ഇഞ്ചി എന്ന മഹൗഷധി; അറിയാം കൃഷിയും പരിപാലനവും.

ആയുർവേദം ഒരു മഹൗഷധിയായി പരിഗണിക്കുന്ന ഔഷധസസ്യമാണ് ഇഞ്ചി. ഇഞ്ചി പ്രത്യേക രീതിയിൽ ഉണക്കിയെടുക്കുന്ന ചുക്ക് ധാരാളം ആയുർവേദ ഔഷധങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ചേരുവയാണ്. ചുക്കില്ലാത്ത കഷായമില്ലെന്ന ചൊല്ലും പ്രശസ്തമാണ്. കൂടാതെ നമ്മുടെ അടുക്കളയിലെ പ്രധാന സുഗന്ധവ്യജ്ഞനം കൂടിയാണ് ഇഞ്ചി. ശൃംഗവേരം, മഹൗഷധി, ശുണ്ഠി, നാഗരം എന്നീ പേരുകളിലൊക്കെയാണ് ആയുർവേദത്തിൽ ഇഞ്ചിയെ പരാമർശിക്കുന്നത്. സിഞ്ചിബെർ ഒഫിസിനേൽ എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഇഞ്ചി സിൻജിബറേസി സസ്യകുടുംബത്തിൽപ്പെടുന്നു. 

ഇതിന്റെ രാസഘടകങ്ങളിൽ ടർപീൻസും ഫിനോളിക് കോമ്പൗണ്ടുകളും ഉൾപ്പെടുന്നു. സിൻജിബെറിൻ, ബിസബോലിൻ, ഫർനെസീൻ, എന്ന ടർപീനുകളും ജിൻജറോൾ, ഷോഗയോർസ് പാരഡോൾസ് എന്ന ഫിനോളിക് കോമ്പൗണ്ടുകളും ഇതിലുണ്ട്. കൂടാതെ കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി എന്നിവയും അടങ്ങിയിട്ടുണ്ട്.ധാരാളം ഔഷധഗുണങ്ങളുള്ളതുക്കൊണ്ടുത്തന്നെ പല ആയുർവേദ ഔഷധയോഗങ്ങളിലും അലോപ്പതി ഔഷധങ്ങളിലും ചുക്ക് ഒരു പ്രധാന ഘടകമാണ്. ദഹനസംബന്ധമായ അസുഖങ്ങൾ വേദന, നീര്, ചുമ, ശ്വാസംമുട്ടൽ ഇത്തരം അസുഖങ്ങളിലും ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനും ചുക്കിന് കഴിവുണ്ട്. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ പല രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും. ശരീരഭാരം നിയന്ത്രിക്കാനും കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാനും ആർത്തവ വേദനകൾ കുറക്കാനും കഴിവുള്ള ചുക്ക് ഒരു മഹൗഷധം തന്നെയാണ്.

മുപ്പതു മുതൽ 90 സെന്റിമീറ്റർ വരെ വളരുന്ന ഇഞ്ചിയുടെ മുകൾഭാഗത്തെ സസ്യഭാഗം വർഷം തോറും നശിക്കുമെങ്കിലും മണ്ണിനടിയിലെ പ്രകന്ദം വളർന്നുകൊണ്ടിരിക്കും. ലോകത്തിൽ വച്ചേറ്റവും കൂടുതൽ ഇഞ്ചി കൃഷി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഒരുവിധം എല്ലാ സംസ്ഥാനങ്ങളിലും ഇഞ്ചി കൃഷി ചെയ്തുവരുന്നുണ്ട്. മഴയെ ആശ്രയിച്ചും കൃത്രിമ ജലസേചനത്തെ ആശ്രയിച്ചും ഇഞ്ചി കൃഷി നടത്താം. കിഴങ്ങ് മുറിച്ച് നട്ടാണ് പ്രജനനം നടത്തുന്നത്. കിഴങ്ങിൽ ഒന്നോ രണ്ടോ കണ്ണുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. 2.5-5 സെന്റി മീറ്റർ നീളവും 20-25 ഗ്രാം തൂക്കവുമുള്ള കഷണങ്ങളാണ് നടേണ്ടത്.

മേയ് മാസം ആദ്യവാരം, മൺസൂണിന് മുമ്പായി നടാം. ഫെബ്രുവരി മധ്യത്തിന് ശേഷം മാർച്ച് ആദ്യവാരങ്ങളിൽ നട്ട് അത്യാവശ്യം വേനൽമഴ ലഭിക്കുകയാണെങ്കിൽ അസുഖങ്ങൾ ഇല്ലാതെ നല്ല വിളവ് ലഭിക്കാറുണ്ട്. നന്നായി ഉഴുതുമറിച്ച നിലത്ത് ഒരു മീറ്റർ വീതിയിലും 30 സെന്റിമീറ്റർ ഉയരത്തിലും ബെഡുകൾ ഒരുക്കാം. ബെഡിന് മുകളിൽ ഉണക്കചാണകമോ കമ്പോസ്റ്റോ ഇട്ടുകൊടുക്കാം. നടുന്ന സമയത്ത് കുഴിയിലേക്ക് വളം ഇട്ടുകൊടുത്തതിന് ശേഷം നട്ടാലും മതി. കൂടെ വേപ്പിൻ പിണ്ണാക്ക് കൂടി ഇടുന്നതുക്കൊണ്ട് കീടബാധ അകലും.

നട്ടശേഷം 210-240 ദിവസം കൊണ്ട് പൂർണ്ണ വളർച്ച പ്രാപിക്കും. പച്ചക്കറി ആവശ്യത്തിനുള്ള ഇഞ്ചിക്കാണെങ്കിൽ 180 ദിവസം കഴിഞ്ഞ് വിളവെടുക്കാവുന്നതാണ്. ചുക്കിന്റെ ആവശ്യത്തിനാണെങ്കിൽ പൂർണ വളർച്ച എത്തിയ ശേഷം മുകളിലെ ഇലകൾ മഞ്ഞിച്ച് ഉണങ്ങുമ്പോൾ വിളവെടുക്കാം. വിളവെടുക്കുന്നതിന്റെ ഒരു മാസം മുമ്പ് നന നിർത്തിവെയ്ക്കണം. കിഴങ്ങുകൾ ശ്രദ്ധയോടെ കിളച്ച് പുറത്തെടുക്കണം.

ചുക്കിന്റെ ആവശ്യത്തിനായി സംസ്കരിക്കുമ്പോൾ മൊരി കളഞ്ഞ് വെയിലത്ത് ഉണക്കിയെടുക്കണം. 8-10 ദിവസം കൊണ്ട് നന്നായി ഉണങ്ങും. പറിച്ചെടുക്കുമ്പോഴുള്ള 80 ശതമാനം ജലാംശം ഉണങ്ങി 10 ശതമാനം ജലാംശം ആക്കി മാറ്റേണ്ടത് സുരക്ഷിതമായി സംരക്ഷിക്കാൻ ആവശ്യമാണ്.

ദീർഘക്കാലം കീടബാധ ഉണ്ടാകാതിരിക്കാൻ ബ്ലീച്ച് ചെയ്തും ഇഞ്ചി സംരക്ഷിക്കാറുണ്ട്. ഒരു കിലോ ചുണ്ണാമ്പ് 120 ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ മുക്കിയെടുത്ത ഇഞ്ചി വെയിലത്ത് ഉണക്കിയെടുക്കണം. ഉണങ്ങിയ ശേഷം വീണ്ടും ഈ പ്രക്രിയ ആവർത്തിക്കണം. ചുക്കും ദീർഘക്കാലം കേടാകാതെയിരിക്കുന്നതിന് ഇങ്ങനെ സംസ്കരിച്ചെടുക്കാം.

ചുക്കിന്റെ വിപണിവില കിലോയ്ക്ക് 170 മുതൽ 500 വരെയാകാറുണ്ട്. ഇഞ്ചിയുടെ വിപണിവില കിലോയ്ക്ക് 24 മുതൽ 200 വരെ ഉണ്ടാകാറുണ്ട്. ഏറ്റവും പുതിയ ഇഞ്ചിക്ക് കിലോയ്ക്ക് 700 വരെ വില ഉയരറുണ്ട്.