ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ പ്രവേശനം; അപേക്ഷ ഓഗസ്റ്റ് 12 വരെ.

കേരളത്തിലെ സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-26 വർഷത്തെ  ഫാർമസി / ഹെൽത്ത് ഇൻസ്‌പെക്ടർ / പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ 2025-26 ലെ  പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്വയംഭരണ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് & ടെക്‌നോളജിക്കാണ് പ്രവേശന പ്രക്രിയയുടെ ചുമതല.

16 കോഴ്‌സുകൾ
ഫാർമസി (ഡി.ഫാം), ഹെൽത്ത് ഇൻസ്‌പെക്ടർ, മെഡിക്കൽ ലാബ് ടെക്‌നോളജി, റേഡിയോ ഡയഗ്‌നോസിസ് & റേഡിയോതെറാപ്പി ടെക്‌നോളജി, റേഡിയോളജിക്കൽ ടെക്‌നോളജി, ഒഫ്ത്താൽമിക് അസിസ്റ്റൻസ്, ഡെൻറൽ മെക്കാനിക്, ഡെന്റൽ ഹൈജിനിസ്റ്റ്, ഓപറേഷൻ തിയേറ്റർ &  അനസ്തീസിയ ടെക്‌നോളജി, കാർഡിയോ വാസ്‌കുലർ ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, എൻഡോസ്‌കോപ്പിക് ടെക്‌നോളജി, ഡെൻറൽ ഓപറേറ്റിങ് റൂം അസിസ്റ്റൻസ്, റെസ്പിറേറ്ററി ടെക്‌നോളജി, സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ടെക്‌നോളജി എന്നീ 16 ഡിപ്ലോമ കോഴ്‌സുകൾക്കാണ് പ്രവേശനം.പ്രത്യേക പ്രവേശന പരീക്ഷയില്ല. യോഗ്യതാ പരീക്ഷയുടെ രണ്ടാം വർഷം നിർദ്ദിഷ്ട വിഷയങ്ങളിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. 

 

കോഴ്‌സ് ദൈർഘ്യം

പൊതുവെ രണ്ടു വർഷമാണ് ഡിപ്ലോമ കോഴ്‌സുകൾ. റേഡിയോ ഡയഗ്‌നോസിസ് & റേഡിയോതെറാപ്പി ടെക്‌നോളജി മൂന്നു വർഷ കോഴ്‌സാണ്. ഫാർമസി പ്രോഗ്രാമിന് മൂന്ന് മാസത്തെ പ്രാക്ടിക്കൽ പരിശീലനമുണ്ട്. ഡയാലിസിസ് ടെക്‌നോളജി കോഴ്‌സ് ഇന്റേൺഷിപ്പടക്കം  രണ്ടുവർഷമാണ്. ഓപറേഷൻ തീയേറ്റർ & അനസ്തീസിയ ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, എൻഡോസ്‌കോപ്പി ടെക്‌നോളജി എന്നിവയ്ക്ക് ആറുമാസത്തെ ഇന്റേൺഷിപ്പടക്കം രണ്ടര വർഷമാണ് കോഴ്‌സ് ദൈർഘ്യം”

അപേക്ഷാ യോഗ്യത
അപേക്ഷകർക്ക് 2025 ഡിസംബർ 31ന് 17 വയസ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. എന്നാൽ സർവിസ് ക്വാട്ടക്കാർക്ക് 49 വയസിൽ കൂടാൻ പാടില്ല. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച് പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ഡി.ഫാമിന് ബയോളജിക്കു പകരം മാത്തമാറ്റിക്‌സ് പഠിച്ചാലും മതി. ഡി.ഫാം ഒഴികെ കോഴ്‌സുകൾക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ പ്ലസ്ടുവിൽ മൊത്തം 40 ശതമാനം മാർക്ക് വേണം. പട്ടികവിഭാഗക്കാർക്ക് 35 ശതമാനം മതി. ഡി.ഫാമിന് മാർക്ക് വ്യവസ്ഥയില്ല. വി.എച്ച്.എസ്.ഇയിൽ ചില വൊക്കേഷണൽ കോഴ്‌സുകൾ പഠിച്ചവർക്ക് പ്രത്യേക സംവരണമുണ്ട്. ലാബ് ടെക്‌നീഷ്യൻ റിസർച്ച് & ക്വാളിറ്റി കൺട്രോൾ (ഘഠഞ)  പഠിച്ചവർക്ക് മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി കോഴ്‌സിന് 5 ശതമാനം സീറ്റും മെയിന്റനൻസ് & ഓപറേഷൻ ഓഫ് ബയോമെഡിക്കൽ എക്യുപ്‌മെൻസ്  പഠിച്ചവർക്ക് ഓപറേഷൻ തീയേറ്റർ ടെക്‌നോളജി കോഴ്‌സിന്  2 ശതമാനം സീറ്റും ഇ.സി.ജി & ഓഡിയോമെട്രിക് ടെക്‌നോളജി പഠിച്ചവർക്ക് കാർഡിയോ വാസ്‌കുലർ ടെക്‌നോളജി കോഴ്‌സിന് 2 ശതമാനം സീറ്റുമാണ് നീക്കിവച്ചിട്ടുള്ളത്.   
പി.ഐ.ഒ, ഒ.സി.ഐ വിഭാഗക്കാരെയും പ്രവേശനത്തിനു പരിഗണിക്കും. പിന്നോക്ക വിഭാഗക്കാർക്ക് നിയമാനുസൃത സംവരണമുണ്ടാകും. വി.എച്ച്.എസ്.ഇ, വിവിധ നോമിനികൾ, ഹെൽത്ത് സർവിസസ് ഡിപ്പാർട്ട്‌മെന്റ്, സ്‌പോർട്‌സ്, വിമുക്തഭടന്മാർ, എയർഫോഴ്‌സ് മുതലായ വിഭാഗക്കാർക്ക് വിവിധ കോഴ്‌സുകൾക്ക് സംവരണമുണ്ട്. അപേക്ഷ 12 വരെ

www.lbscentre.kerala.gov.in വഴി ഓഗസ്റ്റ് 12 നകം അപേക്ഷ സമർപ്പിക്കണം. എല്ലാ കോഴ്‌സുകളിലേക്കുമായി ഒറ്റ അപേക്ഷ മതി. 600 രൂപയാണ് അപേക്ഷാഫീ. പട്ടികവിഭാഗക്കാർക്ക് 300 രൂപ മതി. സർവിസ് ക്വാട്ടക്കാർക്ക് 600 രൂപയാണ് ഫീസ്. ഫീസ് ഓൺലൈനായോ വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ശാഖ വഴിയോ അടയ്ക്കാം. ആവശ്യമായ രേഖകൾ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷയുടെ അന്തിമ കൺഫർമേഷൻ ഓഗസ്റ്റ് 15നു മുമ്പ് ചെയ്തിരിക്കണം. 

 

ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്തു സൂക്ഷിക്കുകയും വേണം. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം വെബ്‌സൈറ്റ് വഴി താൽപര്യമുള്ള സ്ഥാപനം/കോഴ്‌സുകളുടെ ഓപ്ഷനുകൾ നൽകി അലോട്ട്‌മെന്റ് പ്രക്രിയയിൽ പങ്കെടുക്കണം. 

മാനേജ്‌മെന്റ് സീറ്റുകളുടെ പ്രവേശനം അതത് സ്ഥാപനങ്ങളാണ് നടത്തുന്നത്. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇമെയിൽ: lbstvpm@gmail.com. ഫോൺ: 0471-2560363, 9400977754.”