Category: Sports
ചാംപ്യൻസ് ട്രോഫിയിൽ വേദിമാറ്റത്തിന് നീക്കം, ടൂർണമെന്റിൽ നിന്ന് പിന്മാറുമെന്ന് പാകിസ്താൻ; റിപ്പോർട്ട്
അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടക്കുന്ന ഐസിസി ചാംപ്യൻസ് ട്രോഫി മറ്റൊരു വേദിയിലേക്ക് മാറ്റാൻ ആലോചനയെന്ന് റിപ്പോർട്ട്. പാകിസ്താനിൽ കളിക്കാൻ ഇന്ത്യ തയ്യാറാകാത്തതിന് പിന്നാലെയാണ് ടൂർണമെന്റ് പൂർണമായും മറ്റൊരു വേദിയിലേക്ക് മാറ്റാൻ ആലോചിക്കുന്നത്. ഇത്തരമൊരു തീരുമാനം എടുത്താൽ ടൂർണമെന്റിൽ നിന്ന് പിന്മാറാനാണ് പാകിസ്താൻ ക്രിക്കറ്റിന്റെ നീക്കം. പാകിസ്താൻ മാധ്യമമായ ‘ഡൗൺ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്ക് എത്തില്ലെന്ന് ബിസിസിഐ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചത്. പിന്നാലെ ഐസിസി ഇക്കാര്യം പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെയും അറിയിച്ചു. ഇന്ത്യയുടെ മത്സരങ്ങൾ മാത്രമായി മറ്റൊരു വേദിയിലും ബാക്കി ടൂർണമെന്റ് പാകിസ്താനിലും നടത്തുന്ന ഹൈബ്രിഡ് മോഡലിനോട് പിസിബി എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ടൂർണമെന്റ് പൂർണമായും പാകിസ്താനിൽ നിന്നും മാറ്റുന്നതിൽ ആലോചന നടക്കുന്നത്.
2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്താനിൽ ക്രിക്കറ്റ് കളിക്കാൻ തയ്യാറായിട്ടില്ല. ഇരുരാജ്യങ്ങൾക്കും ഇടയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇതിന് കാരണം. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫിയിൽ പാകിസ്താനും ന്യൂസിലാൻഡും ബംഗാദേശും ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. ഹൈബ്രിഡ് മോഡലിൽ ടൂർണമെന്റ് നടത്തിയാൽ ഇന്ത്യയുടെ മത്സരങ്ങൾക്കായി നിഷ്പക്ഷ വേദിയിലേക്ക് പാകിസ്താന് സഞ്ചരിക്കേണ്ടി വരും.
കായികമേളയ്ക്ക് ഇന്ന് സമാപനം; എറണാകുളത്തെ കേരള സിലബസ് സ്‌കൂളുകള്‍ക്ക് അവധി
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം. വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇത്തവണത്തെ മേളയുടെ ആകര്‍ഷണമായ ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍ റോളിംഗ് ട്രോഫി മുഖ്യമന്ത്രി ജേതാക്കള്‍ക്ക് സമ്മാനിക്കും.
1926 പോയിന്റുകളുമായി മുന്നിലുള്ള തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യന്‍ പട്ടത്തോടടുക്കുകയാണ്. 833 പോയിന്റുകളുമായി തൃശ്ശൂര്‍ രണ്ടാം സ്ഥാനത്തുണ്ട്. അത്ലറ്റിക്‌സ് മത്സരങ്ങളുടെ മിന്നും പ്രകടനങ്ങളുടെ കരുത്തില്‍ മലപ്പുറം മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. 226 സ്വര്‍ണവുമായാണ് തിരുവനന്തപുരം മേളയില്‍ ആധിപത്യം ഉറപ്പിച്ചത്. അവസാന ദിനമായ ഇന്ന് അത്ലറ്റിക് വിഭാഗത്തില്‍ 24 ഇനങ്ങളുടെ ഫൈനല്‍ നടക്കും.
അതേസമയം കായികമേളയുടെ സമാപനത്തോടനുബന്ധിച്ച് ഇന്ന് എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരള സിലബസ് പ്രകാരമുള്ള പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ എറണാകുളം ജില്ലയില്‍ മൊത്തം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം നടന്നിരുന്നു. എറണാകുളം ജില്ലയില്‍ അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് നേരത്തെ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ അവധിയാണ് എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
സഞ്ജുവിന്റെ വെടിക്കെട്ടിൽ ഇന്ത്യയ്ക്ക് ജയം
തകർപ്പൻ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസൺ ഒറ്റയ്ക്ക് നയിച്ച മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വൻ്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് 61 റൺസിന്റെ ജയം. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17.5 ഓവറിൽ 141 റൺസിന് ഓൾ ഔട്ടായി. രവി ബിഷ്‌ണോയിയും വരുൺ ചക്രവർത്തിയും മൂന്ന് വിക്കറ്റ് വീതം നേടി. ആവേശ് ഖാൻ രണ്ട് വിക്കറ്റ് നേടി. 25 റൺസെടുത്ത ക്ലാസൻ, 23 റൺസെടുത്ത കോട്ട്സി , 21 റൺസെടുത്ത റയാൻ എന്നിവരാണ് പ്രോട്ടീസ് നിരയിൽ തിളങ്ങിയത്.
ഡർബനിൽ വെറും 47 പന്തിലാണ് സഞ്ജു സെഞ്ചുറി പൂർത്തിയാക്കിയത്. 10 സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ഒടുവിൽ 50 പന്തിൽ 107 റൺസ് എടുത്താണ് സഞ്ജു ക്രീസ് വിട്ടത്. ഇതോടെ തുടർച്ചയായ കളികളിൽ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമായി സഞ്ജു സാംസൺ.
സഞ്ജുവിന്റെ സെഞ്ചുറിയുടെ ബലത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് എടുത്തു, തിലക് വർമ 33 റൺസും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 21 റൺസും നേടി. അഭിഷേക് ശർമ എട്ട് പന്തിൽ എഴും ഹാർദിക് പാണ്ഡ്യ ആറ് പന്തിൽ രണ്ട് റൺസും റിങ്കു സിങ് പത്ത് പന്തിൽ 11 റൺസും അക്സർ പട്ടേൽ ഏഴ് പന്തിൽ ഏഴ് റൺസുമെടുത്ത് പുറത്തായി. നാല് പന്തിൽ അഞ്ച് റൺസുമായി അർഷ്ദീപ് സിങ്ങും മൂന്ന് പന്തിൽ ഒരു റണ്ണുമായി രവി ബിഷണോയിയും പുറത്താകാതെ നിന്നു. ഈവിജയത്തോടെ നാല് മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി.
ബാറ്റിങ് വെടിക്കെട്ട് തുടരാൻ സഞ്ജു; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഡര്‍ബനിലെ കിങ്സ് മീഡ് സ്റ്റേഡിയത്തില്‍ രാത്രി 8.30ന് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കും. ബംഗ്ലാദേശ് പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഓപണറാകും. അഭിഷേക് ശര്‍മയാണ് സഹ ഓപണര്‍.
ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് കീഴില്‍ ഹാട്രിക്ക് പരമ്പര നേട്ടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. സൂര്യ ക്യാപ്റ്റൻസി ഏറ്റെടുത്തതിന് ശേഷം രണ്ട് ടി20 പരമ്പരകള്‍ ഇന്ത്യ ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായിരുന്നു ഇന്ത്യയുടെ പരമ്പര നേട്ടം. 2024 ടി20 ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനം കൂടിയാണിതെന്നാണ് മറ്റൊരു പ്രത്യേകത. അന്ന് ഏഴ് റണ്ണിന് ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ചാണ് ഇന്ത്യ ലോകകിരീടം ഉയർത്തിയത്.
മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിങ് വിരുന്ന് കാണാൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ബംഗ്ലാദേശിനെതിരെ സഞ്ജു പുറത്തെടുത്ത വെടിക്കെട്ട് പ്രകടനം ഡർബനിലും ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗ്ലാദേശ് പരമ്പരയിലെ അവസാനമത്സരത്തിൽ സഞ്ജു നിർണായക സെഞ്ച്വറി നേടിയിരുന്നു. 2023ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിലും സഞ്ജു സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.
ഗൗതം ഗംഭീറിന്റെ അഭാവത്തില്‍ വി വി എസ് ലക്ഷ്മണ്‍ ആണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ഒരുക്കത്തിലാണ് ഗംഭീർ. ഈ സാഹചര്യത്തിലാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ലക്ഷ്മണെ കോച്ചായി നിയമിച്ചത്. രമണ്‍ദീപ് സിങ്, വിജയ്കുമാര്‍ വൈശാഖ്, യാഷ് ദയാല്‍ എന്നിവരാണ് ഇന്ത്യന്‍ ടീമിലെ പുതുമുഖങ്ങള്‍. ഹാര്‍ദിക് പാണ്ഡ്യയും ടീമിലുണ്ട്.
അതേസമയം എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീം കരുത്തുറ്റ നിരയുമായാണ് എത്തുന്നത്. ട്വന്റി 20 ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് കണക്ക് തീര്‍ക്കാന്‍ കൂടിയാണ് പ്രോട്ടീസ് സ്വന്തം തട്ടകത്തിൽ ഇറങ്ങുക.
ആഴ്സണലിന് വീണ്ടും തിരിച്ചടി; ചാംപ്യൻസ് ലീഗിൽ ഇന്റർ മിലാനോട് തോറ്റു
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ന്യൂകാസിലിനോട് പരാജയപ്പെട്ടതിന് പിന്നാലെ യുവേഫ ചാംപ്യൻസ് ലീഗിലും ആഴ്സണലിന് തിരിച്ചടി. ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനോട് എതിരില്ലാത്ത ഒരു ഗോളിന് ആഴ്സണൽ പരാജയപ്പെട്ടു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ 48-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ ഹകൻ ചാഹനഗ്ലുവാണ് ഇന്ററിനായി വലചലിപ്പിച്ചത്. മത്സരത്തിൽ 63 ശതമാനം സമയവും പന്തിനെ നിയന്ത്രിച്ചിട്ടും ആഴ്സണലിന് വലചലിപ്പിക്കാൻ കഴിയാതെപോയി.
മറ്റൊരു മത്സരത്തിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ സ്പാനിഷ് ക്ലബ് അത്‍ലറ്റികോ മാഡ്രിഡ് പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അത്‍ലറ്റികോ ഡി മാഡ്രിഡിന്റെ വിജയം. മത്സരത്തിന്റെ 14-ാം മിനിറ്റിൽ വാറൻ സയർ എമറിയാണ് പിഎസ്ജിയ്ക്കായി വലചലിപ്പിച്ചത്. തൊട്ടുപിന്നാലെ 18-ാം മിനിറ്റിൽ നഹ്വല്‍ മൊളീനയുടെ ഗോളിൽ അത്‍ലറ്റികോ ഒപ്പമെത്തി. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ 93-ാം മിനിറ്റിലാണ് മത്സരത്തിൽ വിജയഗോൾ പിറന്നത്. എയ്ഞ്ചൽ കൊറിയ അത്‍ലറ്റികോ മാഡ്രിഡിനായി വലചലിപ്പിച്ചു.
സെർബിയൻ ക്ലബ് ക്രെവെന സ്വെസ്ദയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് സ്പാനിഷ് ക്ലബ് ബാഴ്സലോണ വിജയം ആഘോഷിച്ചത്. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ബാഴ്സയ്ക്കായി ഇരട്ട ഗോളുകൾ നേടി. ഇനിഗോ മാർട്ടിനെസ്, റാഫീന്യ, ഫെർമിൻ ലോപ്പസ് എന്നിവർ ഓരോ തവണയും ബാഴ്സയ്ക്കായി വലചലിപ്പിച്ചു.
പോർച്ചുഗീസ് ക്ലബ് ബെൻഫീകയെ തോൽപ്പിച്ച് ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കും വിജയവഴിയിൽ തിരിച്ചെത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് ബയേണിന്റെ വിജയം. ജർമ്മൻ താരം ജമാൽ മുസിയാലയാണ് ബയേണിനായി വിജയഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ സ്പാനിഷ് ക്ലബ് ബാഴ്സയോട് പരാജയപ്പെട്ടതിന് ശേഷമാണ് ബയേൺ ചാംപ്യൻസ് ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തിയത്
സംസ്ഥാന സ്‌കൂള്‍ കായികമേള: ഗെയിംസ് മത്സരങ്ങള്‍ ഇന്ന് തുടങ്ങും
സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, ടെന്നീസ്, വോളിബോള്‍ ഉള്‍പ്പെടെയുള്ള ഇനങ്ങളാണ് ഇന്ന് നടക്കുക. കൂടാതെ പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗെയിംസ് ഇനങ്ങളും ആരംഭിക്കും. എട്ട് ദിവസമായി നടക്കുന്ന മേളയില്‍ വ്യാഴാഴ്ചയാണ് അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമാവുക.
മേളയുടെ ആദ്യ ടീം വ്യക്തിഗത മെഡല്‍ ജേതാക്കളെ ഇന്ന് അറിയാം. പ്രധാന വേദിയായ മഹാരാജാസ് കോളേജ് മൈതാനത്തിന് പുറമെ 16 വേദികളിലും മത്സരങ്ങള്‍ നടക്കും. നീന്തല്‍ മത്സരങ്ങള്‍ പൂര്‍ണമായും കോതമംഗലത്തും ഇന്‍ഡോര്‍ മത്സരങ്ങള്‍ കടവന്ത്ര റീജണല്‍ സ്‌പോര്‍സ് സെന്ററിലുമാണ് നടക്കുന്നത്. കളമശ്ശേരിയിലും ടൗണ്‍ഹാളിലും മത്സരങ്ങള്‍ നടക്കും. ഏഴ് മുതല്‍ 11 വരെയാണ് അത്ലറ്റിക്സ് മത്സരങ്ങള്‍.
ഒളിമ്പിക്‌സ് മാതൃകയില്‍ സംസ്ഥാനത്ത് നടത്തുന്ന ആദ്യ സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്നലെയാണ് തിരിതെളിഞ്ഞത്. ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ്, മേളയുടെ ഭാഗ്യ ചിഹ്നമായ തക്കുടുവിലേക്ക് ദീപശിഖ പകര്‍ന്നതോടെയാണ് മേളയ്ക്ക് ഔദ്യോഗികമായി തുടക്കമായത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കായികമേള ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സമ്മേളനം നടന്‍ മമ്മൂട്ടിയാണ് ഉദ്ഘാടനം ചെയ്തത്.
ഏഷ്യൻ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ വനിതകൾക്ക് ചരിത്രത്തിലെ ആദ്യ മെഡൽ
ഏഷ്യൻ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലാദ്യമായി മെഡൽ നേടി ഇന്ത്യൻ വനിതകൾ. സെമി ഫൈനലിൽ ജപ്പാനോട് 1-3ന് തോറ്റ ടീം വെങ്കലം കരസ്ഥമാക്കി. വനിതകളിൽ ഇന്ത്യയ്ക്ക് വേണ്ടി അയ്ഹിക മുഖർജിയാണ് ആദ്യമിറങ്ങിയത്. എന്നാൽ ജപ്പാന്റെ മിവ ഹരിമോട്ടോയോട് 2-3ന് (8-11 11-9, 8-11, 13-11, 7-11) താരം പരാജയപ്പെട്ടു. തുടർന്ന് ഇന്ത്യയുടെ മനിക ബത്ര 3-0 ന് (11-6, 11-5, 11-8) സ്കോറിന് ജപ്പാന്റെ സസൂകി ഓഡോയെ വീഴ്ത്തി. ഇതോടെ ആകെ സ്കോർ 1-1 സമനിലയിലെത്തി. എന്നാൽ തൊട്ടടുത്ത മത്സരത്തിൽ സുതീർഥ മുഖർജി 0-3ന് (9-11, 4-11, 13-15) മിമ ഇട്ടോയോടും മനിക 1-3 (3-11, 11-6, 2-11, 3-11)ന് ഹരിമോട്ടോയോടും തോറ്റതോടെ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായി.
അതേ സമയം പുരുഷ വിഭാഗത്തിൽ തുടർച്ചയായ മൂന്നാം മെഡലാണ് ഇന്ത്യ ഉറപ്പാക്കിയത്. ക്വാർട്ടർ ഫൈനലിൽ ശരത് കമൽ, മനവ് താക്കർ, ഹർമീത് ദേശായി എന്നിവരാണ് ഇന്ത്യക്കായി ഇറങ്ങിയത്. ആതിഥേയരായ കസാഖിസ്ഥാനായിരുന്നു എതിരാളികൾ. ആദ്യ മത്സരത്തിൽ മാനവ് 3-0ത്തിന് (11-9, 11-7, 11-6) കിറിൽ ഗ്രാസിമെങ്കോയെ തോൽപിച്ചപ്പോൾ ഹർമീത് 0-3ന് (6-11, 5-11, 8-11) അലൻ കുർമാൻഗ്ലിയേവിനോട് അടിയറവ് പറഞ്ഞു. എന്നാൽ ശരത് 3-0ന് (11-4, 11-7, 12-10) എയ്ഡോസ് കെൻസിഗുലേവിനെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് തിരിച്ചുവരവ് നൽകി. നിർണായക മത്സരത്തിൽ ഗ്രാസിമെങ്കോയെ 3-2ന് (6-11, 11-9, 7-11, 11-8, 11-8) ഹർമീത് വീഴ്ത്തിയതോടെ ഇന്ത്യ സെമിയിലേക്ക് പ്രവേശിച്ചു. കഴിഞ്ഞ രണ്ട് തവണയും പുരുഷ ടീം വെങ്കലം നേടിയിരുന്നു . ഇത്തവണ ഫൈനലിൽ പ്രവേശിച്ച് മെഡൽ നിറം മാറ്റാമെന്നുള്ള പ്രതീക്ഷയിലാണ് ഇന്ത്യയുടെ പുരുഷ ടീം.
വനിതാ ടി20 ലോകകപ്പ്; കളി നിയന്ത്രിക്കാന്‍ വനിതകള്‍ മാത്രം.
അടുത്തമാസം നടക്കുന്ന വനിതകളുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നിയന്ത്രിക്കാൻ വനിതകൾ മാത്രം.
ലോകകപ്പിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) ചൊവ്വാഴ്ച പ്രഖ്യാപിച്ച 10 അമ്പയർമാരും മൂന്നു മാച്ച് റഫറിമാരും വനിതകളാണ്.
ഇന്ത്യയിൽനിന്ന് അമ്പയറായി വൃന്ദാ രതിയും മാച്ച് റഫറിയായി ജി.എസ്. ലക്ഷ്മിയും പട്ടികയിലുണ്ട്. ഒക്ടോബർ മൂന്നുമുതൽ യു.എ.ഇ.യിലാണ് മത്സരങ്ങൾ.
ബംഗ്ലാദേശിലാണ് ഇക്കുറി ടൂർണമെന്റ് നിശ്ചയിച്ചിരുന്നതെങ്കിലും അവിടെ ആഭ്യന്തര പ്രശ്നം ഉയർന്നതിനാൽ വേദി യു.എ.ഇ.യിലേക്ക് മാറ്റുകയായിരുന്നു. ആദ്യമായാണ് വനിതകൾ മാത്രമായി ഒരു ലോകകപ്പ് ക്രിക്കറ്റ് നിയന്ത്രിക്കുന്നത്.
ഓസ്‌ട്രേലിയക്കാരിയായ ക്ലെയർ പൊളോസാക്കാണ് പട്ടികയിലെ ഏറ്റവും പരിചയസമ്പന്നയായ അമ്പയർ.പൊളോസാക്കിന്റെ അഞ്ചാം ലോകകപ്പാണിത്. നാല് ലോകകപ്പുകൾവീതം നിയന്ത്രിച്ച രണ്ടുപേർ ഇക്കൂട്ടത്തിലുണ്ട്.
ലോകകപ്പ് നടത്തിപ്പിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നതിൽ അഭിമാനമുണ്ടെന്ന് ഈ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് െഎ.സി.സി. മാനേജർ സീൻ ഈസെ പറഞ്ഞു.
ഇന്ത്യയുൾപ്പെടെ പത്തു ടീമുകൾ ലോകകപ്പിൽ കളിക്കും. ഓസ്‌ട്രേലിയയാണ് നിലവിലെ ജേതാക്കൾ. ഇന്ത്യ ഇതുവരെ വനിതാ ലോകകപ്പ് ജയിച്ചിട്ടില്ല.ഈവർഷം പുരുഷൻമാരുടെ ട്വന്റി 20 ലോകകപ്പിൽ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യ കിരീടം നേടിയിരുന്നു. അതിനുപിന്നാലെ വനിതകളുടെ കിരീടവും സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇറങ്ങുന്നത്. ടീമിൽ സജ്ന സജീവൻ, ആശാ ശോഭന എന്നീ രണ്ടു മലയാളികളുണ്ട്.
ആ രണ്ട് താരങ്ങളില്ലാതെ ഇന്ത്യയ്ക്ക് ഹോം ടെസ്റ്റില്‍ വിജയിക്കാനാവില്ല’; പ്രശംസിച്ച് മുന്‍ പാക് താരം
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് കരുത്തായത് രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണെന്ന് മുന്‍ പാക് താരം കമ്രാന്‍ അക്മല്‍. ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യയുടെ 280 റണ്‍സ് വിജയത്തില്‍ ഇരുതാരങ്ങളുടെയും ഓള്‍റൗണ്ട് നികവ് നിര്‍ണായകമായിരുന്നു. ഇതിന് പിന്നാലെയാണ് അശ്വിനെയും ജഡേജയെയും പ്രശംസിച്ച് കമ്രാന്‍ രംഗത്തെത്തിയത്. ഇരുതാരങ്ങളും ഇല്ലാതെ ഹോം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പ്ലേയിങ് ഇവലന്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്നാണ് കമ്രാന്‍ അഭിപ്രായപ്പെടുന്നത്.
ബംഗ്ലാദേശിനെതിരെ മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് അശ്വിന്‍ കാഴ്ച വെച്ചത്. അദ്ദേഹം രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുകയും ആറ് വിക്കറ്റ് വീഴ്ത്തുകയും വീഴ്ത്തുകയും ചെയ്തു. അശ്വിനുമായി ഒരു മാച്ച് വിന്നിങ് കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ജഡേജയ്ക്കും സാധിച്ചു. ഈ രണ്ട് താരങ്ങള്‍ ഇല്ലാതെ ഇന്ത്യയ്ക്ക് സ്വന്തം തട്ടകത്തില്‍ ഒരു ടെസ്റ്റ് പ്ലേയിങ് ഇലവനെ രൂപീകരിക്കാനാവില്ല. അവര്‍ വലിയ പ്രകടനം കാഴ്ച വെക്കുന്നവരാണ്’, കമ്രാന്‍ അക്മല്‍ പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
ചെന്നൈ ടെസ്റ്റില്‍ ഇന്ത്യ ആറ് വിക്കറ്റിന് 144 റണ്‍സെന്ന നിലയില്‍ തകര്‍ന്നപ്പോള്‍ അശ്വിന്റെയും ജഡേജയും കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. ബംഗ്ലാദേശിനെതിരെ ബാറ്റുകൊണ്ടും പന്തുകൊണ്ടും അശ്വിന്‍ തിളങ്ങി. 133 പന്തില്‍ 113 റണ്‍സ് അടിച്ചെടുത്ത അശ്വിന്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ ജഡേജ 86 റണ്‍സ് നേടിയതും ഇന്ത്യയ്ക്ക് ലീഡ് സ്വന്തമാക്കുന്നതില്‍ നിര്‍ണായകമായി. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജ ബൗളിങ്ങിലും തിളങ്ങി.