ഓൺലൈൻ വഴി പ്രചരിക്കുന്ന വ്യാജവാർത്തകൾ തിരിച്ചറിയാനും ‘ഫാക്ട് ചെക്കിങ്ങിന്’ കുട്ടികളെ പര്യാപ്തമാക്കാനും ലക്ഷ്യമിട്ട് വദ്യാഭ്യാസ വകുപ്പ്. 5, 7 ക്ലാസുകളിലെ പുതിയ ഐ.സി.ടി. (Information and Comunication Technology) പാഠപുസ്തകങ്ങളുടെ ഭാഗമായാണ് ഫാക്ട് ചെക്കിംഗ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് പുറമെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും പരിശീലനം നൽകും.
നേരത്തെ 2022-ൽ ‘സത്യമേവ ജയതേ’ പദ്ധതിയുടെ ഭാഗമായി അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിലെ 19.72 ലക്ഷം കുട്ടികൾക്ക് വ്യാജവാർത്തകൾ പ്രതിരോധിക്കാനുള്ള പ്രത്യേക ഡിജിറ്റൽ സാക്ഷരതാ പരിശീലനം കൈറ്റിൻ്റെ (KITE – Kerala Infrastructure and Technology for Education) നേതൃത്വത്തിൽ നടന്നിരുന്നു. 5920 പരിശീലകരുടെ സഹായത്തോടെയാണ് 9.48 ലക്ഷം യു പി തലത്തിലെ കുട്ടികൾക്കും 10.24 ലക്ഷം ഹൈസ്‌ക്കൂൾ കുട്ടികൾക്കും രാജ്യത്താദ്യമായി പരിശീലനം നൽകിയത്.
ഇൻ്റർനെറ്റ് നിത്യ ജീവിതത്തിൽ, സോഷ്യൽ മീഡിയയ്ക്ക് നമ്മെ വേണം, സോഷ്യൽ മീഡിയയിലെ ശരിയും തെറ്റും, വ്യാജവാർത്തകളുടെ വ്യാപനം എങ്ങനെ തടയാം എന്നിങ്ങനെ നാല് മേഖലകളിലായാണ് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരിശീലനം കൈറ്റ് നൽകിയത്. ഡിജിറ്റൽ മാധ്യമങ്ങൾ വഴി പങ്കുവെയ്ക്കുന്ന വസ്തുതവിരുദ്ധമായ വിവരങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന തെറ്റായ സ്വാധീനവും വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കലും വിവിധ ‘കേസ് സ്റ്റഡികളിലൂടെ’ പരിശീലനത്തിൻ്റെ ഭാഗമാക്കിയിരുന്നു.
അടുത്ത വർഷം 6, 8, 9, 10 ക്ലാസുകളിലെ ഐ.സി.ടി. പാഠപുസ്തകങ്ങൾ മാറുമ്പോൾ ഈ രംഗത്തെ ഏറ്റവും പുതിയ വിവരങ്ങൾ കൂടി അതിലുൾപ്പെടുത്താനാണ് തീരുമാനം.
വ്യാജവാർത്തകൾ തിരിച്ചറിയാനും ആധികാരികത ഉറപ്പാക്കാനും മാത്രമല്ല സ്‌ക്രീൻ സമയം നിയന്ത്രിക്കാനും അഞ്ചാം ക്ലാസിലെ ‘ഇൻ്റർനെറ്റിൽ തിരയുമ്പോൾ’ എന്ന അദ്ധ്യായത്തിലുണ്ട്. ഏഴാം ക്ലാസിലെ ‘തിരയാം, കണ്ടെത്താം’ എന്ന അദ്ധ്യായത്തിലും ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതും കുറ്റകരമാണെന്നതും വിശദീകരിക്കുന്നുണ്ട്.
ലഭിക്കുന്ന വിവരങ്ങൾ മറ്റുള്ളവർക്ക് പങ്കുവെയ്ക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇത്തരം വിവരങ്ങൾ നൽകുന്നവരെ അവയുടെ ഭവിഷ്യത്ത് ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കേണ്ടതിനെക്കുറിച്ചും ഉള്ളടക്കങ്ങളുടെ പകർപ്പവകാശത്തെക്കുറിച്ചും പാഠപുസ്തകത്തിലുണ്ട്. ഏഴാം ക്ലാസിലെ പുതിയ ഐ.സി.ടി പാഠപുസ്തകത്തിലാണ് രാജ്യത്താദ്യമായി 4 ലക്ഷം കുട്ടികൾക്ക് എ ഐ പഠനത്തിന് അവസരം നൽകിയിട്ടുള്ളത്.