രാജ്യത്തുടനീളം കൊമേഴ്സ്, ഹ്യുമാനിറ്റീസ്, സയന്‍സ് എന്നിവയുള്‍പ്പെടെ എല്ലാ വിഷയങ്ങളിലും പ്രാദേശിക ഭാഷകളില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ അവതരിപ്പിക്കുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍. ഇന്ത്യന്‍ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുജിസിയും ഭാരതീയ ഭാഷാ സമിതിയുമായി സഹകരിച്ച്, പദ്ധതി തയ്യാറാക്കാന്‍ ഒരു ഉന്നത സമിതിയെ നിയോഗിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് ഭാരതീയ ഭാഷാ സമിതി. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 അനുസരിച്ച് സ്‌കൂളുകളിലും കോളേജുകളിലും പ്രാദേശിക ഭാഷകള്‍ അവതരിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിരവധി പദ്ധതികളുടെ തുടര്‍ച്ചയായാണ് ഈ നീക്കം.
വിവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പാഠപുസ്തകങ്ങളുടെ പബ്ലിഷര്‍മാരുമായി നിര്‍ദിഷ്ട സമിതി ചര്‍ച്ച നടത്തുമെന്ന് യുജിസി ചെയര്‍പേഴ്‌സണ്‍ എം. ജഗദേഷ് കുമാര്‍ പറഞ്ഞു. “ശരിയായ പാഠപുസ്തകങ്ങളില്ലാതെ പ്രാദേശിക ഭാഷകളില്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ സര്‍വകലാശാലകള്‍ക്ക് സാധിക്കില്ല. അതിനാല്‍, ഞങ്ങളുടെ കോളേജുകളിലും സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന എഴുത്തുകാരുടെ പുസ്തകങ്ങള്‍ തിരിച്ചറിയുകയും, ഞങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ച് പ്രശസ്തരായ അന്താരാഷ്ട്ര എഴുത്തുകാരുമായും പബ്ലിഷര്‍മാരുമായും ചര്‍ച്ചകള്‍ നടത്തുക എന്നതാണ് സമിതിയുടെ ആദ്യത്തെ ദൗത്യം,” കുമാര്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് യുജിസി ചില പ്രമുഖ അന്താരാഷ്ട്ര പബ്ലിഷര്‍മാരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും അവരുടെ ഭാഗത്തു നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന ഇന്ത്യന്‍ എഴുത്തുകാര്‍ എഴുതിയ പുസ്തകങ്ങൾ കമ്മിറ്റി കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, പാനലിന് കീഴില്‍ യുജിസി ഒന്നിലധികം ഉപസമിതികള്‍ രൂപീകരിക്കുമെന്നും കുമാര്‍ പറഞ്ഞു. ഈ ഉപസമിതികള്‍ക്ക് ഓരോ ഭാഷകള്‍ നിയോഗിക്കുമെന്നും അവര്‍ ആ ഭാഷകളില്‍ കോഴ്സുകള്‍ അവതരിപ്പിക്കാന്‍ താല്‍പ്പര്യമുള്ള സര്‍വകലാശാലകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യുജിസി ചെയര്‍പേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു.
ബിരുദ തലത്തിലും ബിരുദാനന്തര ബിരുദ തലത്തിലും പ്രാദേശിക ഭാഷകളില്‍ നിലവാരമുള്ള പാഠപുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനായി സമിതി പ്രവര്‍ത്തിക്കുമെന്ന് ഭാരതീയ ഭാഷാ സമിതി അധ്യക്ഷന്‍ ചാമു കൃഷ്ണ ശാസ്ത്രി പറഞ്ഞു. “എല്ലാ കോഴ്‌സുകളിലുമുള്ള പുസ്തകങ്ങള്‍ ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കമ്മിറ്റി കൊണ്ടുവരും. ഇന്ത്യന്‍ ഭാഷകളില്‍ പരീക്ഷ എഴുതുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളും സമിതി രൂപീകരിക്കും. എന്നാല്‍ ഏത് ഭാഷ വേണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മാതൃഭാഷയില്‍ പഠിക്കാനുള്ള അവസരം ഒരുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” അദ്ദേഹം പറഞ്ഞു.
കേന്ദ്രം ഇതിനകം തന്നെ പല സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷകളില്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോഴ്‌സുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ജൂണില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും (ബിസിഐ) ലോ കോളേജുകളില്‍ പ്രാദേശിക ഭാഷകളില്‍ കോഴ്സുകള്‍ എങ്ങനെ ആരംഭിക്കാം എന്നതിനെക്കുറിച്ചുള്ള ശുപാര്‍ശകള്‍ കൊണ്ടുവരാന്‍ ഒരു പാനല്‍ രൂപീകരിച്ചിരുന്നു.