ദിവസ വേതനക്കാരന്റെ മകള്‍ക്ക് ജര്‍മ്മനിയില്‍ സ്കോളർഷിപ്പോടെ ഗവേഷണത്തിന് അവസരം. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും പഠനത്തിൽ മിടുക്കിയായ ആലപ്പുഴ സ്വദേശിനിയെ തേടിയാണ് സ്കോളർഷിപ്പെത്തിയത്. വിദ്യാധന്‍ സ്കോളര്‍ഷിപ്പാണ് ഇഷാമോള്‍ ഷാജിയെ തേടിയെത്തിയത്. പത്താം ക്ലാസിലെ മാര്‍ക്കിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഇഷാമോളെ തെരഞ്ഞെടുത്തത്. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലും ബിരുദ പഠന കാലത്തും സ്കോളര്‍ഷിപ്പ് ലഭിച്ചിരുന്നു.
കേരള സ്റ്റേറ്റ് ബോര്‍ഡില്‍ 2010ൽ എസ്എസ്എല്‍സിക്ക് A+ ഉം 2012ല്‍ പ്ലസ്ടുവിന് 97.3 ശതമാനം മാര്‍ക്കും ഇഷ നേടിയിരുന്നു. അതിനു ശേഷം ഇഷ ഐസർ (IISER) അഭിരുചി പരീക്ഷ എഴുതുകയും തിരുവനന്തപുരത്ത് അഡ്മിഷന് നേടുകയും ചെയ്തു. 2012-2017 കാലയളവില്‍ കെമിസ്ട്രിയില്‍ ഇന്റഗ്രേറ്റഡ് ബിഎസ്-എംഎസ് പൂര്‍ത്തിയാക്കി.
IISER പഠിക്കുന്ന സമയത്താണ് ഇഷാമോള്‍ക്ക് ഗവേഷണത്തോട് താല്‍പ്പര്യം തോന്നിയത്. ”വിവിധ ഇന്റേണ്‍ഷിപ്പുകളിലൂടെയും മാസ്റ്റര്‍ തീസിസ് വര്‍ക്കിലൂടെയും ശാസ്ത്രത്തിലുള്ള എന്റെ താല്പര്യം കൂട്ടാനും ഗവേഷണ കഴിവുകള്‍ മെച്ചപ്പെടുത്താനും IISER സഹായിച്ചു” ഇഷാമോൾ പറയുന്നു. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം അന്താരാഷ്ട്ര സ്കോളര്‍ഷിപ്പ് ലഭിച്ചതോടെ ജര്‍മ്മനിയിലെ മണ്‍സ്റ്ററിലെ ഹെല്‍ംഹോള്‍ട്ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മണ്‍സ്റ്ററിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. 2018 ഫെബ്രുവരി മുതല്‍ 2021 ഡിസംബര്‍ വരെയായിരുന്നു ജര്‍മ്മനിയിലെ വിദ്യാഭ്യാസം.
ലിഥിയം മെറ്റല്‍ ബാറ്ററികള്‍ക്കായുള്ള സോളിഡ്-സ്റ്റേറ്റ് പോളിമര്‍ ഇലക്ട്രോലൈറ്റുകളെക്കുറിച്ചാണ് ഇഷാമോള്‍ ഗവേഷണം നടത്തിയത്. ലിഥിയം മെറ്റല്‍ ബാറ്ററികള്‍ക്കായി പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതും ഓര്‍ഗാനിക് സോളിഡ്-സ്റ്റേറ്റ് ഇലക്ട്രോലൈറ്റുകളും വികസിപ്പിക്കുന്നതാണ് പഠനം. പഠനത്തിനിടയില്‍ ആല്‍ക്കലി-മെറ്റല്‍ ബാറ്ററികള്‍, പോളിമറൈസേഷന് ടെക്നിക്കുകള്‍, ഇലക്ട്രോകെമിക്കല്‍ സെല്‍ സ്വഭാവരീതികള്‍, ബാറ്ററി സെല്‍ ടെസ്റ്റിംഗ് എന്നിവയ്ക്കായി നോവല്‍ സോളിഡ്-സ്റ്റേറ്റ് പോളിമര്‍ ഇലക്ട്രോലൈറ്റുകള്‍ വികസിപ്പിക്കുന്നതില്‍ നാല് വര്‍ഷത്തെ എക്സ്പീരിയന്‍സും ഇഷാമോള്‍ നേടി. തീസിസ് സമര്‍പ്പിക്കുന്നതിനും മറ്റുമായി ഇഷാമോള്‍ ഇപ്പോള്‍ ജര്‍മ്മനിയിലാണുള്ളത്.
”വിദേശത്ത് ജോലി ചെയ്യുന്നതിനോ ഉയര്‍ന്ന ശമ്പളത്തിനു വേണ്ടിയോ നിങ്ങള്‍ പിഎച്ച്ഡി പ്രോഗ്രാം ചെയ്യരുത്, നിങ്ങള്‍ക്ക് ഗവേഷണത്തില്‍ താല്‍പ്പര്യമില്ലെങ്കില്‍, കൂടുതല്‍ വ്യാവസായിക ആപ്ലിക്കേഷനുകള്‍ ഉള്ള ഒരു വിഷയം തിരഞ്ഞെടുക്കാം, അതില്‍ ജോലി ലഭിക്കാനുള്ള സാധ്യത കൂടുതലാണ് ” ഇഷാമോള്‍ പറഞ്ഞു.
‘ബാറ്ററികളിൽ ഗവേഷണം നടത്തിയെന്ന നിലയില്‍ സോളിഡ്-സ്റ്റേറ്റ് ബാറ്ററികള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇലക്ട്രിക് വാഹന വ്യവസായ രംഗത്ത് ജോലി ചെയ്യാനാണ് ആഗ്രഹം. ജര്‍മ്മനി പോലുള്ള രാജ്യങ്ങള്‍ ഈ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്’ ഇഷാമോൾ പറയുന്നു. താൻ ഇപ്പോള്‍ പുതിയ ജോലിക്കായുള്ള അന്വേഷണത്തിലാണെന്നും ഇഷ വ്യക്തമക്കി.
ഇഷാമോളുടെ സഹോദരി യുഎഇയില്‍ സോഫ്റ്റ്വെയര് ഡെവലപ്പറാണ്. സഹോദരീ ഭര്‍ത്താവ് യുഎഇ സര്‍വകലാശാലയില്‍ റിസര്‍ച്ച് അസോസിയേറ്റ് ആയാണ് ജോലി ചെയ്യുന്നത്.