വിസാറ്റിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

ഇലഞ്ഞി : വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥി യൂണിയൻറെ നേതൃത്വത്തിൽ ‘ജോർ ഖാനാ ‘ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ അധ്യക്ഷനായ ചടങ്ങിൽ വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ശ്രീ രാജു കുര്യൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡോ. ദിലീപ് മുഖ്യപ്രഭാഷണം നടത്തി എഞ്ചിനിയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ .അനൂപ് കെ ജെ, PRO ഷാജി ആറ്റുപുറം എന്നിവർ പ്രസംഗിച്ചു.
ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികൾ വീട്ടിൽ തയ്യാറാക്കി കൊണ്ടുവന്ന വിവിധ ഭക്ഷണ സാധനങ്ങൾ 10 സ്റ്റാളുകളിലായി സജ്ജീകരിച്ചു വ്യത്യസ്ത ഭക്ഷണ സാധനങ്ങൾ ചേർത്ത് വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ കൂട്ട് വിഭവങ്ങൾ, പായസങ്ങൾ, സലാഡുകൾ, വിവിധതരം ഡ്രിങ്കുകൾ, പഴംപൊരി ബീഫ്, സിംഗപ്പൂർ ഷാംപെയിൻ, പാനിപൂരി, മോമോസ് എന്നിവ ഫെസ്റ്റിൽ ശ്രദ്ധേയമായി.
കോളേജ് യൂണിയൻ ചെയർമാൻ അതുൽ അനിൽ സ്വാഗതവും ജനറൽ സെക്രട്ടറി അജയ് എൻ എസ് നന്ദിയും രേഖപ്പെടുത്തി. ആർട്സ് ആൻഡ് സയൻസ് എൻജിനീയറിങ് കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ഫെസ്റ്റിൽ പങ്കെടുത്തു.യൂണിസിസ് ഗ്രൂപ്പ് ഓഫ് കമ്പനി സീനിയർ എൻജിനീയർ ശ്രീ ബിനു പിള്ള ,ജനറൽ മാനേജർ ഗ്രിഗറി കോട്ടശ്ശേരി എന്നിവർ മുഖ്യാതിഥികളായിരുന്നു.

പോസ്റ്റ് ബോക്സുകൾ പോകുന്നില്ല : അവസാനിക്കുന്നത് തപാൽ വകുപ്പിൻ്റെ ‘രജിസ്റ്റേർഡ് പോസ്റ്റ്’ സേവനം

തപാൽ വകുപ്പിൻ്റെ 50 വർഷത്തിലേറെ പഴക്കമുള്ള രജിസ്റ്റേർഡ് പോസ്റ്റ് സേവനം 2025 സെപ്റ്റംബർ 1 മുതൽ നിർത്തലാക്കുന്നു. സ്പീഡ് പോസ്റ്റുമായി സേവനം ലയിപ്പിക്കാനാണ് തീരുമാനം. വിശ്വാസ്യത, താങ്ങാനാവുന്ന നിരക്ക്, നിയമസാധുത എന്നിവയാലാണ് രജിസ്റ്റേർഡ് പോസ്റ്റ് ജനപ്രീതി നേടിയിരുന്നത്. ജോലി ഓഫറുകൾ, നിയമനോട്ടീസുകൾ, സർക്കാർ കത്തിടപാടുകൾ എന്നിവ അയക്കാനാണ് ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നത്. രജിസ്റ്റേർഡ് പോസ്റ്റ് സേവനമാണ് തപാൽ വകുപ്പ് അവസാനിപ്പിക്കുന്നതെങ്കിലും പോസ്റ്റ് ബോക്സുകളുടെ സേവനം അവസാനിക്കുന്നുവെന്ന തെറ്റിദ്ധാരണ ചിലർക്കുണ്ട്.

2011-12 ൽ 244.4 ദശലക്ഷം രജിസ്റ്റേർഡ് പോസറ്റുകൾ ഉണ്ടായിരുന്നത് 2019-20 ൽ 184.6 ദശലക്ഷമായി 25% കുറഞ്ഞു. ഡിജിറ്റൽ സേവനങ്ങളുടെ വ്യാപനവും സ്വകാര്യ കൊറിയർ, ഇ-കൊമേഴ്സ് ലോജിസ്റ്റിക്സ് സേവനങ്ങളുടെ മത്സരവും ഇതിന് കാരണമായതായാണ് വിലയിരുത്തൽ. സ്പീഡ് പോസ്റ്റിന് കീഴിൽ സേവനങ്ങൾ ഏകീകരിച്ച് ട്രാക്കിങ് കൃത്യത, വേഗത, പ്രവർത്തനക്ഷമത എന്നിവ മെച്ചപ്പെടുത്താനാണ് തപാൽവകുപ്പ് ലക്ഷ്യംവെക്കുന്നത്.

എന്നാൽ സ്പീഡ് പോസ്റ്റിന്റെ ഉയർന്ന നിരക്ക് സ്ഥിരമായി രജിസ്റ്റേർഡ് പോസ്റ്റ് ഉപയോഗിച്ചിരുന്നവർക്ക് ആശങ്കയുണ്ടാക്കുന്നതാണ്. രജിസ്റ്റേർഡ് പോസ്റ്റിന് 25.96 രൂപയും ഓരോ 20 ഗ്രാമിനും 5 രൂപയുമായിരുന്നു നിരക്ക്. എന്നാൽ സ്പീഡ് പോസ്റ്റിന് 50 ഗ്രാമിന് 41 രൂപയാണ് നിരക്ക്, ഇത് 20-25% കൂടുതലാണ്. ഈ വില വർധന ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ തപാൽ സേവനങ്ങളെ ആശ്രയിക്കുന്ന ചെറുകിട വ്യാപാരികൾ, കർഷകർ എന്നിവരെ  ബാധിച്ചേക്കും. ബാങ്കുകൾ, സർവകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ രജിസ്റ്റേർഡ് പോസ്റ്റുകളെ കൂടുതൽ ആശ്രയിച്ചിരുന്നു.

ഓണക്കാലത്ത് ഗിഫ്റ്റ് കാർഡ് പദ്ധതിയുമായി സപ്ലൈകോ.

വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കി സപ്ലൈകോ.

18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങൾ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, ഒമ്പത് ശബരി ഉൽപന്നങ്ങൾ അടങ്ങിയ ശബരി സിഗ്‌നേച്ചർ കിറ്റ് എന്നിവയാണ് പുറത്തിറക്കിയത്.

500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിന് തയാറാണ്

.

21 പേര്‍ക്ക് കോടിപതിയാകാം; വമ്പന്‍ സമ്മാനങ്ങളുമായി ഓണം ബംപറെത്തി.

ഓണം കളറാക്കാൻ തിരുവോണം ബംപർ പുറത്തിറക്കി ലോട്ടറി വകുപ്പ്. 500 രൂപ ചെലവാക്കി ഓണം ബംപറെടുത്താല്‍ 21 പേര്‍ക്ക് കോടിപതികളാകാം എന്നതാണ് ബംപറിന്‍റെ പ്രത്യേകത. 25 കോടി ഒന്നാം സമ്മാനം നല്‍കുന്ന തിരുവോണം ബംപര്‍ ടിക്കറ്റിന്‍റെ വില 500 രൂപയാണ്. സെപ്റ്റംബർ 27 ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. 

കഴിഞ്ഞ വർഷത്തെ അതേ സമ്മാനഘടനയാണ് ഇത്തവണയും. പത്ത് സീരീസുകളിൽ ആണ് ടിക്കറ്റുകൾ പ്രിൻറ് ചെയ്തിരിക്കുന്നത്. ടിഎ, ടിബി, ടിസി, ടിഡി. ടിഇ, ടിജി, ടിഎച്ച്, ടിജെ, ടികെ, ടിഎല്‍ എന്നീ സീരിസുകളിലായി ഓണം ബംപര്‍ ലഭിക്കും. ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. ഓരോ സീരീസിലും രണ്ട് ടിക്കറ്റുകൾക്ക് ഒരു കോടി വീതം ലഭിക്കും. 50 ലക്ഷം വീതം 20 പേർക്ക് മൂന്നാം സമ്മാനം നൽകും. ഓരോ സീരീസിലും രണ്ട് സമ്മാനം ലഭിക്കും.

നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. 10 പേര്‍ക്ക് സമ്മാനം ലഭിക്കും. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ 10 പേര്‍ക്ക് ലഭിക്കും. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം 1,000 രൂപയുമാണ്. അവസാന സമ്മാനമായി 500 രൂപയും ലഭിക്കും. സമാശ്വാസ സമ്മാനമായി ഒന്‍പതുപേര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കും. ആകെ 5,34,670 പേര്‍ക്ക് 125.54 കോടി രൂപയാണ് ഓണം ബംപറില്‍ സമ്മാനത്തുകയായി നല്‍കുക.  

കഴിഞ്ഞ വർഷം 71.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഇത്തവണ അതിനെ മറികടക്കുന്ന വില്പനയാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ.

മഴ കനക്കുന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്.

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കും. തിങ്കളാഴ്ച അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഇതിനിടെ, വയനാട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ഈ ജില്ലകളിലുള്ളവർ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി, സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നാണ് നിർദേശം.

ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മില്ലീ മീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ ലഭിക്കുന്ന മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കൻ തമിഴ്‌നാടിനും മന്നാർ കടലിടുക്കിനും മുകളിലായി അന്തരീക്ഷത്തിന്‍റെ ഉയർന്ന ലെവലിലാണ് ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നത്. ഇത് കണക്കിലെടുത്ത് കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കടൽതീരങ്ങളിൽ ശക്തമായ തിരമാലയും കാറ്റുമുണ്ടാകുമെന്നതിനാൽ തീരദേശവാസികൾ ജാഗ്രതപാലിക്കണം.കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മൂന്നുമക്കളിൽ നടുക്കത്തെയാളാണോ? നിങ്ങളെക്കുറിച്ചാണ് ഈ ശുഭവാർത്ത.

മക്കളിൽ രണ്ടാമതായിട്ടുള്ളവരെക്കുറിച്ച് നിരന്തരം നിരവധി കാര്യങ്ങൾ നമ്മൾ വായിക്കാറുണ്ട്. രണ്ടാമത്തെ കുട്ടികൾ വാശിക്കാരായിരിക്കും, അവർ മറ്റു കുട്ടികളെ അപേക്ഷിച്ച് റിബലുകളായിരിക്കും അങ്ങനെയങ്ങനെ. എന്നാൽ, ഈ ആരോപണങ്ങൾ എല്ലാം കാറ്റിൽ പറത്തി കൊണ്ടാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്. സഹോദരങ്ങളിൽ നടുവിൽ ജനിച്ച കുട്ടി സത്യസന്ധത, വിനയം, അംഗീകരിക്കാനുള്ള മനസ്സ് എന്നിവ ഉയർന്ന അളവിൽ പ്രകടിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. കാൽഗറി സർവകലാശാലയിലെ ഗവേഷകരായ മൈക്കൽ സി ആഷ്ടണും കിബിയോം ലീയും നടത്തിയ പഠനത്തിലാണ്  ഈ കണ്ടെത്തൽ. സഹോദരങ്ങളിൽ നടുക്കത്തെയാൾ തങ്ങളുടെ മറ്റുള്ള സഹോദരങ്ങളെ അപേക്ഷിച്ച് ഉയർന്ന തലത്തിലുള്ള സത്യസന്ധതയും വിനയവും പ്രകടിപ്പിക്കുന്നവരെന്നാണ് കണ്ടെത്തൽ. നാഷണൽ അക്കാദമി ഓഫ് സയൻസസിൻ്റെ പ്രൊസീഡിംഗ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സത്യസന്ധത, ദയ, വിനയം തുടങ്ങിയ നല്ല ഗുണങ്ങൾ നടുവിലുള്ള കുട്ടികളിൽ മറ്റ് സഹോദരങ്ങളെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജനിക്കുന്ന ക്രമം വ്യക്തിത്വത്തിന് സംഭാവന നൽകുന്നതായി വളരെക്കാലമായി കരുതപ്പെട്ടിരുന്നു. എന്നാൽ, ചില സമീപകാല ഗവേഷണങ്ങൾ ഇത് നിസ്സാരമായിരിക്കാമെന്ന് സൂചിപ്പിച്ചിരുന്നു.

സഹോദരങ്ങൾക്ക് ഇടയിൽ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഗവേഷകർ ഹെക്സാകോ വ്യക്തിത്വ പട്ടികയാണ് ഉപയോഗിച്ചത്. ഇതിൽ, സത്യസന്ധത, വിനയം, വൈകാരികത, മനസ്സാക്ഷി തുടങ്ങിയ ആറ് സ്വഭാവവിശേഷങ്ങൾ ആണ് പഠനവിധേയമാക്കിയത്. ലോകമെമ്പാടുമുള്ള 700,000 മുതിർന്നവരെ ഉൾപ്പെടുത്തിയാണ് ആദ്യഗ്രൂപ്പിൻ്റെ ഗവേഷണം നടത്തിയത്.

രണ്ടാമത്തെ ഗ്രൂപ്പിൽ 70,000 പേരെയാണ് ഉൾപ്പടുത്തിയത്. രണ്ടു ഗ്രൂപ്പുകളിലും മധ്യനിരയിലുള്ള കുട്ടികൾ സത്യസന്ധത, വിനയം എന്നിവയിൽ മുൻനിരയിൽ എത്തി. കൂടുതൽ സഹോദരങ്ങൾ ഉള്ളവർ കൂടുതൽ സത്യസന്ധരാണെന്നും പഠനത്തിൽ കണ്ടെത്തി. ഒറ്റകുട്ടികൾക്കും പ്രത്യേകതകളുണ്ട്. സഹോദരങ്ങൾ ഉള്ളവരേക്കാൾ ഒറ്റകുട്ടികൾ തുറന്ന മനസ്സുള്ളവരാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ജനനക്രമവും സഹോദരങ്ങളുടെ എണ്ണവും വ്യക്തിത്വത്തിൽ സ്വാധീനം ചെലുത്തുന്നില്ലെന്ന സമീപകാല ഗവേഷണങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇവരുടെ കണ്ടെത്തലുകൾ. അതേസമയം, നടുവിലെ കുട്ടികളുടെ വ്യക്തിത്വപ്രഭാവം വ്യക്തമാകുന്നതിന്  കൂടുതൽ ഗവേഷണങ്ങൾ ഇനിയും വേണ്ടി വന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ.

സെപ്​റ്റംബർ ഒന്നുമുതൽ രജിസ്ട്രേഡ് തപാൽ ഇല്ല.

തപാൽ വകുപ്പ് രജിസ്ട്രേഡ് തപാൽ സംവിധാനം നിർത്തലാക്കുന്നു. സെപ്​റ്റംബർ ഒന്നിന് ഇത് പ്രാബല്യത്തിൽവരും. ഇനി സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമാണ് ഉണ്ടാവുക. രജിസ്ട്രേഡ് തപാൽ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുകയാണെന്ന് കേന്ദ്ര തപാൽ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു.

തപാൽ സേവനം കാര്യക്ഷമമാക്കാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനുമാണ് ഈ മാറ്റം എന്നാണ് ഉത്തരവിൽ പറയുന്നത്. എല്ലാ വകുപ്പുകളും ഡയറക്ടറേറ്റുകളും നിലവിൽ അവരുടെ സംവിധാനം പുതിയ രീതിയിലേക്ക് മാറ്റാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണം.

‘രജിസ്ട്രേഡ് പോസ്റ്റ്’ എന്ന് രേഖപ്പെടുത്തുന്നത് ഒഴിവാക്കുകയോ പകരം ‘സ്പീഡ് പോസ്റ്റ്’ എന്ന് രേഖപ്പെടുത്തുകയോ വേണം. മുന്നൊരുക്കം ഉടൻ പൂർത്തിയാക്കി ഈ മാസം 31നകം എല്ലാ വകുപ്പുകളും റിപ്പോർട്ട് അയക്കണമെന്നും ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (മെയിൽ ഓപറേഷൻസ്) ദുഷ്യന്ത് മുദ്ഗൽ നിർദേശിച്ചു

സപ്ലൈകോയിൽ ജൂലൈ 31 വരെ പ്രത്യേക വിലക്കുറവ്

ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി സ​പ്ലൈ​കോ വി​ൽ​പ​ന​ശാ​ല​ക​ളി​ൽ വി​ല​ക്കു​റ​വ്. ഹാ​പ്പി അ​വേ​ഴ്സ് എ​ന്ന പേ​രി​ൽ ജൂ​ലൈ 31 വ​രെ ഉ​ച്ച​ക്ക്​ ര​ണ്ടു​ മു​ത​ൽ നാ​ലു​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത സ​ബ്സി​ഡി ഇ​ത​ര ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് വി​ല​ക്കു​റ​വ് ന​ൽ​കു​ന്ന​ത്.

സാ​ധാ​ര​ണ ല​ഭി​ക്കു​ന്ന വി​ല​ക്കു​റ​വി​നേ​ക്കാ​ൾ 10 ശ​ത​മാ​നം ​വ​രെ വി​ല​ക്കു​റ​വ് ല​ഭി​ക്കും. അ​രി, എ​ണ്ണ, സോ​പ്പ്, ശ​ർ​ക്ക​ര, ആ​ട്ട, റ​വ, മൈ​ദ, ഡി​റ്റ​ർ​ജ​ന്റു​ക​ൾ, ടൂ​ത്ത് പേ​സ്റ്റ്, സാ​നി​റ്റ​റി നാ​പ്കി​ൻ തു​ട​ങ്ങി​യ​വ​ക്ക്​ അ​ധി​ക വി​ല​ക്കു​റ​വു​ണ്ട്

സ്വന്തമായി റെയില്‍വേ സ്‌റ്റേഷനുംട്രെയിനും; ആരായിരുന്നു ഇന്ത്യക്കാരനായ ആ സമ്പന്നന്‍.

ഇന്ത്യയിലെ ഏറ്റവും ധനികനായ നവാബുമാരില്‍ ഒരാളായിരുന്നു ഇദ്ദേഹം.യാത്രചെയ്യാന്‍ സ്വന്തമായി വിമാനമുള്ള പല സമ്പന്നരും ഇന്നത്തെക്കാലത്തുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് 1966 കാലഘട്ടത്തില്‍ സ്വന്തമായി യാത്ര ചെയ്യാന്‍ ട്രെയിനും റെയില്‍വേ സ്‌റ്റേഷനും ഒക്കെ ഉണ്ടായിരുന്ന ഒരാളെക്കുറിച്ച് കേട്ടിട്ടുണ്ടോ. അതും നമ്മുടെ ഇന്ത്യയില്‍ ഉണ്ടായിരുന്ന അതിസമ്പന്നനായ ഒരു രാജാവിനെക്കുറിച്ച്. സ്വന്തമായി ട്രെയിന്‍ ഉണ്ടെന്ന് മാത്രമല്ല ഇദ്ദേഹത്തിന്റെ താമസ സ്ഥലം വരെ ട്രെയിന്‍ എത്തുകയും ചെയ്യും. ചുരുക്കിപറഞ്ഞാല്‍ സ്വന്തം വീട്ടുമുറ്റത്ത് വന്നിറങ്ങാം. ബ്രട്ടീഷ് ഇന്ത്യാ കാലത്ത് ജീവിച്ചിരുന്ന നവാബ് ഹാമിദ് അലി ഖാനാണ് ഈ നവാബ്. ഇന്നത്തെ ഉത്തര്‍പ്രദേശിലെ റാംപൂര്‍ നാട്ടുരാജ്യത്തെ ഭരണാധികാരിയായിരുന്നു ഇദ്ദേഹം.

വളരെ സമ്പന്നമായ ജീവിതശൈലി ആസ്വദിച്ചിരുന്ന ആളായിരുന്നു നവാബ് ഹമീദ് അലി ഖാന്‍. യാത്ര ചെയ്യാന്‍ രണ്ട് റോയല്‍ സലൂണ്‍ കോച്ചുകളായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മനോഹരമായ ഫര്‍ണിച്ചറുകള്‍, പേര്‍ഷ്യന്‍ പരവതാനികള്‍, ഇന്ത്യന്‍ വെജിറ്റേറിയന്‍, ഇംഗ്ലീഷ് നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ വിളമ്പുന്ന അടുക്കളകള്‍ എന്നിവയാല്‍ സജ്ജീകരിച്ച കോച്ചുകള്‍ വെറും കമ്പാര്‍ട്ടുമെന്റുകള്‍ മാത്രമായിരുന്നില്ല, മറിച്ച് ചലിക്കുന്ന രാജകൊട്ടാരങ്ങളായിരുന്നു.

1954-ലെ വിഭജനത്തിനുശേഷം നവാബ് രണ്ട് രാജകീയ കോച്ചുകളും ഇന്ത്യ ഗവണ്‍മെന്റിന് സമ്മാനിച്ചു. 1966 വരെ കോച്ചുകള്‍ ഉപയോഗത്തില്‍ തുടര്‍ന്നു. 1966-ല്‍ അദ്ദേഹത്തിന്റെ മരണശേഷം, സ്റ്റേഷനിലെ പ്രവര്‍ത്തനം ഗണ്യമായി കുറയുകയും ഒടുവില്‍ അടച്ചുപൂട്ടുകയും ചെയ്യുകയായിരുന്നു.

പഴയ ടിവി, ഫ്രിജ്, വാഷിങ് മെഷീൻ, കംപ്യൂട്ടർ എന്നിവ ഹരിതകർമസേന വാങ്ങും.

 വർഷങ്ങളായി വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിക്കിടക്കുന്ന ഇ–മാലിന്യങ്ങൾ ഇനി പണം വാങ്ങി വിൽക്കാം. ജില്ലയിലെ ഹരിതകർമസേനാംഗങ്ങൾ ഇ–മാലിന്യം വില നൽകി ശേഖരിക്കാനുള്ള നടപടി തുടങ്ങി. ഓഗസ്റ്റ് 15 വരെ ജില്ലയിലെ എല്ലാ നഗരസഭകളിലും ആദ്യ ഘട്ടമായി പദ്ധതി നടപ്പാക്കും. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

ക്ലീൻ കേരള കമ്പനിയാണു ഹരിത കർമസേന വഴി ശേഖരിക്കുന്ന ഇ-മാലിന്യങ്ങൾ നഗരസഭകളിൽനിന്ന് ഏറ്റെടുക്കുന്നത്. ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, കുടുംബശ്രീ എന്നിവയുടെ പിന്തുണയോടെയും അതതു നഗരസഭകളുടെ നേതൃത്വത്തിലുമാണു ശേഖരണം നടപ്പിലാക്കുന്നത്. എല്ലാ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഇ-മാലിന്യം ശേഖരിക്കും.
മാലിന്യത്തിന്റെ അളവ് അനുസരിച്ച് പണം നൽകും. അപകടകരമല്ലാത്ത ഇലക്ട്രോണിക്- ഇലക്ട്രിക്കൽ ഗണത്തിൽപെടുന്ന 44 ഇനങ്ങളാണു ഹരിത കർമസേന വില നൽകി ശേഖരിക്കുന്നത്. ടിവി, ഫ്രിജ്, വാഷിങ് മെഷീൻ, മൊബൈൽ ഫോൺ, ഇസ്തിരിപ്പെട്ടി, കംപ്യൂട്ടർ തുടങ്ങിയവ ശേഖരിക്കും. ഓരോ ഇനത്തിനും കിലോഗ്രാം നിരക്കിൽ വില നൽകും.

രണ്ടാംഘട്ടത്തിൽ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പുനഃസംസ്കരണത്തിനു യോഗ്യമായ മാലിന്യത്തിനാണു പണം ലഭിക്കുക.ശേഖരിക്കുന്ന മാലിന്യം ഹരിതകർമസേന ക്ലീൻ കേരള കമ്പനിക്ക് കൈമാറും. കമ്പനി സേനാംഗങ്ങൾക്ക് ശേഖരിച്ച ഇ-മാലിന്യങ്ങളുടെ പണം നൽകും ശേഖരിക്കേണ്ട മാലിന്യങ്ങൾ, പുനഃസംസ്കരണം സാധ്യമായവ, അപകടകരമായവ, ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങൾ, ഇ-മാലിന്യത്തിന്റെ വില എന്നീ വിഷയങ്ങളിൽ ഹരിതകർമസേനാംഗങ്ങൾക്കു പരിശീലനവും നൽകും.