സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണയുടെ അതിപ്രസരം; വ്യാജനെ തിരിച്ചറിയാം.

വെളിച്ചെണ്ണ വില പുതിയ ഉയരങ്ങള്‍ താണ്ടിയതോടെ വ്യാജ വെളിച്ചെണ്ണ വിപണിയില്‍ കളംനിറയുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഭാഗത്തു നിന്ന് തുടക്കത്തില്‍ കാര്യമായ റെയ്ഡുകള്‍ നടക്കാത്തതും വ്യാജ വെളിച്ചെണ്ണ ലോബിക്ക് ഗുണകരമായി. സംസ്ഥാനത്ത് വില്ക്കപ്പെടുന്ന വെളിച്ചെണ്ണ പാക്കറ്റുകളില്‍ ഭൂരിഭാഗവും വ്യാജനാണെന്നാണ് റിപ്പോര്‍ട്ട്. ജനപ്രിയ ബ്രാന്‍ഡുകളുടെ പേരിലും ഇതിനോട് സാമ്യം തോന്നുന്ന പായ്ക്കുകളിലുമാണ് വ്യാജന്‍ വിപണിയിലേക്ക് ഒഴുകുന്നത്.

വ്യാജ വെളിച്ചെണ്ണ എങ്ങനെ തിരിച്ചറിയാം

ചില്ലു ഗ്ലാസില്‍ വെളിച്ചെണ്ണ അരമണിക്കൂര്‍ ഫ്രീസറിന് പുറത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

എണ്ണ ശുദ്ധമാണെങ്കില്‍ കട്ടയാകും. നിറമുണ്ടാകില്ല. മായം ഉണ്ടെങ്കില്‍ നിറവ്യത്യാസം കാണിക്കും.

എണ്ണയില്‍ വെണ്ണ ചേര്‍ത്താല്‍ നിറം ചുവപ്പായാല്‍ പെട്രോളിയം പോലുള്ള മായം ചേര്‍ത്തെന്ന് സംശയിക്കണം. നേരിയ ചുവപ്പുനിറമെങ്കില്‍ ആര്‍ജിമോണ്‍ ഓയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് മനസിലാക്കാം.

വ്യാജ വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിച്ചാല്‍ മറവി രോഗം, തലവേദന, ഹൃദ്രോഗം, സ്ട്രോക് പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ശുദ്ധമായ വെളിച്ചെണ്ണ ചെറിയ തീയില്‍ ചൂടാക്കുമ്പോള്‍ നല്ല മണം ഉണ്ടാകും. മായം ചേര്‍ത്തതാണെങ്കില്‍, ചൂടാക്കുമ്പോള്‍ അസ്വാഭാവികമായ മണമുണ്ടാകാം.

ഒരു ഗ്ലാസ്സില്‍ വെള്ളമെടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ശുദ്ധമായ വെളിച്ചെണ്ണ വെള്ളത്തില്‍ ലയിക്കില്ല, അത് മുകളില്‍ പാളിയായി നില്‍ക്കും. മായം ചേര്‍ത്ത എണ്ണയാണെങ്കില്‍, അത് വെള്ളത്തില്‍ ലയിക്കുന്നതായി കാണാം.