എവിടെ നോക്കിയാലും ഒച്ചാണോ? പെട്ടെന്ന് തുരത്താൻ അടുക്കളയിലെ ഇവ ഉപയോഗിക്കൂ.

മഴ തിമിർത്ത് പെയ്യുന്ന ഈ സമയത്ത്, പറമ്പിലും വീടിനുള്ളിലുമെല്ലാം വിളിക്കാതെ കയറിവരുന്ന ഒരു അതിഥിയാണ് ഒച്ച്. ഇവയെ തുരത്താൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് നമ്മുടെ മണ്ണിനും ചെടികൾക്കും ദോഷകരമാണ്. എന്നാൽ അടുക്കളയിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് ഈ ഒച്ചുകളെ വളരെ എളുപ്പത്തിൽ തുരത്താൻ സാധിക്കും. അങ്ങനെയുള്ള ചില പൊടിക്കൈകള്‍ അറിഞ്ഞുവച്ചോളു

വിനാഗിരിയും ഉപ്പും

ഒരു സ്പ്രേ ബോട്ടിലിൽ തുല്യ അളവിൽ വെള്ളവും വെളുത്ത വിനാഗിരിയും എടുത്ത് നന്നായി കലർത്തുക. ഈ ലായനി ഒച്ചുകളുടെ ശരീരത്തിലേക്ക് നേരിട്ട് തളിക്കുക. അവ പെട്ടെന്ന് തന്നെ ചുരുങ്ങുകയും ഇല്ലാതാവുകയും ചെയ്യുന്നത് കാണാം. ഒച്ചുകൾ വരാൻ സാധ്യതയുള്ള നടപ്പാതകൾ, മതിലുകൾ, ചെടിച്ചട്ടികളുടെ വക്കുകൾ എന്നിവിടങ്ങളിൽ ഈ ലായനി തളിക്കാവുന്നതാണ്. 

മുട്ടത്തോട്

മുട്ടത്തോടുകൾ ഒച്ചുകളെ തുരത്താനുള്ള ഏറ്റവും നല്ല മാർഗ്ഗങ്ങളിൽ ഒന്നാണ്. മുട്ടത്തോടുകൾ നന്നായി കഴുകി ഉണക്കി ചെറിയ കഷ്ണങ്ങളാക്കി പൊടിച്ചെടുക്കുക. ഇത് ചെടികളുടെ ചുവട്ടിലും ഒച്ചുകൾ വരുന്ന സ്ഥലങ്ങളിലും വിതറുക. ഒച്ചുകൾക്ക് ഈ പൊടിച്ച മുട്ടത്തോടുകളിലൂടെ സഞ്ചരിക്കാൻ കഴിയില്ല. അതുകൂടാതെ മുട്ടത്തോടിലുള്ള കാൽസ്യം ചെടികൾക്ക് വളമായി മാറുകയും ചെയ്യും.

കാപ്പിപ്പൊടി

ഒച്ചുകള്‍ വരുന്ന സ്ഥലങ്ങളില്‍ കാപ്പിപ്പൊടി വിതറുന്നത് ഒച്ചുകളെ അകറ്റാൻ സഹായിക്കും. കാപ്പിപ്പൊടിയിലെ കഫീൻ ഒച്ചുകൾക്ക് വിഷമാണ്. അതുകൊണ്ട് ഉപയോഗിച്ച കാപ്പിപ്പൊടി കളയാതെ ചെടികളുടെ ചുവട്ടിൽ വിതറുന്നത് ഒച്ചുകളെ തുരത്താനും ചെടികൾക്ക് പോഷകം നൽകാനും സഹായിക്കും.

ഉപ്പ്

ഒച്ചുകളെ തുരത്താൻ പണ്ടുമുതലേ ഉപയോഗിക്കുന്ന ഒന്നാണ് ഉപ്പ്. ഒച്ചിന്‍റെ ശരീരത്തിലെ ജലാംശം വലിച്ചെടുത്ത് അവയെ നിർജ്ജലീകരിക്കാന്‍ ഉപ്പിന് കഴിയും. ഒച്ചുകളെ നേരിട്ട് ഉപ്പ് വിതറുന്നത് അവയെ നശിപ്പിക്കും. പക്ഷേ, ഇത് ചെടികൾക്ക് ദോഷകരമാകാൻ സാധ്യതയുള്ളതുകൊണ്ട് ചെടികളിൽ വീഴാതെ ശ്രദ്ധിക്കുക. ഒച്ചുകൾ കൂട്ടമായി വരുന്ന സ്ഥലങ്ങളിൽ ഉപ്പ് വിതറുന്നതാണ് നല്ലത്

വെളുത്തുള്ളി ലായനി

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളുടെ തൊലികൾ ഒച്ചുകൾക്ക് ഇഷ്ടമല്ല. ഈ തൊലികൾ ചെറിയ കഷ്ണങ്ങളാക്കി ഒച്ചുകൾ വരുന്ന സ്ഥലങ്ങളിലും ചെടികളുടെ ചുവട്ടിലും വെക്കുക. ഇവയുടെ ഗന്ധം ഒച്ചുകളെ അകറ്റി നിർത്താൻ സഹായിക്കും.

 

ചാരം

 

വിറക് കത്തിച്ച ചാരം ഒച്ചുകളെ തുരത്താൻ ഉപയോഗിക്കാം. ചാരം ചെടികളുടെ ചുറ്റും ഒരു വരയായി വിതറുന്നത് ഒച്ചുകൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടുണ്ടാക്കും. ചാരത്തിലെ ക്ഷാരഗുണം ഒച്ചുകൾക്ക് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും