ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയുടെ വികസനത്തിനായി 15 വർഷത്തിലേറെയായി ശ്രമങ്ങൾ ആരംഭിച്ചിട്ട്. എന്നാൽ ഏറ്റവുമൊടുവിലായി 20,000 കോടി രൂപ ചെലവഴിച്ച് ധാരാവിയുടെ മുഖച്ഛായ തന്നെ മാറ്റുന്ന ‘ധാരാവി റീഡെവലപ്മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ പ്രൊജക്ടി’നായി അദാനി റിയൽറ്റി, ഡിഎൽഎഫ്, നമൻ ഗ്രൂപ്പ് എന്നീ മൂന്ന് ഭീമൻ കമ്പനികളാണ് രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഗവൺമെന്റുകൾ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ പുനർവികസനത്തിനായുള്ള പ്രൊജക്ട് പ്രാവർത്തികമാക്കാൻ കുറഞ്ഞത് നാല് ശ്രമങ്ങളെങ്കിലും നടത്തിയിട്ടുണ്ട്.
300 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ധാരാവി, മരുന്നുകൾ, ലെതർ, പാദരക്ഷകൾ, വസ്ത്രങ്ങൾ എന്നിവ നിർമ്മിക്കുന്ന നിരവധി ചെറുകിട, അസംഘടിത വ്യവസായങ്ങളുടെ കേന്ദ്രമാണ്. വാണിജ്യ കേന്ദ്രമായ ബാന്ദ്ര കുർള കോംപ്ലക്സിന് സമീപം സെൻട്രൽ മുംബൈയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഒരു മില്ല്യൺ ജനസംഖ്യയുള്ള, ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ചേരികളിലൊന്നായ ധാരാവി മഹാമാരിയുടെ പിടിയിലും അകപ്പെട്ടിരുന്നു. 2009ൽ ധാരാവി കേന്ദ്രീകരിച്ച് നിർമ്മിച്ച ‘സ്ലംഡോഗ് മില്ല്യണയർ’ എന്ന സിനിമയുടെ റിലീസിന് ശേഷമാണ് ഇവിടം ദേശീയ ശ്രദ്ധയാകർഷിച്ചത്. ഈ ചിത്രം ഓസ്കർ അവാർഡുകളും മറ്റ് അഭിമാനകരമായ നിരവധി അവാർഡുകളും നേടി.
രണ്ട് ഘട്ടങ്ങളായുള്ള ബൃഹദ് പദ്ധതി
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 10 ലക്ഷത്തോളം വരുന്ന ജനസംഖ്യയെ പുനരധിവസിപ്പിക്കും. ചേരി നിവാസികളെ പുനരധിവസിപ്പിക്കാനുള്ള നിർമ്മാണച്ചെലവും ലാഭവും ഡെവലപ്പർ വീണ്ടെടുക്കുന്ന വിൽപ്പന ഘടകമാണ് രണ്ടാമത്തേത്.
മുംബൈയെ ചേരിവിമുക്തമാക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ് ധാരാവിയുടെ പുനർവികസനം. ഈ ലക്ഷ്യം മുൻനിർത്തി 1990-കളുടെ മധ്യത്തിൽ മഹാരാഷ്ട്ര സർക്കാർ ചേരി പുനരധിവാസ അതോറിറ്റി (എസ്ആർഎ) രൂപീകരിച്ചിരുന്നു. എന്നാൽ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ അത്ര ശ്രദ്ധേയമായിരുന്നില്ല. 2021-22ലെ മഹാരാഷ്ട്ര സാമ്പത്തിക സർവേ പ്രകാരം, 1995 മുതൽ 2021 ഓഗസ്റ്റ് വരെ 2067 പ്രോജക്ടുകൾ പൂർത്തീകരിക്കുകയും ചേരികളിൽ താമസിക്കുന്ന 2,23,471 കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നേരിട്ടത് തുടർ പരാജയങ്ങൾ
2019ൽ പരാജയപ്പെട്ട ഒരു ശ്രമത്തിന് ശേഷം ധാരാവിയുടെ പുനർവികസനത്തിനും പുനരധിവാസത്തിനുമായി ഒക്ടോബർ ഒന്നിന് മഹാരാഷ്ട്ര സർക്കാർ ഒരു ആഗോള ടെൻഡർ നടത്തി. മൂന്ന് കമ്പനികളാണ് പദ്ധതിയിൽ താൽപ്പര്യം പ്രകടിപ്പിച്ചത്. ലേലത്തിൽ പങ്കെടുക്കുന്നവരുടെ സാങ്കേതികവും സാമ്പത്തികവുമായ യോഗ്യതകൾ വിലയിരുത്തിയ ശേഷം, ഡിസംബർ 31നകം മൂന്ന് കമ്പനികളിൽ ഒന്ന് പദ്ധതിക്കായി ഷോർട്ട് ലിസ്റ്റ് ചെയ്യും. ഒക്ടോബർ ഒന്നിനാണ് മഹാരാഷ്ട്ര സർക്കാർ ടെണ്ടർ വിളിച്ചത്.
2008 മുതൽ ധാരാവിയുടെ പുനർവികസനത്തിനായി ഒരു ഡെവലപ്പറെ നിയമിക്കാൻ മഹാരാഷ്ട്ര സർക്കാർ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. 2016ൽ ടെണ്ടർ വിളിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. 2019ൽ പുതിയ ടെണ്ടർ വിളിച്ചപ്പോൾ യുഎഇയിൽ നിന്നുള്ള സെക് ലിങ്കും ഇന്ത്യയിൽ നിന്നുള്ള അദാനി ഗ്രൂപ്പും താൽപ്പര്യം പ്രകടിപ്പിച്ചു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ലേലം നടത്താനായില്ല. നിലവിൽ ഇന്ത്യ, മിഡിൽ ഈസ്റ്റ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള 8 കമ്പനികൾ ധാരാവി പുനർവികസന പദ്ധതിയിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
9000-ത്തിലധികം കോവിഡ് കേസുകളും 100-ലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട ഇവിടം മഹാമാരി സമയത്ത് ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണ്. ഏഷ്യാ പസഫിക് മേഖലയിലെ ഏറ്റവും ജനസാന്ദ്രമായ ചേരി ക്ലസ്റ്ററുകളിൽ ഒന്നാണിത്. ധാരാവിയുടെ പുനർവികസനത്തോടെ 8 ലക്ഷത്തിലധികം ആളുകളുടെ ജീവിതം മെച്ചപ്പെടുമെന്ന് അധികൃതർ അവകാശപ്പെടുന്നു.