പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധം ശക്തമാക്കും പകര്‍ച്ചവ്യാധി പ്രതിരോധ അവലോകന യോഗം

ജില്ലയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കും. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന പകര്‍ച്ചവ്യാധി പ്രതിരോധ അവലോകന യോഗത്തിലാണു തീരുമാനം.  

കൊതുകുകളുടെ ഉറവിടം നശിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് യോഗം നിര്‍ദേശിച്ചു.  ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കും. വീടുകളിലെ അലങ്കാരച്ചെടികളും പാഴ്വസ്തുക്കളും മറ്റ് സാഹചര്യങ്ങളുമൊന്നും കൊതുകുകളുടെ ഉറവിടമാകുന്നില്ലെന്ന് ഉറപ്പാക്കണം. അതിനു ജനങ്ങളുടെ ജാഗ്രത ആവശ്യമാണ്. 

ഉറവിട നശീകരണവുമായി ബന്ധപ്പെട്ട് റസിഡന്റ്‌സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ചു പ്രത്യേക ബോധവല്‍ക്കരണങ്ങള്‍ സംഘടിപ്പിക്കും. ഓഫീസുകള്‍ കേന്ദ്രീകരിച്ചും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കും. അതിഥി തൊഴിലാളി ക്യാംപുകളിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താനുള്ള പരിശോധനയും ശക്തമാക്കും.

ഊര്‍ജിത വയറിളക്ക രോഗനിയന്ത്രണ പക്ഷാചരണം, നോ സ്‌കാല്‍പ്പല്‍വാ സക്റ്റമി പക്ഷാചരണം (കുടുംബാസൂത്രണത്തില്‍ പുരുഷന്മാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നത്തിനായുള്ള ബോധവല്‍ക്കരണപരിപാടി), ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് സര്‍വെയ്‌ലന്‍സ് പ്രോഗ്രാം എന്നീ പരിപാടികളുടെ ഏകോപന പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പ് മേധാവികള്‍ക്ക് കളക്ടര്‍ നിര്‍ദേശങ്ങള്‍ നല്‍കി. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനും കളക്ടര്‍ നിര്‍ദേശിച്ചു.  

ആരോഗ്യജാഗ്രതാ കലണ്ടര്‍ പ്രകാരമുള്ള വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു. കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.ശ്രീദേവി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 
Verified by MonsterInsights