പ്രവാസി ഭദ്രത സ്വയംതൊഴില്‍ വായ്പകള്‍ ഇനി കേരള ബാങ്കു വഴിയും

തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴില്‍ വായ്പ കേരള ബാങ്കു വഴിയും വിതരണം തുടങ്ങി. കേരള ബാങ്കിന്റെ 769 ശാഖകളിലൂടെ അഞ്ചു ലക്ഷം രൂപ വരെ വായ്പ ലഭ്യമാവുമെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു. ആരംഭിക്കുന്ന സംരംഭങ്ങളുടെ മാത്രം ഈടിന്‍ മേലാണ് കേരളാ ബാങ്ക് വായ്പ വിതരണം ചെയ്യുന്നത്.

രണ്ടു വര്‍ഷം വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കാണ് വായ്പയ്ക്കു അപേക്ഷിക്കാന്‍ അര്‍ഹത. പദ്ധതി തുകയുടെ 25 ശതമാനം, പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്‌സിഡിയും ആദ്യ നാലു വര്‍ഷം മൂന്നു ശതമാനം പലിശ സബ്‌സിഡിയും ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷതകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത കേരള ബാങ്ക് ശാഖയിലോ നോര്‍ക്ക റൂട്ട്‌സിന്റെ 18004253939 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. കെ.എസ്.എഫ്.ഇ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വഴി പ്രവാസി ഭദ്രത വായ്പകള്‍ നല്‍കി വരുന്നുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള മാർഗങ്ങൾ.

എസ്.ബി.ഐയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫീസർമാരുടെ 15 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവും യോഗ്യതയും :

 > ചീഫ് മാനേജർ (കമ്പനി സെക്രട്ടറി)2: ഐ.സി.എസ്.ഐ. അംഗത്വം. ഏഴ് വർഷത്തെ പ്രവർത്തന പരിചയം.

 > മാനേജർ (എസ്.എം.ഇ.പ്രോഡക്ടസ്) – 6 (മുംബൈ): ഫുൾ ടൈം എം.ബി.എ./ പി.ജി.ഡി.എം/ തത്തുല്യ പോസ്റ്റ് ഗ്രാജ്വേറ്റ് മാനേജ്മെന്റ് ഡിഗ്രിയും ഫുൾ ടൈം ബി.ഇ/ ബി.ടെക്കും. നാല് വർഷത്തെ പ്രവർത്തന പരിചയം.

 > ഡെപ്യൂട്ടി മാനേജർ – 7 (മുംബൈ): സി.എയും മൂന്ന് വർഷത്തെ പ്രവർത്തന പരിചയവും.

അപേക്ഷാ ഫീസ്: 750 രൂപ (എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ബാധകമല്ല) അപേക്ഷ ഓൺലൈനായി
സമർപ്പിക്കണം. അവസാന തീയതി: ജനുവരി 13. വെബ്സൈറ്റ്: www.sbi.co.in

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സ്വകാര്യ ബസ്സുകള്‍ കുടുങ്ങി; പിഴ 19,500 രൂപ

ഇതേത്തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണറാണ് അന്വേഷണം നടത്താൻ എല്ലാ ആർ.ടി.ഒ.മാർക്കും നിർദേശം നൽകിയത്. ജില്ലയിൽ 261 ബസുകളിലാണ് ഇതുവരെ എൻഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. കൊഴിഞ്ഞാമ്പാറ, വാളയാർ, പട്ടാമ്പി ഭാഗങ്ങളിലാണ് കൂടുതൽ ബസുകളും ഇവ അനധികൃതമായി ഉപയോഗിക്കുന്നത് കണ്ടെത്തിയിട്ടുള്ളത്. അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ഹോൺമുഴക്കുന്നതിനെതിരെയും ഉയർന്ന ശബ്ദത്തിൽ ഹോൺ ഉപയോഗിക്കുന്നതിനെതിരെയുമുള്ള നടപടികളുടെ തുടർച്ചയായാണ് പരിശോധന.

കേരള മോട്ടോർവാഹനചട്ടം 289 പ്രകാരം സ്വകാര്യ ബസുകളിൽ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങൾ വെക്കുന്നത് നിയമപരമല്ല. ടൂറിസ്റ്റ് ബസുകളിൽ മാത്രമേ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാൻ അനുവാദമുള്ളൂ. അവിടെയും ഉയർന്നശബ്ദത്തിൽ പാട്ടുവെച്ചാൽ നടപടി വരും. പല മാനസികാവസ്ഥയിലുള്ള യാത്രക്കാരാണ് സ്വകാര്യ ബസുകളിൽ കയറുന്നത്. എല്ലാവർക്കും പാട്ടുവെക്കുന്നത് അവരുടെ യാത്രയുടെ സാഹചര്യങ്ങളിൽ ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ, ടൂറിസ്റ്റ് ബസുകളിൽ വിനോദയാത്രയായതിനാലാണ് ഇത്തരം വിനോദങ്ങൾ അനുവദിക്കുന്നത്. സ്വകാര്യ ബസുകളിൽ പരസ്യംചെയ്യാൻ 50 ഡെസിബലിൽ താഴെവരുന്ന ശ്രവ്യ ഉപകരണം ഉപയോഗിക്കാൻ അനുമതിയുണ്ട്. അതിൽ റോഡ് സുരക്ഷയോ പകർച്ചവ്യാധി തടയൽ നിർദേശങ്ങളോ ഉൾപ്പെടുത്തുകയും വേണം.

ബസുകളിൽ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചാൽ 2,000 രൂപവരെ മോട്ടോർ വാഹനവകുപ്പ് പിഴയിടും. ഉപകരണത്തിന്റെ ശബ്ദവും ഉപയോഗിച്ച രീതിയുമെല്ലാം പരിശോധിച്ചാണ് നടപടിയെടുക്കുക. ഒപ്പം ഈ ഉപകരണങ്ങൾ ബസിൽനിന്ന് അഴിച്ചുമാറ്റുകയും വേണം. നിയമലംഘനങ്ങൾ കണ്ടെത്താൻ എല്ലാ താലൂക്കിലും കർശന പരിശോധന തുടരുമെന്ന് മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. എം.കെ. ജയേഷ്കുമാർ പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

2022 പുലരുക കര്‍ശന നിയന്ത്രണങ്ങളോടെ

ഒമിക്രോൺ ഭീതിയിൽ സംസ്ഥാനത്ത് പുതുവർഷത്തോടനുബന്ധിച്ച് നിയന്ത്രണങ്ങൾ കർശനമാക്കി. വ്യാഴാഴ്ച മുതൽ കേരളത്തിൽ രാത്രികാല കർഫ്യു നിലവിൽ വന്നു. രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയാണ് നിയന്ത്രണം. ശബരിമല, ശിവഗിരി തീർഥാടകരൊഴികെ മറ്റുള്ളവർ രാത്രി പുറത്തിറങ്ങിയാൽ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൈയിൽ കരുതണമെന്നാണ് നിർദേശം. അനാവശ്യ യാത്രകൾക്കെതിരെ കർശനമായ നടപടിയെടുക്കാനാണ് പോലീസിന് ലഭിച്ചിട്ടുള്ള നിർദേശം.

പകൽ സമയങ്ങളിൽ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും 50 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനാനുമതി. രാത്രികാല കർഫ്യു നിലവിൽ വന്നതിനാൽ പത്ത് മണിക്ക് ശേഷം പൊതുയിടങ്ങളിൽ കൂടിച്ചേരലുകളും വിലക്കുണ്ട്. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണം. ജനുവരി രണ്ടു വരെ നിയന്ത്രണങ്ങൾ തുടരും.

കൊച്ചിൻ കാർണിവലിന് മുടക്കം വരാതിരിക്കാൻ കയാക്കിങ് പോലുള്ള ചെറിയ പരിപാടികൾ മാത്രമാണ് ഇക്കുറി സംഘടിപ്പിച്ചത്. വിപുലമായ ആഘോഷങ്ങളടക്കം ഒഴിവാക്കി. നവംബർ, ഡിസംബർ മാസങ്ങളിൽ സാധാരണയായി സഞ്ചാരികളുടെ ഒഴുക്കായിരുന്നു ഫോർട്ട് കൊച്ചിയിലേക്ക്. എന്നാൽ ഇത്തവണ വിദേശ വിനോദ സഞ്ചാരികളും വരവും ഗണ്യമായി തന്നെ കുറഞ്ഞിരിക്കുകയാണ്. രാത്രി 10 മണിക്ക് ശേഷം ഫോർട്ട് കൊച്ചി ബീച്ചിലേക്കടക്കം പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ഡി.ജെ. പാർട്ടികളടക്കമുള്ളവയ്ക്ക് കർശനമായ നിയന്ത്രണമുണ്ടാകും. ലഹരി മരുന്ന് പാർട്ടികൾ നടക്കുന്നുണ്ടോയെന്ന് കർശന പരിശോധനകളുണ്ടാകും. എക്സൈസ്, പോലീസ്, എൻ.സി.ബി. സംഘങ്ങൾ നിരീക്ഷണം നടത്തും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പുതുവത്സരാഘോഷം കരുതലോടെ

പുതുവത്സരാഘോഷം കരുതലോടെ മാത്രമാകണമെന്ന് അബുദാബി പോലീസ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഇപ്പോൾ റിപ്പോർട്ടുചെയ്യുന്നത്. പൊതുജനങ്ങളുടെ ഉത്തരവാദിത്ത്വത്തോടെയുള്ള പെരുമാറ്റം ഏറെ പ്രാധാന്യമർഹിക്കുന്നു. ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ കൃത്യമായ കോവിഡ് വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. എല്ലായിടങ്ങളിലും മുഖാവരണം ധരിക്കണം.

നിർദിഷ്ടസമയത്തിനുള്ളിൽ ലഭിച്ച പി.സി.ആർ. പരിശോധനാഫലം കരുതണം. സാനിറ്റൈസർ ഉപയോഗിക്കണം. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുയിടങ്ങളിലെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് ഒഴിവാക്കണം. നഗരത്തിലെ എല്ലാ ആഘോഷകേന്ദ്രങ്ങളിലും കോവിഡ് വ്യവസ്ഥകൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി അബുദാബി പോലീസ് ക്രിമിനൽ സെക്യൂരിറ്റിവിഭാഗം ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദി പറഞ്ഞു.

വാണിജ്യകേന്ദ്രങ്ങൾ, ഹോട്ടലുകൾ, ആഘോഷവേദികൾ, വിനോദകേന്ദ്രങ്ങൾ എന്നിവയെല്ലാം പോലീസ് നിയന്ത്രണത്തിലായിരിക്കും. അബുദാബിയിലെ എല്ലാ പ്രവിശ്യകളിലും നടക്കുന്ന ആഘോഷങ്ങളുടെ സുരക്ഷയുറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായിചേർന്ന് പ്രവർത്തിക്കും. റോഡുമാർഗം അബുദാബിയിലേക്ക് പ്രവേശിക്കുന്നവർ ചെക് പോയന്റുകളിലെ പരിശോധനകൾ പൂർത്തിയാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വിവോ വി 23 ഫോണുകള്‍ ജനുവരിയില്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു

പ്രമുഖ ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ വിവോ അവരുടെ ഏറ്റവും പുതിയ സ്മാർട്ഫോണുകളായ വിവോ വി 23 5ജി, വിവോ വി 23 പ്രോ 5ജി ജനുവരി 5ന് ഔദ്യോഗികമായി ഇന്ത്യൻ വിപണിയിലെത്തിക്കും. ഫോണുകളെ കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി കമ്പനി പുറത്തു വിട്ടിട്ടില്ലെങ്കിലും, ഫോണുകളുടെ വില, സവിശേഷതകൾ എല്ലാം വിശദമായി തന്നെ ഇന്റർനെറ്റിൽ സുലഭമാണ്. മീഡിയടെക് ഡൈമെൻസിറ്റി 920 പ്രോസസ്സർ ആദ്യമായി അവതരിപ്പിക്കുന്ന സ്മാർട്ഫോണാണ് വിവോ വി 23 5ജി. ഏകദേശം 29,000 ഏകദേശം രൂപയാണ് പ്രതീക്ഷിക്കുന്ന വില. എന്നാൽ വിവോ വി 23 പ്രോ 5ജി ക്ക് ഇന്ത്യയിൽ 40,000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

മീഡിയടെക് ഡൈമെൻസിറ്റി 920 പ്രോസസ്സറിന്റെ കരുത്തോടെയാണ് വിവോ വി 23 5ജി വിപണിയിലെത്തുക. യുഎഫ്എസ് 2.2 സപ്പോർട്ടോട് കൂടിയ 12ജിബി വരെയുള്ള റാമും 256 ജിബി വരെയുള്ള സ്റ്റോറേജുമാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. 90 ഹെർട്സ് റീഫ്രഷ് റേറ്റോട് കൂടിയ 6.44 ഇഞ്ച് ഫുൾ എച് ഡി+ അമോലെഡ് ഡിസ്പ്ലേയും 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4200mAh ബാറ്ററിയുമാണ് ഫോണിൽ പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകൾ. 64 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയും 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറയും കൂടാതെ 2 മെഗാപിക്സലിന്റെ മാക്രോ ക്യാമറയുമാണ് പിൻ ക്യാമറ സംവിധാനത്തിൽ പ്രതീക്ഷിക്കുന്നത്. എന്നാൽ മുൻ ക്യാമറ വിഭാഗത്തിൽ 50 മെഗാപിക്സലിന്റെയും 8 മെഗാപിക്സിലിന്റെയും ഡ്യുവൽ സെൽഫി ക്യാമറകളും പ്രതീക്ഷിക്കുന്നു. ഏറ്റവും മികച്ച സെക്യൂരിറ്റിയും ഉപയോക്താ അനുഭവും നൽകുന്നതിനായി വിവോയുടെ ഫൺ ടച്ച് ഒഎസ് 12 ഉം ആൻഡ്രോയിഡ് 12 സാങ്കേതികവിദ്യയും കൂടി ഫോണിൽ ഉൾപെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മീഡിയടെക്കിന്റെ നിലവിലുള്ള ഫ്ലാഗ്ഷിപ്പ് പ്രോസസ്സറായ ഡൈമെൻസിറ്റി 1200 പ്രോസസ്സറിന്റെ കരുത്തോടെയാണ് വിവോ വി 23 പ്രോ 5ജി വിപണിയിലെത്തുക. 12ജിബി വരെയുള്ള റാമും 256 ജിബി വരെയുള്ള സ്റ്റോറേജുമാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. 90 ഹെർട്സ് റീഫ്രഷ് റേറ്റോട് കൂടിയ വലിപ്പമാർന്ന 6.56 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും മികച്ച ബാറ്ററി ക്ഷമതക്കായി 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോട് കൂടിയ 4300mAh ബാറ്ററിയും പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ ഉൾപ്പെടുന്നു. ട്രിപ്പിൾ ക്യാമറ സംവിധാനത്തോടെയെത്തുന്ന പിൻ ക്യാമറ വിഭാഗത്തിൽ 108 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയും 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറയും കൂടാതെ 2 മെഗാപിക്സലിന്റെ മാക്രോ ക്യാമറയുമാണ് പ്രതീക്ഷിക്കുന്നത്. മുൻക്യാമറ വിഭാഗത്തിൽ 50 മെഗാപിക്സലിന്റെയും 8 മെഗാപിക്സിലിന്റെയും ഡ്യൂവൽ സെൽഫി ക്യാമറകളും പ്രതീക്ഷിക്കുന്നു. വിവോയുടെ തനത് ഫൺ ടച്ച് ഒഎസ് 12 ഉം ആൻഡ്രോയിഡ് 12 സാങ്കേതികവിദ്യയും പോലെയുള്ള സവിശേഷതകൾ ഫോണിനെ കൂടുതൽ മികച്ചതാക്കുമെന്ന് കരുതുന്നു.

സൺഷൈൻ ഗോൾഡ്, സ്റ്റാർഡസ്റ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വിവോ വി 23ക്ക് 26000 രൂപ മുതൽ 29000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതേ നിറങ്ങളിൽ തന്നെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വിവോ വി 23 പ്രോക്ക് 37000 രൂപമുതൽ 40000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ജനുവരി ഒന്നുമുതലുള്ള മാറ്റങ്ങൾ അറിയാം

പുതുവത്സരദിനംമുതൽ പൊതുജനങ്ങളുമായി ബന്ധപ്പെട്ട ചില സേവനങ്ങളുടെ നിരക്കിലുംമറ്റും ഏറ്റകുറച്ചിലുകൾ ഉണ്ടാകുന്നുണ്ട്. പ്രധാനപ്പെട്ടവ ചുവടെ ;

 > എ.ടി.എം. : അക്കൗണ്ടുള്ള ബാങ്കിന്റെ എ.ടി.എം.വഴി പണമായും അല്ലാതെയും മാസം അഞ്ചും മറ്റുബാങ്കുകളുടേതിൽ മെട്രോ നഗരങ്ങളിൽ മൂന്നും ചെറുനഗരങ്ങളിൽ അഞ്ചും സൗജന്യ ഇടപാട് അനുവദിച്ചിട്ടുണ്ട്. ഇതിൽ കൂടുതലായി വരുന്ന ഇടപാടിന് ഇന്റർചേഞ്ച് ഫീസ് 20 എന്നത് 21 രൂപയാകും.. ജി.എസ്.ടി. പുറമേ.

 > വാഹനവില കൂടും : കാർ, ഇരുചക്ര വാഹനനിർമാതാക്കളിൽ മിക്കവരും വില കൂട്ടുകയാണ്. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ് (രണ്ടരശതമാനം വരെ), ടൊയോട്ട, ഹോണ്ട, സ്കോഡ, റെനോ, ഫോക്സ്വാഗൻ (രണ്ടുശതമാനത്തിനും അഞ്ചുശതമാനത്തിനും ഇടയിൽ), സിട്രൺ (മൂന്നുശതമാനം), മെഴ്സിഡീസ് ബെൻസ് (രണ്ടുശതമാനം), ഔഡി (മൂന്നുശതമാനം), ഇരുചക്ര വാഹനനിർമാതാക്കളായ ഹീറോ മോട്ടോകോർപ് (2000 രൂപ വരെ), ഡ്യുകാട്ടി, കാവസാക്കി തുടങ്ങിയ കമ്പനികൾ വർധന പ്രഖ്യാപിച്ചിട്ടുണ്ട്.

 > ജി.എസ്.ടി.യിൽ മാറ്റം : ഒല, ഊബർ തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഇരുചക്ര, മുച്ചക്ര വാഹനയാത്ര നടത്തുമ്പോൾ അഞ്ചുശതമാനം ജി.എസ്.ടി.കൂടി ഈടാക്കും. നേരത്തേ ഇത് കാറുകൾക്കുമാത്രമായിരുന്നു.ജി.എസ്.ടി.യിൽ പുതിയ രജിസ്ട്രേഷനും റദ്ദാക്കിയത് പുനഃസ്ഥാപിക്കാനും റീഫണ്ടിന് അപേക്ഷിക്കാനും ആധാർ നിർബന്ധം. ജി.എസ്.ടി.യിൽ വെളിപ്പെടുത്തിയ വില്പനപ്രകാരമുള്ള നികുതി അടച്ചില്ലെങ്കിൽ സ്ഥാപനങ്ങൾ സന്ദർശിച്ച് റവന്യൂ റിക്കവറിക്ക് ഉദ്യോഗസ്ഥർക്ക് അധികാരം.

 > ഐ.പി.പി.ബി.യിൽ ഫീസ് : ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് ശാഖകളിൽ (ഐ.പി.ബി.ബി.) പണം കറൻസിയായി നിക്ഷേപിക്കുമ്പോഴും പിൻവലിക്കുമ്പോൾ മാസം നാലിടപാട് സൗജന്യമായി തുടരും. തുടർന്നുള്ള ഓരോ ഇടപാടിനും ഇടപാടു തുകയുടെ അരശതമാനം വരുന്ന തുക ഫീസായി നൽകണം. ഈടാക്കുന്ന കുറഞ്ഞ ഫീസ് 25 രൂപയായിരിക്കും.

 > ഓൺലൈൻ ഭക്ഷണം : ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഭക്ഷണം വാങ്ങുമ്പോൾ അഞ്ചുശതമാനം ജി.എസ്.ടി. നൽകണം. നേരത്തേ ഹോട്ടലുകളിൽനിന്ന് ഈടാക്കിയിരുന്ന നികുതി ഉപഭോക്താക്കളിലേക്കുമാറ്റുകയാണ്. ഇതിനുപുറമേ ഡെലിവറി ചാർജ് ഉൾപ്പെടെയുള്ള മറ്റുചെലവുകൾക്ക് 18 ശതമാനം ജി.എസ്.ടി.യും നൽകേണ്ടിവരും.

 > ബാങ്ക് ലോക്കർ : തീപ്പിടിത്തം, മോഷണം, കൊള്ള, കെട്ടിടം തകരൽ, ജീവനക്കാരുടെ തട്ടിപ്പ് എന്നിവ വഴി ലോക്കറിലെ വസ്തുക്കൾ നഷ്ടമായാൽ ബാങ്ക് ഉപഭോക്താവിന് ഇനി നഷ്ടപരിഹാരം നൽകണം. ലോക്കറിന്റെ വാർഷികവാടകയുടെ 100 ഇരട്ടിവരെ വരുന്ന തുകയായി ഇത് നിജപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ലോക്കറിലെ വസ്തുക്കളിൽ ബാങ്കിന് ഒരുത്തരവാദിത്വവും ഉണ്ടായിരുന്നില്ല. മൂന്നുവർഷം വാടക നൽകിയില്ലെങ്കിൽ ബാങ്കിന് ലോക്കർ തുറന്ന് പരിശോധിക്കാം. വാടക ലഭിക്കുന്നുണ്ടെങ്കിലും തുടർച്ചയായി ഏഴുവർഷം ഉപയോഗിക്കാതെ കിടക്കുകയോ ഉപഭോക്താവിനെ കണ്ടെത്താൻ കഴിയാതെ വരികയോ ചെയ്താൽ അതിലെ വസ്തുക്കൾ അവകാശികൾക്ക് കൈമാറാം. അതിനുകഴിഞ്ഞില്ലെങ്കിൽ സുതാര്യമായ രീതിയിൽ ഇവ ഒഴിവാക്കാം.

 > റിട്ടേൺ വൈകിയാൽ : സമയപരിധി കഴിഞ്ഞ് ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഈടാക്കുന്ന പിഴ മുൻവർഷത്തെ 10,000 രൂപയിൽനിന്ന് 5,000 ആക്കി. വരുമാനം നികുതിവിധേയ പരിധിക്കു താഴെയാണെങ്കിൽ പിഴ നൽകേണ്ടതില്ല.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

അഞ്ചുവർഷത്തിനുള്ളിൽ മദ്യപാനികൾ നികുതിയായി സർക്കാരിനു നൽകിയത് 46,546.13 കോടി രൂപ

മദ്യം കഴിക്കുന്ന മലയാളി കഴിഞ്ഞ അഞ്ചുവർഷം നികുതിയായി സർക്കാർ ഖജനാവിലേക്ക് നൽകിയത് 46,546.13 കോടി രൂപയാണെന്ന് കണക്കുകൾ. 2016 ഏപ്രിൽമുതൽ 2021 മാർച്ച് 31 വരെയാണിത്. വിവരാവകാശ പ്രവർത്തകനായ എറണാകുളത്തെ പ്രോപ്പർ ചാനൽ പ്രസിഡന്റ് എം.കെ. ഹരിദാസിന് ടാക്സ് കമ്മിഷണറേറ്റ് നൽകിയ മറുപടിയിലാണീ വിവരങ്ങൾ.

മദ്യപർ പ്രതിമാസം സർക്കാരിലേക്ക് നികുതിയായി 766 കോടി രൂപയാണ് നൽകുന്നത്. അതായത് ഒരുദിവസം ഏകദേശം 25.53 കോടി രൂപ. 2018-19-ലും 2019-20-ലുമാണ് മദ്യവിൽപ്പനയിലുടെ സർക്കാരിന് ഏറെ നികുതിവരുമാനം ലഭിച്ചത്. യഥാക്രമം 9,615.54 കോടിയും 10,332.39 കോടിയുമാണിത്. യു.ഡി.എഫ്. സർക്കാർ അധികാരത്തിലിരുന്ന 2011-12 മുതൽ 2015-16 വരെയുള്ള കാലത്ത് മദ്യനികുതിയായി ലഭിച്ചത് 30,770.58 കോടിയായിരുന്നു. അപ്പീൽ നൽകിയശേഷമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ ടാക്സ് കമ്മിഷണറേറ്റ് തയ്യാറായത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

റിസർവേഷൻ ഇല്ലാതെ യാത്രചെയ്യാം

16603/16604 നമ്പർ മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസിൽ രണ്ട് ജനറൽ കമ്പാർട്ട്മെന്റുകളും രണ്ട് സെക്കൻഡ് ക്ലാസ് കം ലഗ്ഗേജ് കം ബ്രേക് അപ് വാനുകളും ശനിയാഴ്ചമുതൽ കൂടുതലായുണ്ടാവും (കോച്ച് നമ്പർ ഡി 4, ഡി 5, ഡി.എൽ 1, ഡി.എൽ 2).

12601/12602 ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ മെയിലിൽ രണ്ടുവീതം ജനറൽ കമ്പാർട്ട്മെന്റുകളും ലഗേജ് കം ബ്രേക് അപ് വാനുകളുമുണ്ടാവും.

16629/16630 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ്പ്രസിൽ രണ്ട് ജനറൽ കമ്പാർട്ട്മെന്റുകളും ഒരു സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക് അപ് വാനുമാണുണ്ടാവുക. ജനുവരി ഒന്നുമുതൽ 16 വരെയാവും ഈ സൗകര്യം.

22637/22638 ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ രണ്ടുവീതം ജനറൽ കമ്പാർട്ടുമെന്റുകളും സെക്കൻഡ് ക്ലാസ് കം ലഗേജ് കം ബ്രേക് അപ് വാനുകളുമുണ്ടാവും. ജനുവരി 17 മുതലാവും ഈ സൗകര്യം. പാലക്കാട് ജങ്ഷൻ-തിരുച്ചെന്തൂർ പ്രതിദിന എക്സ്പ്രസിൽ വെള്ളിയാഴ്ചമുതൽ രണ്ട് ജനറൽ കമ്പാർട്ട്മെന്റുകൾ കൂടുതലായുണ്ടാവും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.