ തിരുവനന്തപുരം ജില്ലയിലാണ്-1259. കുറവ് വയനാടും-382. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ആകെ നിയമന ശിപാർശ 1000 കടന്നിട്ടുണ്ട്. എൽ.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റുകളിൽ പരമാവധി നിയമനം നടത്തുന്നതിനായി വിവിധ വകുപ്പുകളിൽ നിലവിലുള്ള ഒഴിവുകൾ കൃത്യമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ജൂൺ 14ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.”

വിരമിക്കൽ, പ്രമോഷൻ, ഡെപ്യൂട്ടേഷൻ, ദീർഘകാല അവധി തുടങ്ങിയവ മൂലം റാങ്ക് ലിസ്റ്റിന്‍റെ കാലാവധിക്കുള്ളിൽ ഉണ്ടാകുന്ന ഒഴിവുകൾ ജൂലൈ 31നകം വകുപ്പ് മേധാവികൾ പി.എസ്.സിയുടെ ഇ-വേക്കൻസി സോഫ്റ്റ്‌വെയർ മുഖേന റിപ്പോർട്ട് ചെയ്ത ശേഷം ഈ വിവരം ഉദ്യോഗസ്ഥ ഭരണപരിഷ്കാര (അഡ്മിനിസ്ട്രേറ്റിവ് വിജിലൻസ് സെൽ) വകുപ്പിൽ റിപ്പോർട്ട് ചെയ്യണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സർക്കുലർ. ജൂലൈ 31ന് രാത്രി 12 വരെ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ നിലവിലെ ലിസ്റ്റിൽനിന്ന് നികത്താൻ കഴിയും.

ലാസ്റ്റ് ഗ്രേഡ് സർവെന്‍റ്സ് റാങ്ക് പട്ടിക കാലാവധി തികയുന്ന സമയത്തും പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന് ഭരണപരിഷ്കാര വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ ഭാഗമായി റാങ്ക് പട്ടിക അവസാനിക്കുന്ന ജൂലൈ 17ന് 14 ജില്ലകളിലായി ആയിരത്തോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തതായാണ് പി.എസ്.സിയുടെ അവകാശവാദം. സമാനരീതിയിൽ ക്ലർക്ക് ഒഴിവുകളും വ്യാഴാഴ്ച അർധരാത്രിയോടെയെങ്കിലും പരമാവധി റിപ്പോർട്ട് ചെയ്യപ്പെടുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ..

സെപ്​റ്റംബർ ഒന്നുമുതൽ രജിസ്ട്രേഡ് തപാൽ ഇല്ല.

തപാൽ വകുപ്പ് രജിസ്ട്രേഡ് തപാൽ സംവിധാനം നിർത്തലാക്കുന്നു. സെപ്​റ്റംബർ ഒന്നിന് ഇത് പ്രാബല്യത്തിൽവരും. ഇനി സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമാണ് ഉണ്ടാവുക. രജിസ്ട്രേഡ് തപാൽ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുകയാണെന്ന് കേന്ദ്ര തപാൽ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു.

തപാൽ സേവനം കാര്യക്ഷമമാക്കാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനുമാണ് ഈ മാറ്റം എന്നാണ് ഉത്തരവിൽ പറയുന്നത്. എല്ലാ വകുപ്പുകളും ഡയറക്ടറേറ്റുകളും നിലവിൽ അവരുടെ സംവിധാനം പുതിയ രീതിയിലേക്ക് മാറ്റാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണം.

‘രജിസ്ട്രേഡ് പോസ്റ്റ്’ എന്ന് രേഖപ്പെടുത്തുന്നത് ഒഴിവാക്കുകയോ പകരം ‘സ്പീഡ് പോസ്റ്റ്’ എന്ന് രേഖപ്പെടുത്തുകയോ വേണം. മുന്നൊരുക്കം ഉടൻ പൂർത്തിയാക്കി ഈ മാസം 31നകം എല്ലാ വകുപ്പുകളും റിപ്പോർട്ട് അയക്കണമെന്നും ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (മെയിൽ ഓപറേഷൻസ്) ദുഷ്യന്ത് മുദ്ഗൽ നിർദേശിച്ചു

സപ്ലൈകോയിൽ ജൂലൈ 31 വരെ പ്രത്യേക വിലക്കുറവ്

ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി സ​പ്ലൈ​കോ വി​ൽ​പ​ന​ശാ​ല​ക​ളി​ൽ വി​ല​ക്കു​റ​വ്. ഹാ​പ്പി അ​വേ​ഴ്സ് എ​ന്ന പേ​രി​ൽ ജൂ​ലൈ 31 വ​രെ ഉ​ച്ച​ക്ക്​ ര​ണ്ടു​ മു​ത​ൽ നാ​ലു​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത സ​ബ്സി​ഡി ഇ​ത​ര ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് വി​ല​ക്കു​റ​വ് ന​ൽ​കു​ന്ന​ത്.

സാ​ധാ​ര​ണ ല​ഭി​ക്കു​ന്ന വി​ല​ക്കു​റ​വി​നേ​ക്കാ​ൾ 10 ശ​ത​മാ​നം ​വ​രെ വി​ല​ക്കു​റ​വ് ല​ഭി​ക്കും. അ​രി, എ​ണ്ണ, സോ​പ്പ്, ശ​ർ​ക്ക​ര, ആ​ട്ട, റ​വ, മൈ​ദ, ഡി​റ്റ​ർ​ജ​ന്റു​ക​ൾ, ടൂ​ത്ത് പേ​സ്റ്റ്, സാ​നി​റ്റ​റി നാ​പ്കി​ൻ തു​ട​ങ്ങി​യ​വ​ക്ക്​ അ​ധി​ക വി​ല​ക്കു​റ​വു​ണ്ട്

ഇഞ്ചി എന്ന മഹൗഷധി; അറിയാം കൃഷിയും പരിപാലനവും.

ആയുർവേദം ഒരു മഹൗഷധിയായി പരിഗണിക്കുന്ന ഔഷധസസ്യമാണ് ഇഞ്ചി. ഇഞ്ചി പ്രത്യേക രീതിയിൽ ഉണക്കിയെടുക്കുന്ന ചുക്ക് ധാരാളം ആയുർവേദ ഔഷധങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ചേരുവയാണ്. ചുക്കില്ലാത്ത കഷായമില്ലെന്ന ചൊല്ലും പ്രശസ്തമാണ്. കൂടാതെ നമ്മുടെ അടുക്കളയിലെ പ്രധാന സുഗന്ധവ്യജ്ഞനം കൂടിയാണ് ഇഞ്ചി. ശൃംഗവേരം, മഹൗഷധി, ശുണ്ഠി, നാഗരം എന്നീ പേരുകളിലൊക്കെയാണ് ആയുർവേദത്തിൽ ഇഞ്ചിയെ പരാമർശിക്കുന്നത്. സിഞ്ചിബെർ ഒഫിസിനേൽ എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഇഞ്ചി സിൻജിബറേസി സസ്യകുടുംബത്തിൽപ്പെടുന്നു. 

ഇതിന്റെ രാസഘടകങ്ങളിൽ ടർപീൻസും ഫിനോളിക് കോമ്പൗണ്ടുകളും ഉൾപ്പെടുന്നു. സിൻജിബെറിൻ, ബിസബോലിൻ, ഫർനെസീൻ, എന്ന ടർപീനുകളും ജിൻജറോൾ, ഷോഗയോർസ് പാരഡോൾസ് എന്ന ഫിനോളിക് കോമ്പൗണ്ടുകളും ഇതിലുണ്ട്. കൂടാതെ കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി എന്നിവയും അടങ്ങിയിട്ടുണ്ട്.ധാരാളം ഔഷധഗുണങ്ങളുള്ളതുക്കൊണ്ടുത്തന്നെ പല ആയുർവേദ ഔഷധയോഗങ്ങളിലും അലോപ്പതി ഔഷധങ്ങളിലും ചുക്ക് ഒരു പ്രധാന ഘടകമാണ്. ദഹനസംബന്ധമായ അസുഖങ്ങൾ വേദന, നീര്, ചുമ, ശ്വാസംമുട്ടൽ ഇത്തരം അസുഖങ്ങളിലും ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനും ചുക്കിന് കഴിവുണ്ട്. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ പല രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും. ശരീരഭാരം നിയന്ത്രിക്കാനും കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാനും ആർത്തവ വേദനകൾ കുറക്കാനും കഴിവുള്ള ചുക്ക് ഒരു മഹൗഷധം തന്നെയാണ്.

മുപ്പതു മുതൽ 90 സെന്റിമീറ്റർ വരെ വളരുന്ന ഇഞ്ചിയുടെ മുകൾഭാഗത്തെ സസ്യഭാഗം വർഷം തോറും നശിക്കുമെങ്കിലും മണ്ണിനടിയിലെ പ്രകന്ദം വളർന്നുകൊണ്ടിരിക്കും. ലോകത്തിൽ വച്ചേറ്റവും കൂടുതൽ ഇഞ്ചി കൃഷി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഒരുവിധം എല്ലാ സംസ്ഥാനങ്ങളിലും ഇഞ്ചി കൃഷി ചെയ്തുവരുന്നുണ്ട്. മഴയെ ആശ്രയിച്ചും കൃത്രിമ ജലസേചനത്തെ ആശ്രയിച്ചും ഇഞ്ചി കൃഷി നടത്താം. കിഴങ്ങ് മുറിച്ച് നട്ടാണ് പ്രജനനം നടത്തുന്നത്. കിഴങ്ങിൽ ഒന്നോ രണ്ടോ കണ്ണുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. 2.5-5 സെന്റി മീറ്റർ നീളവും 20-25 ഗ്രാം തൂക്കവുമുള്ള കഷണങ്ങളാണ് നടേണ്ടത്.

മേയ് മാസം ആദ്യവാരം, മൺസൂണിന് മുമ്പായി നടാം. ഫെബ്രുവരി മധ്യത്തിന് ശേഷം മാർച്ച് ആദ്യവാരങ്ങളിൽ നട്ട് അത്യാവശ്യം വേനൽമഴ ലഭിക്കുകയാണെങ്കിൽ അസുഖങ്ങൾ ഇല്ലാതെ നല്ല വിളവ് ലഭിക്കാറുണ്ട്. നന്നായി ഉഴുതുമറിച്ച നിലത്ത് ഒരു മീറ്റർ വീതിയിലും 30 സെന്റിമീറ്റർ ഉയരത്തിലും ബെഡുകൾ ഒരുക്കാം. ബെഡിന് മുകളിൽ ഉണക്കചാണകമോ കമ്പോസ്റ്റോ ഇട്ടുകൊടുക്കാം. നടുന്ന സമയത്ത് കുഴിയിലേക്ക് വളം ഇട്ടുകൊടുത്തതിന് ശേഷം നട്ടാലും മതി. കൂടെ വേപ്പിൻ പിണ്ണാക്ക് കൂടി ഇടുന്നതുക്കൊണ്ട് കീടബാധ അകലും.

നട്ടശേഷം 210-240 ദിവസം കൊണ്ട് പൂർണ്ണ വളർച്ച പ്രാപിക്കും. പച്ചക്കറി ആവശ്യത്തിനുള്ള ഇഞ്ചിക്കാണെങ്കിൽ 180 ദിവസം കഴിഞ്ഞ് വിളവെടുക്കാവുന്നതാണ്. ചുക്കിന്റെ ആവശ്യത്തിനാണെങ്കിൽ പൂർണ വളർച്ച എത്തിയ ശേഷം മുകളിലെ ഇലകൾ മഞ്ഞിച്ച് ഉണങ്ങുമ്പോൾ വിളവെടുക്കാം. വിളവെടുക്കുന്നതിന്റെ ഒരു മാസം മുമ്പ് നന നിർത്തിവെയ്ക്കണം. കിഴങ്ങുകൾ ശ്രദ്ധയോടെ കിളച്ച് പുറത്തെടുക്കണം.

ചുക്കിന്റെ ആവശ്യത്തിനായി സംസ്കരിക്കുമ്പോൾ മൊരി കളഞ്ഞ് വെയിലത്ത് ഉണക്കിയെടുക്കണം. 8-10 ദിവസം കൊണ്ട് നന്നായി ഉണങ്ങും. പറിച്ചെടുക്കുമ്പോഴുള്ള 80 ശതമാനം ജലാംശം ഉണങ്ങി 10 ശതമാനം ജലാംശം ആക്കി മാറ്റേണ്ടത് സുരക്ഷിതമായി സംരക്ഷിക്കാൻ ആവശ്യമാണ്.

ദീർഘക്കാലം കീടബാധ ഉണ്ടാകാതിരിക്കാൻ ബ്ലീച്ച് ചെയ്തും ഇഞ്ചി സംരക്ഷിക്കാറുണ്ട്. ഒരു കിലോ ചുണ്ണാമ്പ് 120 ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ മുക്കിയെടുത്ത ഇഞ്ചി വെയിലത്ത് ഉണക്കിയെടുക്കണം. ഉണങ്ങിയ ശേഷം വീണ്ടും ഈ പ്രക്രിയ ആവർത്തിക്കണം. ചുക്കും ദീർഘക്കാലം കേടാകാതെയിരിക്കുന്നതിന് ഇങ്ങനെ സംസ്കരിച്ചെടുക്കാം.

ചുക്കിന്റെ വിപണിവില കിലോയ്ക്ക് 170 മുതൽ 500 വരെയാകാറുണ്ട്. ഇഞ്ചിയുടെ വിപണിവില കിലോയ്ക്ക് 24 മുതൽ 200 വരെ ഉണ്ടാകാറുണ്ട്. ഏറ്റവും പുതിയ ഇഞ്ചിക്ക് കിലോയ്ക്ക് 700 വരെ വില ഉയരറുണ്ട്.