സ്വയം സാക്ഷ്യപ്പെടുത്തിയാൽ ഇനി കെട്ടിട നിർമാണ പെർമിറ്റ് റെഡി

കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് കൈയിൽ കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സർക്കാർ ഇതിലൂടെ തുടക്കമിടുന്നത്.
ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, മതപരമായ കെട്ടിടങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയ്ക്കാണ് സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നിർമാണ പെർമിറ്റ് നൽകാൻ ഉദ്ദേശിക്കുന്നത്. കെട്ടിടത്തിന്റെ അടിസ്ഥാനം പൂർത്തിയായിക്കഴിയുമ്പോൾ സ്ഥല പരിശോധന നടത്തും. നിർമാണത്തിൽ ചട്ടലംഘനമുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ കണ്ടെത്താനും സാധിക്കും.
എം പാനൽഡ് ലൈസൻസികളാണ് ഇതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. ലോ റിസ്‌ക്  വിഭാഗത്തിലുള്ള കെട്ടിട നിർമ്മാണത്തിനായി പെർമിറ്റുകൾ നിശ്ചിത ഫോമിൽ ലൈസൻസികൾ തയ്യാറാക്കി ആവശ്യമായ ഫീസ് അടച്ച് തദ്ദേശഭരണ സ്ഥാപനത്തിൽ പ്ലാനുകൾ ഉൾപ്പെടെ നൽകണം. അപേക്ഷ ലഭിച്ചു എന്ന് ബന്ധപ്പെട്ട തദ്ദേശഭരണ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതോടെ നിർമ്മാണത്തിന് പെർമിറ്റ് ലഭിച്ചതായി കണക്കാക്കും. അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ സെക്രട്ടറി ഈ നടപടി പൂർത്തിയാക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. തുടർന്നു സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിട നിർമ്മാണ പെർമിറ്റിൽ അപേക്ഷകൻ തന്നെ രേഖപ്പെടുത്തിയ തീയതിയിൽ നിർമ്മാണം ആരംഭിക്കാം.

koottan villa

കെട്ടിട നിർമാണ പെർമിറ്റ് ലഭിക്കുന്നതിന് തദ്ദേശസ്ഥാനങ്ങളിൽ നിലവിലുള്ള വിവിധ തലങ്ങളിലെ പരിശോധനകളും മറ്റു നടപടി ക്രമങ്ങളും ഇതിലൂടെ ഒഴിവാകും. വേഗത്തിൽ കെട്ടിട നിർമാണം ആരംഭിക്കാനും ഇത് സഹായിക്കും. സ്വയം സാക്ഷ്യപ്പെടുത്തലിനുള്ള കെട്ടിട നിർമ്മാണ അപേക്ഷ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്കും മറ്റു ബാധകമായ ചട്ടങ്ങൾക്കും വിധേയമായിരിക്കണമെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റ് ലഭ്യമാക്കുന്നതിന് രജിസ്റ്റേഡ് ലൈസൻസികൾ നഗരകാര്യ വകുപ്പിൽ നിശ്ചിത ഫീസ് അടച്ച് എംപാനൽ ചെയ്തിരിക്കണം. നിർമ്മാണത്തിനായുള്ള അപേക്ഷയും പ്ലാനും ചട്ട പ്രകാരമായിരിക്കണം എന്നത് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കെട്ടിട ഉടമസ്ഥനും എംപാനൽഡ് ലൈസൻസിക്കുമാണ്. നിർമ്മാണവുമായി ബന്ധപ്പെട്ട ഏതെങ്കിലും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കേണ്ടതുണ്ടെങ്കിൽ അത് കൂടി ഉൾപ്പെടുത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കേരളത്തിലെ നഗരസഭകൾ ഒരു വർഷം ഏകദേശം 80,000 കെട്ടിട നിർമ്മാണ അപേക്ഷയും, ഗ്രമപഞ്ചായത്തുകൾ ഒരു വർഷം ഏകദേശം 1,65,000 കെട്ടിട നിർമ്മാണ അപേക്ഷകളും കൈകാര്യം ചെയ്യുന്നുണ്ട്. ഇതിൽ ഏകദേശം 2,00,000 കെട്ടിടങ്ങൾക്കും സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ പെർമിറ്റ് നൽകാൻ കഴിയുന്നവയാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

ഭിന്നശേഷിക്കാരായവരുടെ കലാ സൃഷ്ടികളും രചനകളും അവാർഡിന് ക്ഷണിച്ചു

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനത്തെ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനും അവരുടെ സർഗ്ഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും 2020 ൽ മലയാളത്തിൽ/ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച  ആത്മകഥ, ശാസ്ത്രസാഹിത്യം, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥകൾ, ചിത്രരചനകൾ/കളർ പെയിന്റിംഗ് തുടങ്ങിയവ അവാർഡിനായി ക്ഷണിച്ചു. അപേക്ഷകർ സൃഷ്ടികളുടെ നാല് പകർപ്പുകൾ, സ്വന്തം രചന/സൃഷ്ടിയാണ് എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഉദോഗസ്ഥന്റെ സാക്ഷ്യ പത്രം, ഡിസെബിലിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ജൂലൈ 31 നകം കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി.9/1023 (1), ഗ്രൗണ്ട് ഫ്‌ളോർ, ശാസ്തമംഗലം, തിരുവനന്തപുരം-695 010 എന്ന വിലാസത്തിൽ സമർപ്പിക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.

ടൂറിസം കേന്ദ്രങ്ങളിൽ സമ്പൂർണ വാക്‌സിനേഷൻ നടത്തും

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ സമ്പൂർണ കോവിഡ് വാക്‌സിനേഷൻ നടത്തി സുരക്ഷിതമാക്കിയ ശേഷം തുറക്കാനുള്ള നടപടിക്ക് തുടക്കമിടുമെന്ന് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസും ആരോഗ്യ മന്ത്രി വീണാ ജോർജും സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടൂറിസം, ആരോഗ്യ വകുപ്പുകൾ ഇതിനുള്ള നടപടികൾ ആരംഭിച്ചു.
വയനാട് ജില്ലയിലെ വൈത്തിരി, മേപ്പാടി എന്നിവിടങ്ങളിൽ ഏഴു ദിവസത്തിൽ നടപടികൾ പൂർത്തിയാക്കും. കുമകരത്തും ഇതിനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ പേരേയും വാക്‌സിനേറ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. വാക്‌സിൻ നൽകേണ്ടവരുടെ ലിസ്റ്റ് ടൂറിസം വകുപ്പ് ആരോഗ്യ വകുപ്പിന് കൈമാറും. മൂന്നാർ, തേക്കടി, ഫോർട്ട് കൊച്ചി, കോവളം, വർക്കല എന്നിവിടങ്ങളിലും സമ്പൂർണ കോവിഡ് വാക്‌സിനേഷൻ നടത്തും. ഒരു ജില്ലയിലെ രണ്ടു ടൂറിസം കേന്ദ്രങ്ങളിലാവും ആദ്യം സമ്പൂർണ വാക്‌സിനേഷൻ നടത്തുക. ഇതിലൂടെ കേരളം സുരക്ഷിത ടൂറിസം പ്രദേശമാണെന്ന സന്ദേശം ആഭ്യന്തര, അന്താരാഷ്ട്ര വിനോദ സഞ്ചാരികൾക്ക് നൽകാനാവുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു. ഇതിനായി പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും.
നിലവിലെ ടൂറിസം കേന്ദ്രങ്ങൾ നവീകരിക്കുന്നതിനൊപ്പം സാധ്യതയുള്ള പുതിയ മേഖലകൾ കണ്ടെത്തി വികസിപ്പിക്കും. ടൂറിസം കേന്ദ്രമായി വികസിപ്പിക്കാൻ കഴിയുന്ന പ്രദേശങ്ങൾ നിർദ്ദേശിക്കാൻ തദ്ദേശസ്ഥാപനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. 15 ലക്ഷം പേർ ടൂറിസം മേഖലയിൽ പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് മൂലം ടൂറിസം മേഖലയിൽ വലിയ നഷ്ടമാണുണ്ടായതെന്നും ഇതിനെ മറികടക്കാനുള്ള പരിശ്രമത്തിലാണെന്നും ടൂറിസം മന്ത്രി പറഞ്ഞു.

hill monk ad

1,32,38,940 ഡോസ് വാക്‌സിനാണ് സംസ്ഥാനത്തിന് ലഭിച്ചതെന്നും 1,39,46,338 പേർക്ക് വാക്‌സിൻ നൽകിയതായും ആരോഗ്യ മന്ത്രി പറഞ്ഞു. നിലവിൽ നാലു ലക്ഷം ഡോസ് വാക്‌സിൻ സംസ്ഥാനത്തുണ്ട്. പ്രതിദിനം കുറഞ്ഞത് രണ്ടര ലക്ഷം പേർക്ക് വാക്‌സിൻ നൽകാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും ഇതിനായി കൂടുതൽ വാക്‌സിൻ ആവശ്യമാണെന്നും മന്ത്രി അറിയിച്ചു.

കാലിന് പരിക്ക് ; സെറിന വിംബിള്‍ഡണില്‍ നിന്ന് പിന്മറി

ലണ്ടന്‍: യു എസ് താരം സെറിന വില്യംസ് പരിക്കിനെ തുടര്‍ന്ന് വിംബിള്‍ഡണില്‍ നിന്ന് പിന്മാറി. ഏഴ് തവണ വിംബിള്‍ഡണ്‍ നേടിയിട്ടുള്ള സെറിന ആദ്യ റൗണ്ട് പൂര്‍ത്തിയാക്കാതെയാണ് മടങ്ങുന്നത്. ബലാറസിന്റെ അലക്‌സാണ്ട്ര സാസ്‌നോവിച്ചുമായുള്ള മത്സരത്തിനിടെയാണ് സെറിനയുടെ കാലിന് പരിക്കേല്‍ക്കുന്നത്. ആദ്യ സെറ്റില്‍ സ്‌കോര്‍ 3-3ല്‍ നില്‍ക്കുമ്പോഴായിരുന്നു 39 കാരിയുടെ പിന്മാറ്റം.

‘ഡ്രോണുകള്‍ വിനാശകാരിയായ വില്ലന്മാരായേക്കാം’; കടുത്ത സുരക്ഷ മുന്നറിയിപ്പുമായി സൈനിക വൃത്തങ്ങള്‍

ജമ്മുവിമാനതാളത്തിലെ ഡ്രോണ്‍ ആക്രമണത്തിന് ശേഷം, ഡ്രോണുകള്‍ ഉയര്‍ത്തുന്ന സുരക്ഷപ്രശ്നം ഗൗരവമായി എടുത്ത് സൈനിക വൃത്തങ്ങള്‍. പാകിസ്ഥാനിലെ അന്താരാഷ്ട്ര അതിര്‍ത്തി, നിയന്ത്രണ രേഖ മേഖലയിലും ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് സൈനികവൃത്തങ്ങള്‍ പറയുന്നത്. അതിര്‍ത്തി കടന്നെത്തുന്ന ഇത്തരം ഡ്രോണുകളെ കരസേനയാണ് ഇപ്പോള്‍ നിരീക്ഷിക്കുന്നത്. ഇന്നലെ ഇത്തരത്തില്‍ രണ്ടു ഡ്രോണുകളെ സൈന്യം തുരത്തിയിരുന്നു. അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നുമാത്രമല്ല രാജ്യത്തിനകത്തു നിന്നും ഡ്രോണുകളുടെ ഭീഷണിയുണ്ട്. രജിസ്റ്റര്‍ ചെയ്യാത്ത അനധികൃതമായി പ്രവര്‍ത്തിപ്പിക്കുന്ന അഞ്ചരലക്ഷത്തോളം ഡ്രോണുകള്‍ നിലവിലുണ്ടെന്നാണ് കണക്കുകള്‍. 

സിവില്‍ എയര്‍പോര്‍ട്ടുകളടക്കമുള്ളവയ്ക്ക് ഇത് ഭീഷണിയാണ്. ശരിയായ പ്രതികരണ ഓപ്പറേറ്റിങ് നടപടിക്രമം (എസ്ഒപി) ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. അതിര്‍ത്തികളില്‍ ഐഎഎഫിന്റെയും സിഐഎസ്എഫിന്റെയും സ്‌നൈപ്പര്‍മാരും കമാന്‍ഡോ ഫോഴ്‌സായ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡും (എന്‍എസ്ജി) ഉയര്‍ന്നുവരുന്ന ഈ ഭീഷണിയെ കാര്യമായി നേരിടുന്നുണ്ട്. എന്നാല്‍ ഡ്രോണുകളുടെ ഭീഷണി ഒഴിവാക്കുക എന്നത് ഓരോ ഏജന്‍സിയുടെയും വെല്ലുവിളിയാണ്. 

ഇതിനായി അതിര്‍ത്തികളിലോ നഗരങ്ങളിലോ വിമാനത്താവളങ്ങളിലോ ആകട്ടെ, ആവശ്യമായ സാങ്കേതിക ഉപകരണങ്ങള്‍ക്കൊപ്പം പ്രത്യേക ഉത്തരവാദിത്തവും ആവശ്യമാണ്. ഏറ്റവും പുതിയ ജമ്മു എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ സംഭവം ഈ വെല്ലുവിളിയെ വലുതാക്കി. 2019 ല്‍ ഒന്നിലധികം സുരക്ഷാ ഏജന്‍സികള്‍ നടത്തിയ ഒരു ഡാറ്റാ എസ്റ്റിമേറ്റ് പഠനത്തില്‍, വിവിധ വലുപ്പത്തിലും ശേഷികളിലുമുള്ള ആറ് ലക്ഷത്തിലധികം അനിയന്ത്രിതമായ ഡ്രോണുകള്‍ രാജ്യത്തുണ്ടെന്നും അവയില്‍ ഏതെങ്കിലും വിനാശകരമായ ഘടകങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഉപയോഗിക്കാമെന്നും പ്രസ്താവിച്ചു. 

സംശയാസ്പദവും മാരകവുമായ വിദൂര നിയന്ത്രിത ഏരിയല്‍ പ്ലാറ്റ്‌ഫോമുകള്‍ തടസ്സപ്പെടുത്തുന്നതിനും നിശ്ചലമാക്കുന്നതിനുമായി സ്‌കൈ ഫെന്‍സ്, ഡ്രോണ്‍ ഗണ്‍, അഥീന, ഡ്രോണ്‍ ക്യാച്ചര്‍, സ്‌കൈവാള്‍ 100 എന്നിവ പോലുള്ള നിര്‍ദ്ദിഷ്ട ആന്റിഡ്രോണ്‍ സാങ്കേതിക വിദ്യകള്‍ രാജ്യത്ത് നടപ്പിലാക്കാനാണ് ഏജന്‍സികള്‍ ശ്രമിക്കുന്നത്. 

നിലവില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുന്ന റഡാറുകള്‍ വഴി ഡ്രോണുകള്‍ കണ്ടെത്താന്‍ കഴിയില്ല. ശത്രുക്കളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന്, പക്ഷികളെപ്പോലെ ചെറുതായി ഡ്രോണുകള്‍ കണ്ടെത്താന്‍ കഴിയുന്ന മറ്റൊരു റഡാര്‍ സംവിധാനം സ്ഥാപിക്കണമെന്ന് അധികൃതര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതേസമയം, ജമ്മു ഡ്രോണ്‍ ആക്രമണത്തിന്റെ അന്വേഷണത്തില്‍ ഉള്‍പ്പെട്ട സുരക്ഷാ ഏജന്‍സികളും എയര്‍ബേസില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ക്കുള്ളില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ക്വാഡ്‌കോപ്റ്ററുകള്‍ കണ്ടെത്തിയ സൈന്യവും ഒരേസ്വരത്തില്‍ പറയുന്നത്, ഇതിനെതിരേ ഉപഗ്രഹനിരീക്ഷണം പോലെയുള്ള വലിയകാര്യങ്ങളാണ്. രാജ്യത്തെ സുപ്രധാനമേഖലകളില്‍ തീവ്രവാദികള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വിക്ഷേപിക്കാനുള്ള സാധ്യത കൂടി കണക്കിലെടുക്കുമ്പോഴാണിത്. 

ജമ്മുവില്‍ ക്വാഡ്‌കോപ്റ്ററുകള്‍ വഹിച്ച സ്‌ഫോടകവസ്തുവിന്റെ അളവ് കണക്കിലെടുക്കുമ്പോള്‍, അടുത്തുള്ള സ്ഥലത്ത് നിന്ന് തീവ്രവാദികള്‍ ഡ്രോണ്‍ വിക്ഷേപിച്ചിരിക്കാമെന്ന് എയര്‍ബേസില്‍ നിന്ന് ഏതാനും കിലോമീറ്ററോ അതില്‍ കുറവോ ആയിരിക്കാമെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു. ജമ്മു വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര അതിര്‍ത്തിയിലേക്കുള്ള വ്യോമ ദൂരം 14 കിലോമീറ്ററാണ്. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അതിര്‍ത്തിയിലെ ഡ്രോണ്‍ സാന്നിധ്യം പഞ്ചാബ് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തി സ്വത്തുക്കളുടെയും സ്ഥാനങ്ങളുടെയും നിരീക്ഷണത്തിനായി ഡ്രോണുകള്‍ ഇന്ത്യ തന്നെ ഉപയോഗിച്ച സംഭവങ്ങളുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

സിമന്റ് വില 5 രൂപ കുറയ്ക്കാൻ മലബാർ സിമന്റ്സ്

ഒരു ചാക്ക് സിമന്റ് വിലയിൽ, മലബാർ സിമന്റ്സ് അഞ്ചു രൂപ കുറക്കും. ജൂലൈ ഒന്നു മുതൽ പുതിയ വില നിലവിൽ വരും. പൊതുമേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായ ചർച്ചയിൽ വ്യവസായ മന്ത്രി പി.രാജീവിന്റെ നിർദ്ദേശപ്രകാരമാണ് വില കുറക്കാൻ തീരുമാനമായത്. നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം തടയാനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം.
സിമന്റ് വിപണിയിൽ സംസ്ഥാന പൊതുമേഖലയുടെ വിഹിതം 25 ശതമാനമായി ഉയർത്തും. നിലവിൽ 6 ശതമാനം മാത്രമാണിത്. ഇതിനാവശ്യമായ പദ്ധതികൾ മാസ്റ്റർ പ്ളാനിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി പി.രാജീവ് നിർദ്ദേശിച്ചു. സിമന്റ് വില കുറക്കാൻ നടപടി വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാൻ പല കമ്പനികളും തയ്യാറാവുന്നില്ല. കൊച്ചി തുറമുഖത്ത് ബേസിക് സിമന്റ് ഇറക്കുമതി ചെയ്ത് സിമന്റുൽപാദനം വർധിപ്പിക്കാനുള്ള പദ്ധതി സമയബന്ധിതമായി നടപ്പാക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ശേഷിയും ഗുണനിലവാരവും ഉയർത്താൻ നടപടിയുണ്ടാവും. സ്ഥാപന മേധാവികൾക്ക് ഐ.ഐ.എമ്മിൽ പരിശീലനം നൽകും. ഊർജ്ജ – പരിസ്ഥിതി ഓഡിറ്റിംഗ് ഏർപ്പെടുത്തും. പുറംകരാറുകൾ നൽകുന്ന രീതി ഒഴിവാക്കും. പൊതു മേഖലയ്ക്ക് സ്വന്തം പർച്ചേസ് മാനുവൽ തയ്യാറാക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

hill monk ad

ഭക്ഷ്യമന്ത്രി സപ്ലൈകോ ഗോഡൗൺ സന്ദർശിച്ചു

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ ചൊവ്വാഴ്ച കൊല്ലം സപ്ലൈകോ ഗോഡൗൺ സന്ദർശിച്ചു. നിലവിൽ പ്രവർത്തിക്കുന്ന ഗോഡൗണും, നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന…

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം:

പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമാ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ സ്‌പെഷ്യൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈൻ മുഖേനയോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ജുലൈ രണ്ട് വരെ നിർദ്ദിഷ്ട ഫീസ് അടയ്ക്കാം. ഫീസ് അടക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. ഫീസ് അടച്ചവർ അലോട്ട്്‌മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജുകളിൽ ജൂലൈ ആറിനകം അഡ്മിഷൻ എടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 64.

കർഷകർക്ക് മാസംതോറും പെൻഷൻ ഉറപ്പുനൽകുന്ന കേരള കർഷക ക്ഷേമനിധി ബോർഡിൽ അംഗത്വം നേടാം

കർഷകർക്ക് മാസംതോറും പെൻഷൻ ഉറപ്പുനൽകുന്ന കേരള കർഷക ക്ഷേമനിധി ബോർഡിൽ അംഗത്വം നേടാം ജൂലൈ രണ്ടാം വാരം മുതൽ ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ് . ബോർഡിന്റെ വെബ്‌പോർട്ട് അതുപോലെ വെബ്സൈറ്റ് എന്നിവ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അക്ഷയകേന്ദ്രം വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെ ഉള്ളവർക്കായിരിക്കും അപേക്ഷിക്കുവാൻ സാധിക്കുക.പ്രായം 18 നും 55 നും മദ്ധ്യേയുള്ള 3 വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവന മാർഗമായി സ്വീകരിച്ച മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്ത കർഷകർക്ക് ഈ ക്ഷേമനിധി ബോർഡിൽ അംഗമാകാം . 5 സെന്റിൽ ഏറെയും 15 ഏക്കറിൽ താഴെയും സ്വന്തമോ പാട്ടത്തിനെടുത്തതോ ആയ ഭൂമി ഉണ്ടായിരിക്കേണ്ടതാണ്. 5 വർഷത്തിൽ കുറയാതെ അംശാദായം അടക്കുന്നവർക്ക് 60 തികയുമ്പോൾ അംശാദായത്തിന്റെയും വർഷത്തിന്റെയും അടിസ്ഥാനത്തിലാകും പെൻഷൻ ലഭിക്കുക. 25 വർഷത്തെ അംശാദായം അടച്ചവർക്ക് ഒറ്റത്തവണ നിശ്ചിത തുക ലഭിക്കും എന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്.
കുറഞ്ഞ അംശാദായം പ്രതിമാസം 100 രൂപ. അത് പോലെ സർക്കാർ വിഹിതമായി 250 രൂപ അടക്കും . അംശാദായം എത്ര തുക വേണമെങ്കിലും അടക്കാവുന്നതാണ്. ഇതിലെ അംഗങ്ങൾക്കെല്ലാം ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കും എന്നുള്ള ഒരു പ്രത്യേകത കൂടി ഉണ്ട്

koottan villa

3500 കോടി നിക്ഷേപ പദ്ധതിയിൽ നിന്ന് കിറ്റക്സ് പിന്മാറുന്നു, സർക്കാർ പരിശോധന നടത്തി ദ്രോഹിക്കുന്നുവെന്ന് സാബു

കൊച്ചി: സംസ്ഥാന സർക്കാരുമായി ചേർന്നുള്ള 3,500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറുന്നുവെന്ന് കിറ്റെക്സ്. കഴിഞ്ഞ വർഷം നിക്ഷേപ സംഗമത്തിൽ സർക്കാരുമായി ഒപ്പു വെച്ച ധാരണ പത്രത്തിൽ നിന്നും പിൻമാറുകയാണെന്ന് എംഡി സാബു ജേക്കബ് അറിയിച്ചു. ഒരു അപ്പാരൽ പാർക്കും 3 വ്യവസായ പാർക്കും തുടങ്ങാമെന്നായിരുന്നു ധാരണ. ഇതിൽ നിന്നാണ് പിന്മാറ്റം. കിറ്റെക്സിൽ നടന്ന സർക്കാർ വകുപ്പുകളുടെ പരിശോധനകളിൽ പ്രതിഷേധിച്ചാണ് കമ്പനി പുറകോട്ട് പോകുന്നത്. ഒരു മാസത്തിനുള്ളിൽ പരിസ്ഥിതി, തൊഴിൽ, തുടങ്ങി വിവിധ വകുപ്പുകളുടെ 11 പരിശോധനകളാണ് കിറ്റെക്സ് കമ്പനിയിൽ നടന്നതെവന്നാണ് പത്രക്കുറിപ്പിൽ ആരോപിക്കുന്നത്. 

sap feb 13 2021

നിലവിലെ വ്യവസായം പോലും മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിതിയാണെന്നും ഇങ്ങനെയെങ്കിൽ കേരളത്തിൽ പുതിയ സംരംഭം തുടങ്ങാൻ ആരും വരില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു. താൻ രാഷ്ട്രീയത്തിലിറങ്ങിയതിന്റെയും പ്രധാനമുന്നണികൾക്കെതിരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെയും പ്രതികാരമാണ് ഈ പരിശോധനകളെന്ന് സാബു ജേക്കബ് ആരോപിച്ചു. 

സർക്കാർ വകുപ്പുകൾ തുടർച്ചയായി പരിശോധനകൾ നടത്തി. ഒരു മാസത്തിനിടെ വിവിധ വകുപ്പുകളുടെ 11 പരിശോധനയാണ് കിറ്റക്സിൽ നടന്നത്. ഇതുവരെ നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ല. പരിശോധനകളുടെ വിവരങ്ങളോ ഏത് വകുപ്പാണ് പരിശോധന നടത്തുന്നതെന്നോ തങ്ങൾ അറിയില്ലെന്നും ചില ഓൺലൈൻ മാധ്യമങ്ങളിലൂടെയാണ് താനടക്കം വിവരങ്ങളറിയുന്നതെന്നും കിറ്റക്സ് എംഡി സാബു ഏഷ്യാനെറ്റിനോട് പ്രതികരിച്ചു. 

താൻ രാഷ്ട്രീയത്തിലിറങ്ങിയതിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെയും പ്രതികാരമായാണ് തന്റെ കമ്പനിയിൽ മാത്രം ഇത്രയേറെ പരിശോധന നടക്കുന്നതെന്നും കുന്നത്ത് നാട് എംഎൽഎയാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും സാബു ആരോപിച്ചു.  വ്യവസായത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കിറ്റക്സ് കമ്പനി പരിശോധനകൾക്ക് എതിരല്ല. എന്താണ് പ്രശ്നമെന്ന് അറിയിച്ചാൽ അത് പരിഹരിക്കാൻ ശ്രമിക്കും.എന്നാൽ പ്രശ്നങ്ങളറിയിക്കാൻ പോലും തയ്യാറാകുന്നില്ല. മാനസികമായി പീഡിപ്പിക്കുന്ന രീതിയാണ് നടത്തുന്നുവെന്നും സാബു ആരോപിച്ചു. 

Verified by MonsterInsights