ആമസോണ്‍ പാക്കേജില്‍ പിങ്ക് ഡോട്ടുകള്‍ കണ്ടാല്‍ സ്വീകരിക്കരുത്; അതൊരു മുന്നറിയിപ്പാണ്.

“ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങാത്തവരായി ആരും ഉണ്ടാവില്ല. വസ്ത്രങ്ങളും മൊബൈല്‍ ഫോണുകളും വീട്ടുസാധനങ്ങളും തുടങ്ങി എന്തെല്ലാം സാധനങ്ങളാണ് ഓണ്‍ലൈനിലൂടെ വാങ്ങാറുള്ളത്. പക്ഷേ അടുത്ത കാലങ്ങളിലായി ഉപഭോക്താക്കളുടെ വിശ്വാസം നഷ്ടപ്പെടുന്നതുപോലുള്ള സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. പണം അടച്ച ശേഷം സാധനങ്ങള്‍ ലഭിക്കാത്തതുമുതല്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം ഇഷ്ടികവരെ പാഴ്‌സലായി വരുന്ന സംഭവങ്ങളടക്കം ഉണ്ടാകുന്നുണ്ട്.

ഇത്തരം സംഭവങ്ങള്‍ തടയുന്നതിനായി ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഒരു പ്രത്യേക സാങ്കേതിക വിദ്യയുടെ സഹായം സ്വീകരിച്ചിരുന്നു. ആമസോണില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയാണെങ്കില്‍ ഓര്‍ഡര്‍ ലഭിച്ച ഉടന്‍തന്നെ പാക്കേജിംഗില്‍ പ്രത്യേക മാര്‍ക്ക് ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

സാധനങ്ങള്‍ വാങ്ങുന്നവരുടെ വിശ്വാസ്യത ഉറപ്പാക്കാനും സാധനങ്ങള്‍ സുരക്ഷിതമായി എത്തുന്നുണ്ട് , അതില്‍ കൃത്രിമം ഇല്ല എന്ന് ഉറപ്പ് വരുത്താനും ലക്ഷ്യമിട്ടുള്ള പുതിയ ടാംപര്‍ പ്രൂഫ് പാക്കേജിംഗ് സാങ്കേതിക വിദ്യയാണ് ആമസോണ്‍ നടപ്പിലാക്കിയിരിക്കുന്നത്. ആമസോണ്‍ ഇതിനോടകം തന്നെ ഈ നൂതന പാക്കേജിംഗ് രീതി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

എങ്ങനെ തിരിച്ചറിയാം
ആമസോണില്‍ പുതിയ ടാംപര്‍ പ്രൂഫ് പാക്കേജിംഗില്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന സവിശേഷമായ സീലുകളുണ്ട്. ഇതുപ്രകാരം പാക്കേജിംഗില്‍ പ്രത്യേക ഡോട്ടുകള്‍ ഉണ്ട്. പാക്കേജ് തുറക്കുമ്പോള്‍ ഈ ഡോട്ടുകളുടെ നിറം മാറുന്നു. സാധാരണയായി ഡോട്ടുകള്‍ വെള്ളയായിരിക്കും. പക്ഷേ പാക്കേജ് തുറന്നാല്‍ ഇത് പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറമായി മാറും.

സോഷ്യല്‍ മീഡിയയിലൂടെ നിരവധി ഉപയോക്താക്കള്‍ ആമസോണ്‍ ഇപ്പോള്‍ ചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറമുളള ഒരു പ്രത്യേകതരം ടേപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെളള നിറത്തിലുളള ഡോട്ടാണ് നിങ്ങളുടെ പാക്കേജില്‍ ഉള്ളതെങ്കില്‍ അത് ആരും തുറന്നിട്ടില്ല എന്നും. പിങ്കോ ചുവപ്പോ നിറത്തില്‍ ഡോട്ടുകള്‍ കണ്ടാല്‍ നിങ്ങളുടെ പാക്കേജ് മറ്റാരോ തുറന്നിട്ടുണ്ടെന്ന് മനസിലാക്കുകയും ചെയ്യാം. അതുകൊണ്ട് നിറം മാറിയ ഡോട്ടുള്ള പാക്കേജ് കണ്ടാല്‍ സ്വീകരിക്കരുത്.

നിലവില്‍ മരുന്നുകള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ അത്തരത്തിലുള്ള ഉത്പന്നങ്ങള്‍ക്കാണ് ആമസോണ്‍ കൃത്രിമത്വം തടയുന്ന ഈ പാക്കേജിംഗ് ഉപയോഗിക്കുന്നത്. സമീപ ഭാവിയില്‍ ആമസോണിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ഈ സാങ്കേതികവിദ്യ വരുമെന്ന് പ്രതീക്ഷിക്കുന്നു.

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ.

ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്ലസിന്റെ ലോകത്തിലെ ഏറ്റവും മികച്ച 50 പ്രഭാതഭക്ഷണങ്ങളുടെ പട്ടികയിൽ ഇടം നേടി മൂന്ന് ഇന്ത്യൻ വിഭവങ്ങൾ. മഹാരാഷ്‌ട്രയിൽ നിന്നുള്ള മിസൽ പാവ് 18-ാം സ്ഥാനവും, പറാത്ത 23-ാം സ്ഥാനവും, ഡൽഹിയുടെ പ്രിയപ്പെട്ട ചോലെ ബട്ടൂരെ 32-ാം സ്ഥാനവും സ്വന്തമാക്കി.

“ഇവ മൂന്നും പൊതുവെ വടക്കേ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളാണ്. എന്നിരുന്നാലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇവ ജനപ്രിയമാണ്. മഹാരാഷ്‌ട്രയിലെ ഏറ്റവും പ്രശസ്തമായ വിഭവങ്ങളിൽ ഒന്നാണ് മിസൽ പാവ്. ക്രിസ്പിയും എരിവുള്ളതും വർണാഭവുമായ വിഭവമെന്നാണ് ടേസ്റ്റ് അറ്റ്ലസ് അവരുടെ സൈറ്റിൽ ഈ രുചികരമായ വിഭവത്തെക്കുറിച്ച് വിവരിക്കുന്നത്.


ഡൽഹിയിൽ ലഭിക്കുന്ന ഏറ്റവും നല്ല സ്ട്രീറ്റ് ഫുഡ് കോമ്പോകളിൽ ഒന്നാണ് ചോലെ ബട്ടൂരെ. ഇത് ലഭിക്കുന്ന ചില മികച്ച ഭക്ഷണ സ്പോട്ടുകളും സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടേസ്റ്റ് അറ്റ്ലസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പട്ടികയിൽ മികച്ച 50 പ്രഭാതഭക്ഷണങ്ങളുടെ പേരുകൾ മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളുവെങ്കിലും അവരുടെ വെബ്‌സൈറ്റിലെ സമീപകാല പട്ടികയിൽ 51 മുതൽ 100 വരെയുള്ള റാങ്കുകളും ഉൾപ്പെടുന്നു. ഇതിൽ നിഹാരി, ശ്രീഖണ്ഡ്, പാലക് പനീർ തുടങ്ങിയ ഇന്ത്യൻ വിഭവങ്ങളുമുണ്ട്.

ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോ​ഗിച്ച് ഏതെല്ലാം രാജ്യങ്ങളിൽ വാഹനം ഓടിക്കാം?

ഏത് രാജ്യത്തെയും അടുത്തറിയാൻ ഏറ്റവും നല്ല മാർഗം റോഡ് ട്രിപ്പ് ആണെന്ന് പറയാറുണ്ട്. പക്ഷെ നമുക്ക് ഡ്രൈവ് ചെയ്യാൻ ഇഷ്ടമാണെങ്കിലും, സന്ദർശിക്കാൻ പ്ലാൻ ചെയ്യുന്ന രാജ്യത്തിന്റെ ഡ്രൈവിങ് നിയമങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.

പ്രാദേശിക നിയമങ്ങൾക്ക് പുറമെ, ഏറ്റവും പ്രധാനപ്പെട്ട കാര്യം സാധുവായ ഒരു ഡ്രൈവിങ് ലൈസൻസ് കൈവശം വെക്കുക എന്നതാണ്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും നിങ്ങളുടെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാം. ആ രാജ്യങ്ങൾ ഏതൊല്ലാമാണെന്ന് നോക്കാം.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക


നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രവേശിക്കുന്ന തീയതി മുതൽ ഒരു വർഷം വരെയുള്ള കാലയളവിലേക്ക് നിങ്ങളുടെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് അവിടെ വാഹനം ഓടിക്കാം. നിങ്ങളുടെ ലൈസൻസ് ഇംഗ്ലീഷിൽ അച്ചടിച്ചതായിരിക്കണം. ഏതെങ്കിലും പ്രാദേശിക ഭാഷയിൽ ആവരുത്. കൂടാതെ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ നിങ്ങളുടെ വരവിന്റെയും പോക്കിന്റെയും രേഖയുടെ തെളിവായി ഐ-94 ഫോമും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം. അല്ലെങ്കിൽ, രാജ്യത്ത് പ്രവേശിച്ച തീയതി കാണിക്കാൻ നിങ്ങൾക്ക് സിബിപി ജിഒ (CBP GO) മൊബൈൽ ആപ്പും ഉപയോഗിക്കാം.

കാനഡ

ഇന്ത്യയിൽനിന്ന് ധാരാളം സന്ദർശകർ എത്തുന്ന മറ്റൊരു രാജ്യമായ കാനഡയിലും സാധുവായ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാം. എന്നാൽ ഇതിനുള്ള കാലയളവ് വളരെ കുറവാണ്. ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഒരുവർഷം വാഹനം ഓടിക്കാൻ കഴിയുന്ന അമേരിക്കയിൽനിന്ന് വ്യത്യസ്തമായി, കാനഡയിൽ നിങ്ങൾക്ക് രണ്ട് മാസത്തേക്ക് മാത്രമേ ഇത് സാധ്യമാകൂ.

യുണൈറ്റഡ് കിങ്ഡം


യുണൈറ്റഡ് കിങ്ഡത്തിലെ എല്ലാ രാജ്യങ്ങളിലും (ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ്) നിങ്ങൾ ആദ്യമായി അവിടെ പ്രവേശിച്ച തീയതി മുതൽ ഒരു വർഷത്തേക്ക് സാധുവായ ഒരു ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാം. എന്നാൽ, നിങ്ങൾക്ക് ഓടിക്കാൻ കഴിയുന്ന വാഹനങ്ങളുടെ വിഭാഗത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകാം. ചെറിയ കാറുകളും മോട്ടോർസൈക്കിളുകളും ഒരു തടസ്സവുമില്ലാതെ ഉപയോഗിക്കാം.


യൂറോപ്യൻ യൂണിയൻ


ചില യൂറോപ്യൻ രാജ്യങ്ങളിൽ ആദ്യത്തെ പ്രവേശന തീയതി മുതൽ ഒരു നിശ്ചിത കാലയളവിലേക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാൻ അനുവദിക്കുന്നു. ജർമ്മനി, ഇറ്റലി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, സ്പെയിൻ, സ്വീഡൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആറ് മുതൽ 12 മാസം വരെ കാലാവധി വ്യത്യാസപ്പെടാം. ലൈസൻസ് ഇംഗ്ലീഷ് ഭാഷയിൽ ആയിരിക്കണമെന്നത് നിർബന്ധമാണ്. ഈ രാജ്യങ്ങളിലെല്ലാം നിങ്ങൾ റോഡിന്റെ വലതുവശത്തുകൂടിയാണ് ഡ്രൈവ് ചെയ്യുന്നതെന്ന് പ്രത്യേകം ഓർക്കുക.

“ഓസ്ട്രേലിയയും ന്യൂസിലാൻഡും

ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലും നിങ്ങൾക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാം. ഓസ്ട്രേലിയ മൂന്നുമാസം വരെ ഡ്രൈവ് ചെയ്യാൻ അനുവദിക്കുമ്പോൾ, ന്യൂസിലാൻഡിൽ ആദ്യത്തെ പ്രവേശന തീയതി മുതൽ ഒരു വർഷത്തേക്ക് ഡ്രൈവ് ചെയ്യാം. ഈ രണ്ട് രാജ്യങ്ങളിലും ഗതാഗതം ഇന്ത്യയിലേതുപോലെ റോഡിന്റെ ഇടതുവശത്തുകൂടിയാണ്.

സിങ്കപുർ


സിങ്കപുരിലും പ്രവേശന തീയതി മുതൽ ഒരു വർഷത്തേക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് സാധുവാണ്. ഈ കാലാവധിക്ക് ശേഷം, ബന്ധപ്പെട്ട അധികാരികളിൽനിന്ന് ഒരു പ്രാദേശിക ഡ്രൈവിങ് ലൈസൻസിനായി നിങ്ങൾ അപേക്ഷിക്കേണ്ടിവരും. ഇവിടെയും ഗതാഗതം റോഡിന്റെ ഇടതുവശത്തുകൂടിയാണ്.


സൗദി അറേബ്യ


മിഡിൽ ഈസ്റ്റിലെ പല രാജ്യങ്ങലിൽനിന്നും വ്യത്യസ്ഥമായി, ഇംഗ്ലീഷിൽ അച്ചടിച്ച ഒരു സാധുവായ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് സൗദി അറേബ്യയിൽ വാഹനം ഓടിക്കാം. മൂന്ന് മാസത്തെ കാലയളവിലേക്കാണ് വിദേശ ലൈസൻസ് ഉപയോഗിക്കാൻ സൗദി അനുവദിക്കുന്നത്.


ഹോങ്കോങ്


ഹോങ്കോങ്ങിൽ ഒരുവർഷത്തേക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാൻ അനുവദിക്കുന്നുണ്ട്. ഈ കാലയളവിനുശേഷം നിങ്ങൾക്ക് ഒരു പ്രാദേശിക ഡ്രൈവിങ് ലൈസൻസ് നേടേണ്ടിവരും.”

പ്രതിരോധ സേനയിൽ പ്ലസ് ടുകാർക്ക് ഓഫിസറാകാം.

സമർഥരായ പ്ലസ് ടുകാർക്ക് യു.പി.എസ്‍സിയുടെ നാഷനൽ ഡിഫൻസ്/നാവിക അക്കാദമി പരീക്ഷ വഴി പ്രതിരോധസേനയിൽ ഓഫിസറാകാം. 2026 ജൂലൈ ഒന്നിന് ആരംഭിക്കുന്ന 156ാമത് നാഷനൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ), 118ാമത് നേവൽ അക്കാദമി (എൻ.എ) കോഴ്സിലേക്ക് സെപ്റ്റംബർ 14ന് ദേശീയതലത്തിൽ യു.പി.എസ്‍സി നടത്തുന്ന രണ്ടാമത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും https://upsconline.nic.in സന്ദർശിക്കുക. അപേക്ഷ ഫീസ് 100 രൂപ. ജൂൺ 17 വരെ അപേക്ഷിക്കാം.

“ഒഴിവുകൾ: ആകെ 406. നാഷനൽ ഡിഫൻസ് അക്കാദമി -ആർമി 208 (വനിതകൾക്ക് 10), നേവി 42 (വനിതകൾക്ക് 5), എയർഫോഴ്സ്-ഫ്ലൈയിങ് 92 (വനിത 2), ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്നിക്കൽ) 18 (വനിത 2), ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ ടെക്നിക്കൽ) 10 (വനിത 2), നേവൽ അക്കാദമി (10 + 2 കാഡറ്റ് എൻട്രി സ്കീം) 36 (വനിത 4).


യോഗ്യത: അപേക്ഷകർ 2007 ജനുവരി ഒന്നിന് മുമ്പോ 2010 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. ‘എൻ.ഡി.എ’യുടെ ആർമി വിങ്ങിലേക്ക് പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായാൽ മതി. ഏത് സ്ട്രീമിലുള്ളവർക്കും അപേക്ഷിക്കാം. എന്നാൽ, എൻ.ഡി.എയുടെ എയർഫോഴ്സ്, നേവൽ വിങ്ങിലേക്കും നേവൽ അക്കാദമിയിലേക്കും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പ്ലസ് ടു/തത്തുല്യ പരീക്ഷയെഴുതുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം. ഫിസിക്കൽ ഫിറ്റ്നസടക്കം വിജ്ഞാപനത്തിൽ നിഷ്‍കർഷിച്ച ശാരീരികയോഗ്യതയുണ്ടാകണം.

സെലക്ഷൻ: യു.പി.എസ്‍സി, എൻ.ഡി.എ/എൻ.എ പരീക്ഷയുടെയും എസ്.എസ്.ബി ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. യു.പി.എസ്‍സി പരീക്ഷ 900 മാർക്കിനാണ് (മാത്തമാറ്റിക്സ്, രണ്ടര മണിക്കൂർ, 300 മാർക്ക്, ജനറൽ എബിലിറ്റി ടെസ്റ്റ്, രണ്ടര മണിക്കൂർ, 600 മാർക്ക്). പരീക്ഷാഘടനയും സിലബസും വിജ്ഞാപനത്തിലുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്.

വൈദ്യുതി ഉപയോ​ഗം 90 ദശലക്ഷം യൂണിറ്റ് തൊട്ടു, കേരളത്തിന് ഗ്രിഡ് ഇന്ത്യയുടെ മുന്നറിയിപ്പ്.

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 90 ദശലക്ഷം യൂണിറ്റ് തൊട്ടു. മൺസൂൺ ദുർബലമായതോടെ വേനൽക്കാലത്തിനുതുല്യമായാണ് വൈദ്യുതി ഉപഭോഗം ഉയരുന്നത്. രാത്രിയിൽ കടുത്ത വൈദ്യുതിക്ഷാമം നേരിട്ടതോടെ നാഷണൽ ഗ്രിഡിൽനിന്ന് കേരളം അധികവൈദ്യുതിയെടുക്കുകയാണ്. ഇത് ഗ്രിഡിനെ ബാധിക്കുമെന്നതിനാൽ നാഷണൽ ഗ്രിഡ് കൺട്രോൾ റൂമിൽനിന്ന് കേരളത്തിന് മുന്നറിയിപ്പുകിട്ടി. ആവശ്യമുള്ള വൈദ്യുതി പവർ എക്സ്ചേഞ്ചിൽനിന്ന് വാങ്ങാൻ നടപടിയെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രിയിലാണ് ഉപഭോഗം 90 ദശലക്ഷം യൂണിറ്റിലെത്തിയത്. കഴിഞ്ഞവർഷം ഇതേസമയത്ത് 80 ദശലക്ഷം യൂണിറ്റേ വന്നിട്ടുള്ളൂ. വ്യാഴാഴ്ച സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടിവന്നിരുന്നു. ജലവൈദ്യുതി ഉത്പാദനവും കുത്തനെ കൂട്ടിയിരിക്കുകയാണ്. 38 മുതൽ 40 ദശലക്ഷം യൂണിറ്റുവരെയാണിപ്പോൾ ഉത്പാദനം. കഴിഞ്ഞവർഷം ഇതേസമയത്ത് 20 ദശലക്ഷം യൂണിറ്റ് മാത്രമേ ഉത്പാദിപ്പിച്ചിരുന്നുള്ളൂ.

വെള്ളിയാഴ്ച വൈദ്യുതി ആവശ്യം 4489 മെഗാവാട്ടായിരുന്നു. ജലവൈദ്യുതോത്പാദനം കൂട്ടിയിട്ടും, നാഷണൽ ഗ്രിഡിൽനിന്ന് 764 മെഗാവാട്ട് വൈദ്യുതി കേരളം അധികമായിയെടുത്തു.

നാഷണൽ ഗ്രിഡിൽനിന്ന് ഏതെങ്കിലുമൊരു സംസ്ഥാനം നിശ്ചിതപരിധിയിലധികം വൈദ്യുതിയെടുത്താൽ ഗ്രിഡ് ഡൗണാവുകയും മറ്റുസംസ്ഥാനങ്ങളിലുൾപ്പെടെ വൈദ്യുതിനിയന്ത്രണം ആവശ്യമായിവരുകയും ചെയ്യും. ഇതാണ് ഗ്രിഡ് ഇന്ത്യ കേരളത്തിന് മുന്നറിയിപ്പുനൽകാൻ കാരണം. രാത്രിയിൽ കേരളത്തിന് 900-1000 മെഗാവാട്ട് വൈദ്യുതിയുടെ കുറവുവരുന്നുണ്ട്. ഇത് തുടരാനാണ് സാധ്യതയെന്നും ഈ ആവശ്യം നിറവേറ്റാനുള്ള വൈദ്യുതി പവർ എക്സ്ചേഞ്ചിൽനിന്ന് മുൻകൂറായി വാങ്ങണമെന്നുമാണ് മുന്നറിയിപ്പ്.

മുൻപ് അഞ്ച് മേഖലാ ലോഡ് ഡെസ്പാച്ച് സെന്ററുകളായിരുന്നു. ഇവയെല്ലാംചേർത്ത് ഇപ്പോൾ നാഷണൽ ഗ്രിഡ് എന്നാക്കിമാറ്റി. ഇതിനുകീഴിലാണ് കേരളം ഉൾപ്പെടുന്ന ബെംഗളൂരു ആസ്ഥാനമായ സതേൺ ലോഡ് ഡെസ്പാച്ച് സെന്റർ വരുന്നത്.

നാഷണൽ ഗ്രിഡിൽനിന്ന് അമിതമായി കേരളം വൈദ്യുതിയെടുത്താൽ ഗ്രിഡിലെ ലോഡ് കുറയ്ക്കുന്നതിനായി ബെംഗളൂരുവിൽനിന്നുതന്നെ കേരളത്തിലെ 220 കെവി ഫീഡറുകൾ ഓഫ്ചെയ്യാനുള്ള സംവിധാനമുണ്ട്. ഈ നടപടിയിലേക്ക് പോകാതിരിക്കാനാണ് വൈദ്യുതി മുൻകൂറായി വാങ്ങണമെന്ന മുന്നറിയിപ്പ്.

സ്‌കൂൾ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് പദ്ധതികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

സംസ്ഥാനത്ത് സ്‌കൂൾ തലങ്ങളിൽ പഠിക്കുന്ന പിന്നാക്ക വിഭാഗം വിദ്യാർഥികൾക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന കെടാവിളക്ക് സ്‌കോളർഷിപ്പ് പദ്ധതി, ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി, PM-YASASVI Pre-Matric Scholarship for OBC, EBC & DNT എന്നീ പദ്ധതികൾക്കായി 2025- 26 അധ്യയന വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

അപേക്ഷകർക്കും സ്‌കൂൾ അധികൃതർക്കും ഉള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള സർക്കുലറുകൾ www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്-സൈറ്റുകളിൽ ലഭ്യമാണ്. സ്‌കൂൾ പ്രവേശന സമയത്ത് തന്നെ പദ്ധതികൾക്കായുള്ള അപേക്ഷാ നടപടികൾ പൂർത്തിയാക്കണം. സ്‌കൂളുകളിൽ നിന്നും ഡാറ്റ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുകളിൽ ബന്ധപ്പെടാം.

ജൂണിലെ റേഷൻ വിതരണം ഇന്ന് ഉച്ചയ്ക്കു ശേഷം.

ജൂൺ മാസത്തെ റേഷൻ വിതരണം ഇന്ന് ഉച്ചയ്ക്കു ശേഷം മാത്രമേ ആരംഭിക്കുകയുള്ളൂവെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മഴക്കെടുതി കാരണം കണയന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിൽ മേയ് മാസത്തെ റേഷൻ വിതരണം പൂർത്തിയാകാൻ ഒരു ദിവസം കൂടി നീട്ടി നൽകിയിരുന്നത് ഇന്നലെ രാത്രി എട്ടു മണിയോടെയാണു പൂർത്തിയായത്. ഇതേത്തുടർന്ന് ഇ പോസ് യന്ത്രങ്ങൾ സജ്ജമാക്കാൻ ഉച്ച വരെ സാവകാശം വേണമെന്ന് ഹൈദരാബാദിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ അധികൃതർ അറിയിച്ചതിനെ തുടർന്നാണിതെന്നു മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. 

“ഈ മാസവും വെള്ള കാർഡ് ഉടമകൾക്ക് 6 കിലോ അരി റേഷൻ വിഹിതമായി കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ ലഭിക്കും. നീല കാർഡിലെ ഓരോ അംഗത്തിനും സാധാരണ വിഹിതമായി 2 കിലോ അരി വീതം കിലോഗ്രാമിന് 4 രൂപ നിരക്കിൽ നൽകും. സ്പെഷൽ വിഹിതമായി നീല കാർഡിന് 3 കിലോ അരി കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ വിതരണം ചെയ്യും. ബക്രീദ് പ്രമാണിച്ച് റേഷൻ കടകൾക്ക് നാളെ അവധിയാണ്.

ഇടുക്കി ജില്ലയിലേക്കും റെയില്‍പാത.

പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന അങ്കമാലി-ശബരി റെയില്‍പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

അടുത്ത ദിവസം തന്നെ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. പാതക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ജൂലെയില്‍ ആരംഭിക്കാനാണ് ധാരണയായത്. കേരളത്തിന്റെ വടക്കു മുതല്‍ തെക്കുവരെ മൂന്നും നാലും പാതകള്‍ ഒരുക്കുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇക്കാര്യത്തിലും അനുകൂല പ്രതികരണമാണ് കേന്ദ്രമന്ത്രിയില്‍ നിന്നുണ്ടായത്.

ഇതോടെ റെയില്‍ കണക്റ്റിവിറ്റിയുടെയും വികസനത്തിന്റെയും പുതുലോകം കേരളത്തിനു മുന്നില്‍ തുറക്കുകയാണ്. ശബരിമല തീര്‍ഥാടകര്‍ക്ക് വലിയ സഹായമാകുന്നതാണ് പാത. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ സാമ്പത്തിക വളര്‍ച്ചക്ക് ഉത്തേജനമാകുകയും ചെയ്യും. ഇടുക്കി ജില്ലയെ റെയില്‍വേയുമായി കണ്ണിചേര്‍ക്കുന്ന പ്രഥമ പാതയെന്ന പ്രത്യേകതയുമുണ്ട്.

അങ്കമാലി മുതല്‍ എരുമേലിവരെ 111.48 കിലോമീറ്റർ ദൈര്‍ഘ്യമുള്ളതാണ് 1997-98 റെയില്‍വേ ബജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ട പാത. എട്ട് കിലോമീറ്റർ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായിരുന്നു. അങ്കമാലിക്കും കാലടിക്കും ഇടയില്‍ ഏഴ് കിലോമീറ്റർ നിര്‍മാണവും നടന്നതാണ്.

അങ്കമാലി- എരുമേലി പാത 111.48 കി.മീ
പാത അങ്കമാലി മുതല്‍ എരുമേലി വരെ. 111.48 കി.മീ ദൈര്‍ഘ്യം. പദ്ധതി നിർദേശിച്ചത് 1997-98 റെയില്‍വേ ബജറ്റില്‍

14 സ്റ്റേഷനുകൾ
ഇടുക്കി ജില്ലയിൽ രണ്ടും കോട്ടയം ജില്ലയിൽ അഞ്ചും സ്റ്റേഷനുകൾ ഉൾപ്പെടെ ആകെ 14 സ്റ്റേഷനുകൾ

ഏറ്റെടുത്ത ഭൂമി എട്ടു കി.മീ
എട്ടു കിലോമീറ്റർ പാതക്ക് ആവശ്യമായ ഭൂമി ഏറ്റെടുത്തു.

പൂർത്തിയായത് ഏഴു കിലോമീറ്റർ

അങ്കമാലിക്കും കാലടിക്കും ഇടയില്‍ പെരിയാറിലെ പാലം ഉൾപ്പെടെ ഏഴു കിലോമീറ്റർ പാത നിര്‍മാണം പൂർത്തിയായി


പ്രാഥമിക സർവേ, കല്ലിടൽ നടത്തി

ഇടുക്കി, കോട്ടയം ജില്ലകളിൽ പ്രാഥമിക സർവേയുടെ ഭാഗമായി കല്ലിടൽ നടത്തിയിട്ടുണ്ട് .

ഹോം ഗാർഡ് ആയി ജോലി ചെയ്യാന്‍ തയ്യാറാണോ? വിദ്യാഭ്യാസ യോഗ്യത പത്താക്ലാസ് മാത്രം.

 കോട്ടയം ജില്ലയിൽ ഹോം ഗാർഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 35 വയസ്സിനും 58 വയസിനും ഇടയിൽ പ്രായമുള്ളവരും പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായിട്ടുള്ളവരും നല്ല ശാരീരിക ക്ഷമതയുള്ളവരുമായവരിൽ നിന്ന് ജില്ലാ ഫയർ ഓഫസീറുടെ കാര്യാലയമാണ് അപേക്ഷ ക്ഷണിച്ചത്.

ആർമി, നേവി, എയർ ഫോഴ്സ് തുടങ്ങിയ സേനകളിൽനിന്നോ, ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, എൻഎസ്ജി, എസ്എസ്ബി, അസം റൈഫിൾസ് തുടങ്ങിയ അർദ്ധ സൈനിക സേനകളിൽനിന്നോ, കേരളാ പോലീസ്, ഫയർ ഫോഴ്സ്, ഫോറസ്റ്റ്, എക്‌സൈസ്, ജയിൽ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നോ വിരമിച്ച പുരഷ/വനിത സേനാംഗങ്ങൾക്ക് അപേക്ഷിക്കാം.

 കായിക ക്ഷമതാ പരീക്ഷ വിജയിക്കുന്ന അപേക്ഷകരിൽനിന്നും പ്രായം കുറഞ്ഞവർക്ക് മുൻഗണന നൽകി റാങ്ക്പട്ടികതയാറാക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- ജൂൺ 30 വൈകിട്ട് അഞ്ചു മണി. അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും കോട്ടയം ജില്ലാ ഫയർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481-2567442

ബക്രീദ്: സർക്കാർ അവധി ശനിയാഴ്ച മാത്രം, തീരുമാനം മന്ത്രിസഭായോഗത്തിൽ.

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള സർക്കാർ അവധി ശനിയാഴ്ച മാത്രം. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. രണ്ടു ദിവസം അവധി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. നാളത്തെ അവധിയാണ് മറ്റന്നാളത്തേക്ക് മാറ്റിയത്.

നേരത്തെ ജൂൺ 6നാണ് ബക്രീദ് പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മാസപ്പിറവി വൈകിയതിനെ തുടർന്ന് ബക്രീദ് ജൂൺ 7നാണെന്ന് മതപണ്ഡിതർ അറിയിച്ച സാഹചര്യത്തിലാണ് അവധിയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായത്. തുടർന്ന് സർക്കാർ അവധി ശനിയാഴ്ചയിലേക്കാൻ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

Verified by MonsterInsights