മധുരം കഴിക്കൂ ഇന്ന് ഒന്നാം തീയതിയാണ് എന്ന് പറയുന്നതുപോലെ ചോക്ലേറ്റ് കഴിക്കൂ ഇന്ന് ചോക്ലേറ്റ് ദിനമാണ്. ലോകമെമ്പാടും ഇന്ന് ചോക്ലേറ്റ് ദിനം കൊണ്ടാടുകയാണ്. എല്ലാ ചോക്ലേറ്റ് പ്രേമികൾക്കും ആഘോഷിക്കാൻ ഒരു ദിവസം. ഇത്രയും ആരാധകരുള്ള മറ്റൊരു മധുര പലഹാരം ഉണ്ടോ എന്ന് പോലും സംശയമാണ്.
ചോക്ലേറ്റിന് നൂറ്റാണ്ടുകൾ പഴക്കമുള്ള കഥ പറയാനുണ്ട്. 2000 ബിസിയിൽ കൊക്കോ ബീൻസ് കൃഷി ചെയ്യാൻ തുടങ്ങിയ ഒൽമെക്സിന്റെ പുരാതന മധ്യ അമേരിക്കൻ നാഗരികതയിൽ നിന്നാണ് ചോക്ലേറ്റിന്റെ ചരിത്രം. 3000 വർഷങ്ങൾക്കു മുമ്പ് മെക്സിക്കോയിലെ ആസ്ടെക് ഗോത്രക്കാരാണ് ചോക്കലേറ്റ് ആദ്യമായി നിർമിച്ചത്. കയ്പുള്ള പാനീയം ഉണ്ടാക്കാൻ അവർ കൊക്കോ മരത്തിൽ നിന്നുള്ള കൊക്കോ ബീൻസ് ഉപയോഗിക്കാൻ തുടങ്ങി. യൂറോപ്യന്മാർ പഞ്ചസാരയും മറ്റ് ചേരുവകളും ചേർത്ത് ഈ കൈപ്പുള്ള ചോക്ലേറ്റ് കൊണ്ട് മിഠായി ബാറുകൾ നിർമിക്കുന്നത് വരെ ചോക്ലേറ്റ് ഒരു സോളിഡ് രൂപത്തിൽ ആയിരുന്നില്ല.
എന്തുകൊണ്ടാണ് ജൂലൈ 7 ന് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്?
1550-ൽ യൂറോപ്പിൽ ചോക്ലേറ്റ് അവതരിപ്പിച്ചതിന്റെ വാർഷികത്തെ അനുസ്മരിക്കുന്നതിനാലാണ് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കാൻ ജൂലൈ 7 തിരഞ്ഞെടുത്തത്.ചോക്ലേറ്റിന്റെ യഥാർത്ഥ രൂപം സൃഷ്ടിച്ച മെക്സിക്കോയിൽ നിന്നുള്ള ആസ്ടെക് ഗോത്രത്തിന് ആദരവായും ഈ ദിവസം തിരഞ്ഞെടുത്തുവെന്ന് വിശ്വസിക്കപ്പെടുന്നു.1519-ൽ, ആസ്ടെക് ചക്രവർത്തി സ്പാനിഷ് പര്യവേക്ഷകനായ ഹെർണാൻ കോർട്ടെസിന് Xocolatl എന്ന ചോക്ലേറ്റ് അധിഷ്ഠിത പാനീയം സമ്മാനിച്ചുവത്രേ.

അദ്ദേഹമാണ് ഇന്ന് ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ചോക്ലേറ്റ് എണ്ണ മധുരത്തെ യൂറോപ്പിന് പരിചയപ്പെടുത്തുന്നത്. 1800-കളിൽ ഖരരൂപത്തിലുള്ള ചോക്ലേറ്റുകളായിരുന്നു. ഇവ യൂറോപ്പിലുടനീളം ചോക്ലേറ്റിന്റെ ജനപ്രീതി നേടുകയും ഒടുവിൽ അത് ഇന്ന് നമുക്കറിയാവുന്ന പ്രിയപ്പെട്ട സ്വീറ്റായി മാറുകയും ചെയ്തു. ചോക്ലേറ്റിന് പ്രായമില്ല. ഏതു തരത്തിലും ഒരുപോലെ ഇഷ്ടപ്പെടുന്ന മധുരമൂറുന്ന ചോക്ലേറ്റിന് ആരോഗ്യഗുണങ്ങൾ കൂടിയുണ്ടെന്നും പല കാലങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്.
ചോക്ലേറ്റിനെ കുറിച്ചുള്ള രസകരമായ വസ്തുതകൾ
2009 ൽ ഇന്റർനാഷണൽ കൊക്കോ ഓർഗനൈസേഷൻ ജൂലൈ 7 ലോക ചോക്ലേറ്റ് ദിനമായി പ്രഖ്യാപിച്ചതോടെയാണ് ഇത് ആദ്യമായി ഔദ്യോഗികമായി ആഘോഷിച്ചത്. ഓരോ വർഷവും ഒരാൾക്ക് ശരാശരി 11 പൗണ്ട് ഉപഭോഗമുള്ള സ്വിറ്റ്സർലൻഡാണ് പ്രതിശീർഷ ചോക്ലേറ്റ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് ഇറ്റലിയിൽ നിർമിച്ച 12,000 പൗണ്ടിലധികം ഭാരമുള്ള ഒന്നാണ്.
ചോക്ലേറ്റ് വില്പനയിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രാജ്യം യുണൈറ്റഡ് സ്റ്റേറ്റാണ്. പ്രതിവർഷം 20 ബില്യൺ ഡോളറിന്റെ വിൽപനയാണ് രാജ്യത്ത് നടക്കുന്നത്. മറ്റേതൊരു ഭക്ഷണത്തേക്കാളും കൂടുതൽ ആന്റി ഓക്‌സിഡന്റുകൾ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റിന്റെ ഫ്ലേവനോളുകൾ ഓർമ, രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം സുഗമമാക്കുകയും പ്രമേഹത്തെ തടയുകയും ചെയ്യുന്നു.
ഒരു കൊക്കോ മരം ഓരോ വർഷവും 300 ബാർ ചോക്കലേറ്റിന് ആവശ്യമായ ബീൻസ് ഉത്പാദിപ്പിക്കുന്നു. ലോക ചോക്ലേറ്റ് ദിനത്തിൽ കുറച്ചു ചോക്ലേറ്റ് നമുക്കും കഴിക്കാം, നമ്മുടെ പ്രിയപ്പെട്ടവർക്കും ഒരല്പം മധുരം നൽകാം.
