അടിച്ചു മാറ്റി കൊണ്ടു പോയാല്‍ പണി കിട്ടും; തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് നിങ്ങളെ സഹായിക്കുന്നതെങ്ങനെ?

ഗൂഗിള്‍ അടുത്തിടെ പുറത്തിറക്കിയ ആന്‍ഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അവതരിപ്പിച്ചിരിക്കുന്ന തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്, ഓഫ്‌ലൈന്‍ ഡിവൈന്‍ ലോക്ക്, റിമോട്ട് ലോക്ക് തുടങ്ങിയ ഫീച്ചറുകള്‍ ശ്രദ്ധേയമാകുന്നു. ഉപയോക്താക്കളുടെ സ്മാര്‍ട്ട് ഫോണോ ടാബ്‌ലെറ്റുകളോ നഷ്ടമായാലോ മോഷ്ടിക്കപ്പെട്ടാലോ സ്വകാര്യ ഡാറ്റ സംരക്ഷിക്കാനാണ് ഗൂഗിള്‍ ഈ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. ഫോണ്‍ ഉപയോഗിക്കുന്നതിനിടയില്‍ ആരെങ്കിലും ഫോണ്‍ തട്ടിയെടുക്കുകയാണെങ്കില്‍ തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് ഫീച്ചര്‍ ഉടന്‍ തന്നെ പ്രവര്‍ത്തനക്ഷമമാകുന്ന രീതിയിലാണ് സംവിധാനം. ഫോണിൻ്റെ സ്‌ക്രീന്‍ പെട്ടെന്ന് ഓഫാക്കി സ്വകാര്യ വിവരങ്ങൾ മോഷ്ടാവിലേയ്ക്ക് എത്തുന്നത് തടയുന്നത്.

 

തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്കിന് പുറമേ ഉപയോഗിക്കാത്ത സമയത്ത് ഓട്ടോമാറ്റിക്കായി ഫോണിന്റെ സ്‌ക്രീന്‍ ലോക്ക് ആയി സംരക്ഷണം നല്‍കുന്ന ഓഫ്ലൈന്‍ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്ന് ഫീച്ചറുകളും ഇതില്‍ കാണാം. ആവശ്യം അനുസരിച്ച് ആക്ടിവേറ്റ് ചെയ്യാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ പുതിയ സുരക്ഷാ ഫീച്ചര്‍ നിലവില്‍ യുഎസിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഷാവോമിയുടെ 14ടി പ്രോയില്‍ ഈ ഫീച്ചര്‍ കണ്ടെത്തിയതായി മിഷാല്‍ റഹ്‌മാന്‍ എന്നയാള്‍ ത്രെഡ്സില്‍ പോസ്റ്റ് ചെയ്തു.

പ്രധാനമായി മൂന്ന് ഭാഗങ്ങളാണ് തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് സംവിധാനത്തിനുള്ളത്. അതില്‍ ആദ്യത്തേതാണ് തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്. ഫോണ്‍ അതിന്റെ ഉപഭോക്താക്കളില്‍ നിന്നും തട്ടിയെടുത്തിരിക്കുകയാണെന്നും അത് മറ്റൊരാളുടെ കൈവശമാണെന്നും മെഷീന്‍ ലേണിങ് സംവിധാനം ഉപയോഗിച്ച് മനസ്സിലാക്കും. ഉടന്‍ തന്നെ ഫോണ്‍ തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്മോഡിലേക്ക് മാറും. ഇതോടെ മോഷ്ടാവിന് ഫോണ്‍ തുറക്കാന്‍ സാധിക്കാതെ വരും.

 

ഓഫ്‌ലൈന്‍ ഡിവൈസ് ലോക്ക് ആണ് മറ്റൊരു ഭാഗം. ഫോണിൽ നിന്ന് നിശ്ചിത സമയപരിധിയില്‍ കൂടുതല്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി വിച്ഛേദിക്കപ്പെട്ടാല്‍ ഫോണ്‍ ലോക്കാവും. ഫോണ്‍ അസ്വാഭാവികമായി ഓഫ്‌ലൈന്‍ ആവുന്നത് തിരിച്ചറിഞ്ഞാണ് ഈ നീക്കം. മോഷ്ടിച്ചയാള്‍ ഫോണിലെ കണക്ടിവിറ്റി ഓഫ് ചെയ്താലും ഈ ഫീച്ചര്‍ ഫോണിന് സുരക്ഷ സുരക്ഷ നല്‍കും. റിമോട്ട് ലോക്ക് ഫീച്ചറാണ് അടുത്തത്. ഫൈന്റ് മൈ ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് ഉപഭോക്താവിന് ഫോണ്‍ ദൂരെ നിന്ന് ലോക്ക് ചെയ്യാനാവും. സെറ്റിങ്സില്‍-ഗൂഗിള്‍-ഗൂഗിള്‍ സര്‍വീസസ് മെനു തുറന്നാല്‍ ഈ ഫീച്ചറിന് അനുയോജ്യമായ മോഡലുകളില്‍ തെഫ്റ്റ് പ്രൊട്ടക്ഷന്‍ ഫീച്ചര്‍ കാണാം. ഏറ്റവും പുതിയ ഗൂഗിള്‍ പ്ലേ അപ്ഡേറ്റ്സാണ് ഫോണിലെന്ന് ഉറപ്പുവരുത്തുക.

 

ഫോളോവേഴ്‌സിനെ കൂട്ടാം; പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

ഫോളോവേഴ്സ് വര്‍ദ്ധിക്കുന്നതില്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം.’പ്രൊഫൈല്‍ കാര്‍ഡ്സ്’ എന്നാണ് ഫീച്ചറിന്റെ പേര്. പ്രൊഫൈല്‍ കാര്‍ഡിന് രണ്ട് വശങ്ങളുണ്ടാകും കൂടാതെ ഉപയോക്താക്കളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍, അവരുടെ അക്കൗണ്ടിലേക്കുള്ള ലിങ്കുകള്‍, മ്യൂസിക്, സ്‌കാന്‍ ചെയ്യാനുള്ള ക്യുആര്‍ കോഡ് എന്നിവയും ഫീച്ചറില്‍ ഉള്‍പ്പെട്ടേക്കാം. കാര്‍ഡിന്റെ പശ്ചാത്തലവും ഇഷ്ടാനുസൃതം ഉപയോക്താക്കള്‍ക്ക് മാറ്റാം.

യൂസര്‍ നെയിമുകള്‍ സ്വമേധയാ ടൈപ്പ് ചെയ്യാതെ തന്നെ ഉപയോക്തൃ പ്രൊഫൈലുകള്‍ ഷെയര്‍ ചെയ്യാനും പ്രൊഫൈല്‍ കാര്‍ഡ് ഫീച്ചറിലൂടെ സാധിക്കും. പ്രൊഫൈല്‍ കാര്‍ഡ് ഫീച്ചര്‍ സര്‍ഗ്ഗാത്മകതയ്ക്കുള്ള ഒരു കാന്‍വാസായി പ്രവര്‍ത്തിക്കുന്നു

ഇതിലൂടെ സമാന ചിന്താഗതിക്കാരായവരുടെ ശ്രദ്ധ നേടിയെടുക്കാന്‍ കഴിയും. മാത്രമല്ല, ഈ പ്രൊഫൈല്‍ കാര്‍ഡുകള്‍ ബ്രാന്‍ഡുകളുമായോ മറ്റ് ക്രിയേറ്റേഴ്സുമായോ പങ്കിടാം.

ഓഗസറ്റ് അപ്ഡേറ്റില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ പ്രൊഫൈലുകളില്‍ മ്യൂസിക് ഫീച്ചറുകളും ലഭ്യമായിരുന്നു. ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. പ്രൊഫൈല്‍ കാര്‍ഡുകള്‍ ഈ ഫീച്ചറുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയതാണ്.

4Gയില്‍ ലോകത്തെ പിന്തുടര്‍ന്നു, 5Gയില്‍ ഒപ്പം നടന്നു, 6G യില്‍ ലോകത്തെ ഇന്ത്യ നയിക്കും’.

അതിവേഗം മുന്നേറുന്ന ഡിജിറ്റല്‍ യുഗത്തില്‍ രാജ്യം പിന്നിട്ട വഴികളും കൈവരിച്ച നേട്ടങ്ങളും അടുത്ത ലക്ഷ്യങ്ങളേയും തുറന്ന് കാട്ടി ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വ്യവസായികളായ ആകാശ് അംബാനി, സുനില്‍ ഭാരതി മിത്തല്‍, കെ.എം.ബിര്‍ള തുടങ്ങിയവര്‍ ഉദ്ഘാടനത്തിനെത്തിയിരുന്നു.ഇന്ത്യയുടെ മൊബൈല്‍ ഉപയോക്തൃ അടിത്തറയുടെ ശ്രദ്ധേയമായ വളര്‍ച്ച ജ്യോതിരാദിത്യ സിന്ധ്യ ചടങ്ങില്‍ ചൂണ്ടിക്കാട്ടി.രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം 100 കോടിയാണ്. പത്ത് വര്‍ഷം മുമ്പ് ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിക്ക് വെറും 60 ദശലക്ഷം ഉപയോക്താക്കളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് 960 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ ഉണ്ട്’ രാജ്യം കൈവരിച്ച അതിവേഗ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ സൂചിപ്പിച്ചുകൊണ്ട് സിന്ധ്യ പറഞ്ഞു.







4ജിയില്‍ ഇന്ത്യ ലോക രാജ്യങ്ങളെ പിന്തുടരുകയായിരുന്നുവെങ്കില്‍ 5 ജി ആയപ്പോഴേക്കും അവര്‍ക്കൊപ്പത്തിനൊപ്പം ഇന്ത്യക്ക് നില്‍ക്കാനായി. 6 ജിയില്‍ ലോകത്തെ നയിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ടെലികോം മന്ത്രി പറഞ്ഞു. 
‘പുതിയ ടെലികോം നിയമം സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ പോലെയുള്ള വലിയ സാധ്യതയുള്ള മേഖലകളെ അഭിസംബോധന ചെയ്യും. അടുത്ത വര്‍ഷം പകുതിയോടെ, 100% കവറേജ് ഉറപ്പാക്കിക്കൊണ്ട് 4ജി രാജ്യത്തുടനീളം പൂര്‍ത്തീകരണം നടത്തും’ സിന്ധ്യ പറഞ്ഞു.ലോകത്ത് ഏറ്റവും വേഗത്തില്‍ 5ജിയുടെ വിന്യാസം നടക്കുന്നത് ഇന്ത്യയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. , 6ജി സാങ്കേതികവിദ്യയില്‍ ഒരു നേതാവാകുക എന്നതാണ് ഇന്ത്യയുടെ അഭിലാഷമെന്നും സിന്ധ്യ വ്യക്തമാക്കി.





ഇലോൺ മസക്കിൻ്റെ സ്റ്റാർഷിപ്പ് ദൗത്യം അഞ്ചാം തവണയും കുതിപ്പ്; റോബോട്ടിക്ക് കൈകകളിൽ ഉറ്റുനോക്കി ലോകം

സ്റ്റാർഷിപ്പ് സൂപ്പർ ഹെവി റോക്കറ്റ് അഞ്ചാം തവണയും വിക്ഷേപിച്ചിരിക്കുകയാണ് സപേയ്സ് എക്സ്. പൂർണ്ണമായും പുനരുപയോഗിക്കാവുന്ന വിക്ഷേപണ സംവിധാനത്തിലാണ് ദൗത്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിലേക്കും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും മനുഷ്യരെയും ചരക്കുകളെയും കൊണ്ടുപോകുന്നതിനായി നിർമ്മിച്ച സ്‌പെയ്‌സ് എക്‌സിൻ്റെ ഭാഗമായ സ്റ്റാർഷിപ്പ് സൂപ്പർഹെവി റോക്കറ്റിൻ്റെ 5-ാമത്തെ വിക്ഷേപണമാണിത്. ടെക്‌സാസിലെ ബോക ചിക്കയിലുള്ള സ്‌പേസ് എക്‌സിൻ്റെ സ്റ്റാർബേസിൽ നിന്നായിരുന്നു വിക്ഷേപണം. ഫ്ലൈറ്റ് 5 എന്ന് പേരിട്ടിരിക്കുന്ന ഈ റോക്കറ്റിന് ഒരു കെട്ടിടത്തിൻ്റെ വലിപ്പമുണ്ട്. വൈകുന്നേരം ഇന്ത്യൻ സമയം 5:30നായിരുന്നു വിക്ഷേപണം. മുമ്പൊരിക്കലും പരീക്ഷിക്കാത്ത വിധത്തിലുള്ള സാങ്കേതിക പ്രവർത്തനങ്ങളും ഈ ദൗത്യത്തിൽ പ്രതീക്ഷിക്കാം.

വിക്ഷേപണത്തിന് ശേഷം സൂപ്പർ ഹെവി ബൂസ്റ്റർ സ്റ്റാർഷിപ്പിൽ നിന്ന് വേർപ്പെടുകയും ലോഞ്ചിങ് സ്ഥലത്തേക്ക് പ്രിസിഷൻ ലാൻഡിങ് നടത്താൻ ശ്രമിക്കുകയും ചെയ്യും. ഈ സമയത്ത് 232 അടി നീളമുള്ള ലോഞ്ച് ടവറിൻ്റെ റോബോട്ടിക്ക് കൈകൾ കൊണ്ട് പിടിച്ചെടുക്കുകയും ലാൻഡിങ്ങ് നടത്തുകയുമാണ് ലക്ഷ്യമിടുന്നത്. സപെയിസ് എക്സിൻ്റെ പരമ പ്രധാനമായ ദൗത്യങ്ങളിൽ ഒന്നു കൂടിയാവും ഇത്. ഇതോടൊപ്പം സുരക്ഷ പരമപ്രധാനമാണെന്നും കമ്പനി ഊന്നിപ്പറയുന്നുണ്ട്. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ മാത്രമേ പ്രിസിഷൻ ലാൻഡിങ്ങിന് ശ്രമിക്കുകയുള്ളു. നാസയുടെ നിരീക്ഷണവും ഈ പ്രവർത്തനങ്ങളിൽ ഉടനീളം ഉണ്ടാകും. സുരക്ഷ, പരിസ്ഥിതി, മറ്റ് നിയന്ത്രണ മാനദണ്ഡങ്ങൾ എന്നിവയുടെ സമഗ്രമായ അവലോകനത്തിന് ശേഷം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനാണ് സ്പേസ് എക്‌സിന് ലോഞ്ച് ലൈസൻസ് ശനിയാഴ്ച അനുവദിച്ചത്. ഇതിന് മുൻപ് ​ജൂണിലാണ് 4-ാം ഘട്ട വിക്ഷേപണം നടത്തിയത്. അതും വിജയമായിരുന്നു.

സ്റ്റാർഷിപ്പ് സൂപ്പർ ഹെവി റോക്കറ്റ് ദൗത്യത്തിൻ്റെ ലക്ഷ്യമെന്ത് ?
  • സ്റ്റാർഷിപ്പും സൂപ്പർ ഹെവി വെഹിക്കിളും സംയോജിപ്പിച്ച് ലോഞ്ച് ചെയ്യുക.
  • വിക്ഷേപ്പിക്കുന്ന സൂപ്പർ ഹെവി ബൂസ്റ്ററിനെ തിരികെ വിക്ഷേപണ സൈറ്റിലേക്ക് റോബോട്ടിക്ക് കൈകൾ ഉപയോ​ഗിച്ച് പിടിച്ചെടുക്കുക.
  • ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് സ്റ്റാർഷിപ്പിൻ്റെ അപ്പർ സ്റ്റേജിനെ സ്പ്ലാഷ്ഡൗണ്‍ ചെയ്യുക.

ഇനി വീഡിയോ കോള്‍ പൊളിക്കും; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഇത്തവണ വീഡിയോ കോളിലാണ് അപ്‌ഡേറ്റ് കൊണ്ടുവന്നിരിക്കുന്നത്. വീഡിയോ കോളുകളില്‍ ഫില്‍ട്ടറുകള്‍, പശ്ചാത്തലം മാറ്റുന്നതടക്കമുള്ള അപ്ഡേറ്റുകള്‍ തുടങ്ങിയവ വാടസ്ആപ്പ് കൊണ്ടുവന്നിരുന്ന. ഇപ്പോള്‍ ലോ ലൈറ്റ് മോഡ് ഫീച്ചറാണ് പുതുതായി എത്തുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ വെളിച്ചം കുറഞ്ഞ് ഇടങ്ങളില്‍ നിന്ന് വാട്സ്ആപ്പ് കോള്‍ ചെയ്യുമ്പോള്‍ വീഡിയോ ക്വാളിറ്റി മെച്ചപ്പെടുത്തുകയാണ് ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്. ഫീച്ചര്‍ ഓണാക്കുമ്പോള്‍ ഫ്രെയിമിന്റെ മൊത്തത്തിലുള്ള തെളിച്ചം കൂടും. വീഡിയോ കോളില്‍ മുകളില്‍ വലത് വശത്ത് ‘ബള്‍ബ്’ ലോഗോ കാണാം. ഇതില്‍ ടാപ്പ് ചെയ്താല്‍ ഈ ഫീച്ചർ ലഭ്യമാകും. ആവശ്യമില്ലെങ്കില്‍ ഇവ ഓഫ് ചെയ്യാനും സാധിക്കും.

ആപ്പിന്റെ ഐഒഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ലോ ലൈറ്റ് മോഡ് ലഭ്യമാണ്. വിന്‍ഡോസ് വാട്‌സ്ആപ്പ് ആപ്പില്‍ ഫീച്ചറുകര്‍ ലഭ്യമല്ല, എന്നാല്‍ വിന്‍ഡോസ് പതിപ്പിലും തെളിച്ചം വര്‍ധിപ്പിക്കാം. ഓരോ വാട്ട്‌സ്ആപ്പ് കോളിനും ഈ ഫീച്ചര്‍ ഓണാക്കേണ്ടതുണ്ട്.

യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി; 2000ത്തില്‍ നിന്ന് 5000 രൂപയാക്കി

യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി. 500ന് താഴെയുള്ള പിന്‍- ലെസ് ഇടപാടുകള്‍ സുഗമമായി നടത്താന്‍ സഹായിക്കുന്ന യുപിഐ ലൈറ്റ് വാലറ്റ് പരിധിയാണ് ഉയര്‍ത്തിയത്. ഇത് രണ്ടായിരം രൂപയില്‍ നിന്ന് 5000 രൂപയായി ഉയര്‍ത്തിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. നിലവില്‍ 500 രൂപയില്‍ താഴെ ഒരു ദിവസം നിരവധി പിന്‍- ലെസ് ഇടപാടുകള്‍ നടത്താമെങ്കിലും ഒരു ദിവസം നടത്താന്‍ കഴിയുന്ന ബാലന്‍സ് പരിധി 2000 രൂപയായിരുന്നു. ഇതാണ് 5000 രൂപയായി ഉയര്‍ത്തിയത്.

പിന്‍ നല്‍കാതെ തന്നെ ചെറിയ മൂല്യമുള്ള ഇടപാടുകള്‍ (500ല്‍ താഴെ) നടത്താന്‍ സഹായിക്കുന്നതാണ് യുപിഐ ലൈറ്റ്. പിന്‍ നല്‍കാതെ തന്നെ ഉപയോക്താവിന് ആപ്പ് തുറന്ന് പേയ്മെന്റ് നടത്താന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. ഒക്ടോബര്‍ 31 മുതല്‍ യുപിഐ ലൈറ്റ് അക്കൗണ്ടില്‍ ഇഷ്ടമുള്ള തുക റീലോഡ് ചെയ്യാന്‍ സാധിക്കും. ഇതിനായി ഓട്ടോ ടോപ്പ്-അപ്പ് ഓപ്ഷന്‍ ഉപയോഗിക്കാനാകുമെന്ന് അടുത്തിടെ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സര്‍ക്കുലറില്‍ അറിയിച്ചിരുന്നു.

ഉപയോക്താവ് തെരഞ്ഞെടുത്ത തുക ഉപയോഗിച്ച് യുപിഐ ലൈറ്റ് ബാലന്‍സ് സ്വയമേവാ റീലോഡ് ചെയ്യുന്ന തരത്തിലാണ് ക്രമീകരണം. 500ന് താഴെയുള്ള പിന്‍-ലെസ് ഇടപാടുകള്‍ സുഗമമാക്കുന്നതിനാണ് ഇത്. കൂടാതെ, ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഓട്ടോ ടോപ്പ്-അപ്പ് മാന്‍ഡേറ്റ് അസാധുവാക്കാനും കഴിയുമെന്നും സര്‍ക്കുലറില്‍ പറയുന്നു. അതേസമയം ഓരോ യുപിഐ ലൈറ്റ് അക്കൗണ്ടിലും ഓട്ടോമാറ്റിക്കായി പണം റീലോഡ് ചെയ്യാന്‍ കഴിയുന്ന ഇടപാടുകളുടെ എണ്ണം ഒരു ദിവസം അഞ്ചായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

മുന്നിലേക്ക് ഓടിയെത്താൻ ഗൂഗിൾ ചാറ്റ്സ്; എത്തിയിരിക്കുന്നത് കിടിലൻ അപ്‌ഡേറ്റുമായി

ഉപഭോക്താക്കളുടെ അപ്ലിക്കേഷൻ ഉപയോഗം കൂടുതൽ സുഗമമാകാനായി ഒരു കിടിലൻ അപ്‌ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിൾ ചാറ്റ്സ്. ഇനിമുതൽ വീഡിയോ മെസ്സേജിങ് ഫീച്ചറുകളും ആപ്പിൽ ലഭ്യമാകും എന്നതാണ് ആ അപ്‌ഡേറ്റ്.

മൈക്രോസോഫ്റ്റ് ടീംസ്, സ്ലാക്ക് പോലുള്ള പ്ലാറ്റ്ഫോമുകൾ ഈ ഫീച്ചറുമായി അതിവേഗം മുന്നോട്ടുപോയതോടെയാണ് ഗൂഗിൾ ചാറ്റ്സും വീഡിയോ മെസ്സേജിങ് ഫീച്ചർ പരീക്ഷിക്കാൻ തീരുമാനിച്ചത്. പ്രൈവറ്റ്, ഗ്രൂപ്പ് ചാറ്റുകൾ തുടങ്ങിയ എല്ലാ ചാറ്റ് സ്‌പേസുകളിലേക്കും ഇനിമുതൽ ഉപയോക്താക്കൾക്ക് വീഡിയോ സന്ദേശങ്ങൾ അയക്കാൻ സാധിക്കും. ഗൂഗിൾ ചാറ്റ്സിന്റെ പ്രവർത്തനം കൂടുതൽ സുഗമമാക്കാനും, മെസ്സേജിങ് കൂടുതൽ എളുപ്പമാക്കാനും ഈ ഫീച്ചർ സഹായിക്കും.

എന്നാൽ ഈ ഫീച്ചറിന് ചെറിയ ഒരു പോരായ്മയുണ്ട്. ഗൂഗിൾ ക്രോം, ഫയർഫോക്സ്, ലിനക്സ് തുടങ്ങിയ സേർച്ച് എഞ്ചിനുകളിൽ ഇവ ഇപ്പോൾ ലഭ്യമാകില്ല എന്നതാണത്. കൂടാതെ മൊബൈലിലും ഇപ്പോൾ ഈ ഫീച്ചർ ഉണ്ടാകില്ല. എന്നാൽ അധികം വൈകാതെ ഇവിടങ്ങളിലെല്ലാം വീഡിയോ മെസ്സേജിങ് ഫീച്ചർ ഉടനെത്തുമെന്നാണ് പ്രതീക്ഷ.

ഇവ കൂടാതെ, നിലവിലുള്ള വോയിസ് മെസ്സേജിങ് ഫീച്ചറിനെയും വേറെ ലെവലിലേക്ക് ചാറ്റ്സ് കൊണ്ടുപോകുന്നുണ്ട്. ഇനിമുതൽ വോയിസ് മെസ്സേജുകൾ ട്രാൻസ്‌ക്രൈബ് ചെയ്യാൻ സാധിക്കുമെന്നതാണ് ആ പ്രത്യേകത. വോയിസ് മെസ്സേജുകൾക്ക് താഴെയുള്ള ‘വ്യൂ ട്രാൻസ്‌ക്രിപ്റ്റ്’ എന്ന ഓപ്‌ഷൻ സെലക്ട് ചെയ്‌താൽ അവ തനിയെ ടെക്സ്റ്റുകളായി മാറും. ഈ രണ്ട് ഫീച്ചറുകളോടെ ഗൂഗിൾ ചാറ്റ്സിന് കൂടുതൽ പേരിലേക്കെത്താനാകുമെന്നാണ് പ്രതീക്ഷ.

സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

പുതിയ കിടിലൻ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്. സ്റ്റാറ്റസ് അപ്ഡേറ്റ്സില്‍ ടാഗിങ് ഫീച്ചറുമായാണ് വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്. പുതിയ അു്ഡേഷൻ പ്രകാരം ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരുടെ സ്റ്റാറ്റസ് ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും കഴിയും. സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റുകളെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാനും മറ്റുള്ളവരെ ടാഗ് ചെയ്യാനും കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്

പലപ്പോഴും മറ്റുള്ളവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ എല്ലാം കാണാന്‍ ഉപയോക്താക്കള്‍ക്ക് നിലവിൽ കഴിയണമെന്നില്ല. ഏറ്റവും അടുത്ത ആളുകള്‍ സ്റ്റാറ്റസ് കാണുന്നുവെന്ന് ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. അവരെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്ത് ടാഗ് ചെയ്ത് അവര്‍ സ്റ്റാറ്റസ് കണ്ടു എന്ന് ഉറപ്പാക്കുന്നതാണ് ഈ ഫീച്ചറിന്റെ രീതി.

സ്റ്റാറ്റസ് അപ്ഡേറ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും ഏറ്റവും അടുത്ത ആളുകള്‍ വീണ്ടും ഷെയര്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും പുതിയതായി വാട്സ്ആപ്പ് അവതരിപ്പിക്കുന്ന അപ്ഡേറ്റ് വഴി സാധിക്കും. ഇതിന് പുറമേയാണ് സ്റ്റാറ്റസ് ലൈക്ക് ഫീച്ചര്‍. മറ്റ് പ്ലാറ്റ്‌ഫോമുകളിലേതിന് സമാനമാണ് ഇതിന്റെ പ്രവര്‍ത്തനം. ഒറ്റ ക്ലിക്കിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റുകളുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ ലൈക്ക് ചെയ്യാനും കഴിയും. സ്റ്റാറ്റസ് ലൈക്കുകള്‍ സ്വകാര്യമാണ്. നിങ്ങള്‍ ലൈക്ക് ചെയ്ത വ്യക്തിക്ക് മാത്രമേ അവ വ്യൂവേഴ്സ് ലിസ്റ്റില്‍ കാണാനാകൂ എന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നു.

ടെക്സ്റ്റ് നൽകിയാൽ വീഡിയോ ആക്കി മാറ്റും; വീഡിയോ മുതൽ സിനിമ വരെ നിർമ്മിക്കാൻ ‘മെറ്റാ മൂവി ജെൻ’!

നിങ്ങൾ ടൈപ്പ് ചെയ്തു കൊടുക്കുന്ന വാക്കുകളെ വീഡിയോ ആക്കി മാറ്റാൻ കഴിയുമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ ? ഇനി നിങ്ങളുടെ വാക്കുകളെ ഒരു സിനിമയാക്കി തന്നെ നിങ്ങൾക്ക് തരുമെന്ന് പറഞ്ഞാലോ ? അതെ ഈ പറഞ്ഞതെല്ലാം എല്ലാം ശരിയാണ്. വാചകത്തിൽ നിന്ന് വീഡിയോ മുതൽ സിനിമ വരെ നിർമ്മിക്കാൻ സഹായിക്കുന്ന മെറ്റാ മൂവി ജെനാണ് ഇപ്പോഴത്തെ താരം. മെറ്റയുടെ പുതിയ ജനറേറ്റീവ് എഐ ടൂൾ ഉപയോ​ഗിച്ച് നമ്മൾ നൽകുന്ന ഇൻപുട്ട് ടെക്സ്റ്റിൽ നിന്ന് ക്രിയാത്മകമായ വീഡിയോകൾ നിർമ്മിക്കാനും ഇഷ്‌ടാനുസൃതമായി ശബ്‌ദട്രാക്കുകൾ ചേർക്കാനും ഇതിൽ സാ​ധിക്കും

എന്താണ് മെറ്റ മൂവി ജെൻ ?

മെറ്റയുടെ ഏറ്റവും പുതിയ ജനറേറ്റീവ് എഐ ടൂളായ മെറ്റാ മൂവി ജെൻ ടെക്‌സ്‌റ്റ് ഇൻപുട്ടുകളെ യൂസറിൻ്റെ താൽപര്യങ്ങൾക്കനുസരിച്ച് വീഡിയോ ഫോർമാറ്റാക്കി മാറ്റുകയാണ് ചെയ്യുക. വീഡിയോയിൽ വേണ്ട ഓഡിയോ, 3D ആനിമേഷനുകൾ എന്നിവയുൾപ്പടെ ഇതിൽ ചേർക്കാൻ സാധിക്കും. വീഡിയോ നിർമ്മിക്കുക മാത്രമല്ല എടുത്ത വീഡിയോകൾ എഡിറ്റ് ചെയ്യാനും ഇത് സഹായിക്കും. ടെക്‌സ്‌റ്റ്-ടു-വീഡിയോയും ടെക്‌സ്‌റ്റ്-ടു-ഇമേജ് ജനറേഷനും ഇത് അനുയോജ്യമാണെന്നതും ശ്രദ്ധേയമാണ്. ഇതോടൊപ്പം പശ്ചാത്തല സംഗീതം, ശബ്‌ദ ഇഫക്റ്റുകൾ, പശ്ചാത്തല ശബ്‌ദങ്ങൾ എന്നിവയുൾപ്പെടെയുള്ള ഓഡിയോകളും മെറ്റാ മൂവി ജെനിന് നിർമ്മിക്കാൻ സാധിക്കും.

മെറ്റാ മൂവി ജെന്നിനെക്കുറിച്ച് വെള്ളിയാഴ്ചയാണ് മെറ്റ അറിയിച്ചത്. നിലവിൽ അതിൻ്റെ പരീക്ഷണ ഘട്ടത്തിലാണ് മൂവി ജെൻ. ഉപയോക്താക്കൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന വിധം ഇതെപ്പോൾ പുറത്തിറക്കുമെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല. മൂവി ജെനിനെ മികച്ച ഒരു എഐ ടൂളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് മെറ്റ. ഇതിന്റെ ഭാ​ഗമായി ചലച്ചിത്ര നിർമ്മാതാക്കളുമായും കോൺടെൻ്റ ക്രിയേറ്റഴസുമായും സഹകരിച്ച് ഫീച്ചറുകൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള തീരുമാനത്തിലാണ് മെറ്റയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് ഓപ്പൺ എഐ-ക്ക് ഒരു എതിരാളിയാവുകയാണോ എന്നതാണ് നിലവിലെ ചർച്ച. ഓപ്പൺ എഐ യുടെ ടെക്‌സ്‌റ്റ്-ടു-വീഡിയോ മോഡൽ സോറയെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് മാസങ്ങൾക്കകമാണ് ഈ വികസനമെന്നതും ടെക്ക് ലോകം കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്‌.

ഫോണ്‍ മോഷണം പോയാല്‍ ഇനി ഭയക്കേണ്ട; സ്വകാര്യ വിവരങ്ങള്‍ ലീക്കാകില്ല; പുതിയ ഫീച്ചറുമായി ഗൂഗിള്‍

ഫോണ്‍ മോഷണം പോയാലും സ്വകാര്യ വിവരങ്ങള്‍ ചോരാതെ സംരക്ഷണം നല്‍കുന്ന ‘theft detection lock (തേഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്) ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണിലാണ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നത്. മോഷ്ടാവിന് ഉപയോക്താവിന്റെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയാത്തവിധമാണ് ഈ ഫീച്ചര്‍ വികസിപ്പിച്ചിരിക്കുന്നത്.
അമേരിക്കയിലെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. അടുത്തിടെ വിപണിയിലെത്തിയ ഷവോമി 14ടി പ്രോ ഫോണില്‍ ഈ ഫീച്ചര്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് പുറമേ ഓഫ്ലൈന്‍ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്നി ഫീച്ചറുകളും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. തേഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് ഫീച്ചര്‍ ഒരു മെഷീന്‍ ലേണിംഗ് മോഡല്‍ ആണ് ഉപയോഗിക്കുന്നത്. ഉപയോക്താവിന്റെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിയെടുത്ത് കള്ളന്‍ കാല്‍നടയായോ വാഹനത്തിലോ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഈ ഫീച്ചര്‍. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ സ്വയമേവ തേഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് മോഡിലേക്ക് പ്രവേശിക്കും. അവിടെ സ്മാര്‍ട്ട്‌ഫോണ്‍ തല്‍ക്ഷണം ലോക്ക് ചെയ്യപ്പെടും. ഫോണില്‍ സംഭരിച്ചിരിക്കുന്ന സെന്‍സിറ്റീവ് വിവരങ്ങള്‍ ആക്‌സസ് ചെയ്യുന്നതില്‍ നിന്ന് മോഷ്ടാവിനെ പരിമിതപ്പെടുത്തുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.

ഒരു മോഷ്ടാവ് ദീര്‍ഘനേരം ഇന്റര്‍നെറ്റില്‍ നിന്ന് ഫോണ്‍ വിച്ഛേദിക്കാന്‍ ശ്രമിച്ചാല്‍ ഓഫ്‌ലൈന്‍ ഡിവൈസ് ലോക്ക് എന്ന രണ്ടാമത്തെ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാകും. അവസാനമായി, സ്മാര്‍ട്ട്ഫോണ്‍ ഉടമകളെ അവരുടെ മോഷ്ടിച്ച ഉപകരണം ഫൈന്‍ഡ് മൈ ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് റിമോട്ടിന്റെ സഹായത്തോടെ ലോക്ക് ചെയ്യാന്‍ പ്രാപ്തമാക്കുന്നതാണ് റിമോട്ട് ലോക്ക് ഫീച്ചര്‍. ലോക്ക് ചെയ്ത സ്മാര്‍ട്ട്ഫോണിലെ ഡാറ്റയില്‍ ഉപയോക്താക്കള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ഉറപ്പാക്കുന്ന തരത്തിലാണ് ക്രമീകരണം. ഗൂഗിള്‍ ഈ ബീറ്റ ഫീച്ചറുകള്‍ ഓഗസ്റ്റ് മുതല്‍ പരീക്ഷിച്ചുവരികയാണ്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലേക്കും ഇവ ലഭ്യമാക്കും

Verified by MonsterInsights