സഹൃദയ പങ്കാളിത്തം കൊണ്ടും കലാ വിരുന്ന് കൊണ്ടും സമ്പന്നമായി ബഡ്സ് കലോത്സവ ദിനം. “വർണ്ണശലഭങ്ങൾ” എന്ന പേരിൽ സംഘടിപ്പിച്ച കലോത്സവദിനം ഭിന്നശേഷിക്കാരായ പ്രതിഭകളുടെ കലാ അവതരണങ്ങൾക്ക് വേദിയൊരുക്കി.
തൃശൂര്‍ ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലോത്സവത്തിൽ ജില്ലയിലെ 5 ബഡ്സ് സ്കൂളില്‍ നിന്നും 12 ബഡ്സ് പുനരധിവാസ കേന്ദ്രങ്ങളില്‍ നിന്നുമായി തെരഞ്ഞെടുത്ത നൂറില്‍പ്പരം വിദ്യാര്‍ത്ഥികളാണ് ഭാഗമായത്.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. ഒപ്പന, നാടൻപാട്ട്, തിരുവാതിര, ചിത്രരചന തുടങ്ങി നിരവധി മത്സരങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ കലോത്സവവേദി പരിമിതികളെ മറന്ന് ആവേശത്തിന്റെയും വിജയ പ്രതീക്ഷകളുടെയും ദിനം കുരുന്നുകൾക്ക് സമ്മാനിച്ചു. വിജയിച്ചവർക്കുള്ള ഉപഹാരങ്ങൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിതരണം ചെയ്തു.
കോർപ്പറേഷൻ മേയർ എം കെ വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ് സി നിർമ്മൽ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരിജ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരൻ മാസ്റ്റർ, വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സെയ്തു മുഹമ്മദ് എം എ, നിപ്മർ ജോയിന്റ് ഡയറക്ടർ സി ചന്ദ്രബാബു, ജില്ലയിലെ നഗരസഭ അധ്യക്ഷന്മാര്, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്, സി.ഡി.എസ് ചെയര്പേഴ്സണ്മാര്, ഉദ്യോഗസ്ഥര്‍, ബഡ്സ് സ്ഥാപനങ്ങളിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.