ബഹിരാകാശത്തു നിന്നു കാണാവുന്ന ഏക മനുഷ്യനിർമിത വസ്തു–ചൈനീസ് വന്മതിലിനെക്കുറിച്ച് കാലങ്ങളായി പ്രചരിക്കുന്ന ഒരു മിത്ത് ആണിത്. ബഹിരാകാശമേഖലയുമായി ബന്ധപ്പെട്ടുള്ള ഏറെ പ്രശസ്തമായ ഒരു പ്രചാരണമാണ് ഇത്. പ്രാചീന ലോകത്തെ മഹാദ്ഭുതങ്ങളിലൊന്നാണ് ചൈനീസ് വന്മതിൽ. ചൈനയെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തുന്നതാണ് ഈ ചരിത്രനിർമിതി. എന്നാൽ ഇതു ബഹിരാകാശത്തെ ലോവർ എർത്ത് ഓർബിറ്റിൽനിന്നുപോലും കാണാൻ സാധിക്കില്ലെന്ന് നാസ സ്ഥിരീകരിച്ചിട്ടുണ്ട്.
നീൽ ആംസ്ട്രോങ്, ക്രിസ് ഹാഡ്ഫീൽഡ് തുടങ്ങിയവരും ഈ വാദത്തെ പിന്തുണയ്ക്കുന്നു. ഡാമുകൾ, നഗരങ്ങൾ എന്നിവയൊക്കെ ചിലപ്പോൾ ബഹിരാകാശത്തു നിന്ന് ദർശിക്കാം. എന്നാൽ അത്ര വീതിയില്ലാത്ത വൻമതിൽ ദൃശ്യമല്ല. ചൈനയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ യാങ് ലിവിയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
ചന്ദ്രനിൽനിന്നു പോലും വന്മതിൽ കാണാനൊക്കുമെന്നൊക്കെ ഇടയ്ക്കു പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇതു പൂർണമായും വസ്തുതാവിരുദ്ധമാണ്. ഒരു മനുഷ്യനിർമിത ഘടനയും 3.84 ലക്ഷം കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽനിന്നു കാണാനാകില്ല.ചൈനയുടെ വടക്കൻ മേഖലയിൽ നിന്നു ഭീഷണിയുയർത്തിയ നാടോടികളായ അക്രമണകാരികളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് ചക്രവർത്തിമാർ മതിൽ നിർമിച്ചത്. പല തലമുറകളിൽപെട്ട ചക്രവർത്തിമാർ മതിൽനിർമാണത്തിൽ ഏർപ്പെട്ടിരുന്നു. ചൈനയിൽ എഡി 1368 കാലയളവിൽ സ്ഥാപിതമായ മിങ് സാമ്രാജ്യമാണ് പ്ലാറ്റ്‌ഫോമുകളും കാവൽപ്പുരകളുമൊക്കെ നിർമിച്ച് ഇന്നത്തെ രീതിയിൽ വന്മതിലിനെ ഗംഭീരസ്ഥിതിയിലെത്തിച്ചത്.5500 കിലോമീറ്റോളം വന്മതിൽ നീണ്ടുകിടക്കുകയാണ്.
പിൽക്കാലത്ത് ചൈനയിലെ മഞ്ചു സാമ്രാജ്യത്തിലെ ചക്രവർത്തിമാർ ഈ മതിലിനപ്പുറമുള്ള പ്രദേശങ്ങൾ കീഴടക്കിയതോടെ അതിർത്തിയെന്ന നിലയിൽ വന്മതിൽ വഹിച്ചുവന്ന പ്രാധാന്യം ഇല്ലാതെയായി. എങ്കിലും ഈ വന്മതിൽ നിലനിൽക്കുകയാണ്, ഒരു വലിയ സാംസ്‌കാരിക പ്രതീകമായി.
