Smartphones | റിയൽ മീ മുതൽ സാസംങ് വരെ; 20,000 രൂപയില്‍ താഴെ വിലയുള്ള മികച്ച 5G സ്മാര്‍ട്‌ഫോണുകള്‍

കഴിഞ്ഞ വര്‍ഷം രാജ്യത്ത് സ്മാര്‍ട്‌ഫോണുകളുടെ വില ഉയര്‍ന്നിരുന്നു. 5ജിയുടെ കടന്നുവരവാണ് ഇതിനു പ്രധാന കാരണമായി പറയുന്നത്. എന്നാല്‍ 20,000 രൂപയ്ക്ക് താഴെയുള്ള സെഗ്മെന്റിലും ചില 5ജി സ്മാര്‍ട്‌ഫോണുകൾ ലഭ്യമാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം

ഈ ലിസ്റ്റിലെ ഒരു ഓട്ടോമാറ്റിക് സ്റ്റാര്‍ട്ടറാണ് റെഡ്മി നോട്ട് 11 സീരീസ് ഫോണ്‍. 6 ജിബി റാം ഉള്ള MediaTek Dimensity 810 ചിപ്സെറ്റാണ് ഫോണില്‍ ഉപയോഗിക്കുന്നത്. 6.6 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേയാണ് ഫോണിന്റെ സവിശേഷത. അത് 90Hz റിഫ്രഷ് റേറ്റും വാഗ്ദാനം ചെയ്യുന്നു. ഫോണ്‍ 5ജി കണക്ടിവിറ്റിയും വാഗ്ദാനം ചെയ്യുന്നുണ്ട്. റെഡ്മി നോട്ട് 11T യില്‍ 50 മെഗാപിക്‌സല്‍ സെന്‍സറിന്റെയും 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് സെന്‍സറിന്റെയും ഡ്യുവല്‍ റിയര്‍ ക്യാമറയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫോണിന്റെ മുന്‍വശത്ത് 16 മെഗാപിക്‌സല്‍ ക്യാമറ ഉണ്ട്. 33 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയോടെ 5000mAh ബാറ്ററിയാണ് ഫോണിലുള്ളത്.

ഇന്ത്യയില്‍ ലഭ്യമായ 20,000 രൂപയില്‍ താഴെ വിലയുള്ള മികച്ച 5ജി സ്മാര്‍ട്ട്ഫോണുകള്‍

കേന്ദ്രബജറ്റ് 2023: ബജറ്റ് എന്താണ് എന്ന് ലളിതമായി അറിയാം

ഫെബ്രുവരി ഒന്നിനാണ് ഇന്ത്യയിൽ 2023-24 വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. വലിയ പ്രതീക്ഷകളോടെയാണ് ജനം ഓരോ വർഷത്തെയും ബജറ്റിനെ കാണുന്നത്. എന്താണ് ബജറ്റ്? കേന്ദ്ര ബജറ്റ് എന്നാൽ എന്താണ് എന്നതിനെപ്പറ്റി കൂടുതൽ വിശദമായി അറിയാം.

വാർഷിക ധനകാര്യ രേഖ എന്നാണ് ബജറ്റിനെ പറയുന്നത്. സർക്കാരിന്റെ വരവ് ചെലവ് കണക്കുകളും മറ്റും പ്രതിപാദിക്കുന്ന ഔദ്യോഗിക രേഖയാണ് ഇത്. ഇന്ത്യൻ ഭരണഘടനയിലെ 112-ാം വകുപ്പിലാണ് വാർഷിക ധനകാര്യ രേഖയെപ്പറ്റി പറയുന്നത്.

ഏപ്രിൽ ഒന്ന് മുതൽ മാർച്ച് 30 വരെയാണ് ഇന്ത്യയിൽ ഒരു സാമ്പത്തിക വർഷമായി കണക്കാക്കുന്നത്. ഈ കാലയളവ് അടിസ്ഥാനമാക്കിയാണ് ബജറ്റ് രേഖ തയ്യാറാക്കുന്നത്. ബജറ്റിന്റെ രണ്ട് വിഭാഗങ്ങളാണ് റവന്യൂ ബജറ്റും ക്യാപിറ്റൽ ബജറ്റും. അവയെന്താണെന്ന് നോക്കാം.

സർക്കാരിന്റെ റവന്യൂ ചെലവുകളും വരവുകളും സംബന്ധിച്ചതാണ് റവന്യൂ ബജറ്റ്. നികുതി വരുമാനവും, നികുതിയേതര വരുമാനവും രണ്ട് തരത്തിലുള്ള റവന്യൂ റെസിപ്റ്റുകളാണ്. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കായുള്ള ചെലവുകളും ജനങ്ങൾക്കായുള്ള പദ്ധതി ചെലവുകളുമാണ് റവന്യൂ ചെലവിൽ പെടുന്നത്. സർക്കാരിന്റെ റവന്യൂ ചെലവ് അതിന്റെ റവന്യൂ രസീതിനെക്കാൾ കൂടുതലാണെങ്കിൽ, സർക്കാരിന് റവന്യൂ കമ്മി ഉണ്ടെന്നാണ് അർഥം

സർക്കാരിന്റെ മൂലധന അടവുകളും റെസിപ്റ്റുകളും ഉൾപ്പെട്ടതാണ് ക്യാപിറ്റൽ ബജറ്റ്. ജനങ്ങളിൽ നിന്നുള്ള വായ്പകൾ, ആർബിഐ, മറ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകൾ എന്നിവയെല്ലാം ക്യാപിറ്റൽ റെസീപ്റ്റ്‌സ് വിഭാഗത്തിൽ പെടുന്നവയാണ്.സർക്കാർ തലത്തിലുള്ള ആരോഗ്യ സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യ വികസനപ്രവർത്തനം, കെട്ടിടങ്ങളുടെ ചെലവ് എന്നിവയെല്ലാം മൂലധന ചെലവിൽ ഉൾപ്പെടുന്നവയാണ്. സർക്കാരിന്റെ മൊത്തം ചെലവ് അതിന്റെ മൊത്തം വരുമാനത്തേക്കാൾ കൂടുതലാകുമ്പോഴാണ് ധനക്കമ്മി ഉണ്ടാകുന്നത്.

PSC പ്രൊഫൈൽ ഉദ്യോഗാർത്ഥികൾക്ക് സ്വയം തിരുത്താം; സംവിധാനം വെബ്സൈറ്റിൽ നിലവിൽ വന്നു

തിരുവനന്തപുരം: പി.എസ്.സി പ്രൊഫൈൽ ഉദ്യോഗാർഥികൾക്ക് സ്വയംതിരുത്താനുള്ള സംവിധാനം വെബ്സൈറ്റിൽ നിലവിൽ വന്നു. വിവരങ്ങൾ ഓൺലൈനായി തിരുത്താനുള്ള സംവിധാനം ജനുവരി 26 മുതലാണ് പി.എസ്.സി വെബ്സൈറ്റിൽ നിലവിൽ വന്നത്. ഇതോടെ ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിലെ ജാതി, മതം, ലിംഗം, തൊഴിൽ പരിചയ സമ്പന്നത, മാതാപിതാക്കളുടെ പേര്, വിലാസം, ഫോൺ നമ്പർ,ആധാർ നമ്പർ അടക്കമുള്ളവ ഉദ്യോഗാർത്ഥികൾക്കു സ്വയം തിരുത്താം.

പക്ഷേ, ഉദ്യോഗാർത്ഥിയുടെ പേര്, ഫോട്ടോ, ഒപ്പ്, ജനനത്തീയതി, തിരിച്ചറിയൽ മാർക്കുകൾ തുടങ്ങിയവ ഉദ്യോഗസ്ഥ പരിശോധനക്കു ശേഷമേ തിരുത്താൻ കഴിയൂ. പ്രൊഫൈലിലെ വിദ്യാഭ്യാസ യോഗ്യത നിബന്ധനകൾക്ക് വിധേയമായി തിരുത്താം. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥിക്ക് പി.എസ്.സി ഓഫിസിൽ ഹാജാരാകാതെ പി.ജിയോ അതിനു മുകളിലുള്ള വിദ്യാഭ്യാസ യോഗ്യതയോ രേഖപ്പെടുത്താം. എന്നാൽ, ഡിഗ്രി യോഗ്യത രേഖപ്പെടുത്തിയ ഉദ്യോഗാർത്ഥിക്ക് അതിനു താഴെ യോഗ്യതയുള്ള പ്ലസ് ടു, എസ്.എസ്.എൽ.സി തുടങ്ങിയവ സ്വയംരേഖപ്പെടുത്താൻ കഴിയില്ല. ഇതിന് പി.എസ്.സി ഓഫിസിൽ ഹാജരാകേണ്ടിവരും.

ഡിഗ്രി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഏതു വിഷയത്തിലാണെന്ന് (ഉദാ. ബി.എ ഹിസ്റ്ററി ആണെങ്കിൽ ബി.എ മലയാളമാക്കി തിരുത്താം) പ്രൊഫൈലിൽ വ്യക്തമാക്കാം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന ഘട്ടത്തിൽ മാത്രമേ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈൽ രേഖകൾ പി.എസ്.സി വിശദമായി പരിശോധിക്കൂ. വിവരങ്ങൾ വസ്തുനിഷ്ഠമാണെന്ന് കണ്ടാൽ മാത്രമേ ഉദ്യോഗാർഥിയെ തുടർതെരഞ്ഞെടുപ്പ് നടപടികളിൽ ഉൾപ്പെടുത്തൂ. അല്ലാത്തപക്ഷം പരീക്ഷ വിലക്ക് ഉൾപ്പെടെ നടപടികൾ പി.എസ്.സി സ്വീകരിക്കും.

നിലവിൽ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ തിരുത്തുന്നതിന് ഉദ്യോഗാർഥിക്ക് നേരിട്ട് അവസരമില്ലായിരുന്നു. പി.എസ്.സി വെബ്സൈറ്റിൽ നിന്ന് ‘തിരുത്തൽ ഫോറം’ ഡൗൺലോഡ് ചെയ്ത്, പൂരിപ്പിച്ച ശേഷം ജില്ല പി.എസ്.സി ഓഫിസിനെ സമീപിച്ച് രേഖ പരിശോധനക്കു ശേഷമേ തിരുത്തൽ അനുവദിക്കാറുള്ളൂ. ഇതോടെ ഉദ്യോഗസ്ഥരിലുണ്ടാക്കുന്ന ജോലിഭാരം കുറയ്ക്കാൻ പുതിയ സംവിധാനം സഹായിക്കും

കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് കൃഷിയിലെത്തിയ ദമ്പതികള്‍ ഉത്പാദിപ്പിക്കുന്നത് ടൺ കണക്കിന് പച്ചക്കറികൾ

റാഞ്ചി: ജാര്‍ഖണ്ഡില്‍ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് കൃഷിയിലേയ്ക്ക് തിരിഞ്ഞ ദമ്പതികള്‍ മാതൃകയാകുന്നു. ബാങ്ക് മാനേജറായിരുന്ന വിനോദ് കുമാറും കോര്‍പ്പറേറ്റ് കമ്പനി ഉദ്യോഗസ്ഥയായ അദ്ദേഹത്തിന്റെ ഭാര്യ രാധികയുമാണ് ഈ മാതൃക ദമ്പതികള്‍.

ഇവരുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തരായതിനെത്തുടര്‍ന്ന് നബാര്‍ഡും ഐഎഫ്എഫ്‌സിഒ കിസാനും പുതിയ ചില ചുമതലകള്‍ കൂടി ഈ ദമ്പതികളെ ഏല്‍പ്പിക്കാനൊരുങ്ങുകയാണ്. ഈ രണ്ട് സ്ഥാപനങ്ങളുടെയും നേതൃത്വത്തിലൊരുങ്ങുന്ന ഓട്ടോമേറ്റഡ് ജലസേചന പദ്ധതിയുടെ നിര്‍വ്വഹണ ചുമതലയാണ് ഈ ദമ്പതികളെ ഏല്‍പ്പിച്ചിരിക്കുന്നത്.

ഇതോടെ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ തങ്ങളുടെ കൃഷിയിടത്തില്‍ ജലസേചന സൗകര്യം ഉറപ്പാക്കുന്ന ഏക ദമ്പതികളായി മാറുകയാണ് രാധികയും വിനോദ് കുമാറും.

തണ്ണിമത്തന്‍, വെള്ളരി, പാവയ്ക്ക തുടങ്ങിയവയാണ് ഇവരുടെ കൃഷിയിടങ്ങളില്‍ വിളയുന്ന പ്രധാന വിളകൾ. ടണ്‍ കണക്കിന് പച്ചക്കറികളാണ് ഇവര്‍ വിപണിയിലെത്തിക്കുന്നത്. രാജ്യത്തിന് പുറത്തേക്കും ഇവ കയറ്റി അയയ്ക്കുന്നു. ബംഗ്ലാദേശിലേക്കും മറ്റും പച്ചക്കറികള്‍ ഇവര്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

കൊവിഡ് മഹാമാരി പിടിമുറുക്കിയ 2020 കാലത്ത് തങ്ങളുടെ തിരക്ക് പിടിച്ച ജോലിയില്‍ വ്യാപൃതരായിരുന്നു ഇവര്‍. അന്ന് പൂനെ ആസ്ഥാനമാക്കിയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. അതെല്ലാം വിട്ട് ജാര്‍ഖണ്ഡിലെ ഗ്രാമത്തിലേക്ക് എത്തി കൃഷി ചെയ്യുക എന്ന തീരുമാനത്തിലേക്ക് എത്തിയത് വളരെയധികം ആലോചിച്ച ശേഷമായിരുന്നു. പെട്ടെന്നുണ്ടായ തീരുമാനമായിരുന്നില്ല അത്.

ഗ്രാമത്തിലെത്തി എന്തെങ്കിലും ജോലി ചെയ്യുകയാണെങ്കില്‍ അവയില്‍ നിന്ന് കുറഞ്ഞ വരുമാനം മാത്രമെ ലഭിക്കുകയുള്ളു എന്ന് വിനോദിനും രാധികയ്ക്കും അറിയാമായിരുന്നു. എന്നാലും സ്വന്തം ഗ്രാമത്തില്‍ ജീവിക്കാന്‍ കഴിയുമെന്നും സമാധാനമുള്ള ജീവിതമുണ്ടാകുമെന്നും ഇവര്‍ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷയോടെയാണ് ഈ ദമ്പതികള്‍ കൃഷിയിലേക്ക് തിരിഞ്ഞത്. ഏകദേശം രണ്ടര വര്‍ഷത്തോളമായി ഇവര്‍ ഈ മേഖലയില്‍ തന്നെ തുടരുന്നു.

ഹസാരിബാഗ് ജില്ലയിലെ ഹര്‍ഷദ് ആണ് വിനോദിന്റെ ജന്മസ്ഥലം. അവിടുത്തെ തന്റെ കൃഷിയിടത്തില്‍ പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ച് കൃഷി ചെയ്യുന്നതിനെപ്പറ്റി വിനോദ് ആലോചിച്ചിരുന്നു. കൃഷി ചെയ്യാന്‍ ആവശ്യത്തിന് സ്ഥലമില്ലാതിരുന്ന വിനോദ് 18 ഏക്കറോളം കൃഷിസ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യാന്‍ ആരംഭിച്ചത്. റാബോധ് ജില്ലയിലെ ദാര്‍വ, കുസുമിഥ്, എന്നിവിടങ്ങളിലെ കൃഷിസ്ഥലമാണ് പാട്ടത്തിനെടുത്തത്. വരണ്ട പ്രദേശമായിരുന്നു ഇത്.

പിന്നീട് ചില കാര്‍ഷിക വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം ഈ സ്ഥലത്ത് തണ്ണിമത്തന്‍ കൃഷി ചെയ്യാന്‍ ഈ ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു. ജലസേചനത്തിനായി ഡ്രിപ് മെത്തേഡ് ആണ് വിനോദ് സ്വീകരിച്ചത്. 2021 ല്‍ ഈ രീതിയിലൂടെ വിനോദും രാധികയും വിളയിച്ചെടുത്തത് 150 ടണ്‍ തണ്ണിമത്തനാണ്. 2022 ആയപ്പോഴെക്കും 210 ടണ്‍ തണ്ണിമത്തനാണ് ഇവിടെ നിന്നും ഉല്‍പ്പാദിപ്പിച്ചത്. ഏകദേശം 10 ലക്ഷം രൂപയാണ് ഈ കൃഷിയില്‍ നിന്നുള്ള ലാഭം.

ഇതോടൊപ്പം ഓരോ സീസണ്‍ അനുസരിച്ച് പാവയ്ക്ക, വെള്ളരിക്ക, മുളക്, തക്കാളി എന്നിവയും കൃഷി ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം 150 ക്വിന്റല്‍ വെള്ളിരി, 100 ക്വിന്റല്‍ പാവയ്ക്ക, എന്നിവയാണ് തന്റെ കൃഷിയിടത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ചതെന്ന് വിനോദ് പറയുന്നു. വിപണിയുമായി കര്‍ഷകരെ ബന്ധിപ്പിക്കാനായി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയും അദ്ദേഹം സ്ഥാപിച്ചു. ഈ സ്ഥാപനത്തിന്റെ സിഇഒ കൂടിയാണ് വിനോദ് ഇന്ന്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിൽ എത്തിക്കാനും ഈ സംഘടനയ്ക്ക് കഴിയുന്നുണ്ട്. ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ധാരാളം പേര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനായി എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒന്നര വര്‍ഷമായി ലൈറ്റുകള്‍ ഓഫാക്കാനാവാതെ അമേരിക്കയിലെ ഒരു സ്‌കൂള്‍; കാരണമിതാണ്‌

വൈദ്യുതി സംരക്ഷണം ഈ കാലഘട്ടത്തിന്റെ അനിവാര്യമായ ഒന്നാണ്. എന്നാല്‍ അമേരിക്കയിലെ ഒരു സ്‌കൂളില്‍ ഇതിന് വിപരീതമായാണ് കാര്യങ്ങൾ നടക്കുന്നത്. ഒന്നര വര്‍ഷത്തോളമായി ഈ സ്‌കൂളിലെ 7000-ഓളം ലൈറ്റുകള്‍ അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. യുഎസിലെ മസാച്യുസെറ്റ്സിലെ മിനചൗഗ് റീജിയണല്‍ ഹൈസ്സ്‌കൂളിലാണ് സംഭവം.

ഈ സ്‌കൂളിലെ സ്മാര്‍ട്ട് ലൈറ്റുകള്‍ 2021 ഓഗസ്റ്റ് മുതല്‍ തെളിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവ ഓഫ് ചെയ്യാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും നടന്നില്ല. സ്മാര്‍ട്ട് ലൈറ്റുകള്‍ നിയന്ത്രിക്കുന്ന സോഫ്റ്റ്വെയര്‍ ക്രാഷായതാണ് ഇതിന് പിന്നിലെ കാരണം.

‘ഈ പ്രശ്‌നം പരിഹരിക്കാന്‍ എല്ലാവിധ ശ്രമങ്ങളും ഞങ്ങള്‍ നടത്തുന്നുണ്ട്’ ഹാംപ്ഡന്‍-വില്‍ബ്രഹാം റീജിയണല്‍ സ്‌കൂള്‍ ഡിസ്ട്രിക്റ്റിന്റെ അസോസിയേറ്റ് സൂപ്രണ്ട് ഓഫ് ഫിനാന്‍സ്, ആരോണ്‍ ഓസ്‌ബോണ്‍ എന്‍ബിസി ന്യൂസിനോട് പറഞ്ഞു.

ഫ്‌ളൂറസെന്റും എല്‍ഇഡി ലൈറ്റുമാണ് സ്‌കൂളില്‍ ഉപോഗിക്കുന്നത്. ചില ഔട്ട്ഡോര്‍ ലൈറ്റുകള്‍ ഓഫ് ചെയ്യുന്നതിനായി, സ്റ്റാഫ് അംഗങ്ങള്‍ പ്രധാന സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ബ്രേക്കറുകള്‍ ഓഫാക്കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ അധ്യാപകര്‍ ക്ലാസ് റൂം ഫര്‍ണിച്ചറുകളില്‍ കയറി നിന്ന് ബള്‍ബുകള്‍ നീക്കം ചെയ്യാറുണ്ടെന്നും ഓസ്‌ബോണ്‍ പറയുന്നു. ഇതെല്ലാം ചെയ്തിട്ടും സ്‌കൂളിന് പ്രതിമാസം ആയിരക്കണക്കിന് ഡോളറാണ് വൈദ്യുതി ബില്ലായി അടക്കേണ്ടി വരുന്നത്.

സ്‌കൂളിലെ സിസ്റ്റം മാറ്റിസ്ഥാപിക്കുന്നതിന് ആവശ്യമായ പാര്‍ട്ട്‌സ് ചൈനയിലെ പ്ലാന്റില്‍ നിന്ന് എത്തിയതായി റിഫ്ലെക്സ് ലൈറ്റിംഗ് ഗ്രൂപ്പിന്റെ പ്രസിഡന്റ് പോള്‍ മസ്റ്റോണ്‍ പറഞ്ഞു. ഫെബ്രുവരി അവസാനത്തോടെ പുതിയ സംവിധാനം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.

അടുത്തിടെ എല്‍ഇഡി ബള്‍ബുകള്‍ക്ക് കൊറോണ വൈറസിനെ നശിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരുന്നു. അള്‍ട്രാ വയലറ്റ് വികിരണങ്ങള്‍ പുറപ്പെടുവിക്കുന്ന എല്‍ഇഡി ബള്‍ബുകള്‍ക്കാണ് കൊറോണ വൈറസിനെ അതിവേഗം നശിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയത്. കൊറോണ പോലുള്ള വൈറസുകളെ നശിപ്പിക്കാന്‍ ചെലവുകുറഞ്ഞ സംവിധാനങ്ങള്‍ തയ്യാറാക്കാന്‍ ഈ പഠനഫലങ്ങള്‍ സഹായിക്കുമെന്ന നിഗമനത്തിലാണ് ശാസ്ത്രലോകം.

ആശുപത്രി-ഫാക്ടറി പരിസരങ്ങളും പ്രതലങ്ങളും വെന്റിലേറ്റര്‍ സംവിധാനങ്ങളും കുടിവെള്ള സംവിധാനങ്ങളും ശൂചീകരിക്കാന്‍ എളുപ്പമായിരിക്കും. ആരും വീടുകളില്‍ പരീക്ഷണം നടത്തരുതെന്നും അപകട സാധ്യതയുണ്ടെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഇസ്രായേലിലെ ടെല്‍ അവീവ് സര്‍വ്വകലാശാല വാര്‍ത്താകുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.

ആശുപത്രി മുറികളിലെയും ലിഫ്റ്റുകളിലെയും വായുവില്‍ കൊറോണ വൈറസ് സാന്നിധ്യമുണ്ടാവാമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക്, സ്റ്റെയിന്‍ലെസ് പ്രതലങ്ങളില്‍ കുറെ ദിവസം വൈറസ് തങ്ങുമെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വൈറസിനെ നശിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ തേടി പഠനങ്ങള്‍ ആരംഭിച്ചത്.

വ്യത്യസ്ത വേവ് ലെങ്ത്തിലുള്ള അള്‍ട്രാ വയലറ്റ് വികിരണങ്ങള്‍ പുറത്തുവിടുന്ന എല്‍ഇഡികളാണ് ഗവേഷണത്തിന് ഉപയോഗിച്ചത്. 265- 285 നാനോമീറ്റര്‍ വേവ് ലെങ്ത്തിലുള്ള വികിരണങ്ങള്‍ വൈറസുകളെ നശിപ്പിക്കുന്നതായി കണ്ടെത്തി.

അര മിനുട്ടിനുള്ളില്‍ 99.9 ശതമാനം വൈറസുകളും നശിക്കുന്നതായി ഫോട്ടോകെമിസ്ട്രി ആന്റ് ഫോട്ടോ ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കൊറോണ പോലുള്ള മറ്റു വൈറസുകള്‍ക്കെതിരെയും ഈ സംവിധാനം ഉപയോഗിക്കാവുന്നതാണെന്ന് പഠനം പറയുന്നു.

28 ലക്ഷം രൂപ വരുമാനമുള്ള ജോലി ഉപേക്ഷിച്ച് കോഴി കച്ചവടം; ഇന്ന് 70 പേർക്ക് ജോലി നൽകുന്നയാൾ; യുവാവിന് നിറകയ്യടി

ഹൈദരാബാദ്: 28 ലക്ഷം രൂപ വരുമാനമുള്ള ജോലി ഉപേക്ഷിച്ച് നാടന്‍ കോഴിവളര്‍ത്തല്‍ വ്യവസായത്തില്‍ വിജയം സൃഷ്ടിച്ച് തെലങ്കാനയില്‍ നിന്നുള്ള ഐഐടി ഉദ്യോഗസ്ഥന്‍. വാരണാസി ഐഐടിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ വ്യക്തിയാണ് സായികേഷ്. പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ഐടി മേഖലയില്‍ 28 ലക്ഷം രൂപ വരുമാനമുള്ള ഒരു ജോലിയും ലഭിച്ചും.

ഇതിനിടെയാണ് സ്വന്തമായി ബിസിനസ് തുടങ്ങാനുള്ള ആഗ്രഹം ഉണ്ടാകുന്നത്. ഇതേതുടര്‍ന്ന് ജോലി ഉപേക്ഷിക്കുകയും സുഹൃത്തുക്കളായ സാമി, അഭിഷേക് എന്നിവരോട് കോഴി വളര്‍ത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് നാടന്‍ കോഴി കച്ചവടം ആരംഭിക്കുകയായിരുന്നു. എന്നാല്‍ ഇത്രയും നല്ല ജോലി ഉപേക്ഷിച്ച് കോഴി കച്ചവടം തുടങ്ങിയ ഇവരെ പരിഹാസത്തോടെയാണ് മറ്റുള്ളവര്‍ നോക്കി കണ്ടിരുന്നത്. എന്നാല്‍ മൂവര്‍ സംഘം ഒരു വര്‍ഷത്തിനുള്ളില്‍ ബിസിനസ് ലാഭകരമാക്കി.

ഹൈദരാബാദിലെ പ്രഗതി നഗറിലും കുക്കട്ട്പള്ളി പ്രദേശങ്ങളിലും സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് സായികേഷ് നാടന്‍ ചിക്കന്‍ സ്റ്റോറുകള്‍ തുറന്നു. ഇതിന് പുറമെ, ചിക്കന്‍ ഔട്ട്ലെറ്റുകളില്‍ 70 പേര്‍ക്ക് അദ്ദേഹം ജോലിയും നല്‍കി. തങ്ങളുടെ നാടന്‍ കോഴി ബിസിനസ് ദക്ഷിണേന്ത്യയിലുടനീളം വ്യാപിപ്പിക്കാന്‍ സായികേഷും സുഹൃത്തുക്കളും തീരുമാനിച്ചു. ഇതിനായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുടനീളമുള്ള 15,000-ത്തോളം കോഴി കര്‍ഷകരുമായി അവര്‍ ഒരു ശൃംഖല രൂപീകരിച്ചു. കര്‍ഷകരില്‍ നിന്ന് നല്ല വില നല്‍കിയാണ് ഇവര്‍ നാടന്‍ കോഴികളെ വാങ്ങുന്നത്.

കോഴിക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്‍കാനുള്ള പരിശീലനവും അവര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. ഇതിലൂടെ ഗുണനിലവാരമുള്ള രുചികരമായ ചിക്കന്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് സായികേഷ് പറഞ്ഞു. അടുത്തിടെ ബെസ്റ്റ് എമര്‍ജിംഗ് മീറ്റ് ബ്രാന്‍ഡ് അവാര്‍ഡും ഇവര്‍ക്ക് ലഭിച്ചിരുന്നു.

തെലങ്കാനയില്‍ നാടന്‍ കോഴിയിറച്ചിക്ക് നല്ല വില്‍പ്പനയാണെന്നാണ് ഇവര്‍ പറയുന്നു. ഒരു നാടന്‍ കോഴി പൂര്‍ണ്ണവളര്‍ച്ചയെത്താന്‍ കുറഞ്ഞത് ആറ് മാസമെങ്കിലും എടുക്കുമെന്ന് ന്യൂസ് 18-നോട് സംസാരിച്ച സായികേഷ് പറഞ്ഞു. കുറഞ്ഞ മുതല്‍മുടക്കില്‍ ഓര്‍ഗാനിക് രീതിയില്‍ ഇവയെ വളര്‍ത്താന്‍ പറ്റും.
കോഴികളെ വാങ്ങുന്നതിന് മുമ്പ് കര്‍ഷകരുമായി കരാര്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാരിയര്‍, കടക്നാഥ്, അസില്‍ തുടങ്ങി മൂന്ന് തരം തെലങ്കാന നാടന്‍ കോഴികളെയാണ് ഇവര്‍ വളര്‍ത്തുന്നത്. നാടന്‍ കോഴിയിറച്ചി വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഘട്ടംഘട്ടമായി ചുരുങ്ങിയ സമയത്തിനുള്ളില്‍ 100 ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് സായികേഷ് പറഞ്ഞു. മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

നേരത്തെ കൃഷിയോടുള്ള താത്പര്യത്തെ തുടര്‍ന്ന് ഭാരത് ബയോടെക്കിലെ ജോലി ഉപേക്ഷിച്ച 32 കാരന്റെ കഥയും വാര്‍ത്തയായിരുന്നു. ഹൈദരാബാദ് സ്വദേശിയായ ബോംഗുറാം നാഗരാജു ആണ് കൃഷിക്കായി ജോലി ഉപേക്ഷിച്ചത്. ആനിമല്‍ ബയോടെക്നോളജിയിലായിരുന്നു ഇദ്ദേഹം ബിരുദാനന്തര ബിരുദം നേടിയത്. തെലങ്കാനയിലെ തന്റെ ഗ്രാമമായ ഹബ്‌സിപൂരിലാണ് ഇദ്ദേഹം കൃഷി ആരംഭിച്ചത്. ഹബ്‌സിപൂര്‍ ഗ്രാമത്തിലെ കര്‍ഷകര്‍ ഒരിക്കലും തിരഞ്ഞെടുക്കാത്ത നാടന്‍ നെല്ലിനങ്ങളാണ് അദ്ദേഹം കൃഷിയ്ക്കായി തിരഞ്ഞെടുക്കുന്നത്. കൃഷിയിലെ വിജയത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന് നിരവധി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

അമീറ എൽഗവാബി: ഇസ്ലാമോഫോബിയയ്ക്ക് എതിരേ കാനഡ നിയമിച്ച ആദ്യ ഉപദേശക

ഇസ്‌ലാമോഫോബിയയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി കാനഡയിൽ ആദ്യത്തെ ആന്റി ഇസ്‌ലാമോഫോബിയ ഉപദേശകയെ വ്യാഴാഴ്ച നിയമിച്ചു. രാജ്യത്ത് മുസ്‌ലിംകൾക്കെതിരെ അടുത്തിടെ നടന്ന നിരവധി ആക്രമണങ്ങളെത്തുടർന്നാണ് നടപടി.

ഇസ്‌ലാമോഫോബിയ, വ്യവസ്ഥാപിത വംശീയത, വംശീയ വിവേചനം, മതപരമായ അസഹിഷ്ണുത എന്നിവയ്‌ക്കെതിരായ പോരാട്ടത്തിൽ ഫെഡറൽ ഗവൺമെന്റിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഒരു ഉപദേഷ്ടാവ്, വിദഗ്ധൻ, പ്രതിനിധി എന്നീ നിലകളിൽ പ്രവർത്തിക്കാൻ മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ അമീറ എൽഗവാബി യ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

ഇസ്‌ലാമോഫോബിയയ്‌ക്കും (മുസ്ലിംങ്ങളോടുള്ള വിവേചനം) വിദ്വേഷത്തിനും എതിരായ കാനഡയുടെ പോരാട്ടത്തിലെ സുപ്രധാന ചുവടുവയ്പാണ് എൽഗവാബിയുടെ നിയമനമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

സജീവ മനുഷ്യാവകാശ പ്രചാരകയായ എൽഗവാബി കനേഡിയൻ റേസ് റിലേഷൻസ് ഫൗണ്ടേഷന്റെ കമ്മ്യൂണിക്കേഷൻസ് ഹെഡ്ഡും ടൊറന്റോ സ്റ്റാർ പത്രത്തിലെ കോളമിസ്റ്റുമാണ്. ഒരു ദശാബ്ദത്തിലേറെ പബ്ലിക് ബ്രോഡ്‌കാസ്റ്റർ സിബിസിയിൽ പ്രവർത്തിച്ചിട്ടുമുണ്ട്.

“ഇസ്‌ലാമോഫോബിയയ്‌ക്കും അതിന്റെ എല്ലാ രൂപത്തിലുള്ള വിദ്വേഷത്തിനും എതിരായ നമ്മുടെ പോരാട്ടത്തിലെ ഒരു സുപ്രധാന ചുവടുവയ്‌പ്പാണ് ഇത്” എൽഗവാബിയുടെ നിയമനത്തെ കുറിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

“‘രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണ് വൈവിധ്യം. എന്നാല്‍ പല മുസ്ലീങ്ങളും മത വിദ്വേഷം നേരിടുകയാണ്. അവരവരുടെ വിശ്വാസത്തിന്റെ പേരില്‍ രാജ്യത്ത് ആരും വിദ്വേഷം അനുഭവിക്കരുത്. ഇതിനൊരു മാറ്റം അനിവാര്യമാണ്. ഈ പോരാട്ടത്തിലെ സുപ്രധാന ചുവടുവെപ്പാണ് അമീറ എല്‍ഗവാബിയയുടെ നിയമനം’. ജസ്റ്റിന്‍ ട്രൂഡോ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

2021 ജൂണിൽ, ലണ്ടനിലെ ഒന്റാറിയോയിൽ ഒരു മുസ്ലീം കുടുംബത്തിലെ നാല് പേരെ ഒരാൾ തന്റെ ട്രാക്ക് ഇടിച്ച് കൊലപ്പെടുത്തിയിരുന്നു. നാല് വർഷം മുമ്പ്, ക്യൂബെക് സിറ്റിയിലെ ഒരു പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആറ് മുസ്ലീങ്ങൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദ്വേഷ ഗ്രൂപ്പുകളുടെ എണ്ണം സമീപ വര്‍ഷങ്ങളില്‍ മൂന്നിരട്ടിയായി വര്‍ധിച്ചുവെന്ന് 2020 ല്‍ നടത്തിയ ഗവേഷണത്തിലൂടെ പുറത്ത് വന്നിരുന്നു. വലതുപക്ഷ തീവ്രവാദികള്‍ സമൂഹമാധ്യമങ്ങളിലൂടെ മുസ്ലീങ്ങള്‍ക്കെതിരെ വ്യാപകമായി വിദ്വേഷ പ്രചാരണം നടത്തിയെന്നും ഗവേഷകര്‍ കണ്ടെത്തി. പിന്നീട് പ്രശ്‌നപരിഹാരത്തിനായി ഒരു വര്‍ഷത്തിനുശേഷം, ട്രൂഡോ ഗവണ്‍മെന്റ് ഇസ്ലാമോഫോബിയ, യഹൂദ വിരുദ്ധത എന്നീ വിഷയങ്ങളില്‍ ദേശീയ ഉച്ചകോടികള്‍ നടത്തി. രാജ്യത്തെ മുസ്ലീം സമുദായങ്ങള്‍ക്ക് നേരെ വ്യാപകമായി ആക്രമണ പരമ്പര ഉണ്ടായതിന് ശേഷമായിരുന്നു സര്‍ക്കാരിന്റെ നീക്കം.

‘കാനഡയിലെ മുസ്ലീങ്ങളുടെ ചരിത്ര നിമിഷ’ മാണിതെന്ന് പറഞ്ഞു കൊണ്ടായിരുന്നു സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ നാഷണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്ലീംസ് അഡ്വക്കസി ഗ്രൂപ്പ് സ്വാഗതം ചെയ്തത്. ഇസ്ലാമോഫോബിയയ്ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി കനേഡിയന്‍ ഗവണ്‍മെന്റില്‍ നിന്നും ഇത്തരത്തിലൊരു നിയമനം ഉണ്ടാകുന്നത് ആദ്യമായാണെന്നും ഗ്രൂപ്പിന്റെ സിഇഒ സ്റ്റീഫന്‍ ബ്രൗണ്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ആന്റി ഇസ്ലാമോഫോബിയ വിരുദ്ധ ഉപദേശകയായി തന്നെ നിയമിച്ചതില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും സര്‍ക്കാരിനും നന്ദി അറിയിക്കുന്നതായി അമീറ എല്‍ഗവാബി ട്വീറ്റ് ചെയ്തു.

2021 ജൂണിൽ ഫെഡറൽ ഗവൺമെന്റ് സംഘടിപ്പിച്ച ഇസ്ലാമോഫോബിയയെക്കുറിച്ചുള്ള ദേശീയ ഉച്ചകോടിയാണ് പുതിയ പദവി സൃഷ്ടിക്കാൻ ശുപാർശ ചെയ്തത്. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ എൽഗവാബി ഇസ്‌ലാമോഫോബിയ വിരുദ്ധ ഉപദേശകയായി നിയമിതയായത്.

കേന്ദ്രബജറ്റ് 2023-24: ആകാംക്ഷയോടെ രാജ്യം; അറിയേണ്ട അഞ്ച് കാര്യങ്ങള്‍

ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ അഞ്ചാമത്തെ ബജറ്റ് അവതരണമാണ് ഇത്. നികുതി പരിഷ്‌കാരം ഉള്‍പ്പടെ നിരവധി ആശ്വാസ നയങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പൊതു ബജറ്റിനെപ്പറ്റി അറിയേണ്ട പ്രധാനപ്പെട്ട അഞ്ച് വസ്തുതകളെപ്പറ്റിയാണ് ഇന്ന് പറയുന്നത്.

ആദായ നികുതി പരിഷ്‌കാരങ്ങള്‍

ആദായനികുതിയുമായി ബന്ധപ്പെട്ട് ഇളവുകള്‍ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നികുതിദായകരായ വ്യക്തികള്‍ക്ക് ആശ്വാസമാകുന്ന നയങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. നികുതിയില്‍ നിന്ന് ഒഴിവാക്കല്‍ പരിധി വര്‍ധിപ്പിക്കല്‍, റിബേറ്റ് നിരക്കുക്കളിലെ ഇളവ് എന്നിവയാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. സെക്ഷന്‍ 80 സി അനുസരിച്ചുള്ള വരുമാന പരിധിയിലെ ഇളവുകളും ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ 1.5 ലക്ഷമാണ് വരുമാന പരിധി.

ധന കമ്മി

നയരൂപീകരണ വിദഗ്ധരും പ്രധാന വിപണി ശക്തികളും പിന്തുടരേണ്ട പ്രധാന അളവ് കോലാണ് ധനക്കമ്മി. സര്‍ക്കാരിന്റെ ചെലവും വരുമാനവും തമ്മിലുള്ള വ്യത്യാസമാണിത്. സര്‍ക്കാരിന്റെ ധനസ്ഥിതിയും, കടമെടുക്കലിനെ ആശ്രയിക്കുന്നതിനെപ്പറ്റിയും സൂചിപ്പിക്കുന്ന പ്രധാന സൂചകമാണിത്. ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം 2022 ഏപ്രില്‍- നവംബര്‍ മാസത്തില്‍ ഇന്ത്യയുടെ ധനക്കമ്മി ഏകദേശം 9.78 കോടി ലക്ഷം രൂപയായിരുന്നു. അതായത് മുഴുവന്‍ സാമ്പത്തിക വര്‍ഷത്തില്‍ പ്രഖ്യാപിച്ചിരുന്ന ലക്ഷ്യങ്ങളുടെ 58.9 ശതമാനം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് മൊത്തം ലക്ഷ്യത്തിന്റെ 46.2 ശതമാനമായിരുന്നു.

ഡിസ്ഇന്‍വെസ്റ്റ്‌മെന്റ്

2022-23 സാമ്പത്തിക വര്‍ഷത്തെ ഡിസ് ഇന്‍വെസ്റ്റ്‌മെന്റ് ലക്ഷ്യം 65000 കോടിയായിരുന്നു. ഇതില്‍ 31000 രൂപ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ച് സര്‍ക്കാര്‍ സമാഹരിച്ചിട്ടുണ്ട്. 2021-22 ലെ കേന്ദ്ര ബജറ്റില്‍ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം 1.75 കോടി രൂപയായിട്ടാണ് നിശ്ചയിച്ചിരുന്നത്. അത് പിന്നീട് 78000 കോടി ആയി പരിഷ്‌കരിക്കുകയും ചെയ്തു.

മൂലധനവും ചെലവും

2023-24 വര്‍ഷത്തില്‍ സ്വകാര്യ നിക്ഷേപത്തിനായുള്ള പദ്ധതികള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ത്തവണത്തെ ബജറ്റില്‍ മൂലധന ചെലവ് വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിനവിളകള്‍

2023 അന്താരാഷ്ട്ര മില്ലറ്റ് (തിനവിള) വര്‍ഷമായി ആചരിക്കുകയാണ്. ഈ അവസരത്തില്‍ തിനവിളകള്‍ക്കായുള്ള ആശ്വാസ പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷം ആഘോഷിക്കുന്നതിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഒരു നിര്‍ദ്ദേശം ഐക്യരാഷ്ട്ര സഭ അംഗീകരിക്കുകയും ചെയ്തിരുന്നു.

ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍

G20 ഉച്ചകോടിയുടെ ആതിഥേയ രാജ്യം എന്ന നിലയില്‍, പല ആഗോള പ്രതിസന്ധിക്കിടയിലും സാമ്പത്തിക വളർച്ചക്കും ഉല്‍പാദന മേഖലയിലെ നേട്ടത്തിനുമായി ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ (ഡിപിഐ) വിപുലീകരിക്കുന്നതിലും ഇന്ത്യ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യം

വിവ കേരളത്തിന് കളക്ടർമാരുടെ ഏകോപനം ഉറപ്പാക്കാൻ യോഗം

അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ ലക്ഷ്യം കൈവരിക്കാൻ വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം കാമ്പയിനിലൂടെ 15 മുതൽ 59 വയസുവരെയുള്ള സ്ത്രീകളിൽ അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനതലജില്ലാതല സമിതികൾ രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരംഇടുക്കിപാലക്കാട്വയനാട്കാസർഗോഡ് ജില്ലകളിൽ പരിശീലനം അന്തിമഘട്ടത്തിലാണ്. മറ്റ് ജില്ലകളിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജില്ലാതലത്തിൽ കളക്ടർമാർ ശക്തമായ നേതൃത്വം ഏറ്റെടുക്കേണ്ടതാണ്. ജില്ലാതലത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനം ആസൂത്രണം ചെയ്യേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു. വിവ കേരളം കാമ്പയിന്റെ ഭാഗമായി ജില്ലാ കളക്ടർമാർ ഉൾപ്പെടെയുള്ളവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സംസ്ഥാനതല സമിതിയുടെ ചെയർമാൻ. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിവനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങിയവർ അംഗങ്ങളാണ്. ജില്ലാതല സമിതിയിൽ ജില്ലാകളക്ടർമാരാണ് ചെയർമാൻ. ജില്ലാതലത്തിൽ അനീമിയ പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർമാർ നേതൃത്വം നൽകുന്ന ജില്ലാതല ഇപ്ലിമെന്റേഷൻ കമ്മിറ്റിയുമുണ്ട്. എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ നേതൃത്വം നൽകുന്ന സ്റ്റേറ്റ് വർക്കിംഗ് ഗ്രൂപ്പും പ്രവർത്തിക്കും.

മുഖ്യമന്ത്രി സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്ന ജില്ലകളിലെ ഗുണഭോക്താക്കളുടെ വിവരങ്ങൾ ഫീൽഡ് ഹെൽത്ത് വർക്കർമാരുടെ സഹായത്തോടെ ശേഖരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം മുഖേന ലിംഗഭേദമില്ലാതെ നടപ്പിലാക്കും. കാമ്പയിനിൽ ആദിവാസി മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. വിവിധ ആദിവാസി കോളനികളിൽ പോയി ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ നടത്താനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ജില്ലകളിൽ എൻജിഒകളുടെ സഹകരണം ഉറപ്പാക്കും. തുടർ ചികിത്സയ്ക്കായി ഡേറ്റ കൃത്യമായി ശേഖരിക്കണം. പരിശോധിക്കുമ്പോൾ അപ്പോൾ തന്നെ വിവിരങ്ങൾ അപ് ലോഡ് ചെയ്യാൻ നിർദേശം നൽകി. ജില്ലകൾക്ക് സഹായം ആവശ്യമാണെങ്കിൽ മെഡിക്കൽ കോളേജുകളെ സമീപിക്കാവുന്നതാണ്. ഓരോ വകുപ്പുകളും ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് ഗൈഡ്‌ലൈൻസ്‌ പുറത്തിറക്കുന്നതാണ്.

ആരോഗ്യ വകുപ്പ് ഡയറക്ടർമെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർജില്ലാ കളക്ടർമാർജില്ലാ മെഡിക്കൽ ഓഫീസർമാർആരോഗ്യ വകുപ്പ്വനിതാ ശിശുവികസന വകുപ്പ്ആയുഷ് വകുപ്പ്തദ്ദേശ സ്വയംഭരണ വകുപ്പ്ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഫെബ്രുവരി 1 മുതൽ ഹോട്ടലുകളിൽ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പുള്ള സ്ലിപ്പോ സ്റ്റിക്കറോ പതിക്കണം

തിരുവനന്തപുരം: ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്.

സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകളും പ്രവര്‍ത്തനങ്ങളും ശക്തമാക്കും. പോരായ്മകള്‍ കണ്ടെത്തുന്നവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.

വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കെതിരേയും കൈവശം വയ്ക്കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കുന്നതാണ്. ലഭിക്കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണ്ടതാണ്. അടപ്പിച്ച സ്ഥാപനങ്ങള്‍ തുറന്നുകൊടുക്കുമ്പോള്‍ മറ്റ് ന്യൂനതകള്‍ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാര്‍ എല്ലാവരും 2 ആഴ്ചയ്ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം നേടണമെന്നും തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീന്‍ റേറ്റിംഗിനായി രജിസ്റ്റര്‍ ചെയ്യുമെന്നുമുള്ള സത്യപ്രസ്താവന ഹാജരാക്കേണ്ടി വരും.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഫെബ്രുവരി ഒന്നുമുതല്‍ ഇത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം.

ചില ഭക്ഷണങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ഉപയോഗിച്ചില്ലെങ്കില്‍ അതിലൂടെ ഭക്ഷ്യ വിഷബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഷവര്‍മ മാര്‍ഗനിര്‍ദേശം നിലവിലുണ്ട്. പച്ചമുട്ടകൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചിട്ടുമുണ്ട്. ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പാഴ്‌സലില്‍ പറഞ്ഞിരിക്കുന്ന സമയം കഴിഞ്ഞാല്‍ ആ ഭക്ഷണം കഴിക്കാന്‍ പാടില്ല.