റൺവേയിലൂടെ ട്രെയിൻ കടന്നുപോകുന്ന ലോകത്തിലെ ഏക വിമാനത്താവളം

ക്ഷേത്രാചാരങ്ങൾക്ക് വേണ്ടി അടിച്ചിടുന്ന ലോകത്തിലെ ഏക വിമാനത്താവളമാണ് തിരുവനന്തപുരം വിമാനത്താവളം. എന്നാല്‍, റണ്‍വേയിലൂടെ ട്രെയിൻ കടന്നുപോകുന്ന ലോകത്തിലെ ഏക വിമാനത്താവളമേതെന്ന് അറിയാമോ? സാധാരണയായി വിമാനത്താവളങ്ങളിലെ റൺവേകൾ വിമാനങ്ങൾക്ക് മാത്രമായുള്ളതാണ്. എന്നാൽ, ന്യൂസിലൻഡിലെ ഗിസ്‌ബോൺ വിമാനത്താവളത്തിൽ കാര്യങ്ങൾ അൽപ്പം വ്യത്യസ്തമാണ്. ഇവിടെ, ട്രെയിനുകളും വിമാനങ്ങളും ഒരേ റൺവേയിലൂടെ ഊഴം അനുസരിച്ച് സഞ്ചരിക്കുന്നു. ഒരു പ്രധാന റൺവേയുടെ മധ്യത്തിലൂടെ ഒരു റെയിൽവേ ലൈൻ നേരിട്ട് കടന്നുപോകുന്ന ലോകത്തിലെ അപൂർവ്വം വിമാനത്താവളങ്ങളിൽ ഒന്നാണിത്, സന്ദർശകരെ അമ്പരപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന ഒരു അപൂർവ കാഴ്ചയാണ് ഈ വിമാനത്താവളം സമ്മാനിക്കുന്നത്.”ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിന്‍റെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഗിസ്‌ബോൺ വളരെ ചെറിയ ഒരു നഗരമാണ്. 160 ഹെക്ടറിൽ വ്യാപിച്ച് കിടക്കുന്ന ഗിസ്‌ബോൺ വിമാനത്താവളത്തെ പാമർസ്റ്റൺ നോർത്ത് – ഗിസ്‌ബോൺ റെയിൽവേ ലൈൻ മുറിച്ചുകടക്കുന്നു. പ്രധാന റൺവേയെ ഏതാണ്ട് പകുതിയായി വിഭജിച്ചു കൊണ്ടാണ് ഈ റെയിൽവേ ട്രാക്ക് കടന്നു പോകുന്നത്. എല്ലാ ദിവസവും രാവിലെ 6 .30 മുതൽ രാത്രി 8 . 30 വരെയാണ് ഈ വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസുകളും ട്രെയിൻ ഗതാഗതവും നടക്കുന്നത്. അതിന് ശേഷം റൺവേ അടയ്ക്കും.

ഈ അസാധാരണമായ സജ്ജീകരണം കൃത്യമായ ആസൂത്രണത്തോടെയാണ് നടപ്പാക്കുന്നത്. ഒരു ട്രെയിൻ കടന്നു പോകുമ്പോൾ വിമാനങ്ങൾ കാത്തുനിൽക്കും. മറിച്ച് റൺവേയിൽ ഉള്ളത് വിമാനം ആണെങ്കിൽ ട്രെയിനും കാത്തു നിൽക്കണം. ഗിസ്ബോണിനെ അടുത്തുള്ള പട്ടണമായ മുരിവായിയുമായി ബന്ധിപ്പിക്കുന്നതാണ് റൺവേയിലൂടെ കടന്നുപോകുന്ന റെയിൽവേ പാത. ടാസ്മാനിയയിലെ വൈന്യാർഡ് വിമാനത്താവളത്തിനും ഒരുകാലത്ത് സമാനമായ ക്രമീകരണം ഉണ്ടായിരുന്നെങ്കിലും, 2005 -ൽ വൈന്യാർഡ് വിമാനത്താവളത്തിലെ റെയിൽ പ്രവർത്തനങ്ങൾ നിർത്തിവച്ചു. ഇപ്പോൾ ഇത്തരത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏക വിമാനത്താവളമാണ് ഗിസ്ബോൺ. സമാനമായി ജിബ്രാൾട്ടർ വിമാനത്താവളത്തിലെ 1777 മീറ്റർ നീളമുള്ള റണ്‍വേ മുറിച്ച് കടന്ന് നാല് വരി റോഡ് കടന്നു പോകുന്നു. ലോകത്തിലെ ഏറ്റവും അപകടകരമായ റണ്‍വേയായി ഇതിനെ കണക്കാക്കുന്നു.