ഡ്രൈവിങ് ലൈസന്‍സ് പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി.

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഇതോടെ സര്‍ക്കുലറുകളും അനുബന്ധ ഉത്തരവുകളും റദ്ദായി. കേന്ദ്ര നിയമവും, സംസ്ഥാന നിയമവും തമ്മിൽ വൈരുധ്യമുണ്ടെങ്കിൽ കേന്ദ്രനിയമമാണ് നിലനിൽക്കുക എന്നതായിരുന്നു ഹര്‍ജിയുമായെത്തിയ ഡ്രൈവിങ് സ്കൂളുകളുടെ പ്രധാന വാദം. ഡ്രൈവിങ് ടെസ്റ്റിന് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കണമെന്നതായിരുന്നു സര്‍ക്കാര്‍ പരിഷ്കാരത്തിലെ പ്രധാന നിര്‍ദേശം. പഴയ വാഹനങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയ്ക്ക് അനുസൃതമല്ലെന്ന് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.  എന്നാൽ, ഏകപക്ഷീയമായി വാഹന നിരോധനം അടിച്ചേല്‍പ്പിക്കുന്നത് യുക്തിപരമല്ലെന്ന് ഹര്‍ജിക്കാർ വാദിച്ചു.

ഡ്രൈവിങ് പരിശീലന വാഹനങ്ങള്‍ക്ക് ഡാഷ് ബോര്‍ഡ് കാമറ നിര്‍ബന്ധമാക്കിയെങ്കിലും, ഇത് മോട്ടോര്‍ വാഹന നിയമത്തിലോ ചട്ടങ്ങളിലോ പറയുന്നില്ലെന്നും ഹര്‍ജിക്കാർ ചൂണ്ടിക്കാട്ടി. ഡ്രൈവിങ് പരിശീലനം റെക്കോര്‍ഡ് ചെയ്യണമെന്ന നിർദേശം ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് അധിക ബാധ്യത വരുത്തിവയ്ക്കുന്നതെന്നും ഹര്‍ജിക്കാര്‍ കോടതയില്‍ ബോധിപ്പിച്ചു . ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.