ചക്കപ്പഴം കഴിച്ചാല്‍ ‘ഫിറ്റ്’ആകുമോ?

ചക്കപ്പഴം കഴിച്ചാല്‍ ‘ഫിറ്റ്’ആകുമോ?, കുടിനിര്‍ത്താനുറച്ച മദ്യപന്‍മാര്‍ ഇനി താല്‍ക്കാലികാശ്വാസത്തിനു ചക്കയുടെ പിന്നാലെ പാ‍ഞ്ഞേക്കും. കാരണം അത്തരമൊരു അനുഭവമാണ് കഴിഞ്ഞ ദിവസം പന്തളത്തുണ്ടായത്. ചക്കപ്പഴം കഴിച്ച കെഎസ്ആർടിസി പന്തളം ഡിപ്പോയിലെ 3 ജീവനക്കാർ ബ്രത്തനലൈസർ പരിശോധനയിൽ കുടുങ്ങി. മദ്യപിച്ചിട്ടില്ലെന്നു മൂന്ന് ജീവനക്കാരും പറഞ്ഞതോടെ, ആദ്യം നടത്തിയ പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞ ജീവനക്കാരനെ വിളിച്ചു. 

ചക്കപ്പഴം കൊടുത്ത ശേഷം വീണ്ടും പരിശോധിച്ചു. പിന്നീടുള്ള പരിശോധനയിൽ അദ്ദേഹവും ‘ഫിറ്റ്’ ആയി . ഇതോടെ തേൻവരിക്കയാണു പ്രതിയെന്നുറപ്പിച്ചു. എല്ലാവരെയും നിരപരാധികളായി പ്രഖ്യാപിച്ചു. കൊട്ടാരക്കര സ്വദേശിയായ ജീവനക്കാരനാണ് ഇന്നലെ ചക്കപ്പഴവുമായെത്തിയത്. രാവിലെ 6ന് ഡ്യൂട്ടിക്കിറങ്ങും മുൻപ്  ചക്കപ്പഴം കഴിച്ച ആളാണ്  ആദ്യം കുടുങ്ങിയത്. ഇതോടെ ഡിപ്പോയിൽ ചക്കപ്പഴത്തിന് വിലക്കേർപ്പെടുത്തി. നല്ല മധുരമുള്ള പഴങ്ങൾ പഴക്കം മൂലം പുളിച്ചാൽ അതിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിയും. പുളിക്കാൻ സഹായിക്കുന്ന ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ ഘടകങ്ങൾ ചക്കപ്പഴത്തിലുണ്ട്. എന്നാൽ ചക്കപ്പഴം ആ അവസ്‌ഥയിൽ കഴിക്കാൻ പോലും പ്രയാസമായിരിക്കും എന്നാണ് വിദഗ്‌ധർ പറയുന്നത്.