ചോറ് കാലിയാവുന്നതറിയില്ല; അഞ്ച് മിനിട്ടിൽ തയ്യാറാക്കാവുന്ന ഉഗ്രൻ രുചിയുള്ള കറി.

ചോറിനൊപ്പം കഴിക്കാൻ പറ്റിയ രുചികരമായ ഒന്നാണ് തേങ്ങ പുളികറി. വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. കൊല്ലം ജില്ലയിലെ ജനങ്ങളാണ് ഈ കറി കൂടുതലായും ഉണ്ടാക്കാറുള്ളത്. അതിനാൽതന്നെ ഇതിനെ കൊല്ലം സ്‌പെഷ്യലെന്ന് വിളിക്കാം. തയ്യാറാക്കാൻ അഞ്ച് മിനിട്ട് മതി എന്നതിനാൽ, ഈ കറി കുട്ടികൾക്ക് സ്‌കൂളിൽ കൊടുത്തുവിടാനും ഓഫീസിൽ കൊണ്ടുപോകാനും പറ്റിയതാണ്. ഇതിന് ആവശ്യമായ സാധനങ്ങളും തയ്യാറാക്കുന്ന വിധവും നോക്കാം.

ആവശ്യമായ സാധനങ്ങൾ

തേങ്ങ ചിരകിയത് – 1 കപ്പ്

മുളകുപൊടി- 2 ടീസ്‌പൂൺ

മഞ്ഞൾപ്പൊടി – കാൽ ടീസ്‌പൂൺ

മല്ലിപ്പൊടി – 1 ടീസ്‌പൂൺ

ഉപ്പ് – ആവശ്യത്തിന്

ഉലുവ – കാൽ സ്‌പൂൺ

ചെറിയ ഉള്ളി – 3 എണ്ണം

പുളി – ഒരു ചെറിയ നെല്ലിക്കാ വലുപ്പത്തിൽ

കടുക്, വറ്റൽമുളക്, കറിവേപ്പില – താളിക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തേങ്ങയോടൊപ്പം ബാക്കി ചേരുവകളെല്ലാം ചേർത്ത് അൽപ്പം വെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കണം. ഇതിനെ ഒരു ചട്ടിയിലേക്ക് മാറ്റി അൽപ്പം വെള്ളം കൂടി ചേർത്ത് ചൂടാക്കിയെടുക്കുക. തിളയ്‌ക്കാൻ പാടില്ല. ഈ സമയം മറ്റൊരു പാത്രത്തിൽ കടുകും വറ്റൽ മുളകും കുറച്ചധികം ചെറിയ ഉള്ളിയും കറിവേപ്പിലയും ഇട്ട് വഴറ്റിയ ശേഷം ചൂടാക്കിയ കൂട്ടിന് മുകളിൽ ഒഴിച്ചുകൊടുത്ത് യോജിപ്പിച്ചെടുക്കുക