മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ ഈ മാസം ഒമ്പതാം വാർഷികം ആഘോഷിക്കുകയാണ്, ഇതിന്റെ ഭാഗമായി ജിയോ ഉപയോക്താക്കൾക്ക് വമ്പൻ ഓഫറാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. 500 ദശലക്ഷം ഉപയോക്താക്കൾ എന്ന നാഴികക്കല്ലും ജിയോ പിന്നിട്ടിരിക്കുന്നു. ഈ സന്തോഷം ഉപയോക്താക്കളുമായി പങ്കുവെക്കുകയാണ് ജിയോ. ഇതിനായി കമ്പനി ഉപയോക്താക്കൾക്കായി നിരവധി ഓഫറുകൾ അവതരിപ്പിക്കുന്നു. 349 രൂപയുടെ ‘സെലിബ്രേഷൻ പ്ലാൻ’ ജിയോ അവതരിപ്പിച്ചു. ഈ പ്ലാൻ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത 5G ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, ജിയോഹോട്ട്സ്റ്റാർ, ജിയോസാവൻ, സൊമാറ്റോ ഗോൾഡ് സബ്‌സ്‌ക്രിപ്‌ഷനുകൾ, ഡിജിറ്റൽ ഗോൾഡ് റിവാർഡുകൾ തുടങ്ങി നിരവധി കാര്യങ്ങൾ ലഭിക്കും.
“ജിയോ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി എത്രത്തോളം ആഴത്തിൽ മാറിയിരിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ് 500 ദശലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കാനായത് എന്ന് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ചെയർമാൻ ആകാശ് അംബാനി പറഞ്ഞു. ഈ നാഴികക്കല്ല് പിന്നിടാൻ സഹായിച്ച ഓരോ ജിയോ ഉപയോക്താവിനും ഞാൻ വ്യക്തിപരമായി നന്ദി പറയുന്നു. നിങ്ങളുടെ വിശ്വാസവും പിന്തുണയും ഞങ്ങൾക്കുള്ള പ്രചോദനമാണെന്നും ആകാശ് അംബാനി പറഞ്ഞു.
