ഡെങ്കിപ്പനി ആഗോള ആശങ്കയെന്ന് ലോകാരോഗ്യ സംഘടന; കേരളത്തിനും വെല്ലുവിളി.

ഡെങ്കിപ്പനി ആശങ്കയായി മാറുന്ന സാഹചര്യത്തില്‍ നിയന്ത്രണത്തിന് ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന. 2023-ല്‍ ലോകത്ത് 65 ലക്ഷംപേര്‍ക്കായിരുന്നു ഡെങ്കി ബാധിച്ചതെങ്കില്‍ ഈ വര്‍ഷം ഇത് 1.23 കോടിയായി. 7900 മരണവും ഉണ്ടായി.ലോകജനസംഖ്യയുടെ പകുതിയോളം വരുന്ന 400 കോടി ജനങ്ങള്‍ ഡെങ്കി ഭീഷണിയിലാണെന്ന് ഡബ്ല്യു.എച്ച്.ഒ. വിലയിരുത്തുന്നു. തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ഡെങ്കിപ്പനി കേരളത്തിന്റെ ഉറക്കംകെടുത്തുന്ന പശ്ചാത്തലത്തില്‍ ഡബ്ല്യു.എച്ച്.ഒ.യുടെ മുന്നറിയിപ്പിന് ഗൗരവമേറുന്നു.രാജ്യത്ത് ഡെങ്കി ഭീഷണിയുള്ള പ്രധാന പ്രദേശങ്ങളിലൊന്നായി കേരളം മാറിയിരിക്കയാണ്. വേനല്‍, മഴ എന്ന വ്യത്യാസമില്ലാതെ രോഗം വ്യാപിക്കുന്നത് വെല്ലുവിളിയാണ്. ഈ വര്‍ഷം ഇതുവരെ 17,246 കേസുകള്‍ സ്ഥിരീകരിച്ചു.സംശയാസ്പദമായ 46,740 കേസുകളുമുണ്ട്. 2023-ല്‍ സ്ഥിരീകരിച്ച 16,596 കേസുകളും സംശയിക്കുന്ന 42,693 കേസുകളുമായിരുന്നു ഉണ്ടായിരുന്നത്. ഈ വര്‍ഷം 60 ഡെങ്കിപ്പനിമരണങ്ങള്‍ സ്ഥിരീകരിച്ചു. ഡെങ്കിപ്പനിമൂലമെന്ന് സംശയിക്കുന്ന 54 മരണം സംഭവിച്ചു. 









കാലാവസ്ഥാ വ്യതിയാനം, നഗരവത്കരണം, യാത്രകളിലെ വര്‍ധന എന്നിവ രോഗംകൂടാന്‍ ഇടയാക്കുന്നതായി ഡബ്ല്യു.എച്ച്.ഒ. പറയുന്നു. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ധന രോഗംപരത്തുന്ന ഈഡിസ് കൊതുകിന്റെ പ്രജനനത്തിന് അനുകൂലമാണ്. കൊതുകില്‍ വൈറസ് വിഭജനത്തിനും വേഗംകൂടുന്നു.

രണ്ടാമതുംവന്നാല്‍ ഗുരുതരമാവാം.

ഡെങ്കിപ്പനിയില്‍ 95 ശതമാനംപേരും ഗുരുതരാവസ്ഥയില്‍ എത്തിപ്പെടില്ല. ഭൂരിഭാഗം പേരിലും നിസ്സാരലക്ഷണങ്ങള്‍ പ്രകടമാക്കി കടന്നുപോവും.ഡെങ്കി വൈറസ് ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ നാലു സീറോടൈപ്പില്‍പ്പെട്ടതുണ്ട്. നേരത്തേ ഡെങ്കിപ്പനി വന്നവരെ മറ്റൊരു ജനുസില്‍പ്പെട്ട ഡെങ്കി വൈറസ് ബാധിച്ചാല്‍ തീവ്രമായ പ്രതിപ്രവര്‍ത്തനം സംഭവിച്ച് രോഗം സങ്കീര്‍ണമാവും. ഡെങ്ക് ഹെമറേജിക് ഫിവര്‍, ഡെങ്കിഷോക്ക് സിന്‍ഡ്രോം എന്നീ അപകടാവസ്ഥകള്‍ വരാം.

പ്രതീക്ഷ വാക്‌സിനില്‍

മറ്റൊരു ജനുസില്‍പ്പെട്ട ഡെങ്കി വൈറസ് ബാധിക്കുമ്പോള്‍ തീവ്രമായ പ്രതിപ്രവര്‍ത്തനം സംഭവിക്കുന്നു എന്നതാണ് വാക്‌സിന്‍ വികസിപ്പിക്കാന്‍ തടസ്സം. നിലവില്‍ ആഗോളതലത്തില്‍ ഡെങ്കിപ്പനിക്കെതിരേ രണ്ടു വാക്‌സിനുകളുണ്ട്. ഇന്ത്യയില്‍ ഇതിന് അനുമതി നല്‍കിയിട്ടില്ല.
ഐ.സി.എം.ആര്‍. സഹകരണത്തോടെ പനേസിയ ബയോടെക് വികസിപ്പിച്ച വാക്‌സിന്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ഇതിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ കഴിഞ്ഞമാസം  ആരംഭിച്ചിട്ടുണ്ട്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വാക്‌സിനും പരീക്ഷണഘട്ടത്തിലാണ്. 




Verified by MonsterInsights