വൈകീട്ടത്തെ ചായസമയം ഒരു ചെറിയ പാക്കറ്റ് ബിസ്കറ്റെങ്കിലും ഇല്ലാതെ പല ഇന്ത്യൻ വീടുകളിലും പൂർണമാകില്ല. ഗ്ലൂക്കോസ് ബിസ്കറ്റുകൾ മുതൽ ക്രീം നിറച്ച കുക്കികൾ വരെ ഈ സ്ഥാനത്തുണ്ടാകാം. വർഷങ്ങൾക്കിടയിൽ ബിസ്കറ്റുകളിൽ പല രൂപമാറ്റങ്ങളും കമ്പനികൾ വരുത്തി. ഡയറ്റ് പതിപ്പുകൾ, ഓട്സ് അടങ്ങിയവ, മൾട്ടിഗ്രെയിൻ, ദഹനത്തെ സഹായിക്കുന്നവ എന്നിവയെല്ലാം ചായയ്ക്കൊപ്പമുള്ള രുചിയായി മുന്നിലെത്തി. എന്നാൽ, കൃത്യമായി പരിശോധിക്കുമ്പോൾ ‘ആരോഗ്യകരമെന്ന്’ നമ്മൾ വിശ്വസിക്കുന്ന പല ബിസ്കറ്റുകളിലും ഇപ്പോഴും മൈദയും പഞ്ചസാരയും സംസ്കരിച്ച കൊഴുപ്പുകളുമാണുള്ളത്. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം എന്നിവ രാജ്യത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ ശീലത്തെ ഇപ്പോൾ ആരോഗ്യരംഗത്തെ വിദഗ്ധർ ചോദ്യം ചെയ്യുകയാണ്. മിക്ക ബിസ്കറ്റുകളിലും മൈദ, പഞ്ചസാര, സംസ്കരിച്ച കൊഴുപ്പുകൾ എന്നിവയിൽ നിന്നാണ് ഉണ്ടാക്കുന്നതെന്നാണ് മുംബൈയിലെ വൊക്കാഡ് ആശുപത്രിയിലെ ഡയറ്റീഷ്യനും ന്യൂട്രീഷ്യനിസ്റ്റുമായ ഡോ. അമ്രീൻ ഷെയ്ഖിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേറിപ്പോർട്ട് ചെ്യതു. ഇവയിൽ ഫൈബറുകളും പോഷകങ്ങളും കുറവാണ്. അതിനാൽ, വളരെ കുറഞ്ഞ പോഷകഗുണങ്ങൾ മാത്രമുള്ള കലോറി ഉപഭോഗമാണ് ബിസ്കറ്റുകൾ. പതിവായി ഇവ കഴിക്കുന്നത് ഗുണകരമല്ല.
ക്രീം ബിസ്ക്കറ്റുകളേക്കാൾ സാധാരണ ബിസ്ക്കറ്റുകൾ സുരക്ഷിതമാണെന്ന് പലരും കരുതുന്നു. ക്രീം ബിസ്കറ്റുകളെ അപേക്ഷിച്ച് അത്ര അനാരോഗ്യകരമല്ലെന്ന് തോന്നുമെങ്കിലും രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, കൊഴുപ്പ് എന്നിവയെ പ്രതികൂലമായി ഇവ രണ്ടും ബാധിക്കുമെന്ന് ഡോക്ടർ പറയുന്നു. കൂടാതെ, ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങളേയും ദിവസേന ബിസ്കറ്റ് കഴിക്കുന്നത് ബാധിക്കും.
അതേസമയം, ആരോഗ്യകരമായ രീതിയിൽ ഒരു ബിസ്കറ്റ് തിരഞ്ഞെടുക്കാൻ സാധ്യമാണെന്നാണ് ഡോക്ടർ പറയുന്നത്. അതിനായി ആദ്യത്തെ മൂന്ന് ചേരുവകൾ പരിശോധിക്കേണ്ടതുണ്ട്. അവയിൽ റിഫൈൻഡ് ഫ്ലോർ, ഹൈഡ്രജനേറ്റഡ് ഫാറ്റ്, പഞ്ചസാര എന്നിവയാണ് അടങ്ങിയിട്ടുള്ളത് എങ്കിൽ അതൊരു അപകടസൂചനയാണ്. ഉയർന്ന ഫൈബർ, മുഴുവൻ ധാന്യങ്ങൾ, പഞ്ചസാരയില്ലാത്ത ബിസ്കറ്റുകൾ എന്നിവ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
