ബോക്സ് ഓഫീസ് തിരിച്ചുപിടിച്ച് ടർബോ.

പോക്കിരിരാജ’, ‘മധുരരാജ’ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. മിഥുൻ മാനുവല്‍ തോമസിന്റെ തിരക്കഥയിൽ ഒരുങ്ങിയ ടർബോ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ആദ്യ ദിനം മുതൽ മികച്ച കളക്ഷനാണ് ബോക്സ് ഓഫീസിൽ നേടുന്നത്.

മറ്റു രണ്ട് ചിത്രങ്ങൾ റിലീസിനെത്തിയ വെള്ളയാഴ്ച, ടർബോയുടെ കളക്ഷനിൽ ഇടിവ് സംഭവിച്ചെങ്കിലും ശനിയാഴ്ച ചിത്രം നേട്ടമുണ്ടാക്കി. ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക് അനുസരിച്ച്, 4 കോടിയോളം രൂപയാണ് മൂന്നാം ദിനം ചിത്രം നേടിയത്. ഞായറാഴ്ച ചിത്രത്തിന്റെ കളക്ഷൻ​ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.

ആദ്യദിനം ഇന്ത്യയിൽ നിന്നു മാത്രം 7 കോടി രൂപയോള മായിരുന്നു ചിത്രം നേടിയത്. ഈ വർഷം ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷ​ൻ നേടുന്ന മലയാള ചിത്രമാണ് ടർബോ. മലൈക്കോട്ടൈ വാലിബൻ (5.86 കോടി), ആടുജീവിതം (5.83) തുടങ്ങിയ ചിത്രങ്ങളുടെ റെക്കോർഡാണ് ടർബോ തകർത്തത്.

തൃശൂർ പൂരം സാംപിൾ വെടിക്കെട്ട് ഇന്ന്; തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുന്നത് ഒരാൾ തന്നെ, ചരിത്രത്തിൽ ആദ്യം.

തൃശൂർ പൂരാവേശം ആകാശമേലാപ്പിൽ വിരിയിക്കാൻ ഇന്ന് സാംപിൾ വെടിക്കെട്ട്. വൈകുന്നേരം ഏഴ് മണിക്കാണ് സാംപിൾ വെടിക്കെട്ടിന് തുടക്കമാകുക. തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിന് ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുക ഒരാൾ തന്നെയാണ്. മുണ്ടത്തിക്കോട് സ്വദേശി പിഎം സതീശാണ് തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വെടിക്കെട്ടുചുമതല നിർവഹിക്കുക. കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടുചുമതല സതീശിനായിരുന്നു.നൂറ്റാണ്ടുകൾ പിന്നിട്ട തൃശൂർ പൂരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് രണ്ടു വിഭാഗങ്ങളുടെ വെടിക്കെട്ടുചുമതല ഒരാളിലേക്ക് എത്തുന്നത്. വർഷങ്ങളായി തിരുവമ്പാടിക്കു വേണ്ടി പതിവുകാരനാണ് മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷ്. സതീഷിൻ്റെ അച്ഛൻ മണിപാപ്പനും തിരുവമ്പാടിയുടെ കരാറുകാരനായിരുന്നു.

സാങ്കേതിക പ്രശ്നം മൂലം പാറമേക്കാവിന്റെ വെടിക്കെട്ടു കരാറുകാരനു ലൈസൻസ് നൽകാൻ പ്രയാസമായതോടെ കളക്ടർ വിആർ കൃഷ്‌ണ തേജ വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്നു നടത്തിയ ചർച്ചകളിലൂടെയാണ് ഒരേ കരാറുകാരൻ മതിയെന്നു തീരുമാനിച്ചത്. അതേസമയം വെടിക്കെട്ടിന്റെ മത്സരസ്വഭാവത്തോടെയുള്ള വൈവിധ്യത്തിന് കുറവ് വരാത്ത രീതിയിലായിരിക്കും സംഘാടനമെന്നും വെടിക്കെട്ടിൽ വ്യത്യസ്തത കൊണ്ടുവരാനുള്ള ആരോഗ്യകരമായ മത്സരങ്ങൾ ഇത്തവണയും ഉണ്ടാകുമെന്നും സംഘാടകർ പറഞ്ഞു.

രാജ്യത്താകെ ഹിറ്റായി കൊച്ചി വാട്ടര്‍മെട്രോ; മാതൃകയാക്കാനൊരുങ്ങി മറ്റു സംസ്ഥാനങ്ങള്‍.

രാജ്യത്തെ ആദ്യത്തെ വാട്ടർമെട്രോ കൊച്ചിയിൽ തുടങ്ങിയിട്ട് 25-ന് ഒരു വർഷമാകും. 18 ലക്ഷത്തിലേറെപ്പേരാണ് ഇതുവരെ വാട്ടർമെട്രോയിൽ യാത്ര ചെയ്തത്. കൊച്ചി കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ഡെസ്റ്റിനേഷനിൽ ഒന്നായി വാട്ടർമെട്രോ മാറിക്കഴിഞ്ഞു. ടൂർ പാക്കേജുകളിലെല്ലാം വാട്ടർമെട്രോ യാത്രയും ഉൾപ്പെടുന്നുണ്ട്. രാജ്യത്തെ ഏക വാട്ടർമെട്രോ എന്നതാണ് ആകർഷണം.വിനോദസഞ്ചാരികളെ കൂടി ലക്ഷ്യമിട്ട് കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് തുടങ്ങുന്നതിനുള്ള ഒരുക്കത്തിലാണ് പദ്ധതിയുടെ നടത്തിപ്പുകാരായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. ഇതിനൊപ്പം മറ്റു സംസ്ഥാനങ്ങളും വാട്ടർമെട്രോയിൽ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. രാജ്യത്തെ 40 നഗരങ്ങളിൽ വാട്ടർമെട്രോ നടപ്പാക്കാനാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കേരളത്തിൽ കൊല്ലവും വാട്ടർമെട്രോയ്ക്കായി പരിഗണിക്കപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ്.

ഈ മാസം 11 വരെയുള്ള കണക്കുകളനുസരിച്ച് 18,87,913 പേരാണ് വാട്ടർമെട്രോയിൽ യാത്ര ചെയ്തത്. കഴിഞ്ഞദിവസങ്ങളിൽ പ്രതിദിനം ശരാശരി 6,721 യാത്രക്കാരുണ്ടായതായി കെ.എം.ആർ.എൽ. അധികൃതർ പറയുന്നു. അവധിക്കാലമായതിനാൽ ഇത് 10,000 ത്തോളമെത്തുമെന്നാണ് പ്രതീക്ഷ. സർവീസ് ആരംഭിച്ച് ആറുമാസത്തിനകംതന്നെ വാട്ടർമെട്രോയിലെ യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു. വൈറ്റില-കാക്കനാട്, ഹൈക്കോടതി-വൈപ്പിൻ എന്നീ റൂട്ടുകളിലായി തുടങ്ങിയ പദ്ധതി പിന്നീട് ബോൾഗാട്ടിയിലേക്കും സർവീസ് തുടങ്ങി. നിലവിൽ ഒൻപത് ടെർമിനലുകളുണ്ട്. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ എന്നീ നാലു ടെർമിനലുകൾ കഴിഞ്ഞ മാർച്ചിലാണ് ഉദഘാടനം ചെയ്തത്.

പാലിയംതുരുത്ത്, കുമ്പളം, വില്ലിങ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി തുടങ്ങിയ ടെർമിനലുകളുടെ നിർമാണം പുരോഗമിക്കുകയാണ്. വാട്ടർമെട്രോ പൂർണ സജ്ജമാകുന്നതോടെ 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളാണ് സർവീസ് നടത്തുക. കൊച്ചി കപ്പൽശാലയിൽ നിർമിച്ച അത്യാധുനിക ബോട്ടുകളാണ് വാട്ടർമെട്രോയിൽ സർവീസ് നടത്തുന്നത്.

ടൂറിസം സാധ്യതകളേറെ

വിനോദസഞ്ചാരമേഖലയിൽ വാട്ടർമെട്രോയ്ക്ക് ഏറെ സാധ്യതകളുണ്ട്. ഇത് കണക്കിലെടുത്ത് കൂടുതൽ പദ്ധതികൾ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കെ.എം.ആർ.എൽ. നഗരത്തോട് ചേർന്നുകിടക്കുന്ന ദ്വീപുകളിലേക്ക് വാട്ടർമെട്രോയിൽ യാത്രചെയ്തെത്തുന്നവർക്കായി കലാപരിപാടികളും വിനോദങ്ങളും ഒരുക്കാൻ പദ്ധതിയുണ്ട്. അതത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

ചൂട് വകവെക്കാതെ വിഷുത്തിരക്കിലമര്‍ന്ന് നഗരം.

നഗരം വിഷുത്തിരക്കിലായി. ചുട്ടുപൊള്ളുന്ന ചൂടിനിടയിലും തിരക്കിന് കുറവൊന്നുമില്ല. വിഷുവിന് മണിക്കൂറുമാത്രം ബാക്കിനില്‍ക്കെ തിരക്ക് മൂർധന്യത്തിലായി.ദിവസങ്ങളായി നഗരത്തില്‍ വലിയ ജനത്തിരക്കാണനുഭവപ്പെട്ടത്. പെരുന്നാളും വിഷുവും ഒപ്പമെത്തിയത് വ്യാപാരകേന്ദ്രങ്ങളില്‍ വലിയ ഉണർവുണ്ടാക്കിയിട്ടുണ്ട്.

 

ചുട്ടുപൊള്ളുന്ന അന്തരീക്ഷമാണെങ്കിലും വിഷുക്കോടിയും മറ്റ് സാധനങ്ങളും വാങ്ങാൻ ആളുകള്‍ നഗരത്തിലേക്ക് കൂട്ടത്തോടെയെത്തുന്നു. പാതയോരത്തുനിന്ന് സാധനങ്ങള്‍ വാങ്ങാനും ആളുകള്‍ തിരക്കുകൂട്ടുന്നു.പുതിയ ട്രെൻഡ് വസ്ത്രങ്ങളുമായി ഇക്കുറി കളംപിടിച്ചപ്പോള്‍ പ്രയോജനമുണ്ടാക്കിയതായി കച്ചവടക്കാർ പറയുന്നു. തുണിത്തരങ്ങളുമായി ഇതരസംസ്ഥാനക്കാർ നഗരത്തിലെ വഴിയോരങ്ങള്‍ കൈയടക്കിയിരിക്കുകയാണ്. വസ്ത്രങ്ങള്‍ക്കുള്‍പ്പെടെ വിലയില്‍ വലിയ വർധനവുണ്ടായിട്ടുണ്ട്. വിഷുവിന് കണിയൊരുക്കാനുള്ള മണ്‍കലങ്ങളും നഗരത്തില്‍ എത്തിയിട്ടുണ്ട്.മടിക്കൈയില്‍നിന്നാണ് മണ്‍കലങ്ങള്‍ ഇവിടേക്ക് വില്‍പനക്കായെത്തുന്നത്. വിഷുദിവസം കണികാണാനുള്ള കൃഷ്ണവിഗ്രഹങ്ങളും യഥേഷ്ടമുണ്ട്. വിഷുവിന്റെ തലേദിവസമായ ശനിയാഴ്ച നഗരത്തില്‍ അഭൂതപൂർവമായ തിരക്കനുഭവപ്പെടാനാണ് സാധ്യത. പച്ചക്കറി-പഴവർഗക്കടകളിലും തിരക്കുണ്ടാവും.

കഠിനമീച്ചൂട്: പടക്കം പൊട്ടിക്കുന്നതിനും പരിധിവേണം.

വിഷുകൈനീട്ടം നൽകാൻ പുത്തൻ നോട്ടുകൾ വേണോ? വഴിയുണ്ട് ഇങ്ങോട്ട് പോന്നോളൂ.

വിഷുവിന് പുതുപുത്തൻ നോട്ടുകൾ കൈനീട്ടം നൽകാൻ ആഗ്രഹമുണ്ടോ…? എങ്കിൽ വഴിയുണ്ട്. ഇതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സൗകര്യമൊരുക്കിയിട്ടുണ്ട്.

 

തിരുവനന്തപുരത്തെ ആർബിഐ ആസ്ഥാനത്തു നിന്നും വിവിധ കേന്ദ്രങ്ങളിലെ കറൻസി ചെസ്റ്റുകളിൽ നിന്നും പുതിയ കറൻസികളും നാണയ തുട്ടുകളും ലഭ്യമാണ്. പുതിയ കറൻസി ലഭിക്കാനായി രാവിലെ 10നും ഉച്ചയ്ക്ക് 2.30നും ഇടയിലാണ് എത്തേണ്ടത്.

 

10 രൂപ നോട്ടുകൾക്ക് മാത്രമാണ് ക്ഷാമമെന്ന് ആർബിഐ അറിയിച്ചു. വിഷുക്കാലത്ത് മാത്രമല്ല, എല്ലാ സമയത്തും നോട്ടുകൾ മാറ്റിവാങ്ങാൻ ആർബിഐയിൽ സൗകര്യമുണ്ട്.

 

വിചാരിച്ച ആൾ സ്റ്റാറ്റസ് കണ്ടില്ലല്ലേ…? വിഷമിക്കണ്ടട്ടോ : വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ ഉടനെ എത്തും.

ഇന്ന് നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. വ്യത്യസ്തമായ ഫീച്ചറുകൾ അടുത്തിടെ അവതരിപ്പിച്ച് കൂടുതൽ ജനകീയമാകുകയാണ് വാട്സ്ആപ്പ് . ഇപ്പോഴിതാ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്.

സ്റ്റാറ്റസിൽ സുഹൃത്തുക്കളെ മെൻഷൻ ചെയ്യുന്ന ഫീച്ചറാണ് പുതിയ അപ്ഡേറ്റിൽ കൊണ്ടുവരുന്നത്. ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. സ്റ്റാറ്റസിൽ ഉപയോക്തക്കളെ സ്വകാര്യമായി മെൻഷൻ ചെയ്യുന്ന ഫീച്ചറാണ് ഇത്. നിങ്ങൾ മെൻഷൻ ചെയുന്ന വ്യക്തിക്ക് സ്റ്റാറ്റസ് സംബന്ധിച്ച് അറിയിപ്പ് എത്തും. സ്റ്റാറ്റസിൽ ആരെയാണോ മെൻഷൻ ചെയ്യുന്നത് ആ വ്യക്തിക്ക് മാത്രമെ ഇക്കാര്യം അറിയാൻ കഴിയുകയുള്ളു എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.

മറ്റ് ഉപയോക്താക്കൾ ഇത് കാണാതിരിക്കാൻ സ്വകാര്യതയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നത്. നിങ്ങളുടെ സ്റ്റാറ്റസ് കാണണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികൾക്ക് പ്രത്യേക പരിഗണന നൽകുകയാണ് ഈ അപ്ഡേറ്റിലൂടെ ലക്ഷ്യമിടുന്നത്. ഈ ഫീച്ചർ നിരവധി പേർക്ക് ഉപകാരപ്രദമാകും എന്നാണ് റിപ്പോർട്ട്.

നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും സിം കാർഡ് എടുത്തിട്ടുണ്ടോ ? മിനിട്ടുകൾക്കുള്ളിൽ വീട്ടിലിരുന്ന് തന്നെ അറിയാം.

മൊബൈൽ നമ്പർ പോർട്ടിങ് സൗകര്യം ദുരുപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാനായി ടെലികോം റഗുലേറ്ററി അതോറിറ്റി ചട്ടം ഭേദഗതി ചെയ്തിരിക്കുകയാണ് . അതനുസരിച്ച് ജൂലൈ 1 മുതൽ, സിം കാർഡ് മാറിയെടുക്കുന്നവർക്ക് തുടർന്നുള്ള 7 ദിവസത്തിനകം മൊബൈൽ കണക‍്ഷൻ മറ്റൊരു ടെലികോം കമ്പനിയിലേക്ക് പോർട്ട് ചെയ്യാൻ കഴിയില്ല.ഈ സാഹചര്യത്തിൽ നിങ്ങൾ സിം കാർഡ് തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് കണ്ടെത്താനും വഴിയുണ്ട്. തട്ടിപ്പുകാർ നിങ്ങളുടെ പേരിലുള്ള സിം കാർഡ് എടുത്ത് തട്ടിപ്പ് നടത്തുന്നുണ്ടോയെന്ന് വളരെവേഗം അറിയാനുള്ള മാർഗമാണിത്.ടെലികോം ഡിപ്പാർട്ട്‌മെന്റിന്റെ പോർട്ടൽ സന്ദർശിച്ച് നിങ്ങളുടെ പേരിൽ എത്ര സിമ്മുകൾ സജീവമാണെന്ന് എളുപ്പത്തിൽ പരിശോധിക്കാനാകും . സഞ്ചാര സാഥി പോർട്ടൽ (tafcop.sancharsaathi.gov.in) ഇതിനായി ഉപയോഗിക്കാം. tafcop.sancharsaathi.gov.in സന്ദർശിക്കുക അല്ലെങ്കിൽ sancharsaathi.gov.in എന്ന സൈറ്റ് ഓപ്പൺ ചെയ്യുക. സിറ്റിസൺ സെൻട്രിക് സേവനങ്ങളിൽ ടാപ്പ് ചെയ്യുക.

അതിന് ശേഷം Know Your mobile connections എന്നതിൽ ക്ലിക്ക് ചെയ്ത് മൊബൈൽ കണക്ഷനെ കുറിച്ച് പരിശോധിക്കാം. ഇതിനായി ആദ്യം 10 അക്ക മൊബൈൽ നമ്പർ നൽകി കാപ്ച്ച ടൈപ്പ് ചെയ്യുക. ഇതിന് ശേഷം നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് വരുന്ന OTP നൽകുക. തുടർന്ന് വിശദാംശങ്ങൾ സ്ക്രീനിൽ കാണിക്കും. നിങ്ങളുടെ പേരിൽ എത്ര കാർഡുകൾ നൽകിയിട്ടുണ്ടെന്ന് ഇവിടെ കാണാം.അനധികൃത നമ്പർ കണ്ടെത്തിയാൽ, അത് തടയാനും കഴിയും.

koottan villa

നാലിഞ്ച് നീളം! ചൈനയിൽ വാലുമായി കുഞ്ഞ് ജനിച്ചു.

വൈദ്യശാസ്ത്ര ലോകത്തെ ഞെട്ടിച്ച് ചൈനീസ് കുട്ടി. നാലിഞ്ച് വാലുമായി പിറന്നുവീണ കു‍‍ഞ്ഞാണ് ഡോക്ടർമാരെ അമ്പരിപ്പിച്ചത്. ഹാംഗ്ഷൗ ചിൽഡ്രൻസ് ആശുപത്രിയിലാണ് സംഭവം. അപൂർവമായ ജനിതക വൈകല്യമാണ് ഇതിന് പിന്നിലെന്ന് പീഡിയാട്രിക് ന്യൂറോ സർജറിയിലെ ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ ഡോ. ലി ഈ വ്യക്തമാക്കി. ഏകദേശം 10 സെൻ്റീമീറ്റർ (3.9 ഇഞ്ച്) നീളമുള്ള, മൃദുവായ, എല്ലില്ലാത്ത ദശ നിറഞ്ഞ മുഴയായ ടെതർഡ് സ്പൈനൽ കോഡ് എന്നറിയപ്പെടുന്ന അവസ്ഥയിൽ നിന്നാണ് ഇത് ഉടലെടുത്തത്. സാധാരണയായി നട്ടെല്ലിന്റെ അടിഭാഗത്തിന് ചുറ്റുമുള്ള കലകളുമായി സുഷുമ്നാ നാഡി അസാധാരണമായി ബന്ധപ്പെട്ടിരിക്കുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. സുഷുമ്നാ കനാലിനുള്ളിൽ സുഷുമ്നാ നാഡി അനിയന്ത്രിതമായി ചലിക്കുന്നുണ്ട്. ചലനവും പ്രവർത്തനവും സുഗമമാക്കുന്നത് ഇപ്രകാരമാണ്. എന്നാൽ സുഷ്മന നാഡിയുടെ ചലനത്തിലുണ്ടാകുന്ന വ്യതിചലനങ്ങൾ നാഡി സംബന്ധമായ പ്രശ്നങ്ങളിലേക്കും വൈകല്യങ്ങളിലേക്കും നയിക്കുന്നു.

 

നേരത്തെ അമേരിക്കയിലും സമാന രീതിയിൽ വാലുമായി കുഞ്ഞ് ജനിച്ചിരുന്നു. പത്ത് ദിവസം പ്രായമുള്ള കുഞ്ഞിന്റെ വാൽ വിജയകരമായി നീക്കം ചെയ്തിരുന്നു. എന്നാൽ‌‍ ചൈനയിൽ ജനിച്ച കുട്ടിയുടെ വാൽ നീക്കം ചെയ്യാൻ മാതാപിതാക്കൾ തയ്യാറായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കുഞ്ഞിന്റെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയാണ് ഇതിന് പിന്നിൽ.

“നട്ടുച്ചയെ പോലും ഇരുട്ടിലാഴ്ത്തും; സമ്പൂര്‍ണ സൂര്യഗ്രഹണം വരുന്നു.

നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം ഏപ്രില്‍ ആദ്യവാരം നടക്കും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഹ്രണമാണ് ഏപ്രില്‍ എട്ടിന് നടക്കുക. വടക്കേ അമേരിക്കയിലായിരിക്കും ഇത്തവണ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകുക. 2017 ഓഗസ്റ്റ് 21ന് അമേരിക്കയില്‍ അനുഭവപ്പെട്ട സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ശേഷം ആറു വര്‍ഷങ്ങള്‍ക്കും ഏഴ് മാസവും 18 ദിവസത്തിനും ശേഷമാണ് അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം എത്തുന്നത്.
സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണു സമ്പൂര്‍ണ സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. 

ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെട്ടിട്ടുള്ളൂ. ഗ്രഹണ ദിവസം ഭൂമിയും ചന്ദ്രനും  സൂര്യനിൽ നിന്ന് ശരാശരി 150 ദശലക്ഷം കിലോമീറ്റർ ദൂരം നിലനിർത്തിയായിരിക്കും സ്ഥിതി ചെയ്യുക. ഇത് 7.5 മിനിറ്റ് നേരത്തേക്ക് സൂര്യനെ പൂര്‍ണമായി മറയ്ക്കും. ഇത്രയും സമയം അപൂർവ സംഭവമാണെന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. ഇതിന് മുന്‍പ് 1973 ലാണ്  ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നത്. ഗ്രഹണത്തിന് തൊട്ടുമുമ്പുള്ള ദിവസം ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമ്പോൾ സാധാരണ കാണുന്നതിനേക്കാള്‍ വലിപ്പത്തില്‍ ചന്ദ്രനെ ആകാശത്ത് കാണാനാകും. വെറും 3,60,000 കിലോമീറ്റർ മാത്രം അകലെയായിരിക്കും ചന്ദ്രന്‍ ആ ദിവസം.

വിദഗ്ധരുടെ അഭിപ്രായത്തിൽ സമ്പൂർണ ഗ്രഹണങ്ങൾ മറ്റേതൊരു ചന്ദ്രഗ്രഹണത്തേക്കാളും സൂര്യഗ്രഹണത്തേക്കാളും മനോഹരമാണ്. ഈ സമയം സന്ധ്യപോലെ ആകാശം ഇരുണ്ടിരിക്കാം എന്നും വിദഗ്ദര്‍ പറയുന്നു. ഇത്തവണ സമ്പൂർണ സൂര്യഗ്രഹണത്തോടൊപ്പം ഡെവിൾസ് കോമറ്റ് അഥവാ ചെകുത്താൻ വാൽനക്ഷത്രം എന്നറിയപ്പെടുന്ന വാൽനക്ഷത്രവും ദൃശ്യമായേക്കാം എന്നും പറയുന്നു. ഏപ്രിൽ 8ന് ശേഷം ഇരുപത് വര്‍ഷത്തിനു ശേഷമേ അടുത്ത സമ്പൂര്‍ണ സൂര്യഹ്രണം സാക്ഷ്യം വഹിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കൂ എന്നാണ് നാസ പറയുന്നത്.

Verified by MonsterInsights