ഓണക്കിറ്റിൽ 14 ഇനങ്ങൾ; വിതരണം സെപ്റ്റംബർ ആദ്യവാരം.

സംസ്ഥാനസർക്കാരിന്റെ ഇത്തവണത്തെ സൗജന്യ ഓണക്കിറ്റിൽ 14 ഇനങ്ങൾ. മുൻ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കശുവണ്ടി ആണ് അധികമായി നൽകുന്നത്. ഓണക്കിറ്റ് വിതരണം സെപ്റ്റംബർ ആദ്യവാരം നടക്കും.

സംസ്ഥാനത്തെ മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും പുറമേ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിത മേഖലയിലെ എല്ലാ കാർഡുടമകൾക്കും ഇത്തവണ ഓണക്കിറ്റ് കിട്ടും. അങ്ങനെ ആകെ 5,99,000 കിറ്റുകളാണ് തയാറാകുന്നത്. തുണിസഞ്ചി ഉൾപ്പെടെ 13 ഇനങ്ങൾ ആണ് കഴിഞ്ഞവർഷം നൽകിയതെങ്കിൽ ഇത്തവണ പായസത്തിന് രുചിയാകാൻ 50 ഗ്രാം കശുവണ്ടി കൂടി കിറ്റിനൊപ്പം എത്തുന്നുണ്ട്.

തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ് എന്നിവയാണ് കിറ്റിലുണ്ടോയെന്ന് ഉറപ്പാക്കേണ്ട  മറ്റ് ഇനങ്ങൾ. കിറ്റ് വിതരണത്തിനായി 34 കോടി രൂപ സപ്ലൈക്കോയ്ക്ക് അനുവദിച്ചിട്ടുണ്ട്. റേഷൻ കടകൾ വഴി സെപ്റ്റംബർ ആദ്യവാരം കിറ്റ് വിതരണം തുടങ്ങും.

വാട്‌സ്ആപ്പിൽ വോയ്‌സ് മെസേജുകൾ ടെക്സ്റ്റ് ആക്കി മാറ്റാം ; അറിയേണ്ടതെല്ലാം.

വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ എത്തിയിരിക്കുന്നു. ഇത്തവണ പഴയ ഫീച്ചർ അവതരിപ്പിക്കാനാണ് വാട്‌സ്ആപ്പ് ഒരുങ്ങുന്നത്. എഐ സാങ്കേതിക വിദ്യകളുടെ പിൻബലത്തിൽ പുതിയ വോയ്സ്…

‘ഭൂചലനമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയം ഉണ്ടാകാം’; ജിയോളജിസ്റ്റ് ഡോ. സി പി രാജേന്ദ്രന്‍

ഭൂചലനമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയം ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി ജിയോളജിസ്റ്റ് ഡോ. സി പി രാജേന്ദ്രന്‍. രണ്ട് തവണ ഡാമിനെക്കുറിച്ച് പഠിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഭൂചലനമില്ലാതെ തന്നെ വെള്ളത്തിന്റെ അളവ് ഉയര്‍ന്നാല്‍ ബലക്ഷയമുണ്ടാകാമെന്നാണ് അനുമാനമെന്നും സി പി രാജേന്ദ്രന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ലൈവത്തോണിലായിരുന്നു രാജേന്ദ്രൻ്റെ പ്രതികരണം. സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും അണ്ണാ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് മറ്റൊരു വിദഗ്ദ കമ്മിറ്റിയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

‘2011ല്‍ സെസിന്റെ ആഭിമുഖ്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി പരിശോധന നടത്തി. ആ റിപ്പോര്‍ട്ട് സുപ്രീം കോടതി വരെ ചെന്നു. ഒപ്പം ഐഐടി റൂര്‍ക്കയും പഠനം നടത്തി. കൃത്യമായ ഡാറ്റയില്ലാത്തതിനാല്‍ തന്നെ തിയററ്റിക്കലായാണ് പഠനം നടത്തിയത്. ഐഐടി റിപ്പോര്‍ട്ട് പ്രകാരം ആറ് മാഗ്നിറ്റ്യൂഡിൽ ഭൂമികുലുക്കം ഉണ്ടായാല്‍ ഡാമിന് വിള്ളലുണ്ടാകാനും ബലക്ഷയവും ഉണ്ടാകാനും കാരണമാകും.

ഒരു ഭൂചലനമില്ലാതെ തന്നെ 142 അടി ഉയര്‍ന്നാല്‍ തന്നെ ബലക്ഷയമുണ്ടാകുമെന്നാണ് അനുമാനം. ഈ രണ്ട് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ഡാമിന് ബലക്ഷയമുണ്ടാകുമെന്ന് തിയററ്റിക്കലായി പറയാം. കേരള സര്‍ക്കാര്‍ ഇത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. സുപ്രീം കോടതി കാര്യമായി നോക്കാതെ അണ്ണാ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് മറ്റൊരു വിദഗ്ദ കമ്മിറ്റിയുണ്ടാക്കി മറ്റൊരു അന്വേഷണ റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി. അണ്ണാ യൂണിവേഴ്‌സിറ്റി പഠനത്തെക്കുറിച്ച് എനിക്ക് വലിയ അറിവില്ല. വലിയ ആശങ്കയുടെ പ്രശ്‌നമില്ലെന്നും ഡാം സുരക്ഷിതമാണെന്നുമാണ് ഈ പഠനത്തില്‍ പറയുന്നത്,’ അദ്ദേഹം പറഞ്ഞു.

 

കൃത്യമായ ഡീഫോര്‍മേഷന്‍ ഡാറ്റ ലഭിക്കാത്തതിന്റെ പ്രതിസന്ധികളെക്കുറിച്ചും സിപി രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സാറ്റ്‌ലൈറ്റ് ഉപയോഗിച്ചും ഗ്രൗണ്ട് തലത്തിലുള്ള ഡാറ്റ ഉപയോഗിച്ചും വെള്ളത്തിന്റെ അളവ് കൂടുന്തോറും ഡാമിനുണ്ടാകുന്ന പ്രശ്‌നങ്ങളെന്തൊക്കെയാണെന്ന് പഠിക്കാവുന്നതാണ്. ഇത്രയും പഴക്കമുള്ള ഡാമിന്റെ മൂന്ന് വര്‍ഷത്തേക്കുള്ള ഡീഫോര്‍മേഷന്‍ ഡാറ്റ ലഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഇന്ത്യയെ കൂടാതെ ഓഗസ്റ്റ് 15 -ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അഞ്ച് രാജ്യങ്ങൾ.

ഇന്ത്യയുടെ 78 -ാം സ്വാതന്ത്ര്യദിനമാണ് ഈ വരുന്ന ഓഗസ്റ്റ് 15 -ന് നമ്മൾ ആഘോഷിക്കുന്നത്. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ അനുഭവിച്ച കഷ്ടപ്പാടുകളുടെയും ത്യാഗങ്ങളുടെയും ഉജ്ജ്വലമായ ഓർമ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്ര്യദിനാഘോഷവും. 200 വർഷത്തെ കൊളോണിയൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി എണ്ണമറ്റ ആളുകൾ ധീരമായി പോരാടിയതിന് ശേഷമാണ് ദീർഘകാലമായി കാത്തിരുന്ന സ്വാതന്ത്ര്യം ലഭിച്ചത്.  1947 ഓഗസ്റ്റ് 15 -ന്, ബ്രിട്ടീഷ് കോളനിക്കാർ ഒടുവിൽ ഇന്ത്യ വിട്ടു, രാജ്യത്തെ രണ്ട് സ്വതന്ത്ര രാജ്യങ്ങളായി വിഭജിച്ചു- ഇന്ത്യയും .

പാകിസ്ഥാനും. ദക്ഷിണ കൊറിയയും ഉത്തര കൊറിയയും

കൊറിയയുടെ ദേശീയ വിമോചന ദിനം എന്നാണ്  ഓഗസ്റ്റ് 15 അറിയപ്പെടുന്നത്.  35 വർഷത്തെ ജാപ്പനീസ് കൊളോണിയൽ ഭരണത്തിൽ നിന്ന് കൊറിയ സ്വാതന്ത്ര്യം നേടിയ ദിനമാണ് 1945 ഓഗസ്റ്റ് 15. ഈ ദിവസം ‘ഗ്വാങ്ബോക്ജിയോൾ’ എന്നും അറിയപ്പെടുന്നു, അതായത് പ്രകാശത്തിൻ്റെ പുനഃസ്ഥാപനത്തിൻ്റെ സമയം. ജാപ്പനീസ് സേനയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം, മൂന്ന് വർഷത്തിന് ശേഷം സ്വതന്ത്ര കൊറിയൻ സർക്കാരുകൾ രൂപീകരിച്ചു.

ബഹ്റൈൻ

1971 ഓഗസ്റ്റ് 15 -ന് രാജ്യം യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. 1931-ൽ എണ്ണ കണ്ടെത്തുകയും ഒരു റിഫൈനറി നിർമ്മിക്കുകയും ചെയ്ത ആദ്യത്തെ ഗൾഫ് രാജ്യങ്ങളിൽ ഒന്നായിരുന്നു ഇത്. അതേ വർഷം തന്നെ, ബ്രിട്ടനും ഓട്ടോമൻ സർക്കാരും രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന ഒരു ഉടമ്പടിയിൽ ഒപ്പുവച്ചു. എന്നാൽ അത് ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ തുടർന്നു.  1971-ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് ശേഷം രാഷ്ട്രം ബ്രിട്ടീഷുകാരുമായി ഒരു സൗഹൃദ ഉടമ്പടിയിൽ ഒപ്പുവച്ചു. ആഗസ്റ്റ് 14 സ്വാതന്ത്ര്യ ദിനമാണെന്ന് പറയപ്പെടാറുണ്ടെങ്കിലും, രാജ്യം ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. 

റിപ്പബ്ലിക് ഓഫ് കോംഗോ

കോംഗോ ദേശീയ ദിനം’ എന്നും വിളിക്കപ്പെടുന്ന റിപ്പബ്ലിക് ഓഫ് കോംഗോ 1960 ഓഗസ്റ്റ് 15 -ന് ഫ്രാൻസിൽ നിന്ന് പൂർണ്ണ സ്വാതന്ത്ര്യം നേടി. ഫ്രഞ്ച് ഭരണത്തിൻ കീഴിലായി കൃത്യം 80 വർഷങ്ങൾക്ക് ശേഷമായിരുന്നു ഇത്. 1969 മുതൽ 1992 വരെ ഇത് ഒരു മാർക്സിസ്റ്റ്-ലെനിനിസ്റ്റ് രാഷ്ട്രമായിരുന്നു, അതിനുശേഷം ബഹുകക്ഷി തിരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ട്.

ലിച്ചെൻസ്റ്റീൻ

ലോകത്തിലെ ഏറ്റവും ചെറിയ ആറാമത്തെ രാഷ്ട്രം 1866 ഓഗസ്റ്റ് 15 -ന് ജർമ്മനിയിൽ നിന്ന് സ്വാതന്ത്ര്യം നേടി. 1940 മുതൽ പരമ്പരാഗത കരിമരുന്ന് പ്രയോഗത്തോടെ ഈ ദിനം ലിച്ചെൻസ്റ്റീനിൽ ദേശീയ ദിനമായി ആഘോഷിക്കുന്നു.  വലിയ ആഘോഷങ്ങളിൽ ആയിരക്കണക്കിന് പൗരന്മാർ പങ്കെടുക്കുന്നു.

ആരോഗ്യവകുപ്പ് ഇടപെടലിൽ സംസ്ഥാനത്ത് ആന്റി-ബയോട്ടിക് മരുന്നു വിൽപനയിൽ പ്രതിവർഷം 1000 കോടി രൂപയുടെ കുറവ്.

 സംസ്ഥാനത്ത് ആൻ്റിബയോട്ടിക് മരുന്നുകളുടെ വിൽപ്പനയിൽ ഗണ്യമായ കുറവ്.കഴിഞ്ഞ ഒരു വർഷം കൊണ്ട് ആയിരം കോടിയോളം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ പ്രതിവർഷം 15,000- കോടി രൂപ വരെ മരുന്നുകൾ വിൽക്കുന്നുണ്ട് ഇതിൽ 4500- കോടിയോളം വരുന്നത് ആന്റി-ബയോട്ടിക് മരുന്നുകളാണ്. സ്വകാര്യ ആശുപത്രികൾ,മെഡിക്കൽ സ്റ്റോറുകൾ എന്നിവ വഴിയുള്ള വില്പനയിലാണ് ആയിരം കോടി രൂപയുടെ കുറവ് വന്നത്.

കഴിഞ്ഞ വർഷം പല രോഗാണുക്കളിലും പ്രതിരോധം കൂടുന്നത് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കാൻ ആരോഗ്യവകുപ്പ് ഇടപെടുകയും ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ആന്റിബയോട്ടിക്ക് നൽകുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.

ആന്റിബയോട്ടിക്കുകൾ കുറിക്കുന്നതിൽ ഡോക്ടർമാരും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളും നിർദ്ദേശിച്ചു. സർക്കാർ ഇടപെടലും ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ എഴുതുന്നത് കുറയ്ക്കുകയും ചെയ്തതിനെ തുടർന്നാണ് ആന്റി-ബയോട്ടിക് മരുന്നുകളുടെ വിൽപനയിൽ  കുറവ് വന്നതെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ പറയുന്നു.

 

കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്കും 800 -കോടിയോളം രൂപയുടെ മരുന്നുകൾ വാങ്ങുന്നുണ്ട് ഇവിടെയും ആന്റിബയോട്ടിക്കുകൾ നിയന്ത്രിച്ചിട്ടുണ്ട്. ഡയറി ,പോൾട്രി, മത്സ്യകൃഷി മേഖലകളിലും ആന്റിബയോട്ടിക് ഉപയോഗം കുടി വരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് .

ആന്റി-ബയോട്ടിക് എന്ന പ്രതിസന്ധി

ആന്റിബയോട്ടിക് മരുന്നുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശേഷി നേടുന്നതിനെയാണ് ആന്റിബയോട്ടിക് പ്രതിരോധം എന്ന് വിളിക്കുന്നത്. ആരോഗ്യമേഖല നേരിടുന്ന നിർണായക പ്രതിസന്ധിയാണിത്. രോഗാണുക്കൾ പ്രതിരോധശേഷി നേടുമ്പോൾ രോഗാവസ്ഥ ഊർജിക്കും. ഇത് ചികിത്സാ ചിലവ് വൻതോതിൽ വർധിക്കാൻ കാരണമാകും.മരുന്നുകളുടെ അശാസ്ത്രീയ ഉപയോഗം തുടർന്നാൽ 250- ഓടെ ലോകമെമ്പാടും ഒരുകോടി ആളുകൾ എം ആർ എം കാരണം മരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നു.

നമ്മുക്ക് ശ്രദ്ധിക്കാം


1 .വൈറസ് ബാധകളിൽ ആന്റിബയോട്ടിക് ഫലപ്രദമല്ല
2 .ഡോക്ടർ നിർദ്ദേശിക്കുന്നആന്റി-ബയോട്ടിക് മാത്രമേ ഉപയോഗിക്കാവൂ
3 .ചികിത്സ കഴിഞ്ഞ് ശേഷിക്കുന്ന മരുന്നുകൾ ഉപയോഗിക്കരുത്
4 .ഇവ കരയിലും ,ജലാശയങ്ങളിലും വലിച്ചെറിയരുത്
5 .രോഗശമനം തോന്നിയാലും ഡോസ് പൂർത്തിയാക്കണം

“ബിഎസ്എൻഎൽ 4G, 5G സിം വീട്ടിലെത്തും; ചെയ്യേണ്ടത് ഇത്രമാത്രം.

“ബിഎസ്എൻഎൽ 4G, 5G സിം വീട്ടിലെത്തും; ചെയ്യേണ്ടത് ഇത്രമാത്രം. പ്രമുഖ ടെലികോം കമ്പനികൾക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ച് ബിഎസ്എൻഎൽ 4ജിയിലേക്കും 5ജിയിലേക്കും ചുവടുവയ്‌ക്കുകയാണ്. ഒക്ടോബർ മാസത്തോടെ രാജ്യത്ത് 80,000 ടവറുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് 4ജി, 5ജി സിമ്മുകൾ വീട്ടിലിരുന്ന് സ്വന്തമാക്കാവുന്നതാണ്. Prune എന്ന കമ്പനിയുമായി കൈകോർത്താണ് ബിഎസ്എൻഎൽ സിമ്മുകൾ ലഭ്യമാക്കുന്നത്. സിം ലഭ്യമാകാൻ ചെയ്യേണ്ടത് ഇത്രമാത്രം..

 

prune.co.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.;
തുറന്നുവരുന്ന വിൻഡോയിൽ രാജ്യം തിരഞ്ഞെടുക്കാൻ ആവശ്യപ്പെടും. തുടർന്ന് BSNL തിരെഞ്ഞെടുക്കുക.
ശേഷം മൊബൈൽ നമ്പർ നൽകുക. ഫോണിൽ സന്ദേശമായെത്തുന്ന ഒടിപി നൽകിയ ശേഷം മറ്റ് വിവരങ്ങളും നൽകുക.
സിം ഡെലിവർ ചെയ്യേണ്ട മേൽവിലാസം നൽകുക.
തുടർന്ന് ഓൺലൈനായി ഫീസടയ്‌ക്കുക. 90 മിനിറ്റിനുള്ളിൽ‌ ബിഎസ്എൻഎൽ സിം വീട്ടിലെത്തും.
കെവൈസി വിവരങ്ങൾ കൂടി നൽ‌കിയാൽ സിം കാർ‌ഡ് ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്.
നിലവിൽ ഹരിയാനയിലെ ഗുരുഗ്രാം, ഉത്തർപ്രദേശിലെ ഗാസിയബാദ് എന്നിവിടങ്ങളിൽ മാത്രമാണ് ഈ സേവനം ലഭിക്കുന്നത്. ഉടൻ തന്നെ ഈ സേവനം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

വിമാനയാത്രയിൽ നാളികേരം അനുവദനീയമല്ല; കാരണമിതാണ്.

യാത്ര ചെയ്യുമ്പോൾ എന്തൊക്കെ കയ്യിൽ കരുതണം എന്തൊക്കെ ഒഴിവാക്കണം എന്നുള്ളത് ഏതൊരു യാത്രക്കാരനും നേരിടുന്ന ധർമ്മസങ്കടങ്ങളിലൊന്നാണ്. ഇത്തരത്തിൽ വിമാന യാത്രക്കാരെ കുഴപ്പിക്കുന്ന കാര്യമാണ് ഹാൻഡ് ലഗേജിൽ എന്തൊക്കെ കരുതാമെന്നുള്ളത്. യാത്രക്കാർ പ്രതീക്ഷിക്കാത്ത പല സാധനങ്ങൾക്കും വിമാന കമ്പനികൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിലൊന്നാണ് നാളികേരം. വിമാനയാത്രക്കിടെ ഭർത്താവിന്റെ അമ്മക്കുണ്ടായ അനുഭവം പങ്കുവെച്ച് യുവതിയുടെ എക്സ് പോസ്റ്റിന് വിമാന കമ്പനിയായ ഇൻഡിഗോ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തീപ്പിടിക്കാൻ സാധ്യതയേറെയുള്ള വസ്തുവാണ് ഉണക്ക തേങ്ങ. അതുകൊണ്ടാണ് ചെക്കിൻ ബാഗിൽ തേങ്ങ അനുവദിക്കാത്തത് എന്നാണ് ഇൻഡിഗോ മറുപടി നൽകിയത്. തേങ്ങയിൽ എണ്ണയുടെ അളവ് കൂടുതലായതുകൊണ്ടുതന്നെ തീ കത്താനുള്ള സാധ്യത കൂടുതലാണ്.

തേങ്ങ വിമാനത്തിനുള്ളിൽ കൊണ്ടുപോകുന്നത് വിമാന കമ്പനികൾ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും കഷണങ്ങളാക്കിയ തേങ്ങാക്കൊത്ത് കൊണ്ടുപോകാമെന്ന് സ്പൈസ് ജെറ്റ് വിശദീകരിക്കുന്നുണ്ട്.

നിസ്സാരക്കാരനല്ല തേങ്ങ

അയാട്ടയുടെ ( ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ) അപകടകരമായ വസ്തുക്കളുടെ പട്ടികയിൽ ക്ലാസ് നാല് കാറ്റഗറിയിലാണ് തേങ്ങയെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തേങ്ങ കൊണ്ടുള്ള ഉത്പന്നങ്ങൾ വിമാനത്തിൽ അനുവദനീയമാണ്.

ഡ്രൈ ഡേയിൽ മാറ്റം, ഒന്നാം തീയതിയും ഇനി മദ്യം കിട്ടും; മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ ശുപാർശ.

സംസ്ഥാനത്തെ മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ ശുപാർശ. ഡ്രൈ ഡേയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്താൻ മദ്യനയത്തിന്റെ കരടിൽ ശുപാർശ നൽകിയത്. ഒന്നാം തീയതി മദ്യ ഷോപ്പുകൾ മുഴുവനായി തുറക്കേണ്ടതില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോൺഫറൻസുകൾ, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് എന്നിവിടങ്ങളിൽ അന്നേ ദിവസം പ്രത്യേക ഇളവ് അനുവദിക്കാമെന്നും ശുപാർശയിൽ ഉണ്ട്.

മദ്യവിതരണം എങ്ങനെയാകണമെന്നത് സംബന്ധിച്ച ചട്ടങ്ങളിൽ വ്യക്തത വരുത്തും. ഡ്രൈ ഡേ കാരണം കോടികൾ നഷ്ടം വരുന്നതായി ടൂറിസം – നികുതി വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ ശുപാർശ ചെയ്യുന്നതെന്നാണ് മദ്യനയത്തിന്റെ കരട് റിപ്പോർട്ടിലുള്ളത്.
 
ഡ്രൈ ഡേ ഒഴിവാക്കി ഒന്നാം തീയ്യതി മദ്യവിതരണത്തിന് അനുമതി നൽകണമെന്ന ആവശ്യം സംസ്ഥാനത്തെ ബാർ ഉടമകൾ ഏറെക്കാലമായി ഉന്നയിക്കുന്നു. ഈ ആവശ്യം ഉപാധികളോടെ പരിഗണിക്കുന്ന സമീപനമാണ് ഇത്തവണ മദ്യനയത്തിൽ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സിപിഐഎമ്മിലെയും മുന്നണിയിലെയും ച‍ർച്ചകൾക്ക് ശേഷമാണ് നയം അന്തിമമാകുക. ഈ മാസം മന്ത്രിസഭയിൽ നയത്തിന് അംഗീകാരം നേടാനാണ് എക്സൈസ് വകുപ്പിൻ്റെ ലക്ഷ്യം.

മദ്യ ഉപഭോഗം നിയന്ത്രിക്കാന്‍ സംസ്ഥാനം ശ്രമിക്കുന്ന നിരവധി മാര്‍ഗങ്ങളില്‍ ഒന്നാണ് ഡ്രൈ ഡേകള്‍. മദ്യ വില്‍പ്പനയില്ലാത്ത ദിവസത്തെയാണ് ഡ്രൈ ഡേ എന്ന് വിളിക്കുന്നത്. ഓരോ 3 മാസത്തിലും ഡ്രൈഡേകളുടെ പട്ടിക സര്‍ക്കാര്‍ പുറത്തുവിടാറുണ്ട്. ഈ ദിവസങ്ങളിൽ ഒരു തുള്ളി മദ്യം എവിടെ നിന്നും ആർക്കും ലഭിക്കില്ല. ഒരു പരിപാടിയ്ക്കോ പ്രത്യേക ദിവസത്തിനോ തിരഞ്ഞെടുപ്പിനോ മുന്നോടിയായി കടകളിലും ബാറുകളിലും ക്ലബ്ബുകളിലും മറ്റ് സ്ഥലങ്ങളിലും മദ്യം വില്‍ക്കുന്നത് സര്‍ക്കാര്‍ നിരോധിക്കുന്ന ദിവസങ്ങളാണ് ഡ്രൈ ഡേ. ഒരു വര്‍ഷത്തില്‍ ഏകദേശം 20,21 ദിവസങ്ങള്‍ ഡ്രൈ ഡേയായി വരാം. ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, ജനുവരി 26 റിപ്പബ്ലിക് ദിനം, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം എന്നീ ദിവസങ്ങളിലൊക്കെ ഡ്രൈ ഡേയാണ്.

മദ്യവില്‍പ്പന നിരോധിച്ചിരിക്കുന്ന ചില ഉത്സവങ്ങളുമുണ്ട്. അതായത് തൃശൂർ പൂരത്തിന് കോർപ്പറേഷൻ പരിധിയിൽ 2 ദിവസം ഡ്രൈ ഡേയാണ്. ഇന്ത്യന്‍ ഭരണഘടനയിലും ഇത് സംബന്ധിച്ച് ഒരു നിയമം ഉണ്ടാക്കിയിട്ടുണ്ട്. ഭരണഘടനയുടെ 47-ാം അനുച്ഛേദത്തിലാണത്.

2040 ഓടെ കൊച്ചി മുങ്ങിയേക്കുമെന്ന പഠന റിപ്പോർട്ട്.

2040 ഓടെ കൊച്ചി മുങ്ങിയേക്കുമെന്ന പഠന റിപ്പോർട്ട്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് 2040 ആകുമ്പോഴേക്കും കടൽ നിരപ്പുയരുന്നത് മൂലം മുംബൈ, ചെന്നൈ, പനജി നഗരങ്ങളിൽ 10 ശതമാനവും കൊച്ചിയിൽ 1 മുതൽ 5% വരെയും കരഭൂമി മുങ്ങിയേക്കുമെന്നാണ് പഠന റിപ്പോർട്ട് വന്നിട്ടുള്ളത്. ബെംഗളൂരു ആസ്ഥാനമായുള്ള സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ്, ടെക്‌നോളജി ആൻഡ് പോളിസി (സിഎസ്‌ടിഇപി) നടത്തിയ പഠനത്തിൽ മംഗളൂരു, വിശാഖപട്ടണം, ഉഡുപ്പി, പുരി നഗരങ്ങളിലും 5% വരെ ഭൂമി വെള്ളത്തിനടിയിലായേക്കുമെന്ന മുന്നറിയിപ്പുമുണ്ട്.

അതേസമയം തിരുവനന്തപുരം,  കോഴിക്കോട് ഉൾപ്പെടെ 15 തീരദേശ നഗരങ്ങളിൽ നടത്തിയ പഠനത്തിൽ മുംബൈയിലാണ് ഭീഷണി കൂടുതലുള്ളതെന്നും കണ്ടെത്തലിൽ പറയുന്നു. 1987– 2021 കാലത്ത്  സമുദ്രനിരപ്പ് ഏറ്റവും കൂടുതൽ ഉയർന്നത് മുംബൈയിൽ ആയിരുന്നു (4.44 സെ.മീ). മറ്റിടങ്ങളിൽ ഇങ്ങനെ: വിശാഖപട്ടണം – 2.38 സെ.മീ., കൊച്ചി – 2.21 സെ.മീ, ചെന്നൈ –0.67 സെ.മീ. കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ മലിനീകരണം എന്നിവയുടെ വിപത്ത് ചെറുതായിരിക്കില്ലെന്നും പഠനം ഓർമ്മിപ്പിക്കുന്നുണ്ട്. 2100 ആകുമ്പോഴേക്കും സമുദ്രനിരപ്പ് ഉയരാനുള്ള സാധ്യത: മുംബൈ– 76.2 സെ.മീ., കോഴിക്കോട്– 75.1 സെ.മീ., കൊച്ചി– 74.9 സെ.മീ., തിരുവനന്തപുരം– 74.7 സെ.മീ എന്നിങ്ങനെയാണ്.

ചന്ദ്രൻ ഭൂമിയിൽ നിന്ന് അകലുന്നു! ഭാവിയിൽ ദിവസത്തിൽ 25 മണിക്കൂറുകളുണ്ടാകും.

എത്രയോ കാലമായി അമ്പിളിമാമൻ എന്ന ചന്ദ്രൻ നമ്മുടെ ആകാശത്ത് നമ്മെ നോക്കി ചിരിക്കുന്നു.ശാസ്ത്രജ്ഞരെയും കവികളെയും കലാകാരൻമാരെയും കുട്ടികളെയുമൊക്കെ വളരെയധികം ആകർഷിക്കുകയും ഭ്രമിപ്പിക്കുകയും ചന്ദ്രൻ ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ യുഎസിലെ വിസ്‌കോൻസിൻ സർവകലാശാലയിലെ ഗവേഷകർ പുതിയ ഒരു വെളിപ്പെടുത്തലുമായി വന്നിരിക്കുന്നു. ചന്ദ്രൻ ഭൂമിയിൽ നിന്ന് എല്ലാ വർഷവും നിശ്ചിത തോതിൽ അകലുന്നുണ്ട്. വർഷത്തിൽ 3.8 സെന്‌റിമീറ്റർ എന്നതാണ് ഈ നിശ്ചിത തോത്. ഈ അകൽച്ചയ്ക്ക് ഭാവിയിൽ ഭൂമിയിൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഗവേഷകർ പറയുന്നു. 

 ഭാവിയിൽ ഒരു ദിവസത്തിൽ 25 മണിക്കൂറുകളുണ്ടാകും. ഈ ഭാവി എന്നു പറഞ്ഞത് ചെറിയൊരു കാലയളവല്ല കേട്ടോ. 20 കോടി വർഷങ്ങൾക്ക് ശേഷമുള്ള  ഒരു കാലഘട്ടത്തിലാണ് ഇതു സംഭവിക്കുക. 140 കോടി വർഷങ്ങൾക്ക് മുൻപ് ചന്ദ്രനിലെ ഒരു ദിവസമെന്നാൽ 18 മണിക്കൂർ മാത്രമാണുണ്ടായിരുന്നതത്രേ.  ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഗുരുത്വാകർഷണ ഇടപെടലുകൾ കാരണമാണ് ഈ പ്രതിഭാസം. ചന്ദ്രൻ ഭൂമിയിൽ നിന്ന് അകലുന്നു എന്നത് ഒരു പുതിയ അറിവല്ല. പതിറ്റാണ്ടുകൾ മുൻപ് നടന്ന പഠനങ്ങളിൽ തന്നെ ഇതു വെളിവാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ പ്രതിഭാസം ഭൂമിയിൽ എങ്ങനെയൊക്കെ ബാധിക്കുന്നു തുടങ്ങി സമഗ്രമായ അറിവുകൾ നേടാനായതാണ് വിസ്‌കോൻസിൻ സർവകലാശാലയുടെ പഠനത്തിന്‌റെ നേട്ടം.

Verified by MonsterInsights