കൊല്ലം: കാട്ടാന റോഡിലേക്ക് മറിച്ചിട്ട തേക്കുമരം കല്ലു കൊണ്ട് മുറിച്ചു മാറ്റി കെഎസ്ആർടിസി കണ്ടക്ടർ. ഇന്നലെ രാവിലെ 6.30 ന് അച്ചൻകോവിലിൽ നിന്ന് പുറപ്പെട്ട ചെങ്കോട്ട വഴി പുനലൂരിലേക്കുള്ള ബസിന്റെ മുന്നിലാണ് തേക്ക് വഴിമുടക്കിയത്. കുംഭാവുരുട്ടിക്കും മണലാറിനും മധ്യേ ആയതിനാൽ മൊബൈൽ ഫോണിന് കവറേജ് ഉണ്ടായിരുന്നില്ല. മരം വീണ വിവരം പുറംലോകത്തെ അറിയിക്കാൻ മാർഗമില്ലാതെ വന്നതോടെയാണു കണ്ടക്ടർ എം പി വിഭുവ് കരിങ്കല്ല് പ്രയോഗിക്കാൻ തീരുമാനിച്ചത്.
ഡ്രൈവർ എ. ഷാനവാസിന്റെ സഹായത്തോടെ ഏകദേശം അര മണിക്കൂർ കൊണ്ടു തേക്ക് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഈ മേഖലയിൽ കാട്ടാന പലപ്പോഴും ഇത്തരത്തിൽ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ടെങ്കിലും കരിങ്കല്ലു കൊണ്ടു മരം മുറിച്ചുമാറ്റേണ്ടി വരുന്നത് ആദ്യമായാണ്. കൈയിൽ മരം മുറിക്കാനുള്ള വെട്ടുകത്തി ഒന്നും ഇല്ലാത്തതിനാണ് മരം മുറിക്കാൻ കല്ലിനെ ആശ്രയിക്കേണ്ടിവന്നത്.