ചരിത്രമെഴുതി ശുഭാംശു; ആക്സിയം 4 വിക്ഷേപണം വിജയം.

രാകേഷ് ശർമക്കുശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ചരിത്രമെഴുതാൻ ശുഭാംശു ശുക്ല. ശുഭാംശു ശുക്ല അടങ്ങുന്ന സംഘത്തിന്‍റെ ബഹിരാകാശ യാത്ര ‘ആക്സിയം 4’ ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01നായിരുന്നു വിക്ഷേപണം.

ഇന്ത്യൻ എയർ ഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശുവിനെ കൂടാതെ മൂന്ന് യാത്രികർ കൂടിയാണ് ആക്സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. സംഘത്തെ വഹിച്ചുള്ള ഡ്രാഗൺ ക്രൂ മൊഡ്യൂൾ, സ്പേസ് എക്സിന്റെ ഫാൽക്കൺ നയൻ റോക്കറ്റിലാണ് കുതിച്ചുയർന്നത്. ശുഭാംശു ശുക്ലയ്ക്ക് പുറമേ, യു.എസിൽ നിന്നുള്ള പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽ നിന്നുള്ള സ്ലാവസ് ഉസ്നാൻസ്കി വിസ്നിയേവിസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപ്പു എന്നിവരാണ് യാത്രികർ‌. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 14 ദിവസത്തെ ദൗത്യമാണ് സംഘത്തിനുള്ളത്.

രാകേഷ് ശർമക്കുശേഷം 41 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക് പോകുന്നത്. ദൗത്യം വിജയിക്കുന്നതോടെ ബഹിരാകാശ നിലയം തൊടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതിയും ശുഭാംശു ശുക്ല സ്വന്തമാക്കും.

നാസ, ഐ.എസ്.ആർ.ഒ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നില‌യത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണ് ആക്സിയം 4. അമേരിക്കൻ സ്വകാര്യ കമ്പനിയായ ആക്‌സിയം സ്‌പേസാണ് ദൗത്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഐ.എസ്.ആർ.ഒയും ആക്‌സിയവും നാസയും സ്‌പേസ് എക്‌സും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ് യാത്ര.

നേരത്തെ പലതവണ മാറ്റിവെച്ചതാണ് ആക്സിയം ദൗത്യം. ഇതിനുമുമ്പ് ദൗത്യം ജൂൺ 19 ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, മോശം കാലാവസ്ഥയും രാജ്യാന്തര നിലയത്തിലെ സാങ്കേതിക പ്രശ്നങ്ങളും കാരണം വിക്ഷേപണ തീയതി വീണ്ടും മാറ്റുകയായിരുന്നു.

പേടകം നാളെ വൈകീട്ട് നാലരയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. മൈക്രോ ഗ്രാവിറ്റിയിൽ പേശികളുടെ പുനരുജ്ജീവനത്തെ കുറിച്ചുള്ള പഠനമാണ് പ്രധാനമായും ശുഭാംശു ശുക്ല നടത്തുക. കൂടാതെ ഇന്ത്യയിൽ നിന്ന് ഐഎസ്ആർഒ തെരഞ്ഞെടുത്ത ഏഴ് ഗവേഷണങ്ങളും അദ്ദേഹം നടത്തും.