വാഹനം ഓടിക്കുന്ന ആൾക്ക് ചക്കപ്പഴം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥ. അരിഷ്ടം കുടിച്ചയാളും കുടുങ്ങി. മദ്യപിച്ചവരെ കുടുക്കാനാണ് ബ്രെത്തലൈസർ. എന്നാലിപ്പോ കുടിച്ചവരും കുടിക്കാത്തവരും കുടുങ്ങുന്ന സ്ഥിതിയാണ്. ഇനി മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകളിൽ ബ്രെത്തലൈസർ ഉപയോഗിക്കുന്നതിനു മുമ്പ് എയർ ബ്ലാങ്ക് ടെസ്റ്റ് നിർബന്ധമാക്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് കേരള ഹൈക്കോടതി. ഈ സമയം ഉപകരണത്തിൽ ‘0.000’ റീഡിങ് കാണിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. ഇതിനായി ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ പൊലീസ് ഡയറക്ടർ ജനറലിന് കേരള ഹൈക്കോടതി നിർദ്ദേശം നൽകി.
ബ്രെത്തലൈസർ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും മുൻ പരിശോധനകളിൽ നിന്നുള്ള ആൽക്കഹോളിന്റെ അശം അതിൽ കലർന്നിട്ടില്ലെന്നും ഉറപ്പാക്കുക എന്നതാണ് ബ്ലാങ്ക് ടെസ്റ്റിന്റെ പ്രാഥമിക ലക്ഷ്യമെന്നും കോടതി കൂട്ടിച്ചേർത്തു. പരിശോധന നടത്തിയ സമയത്തെ ബ്ലാങ്ക് ടെസ്റ്റ് റീഡിങ് ‘0.000’ എന്നതിനെ ആശ്രയിച്ചാണ്ബ്രെത്തലൈസർ പരിശോധനയുടെ ആധികാരികതയും സ്വീകാര്യതയും, വിലയിരുത്തുന്നതെന്നും കോടതി വിശദമാക്കി.
