ഹയർ സെക്കൻഡറി പ്രാക്ടിക്കൽ: ഓരോ കുട്ടിക്കും വ്യത്യസ്ത ചോദ്യപേപ്പർ; ചോദ്യങ്ങൾ ഓൺലൈനാക്കുന്നു.

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷയുടെ ചോദ്യം ഓൺലൈനായി ലഭ്യമാക്കുന്ന രീതി ഈ വർഷം മുതൽ നടപ്പാക്കാൻ തീരുമാനം. ഇത്തവണ കണക്ക് പരീക്ഷയ്ക്കാകും പുതിയ രീതി. ഇതിനു മുന്നോടിയായി പിഴവുകൾ ഇല്ലെന്ന് ഉറപ്പാക്കാൻ പരീക്ഷണാടിസ്ഥാനത്തിലുള്ള പരീക്ഷ ഡിസംബറിലോ ജനുവരിയിലോ നടത്തുമെന്നു ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ.കെ.മാണിക്യരാജ് അറിയിച്ചു. വരുംവർഷങ്ങളിൽ കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, അക്കൗണ്ടൻസി എന്നിവയുടെ പ്രാക്ടിക്കൽ പരീക്ഷയും ഈ രീതിയിലാക്കാനാണു തീരുമാനം.

40 മാർക്കാണ് പ്രാക്ടിക്കൽ പരീക്ഷയ്ക്കുള്ളത്. നിലവിൽ പരീക്ഷാ പോർട്ടലായ ഐ എക്സാം വഴി മുൻകൂട്ടി ലഭിക്കുന്ന ചോദ്യപ്പേപ്പർ സ്കൂളിൽ പ്രിന്റ് എടുത്ത് വിദ്യാർഥികൾക്കു നൽകുകയാണ്. പല സെറ്റ് ചോദ്യങ്ങളിൽ നിന്നു വിദ്യാർഥികൾക്ക് ഏതു സെറ്റ് നൽകണമെന്ന് പരീക്ഷാ ചുമതലയുള്ള അധ്യാപകർക്ക് തീരുമാനിക്കാമായിരുന്നു. പുതിയ രീതി നടപ്പാക്കുന്നതോടെ ചോദ്യപ്പേപ്പർ മുൻകൂട്ടി സ്കൂളിൽ ലഭിക്കില്ല. പരീക്ഷാ സമയത്ത് വിദ്യാർഥി റജിസ്റ്റർ നമ്പർ നൽകി ലോഗിൻ ചെയ്യുമ്പോൾ കംപ്യൂട്ടറിൽ തന്നെ ചോദ്യങ്ങൾ  ലഭ്യമാകും. ഓരോ കുട്ടിക്കും വ്യത്യസ്ത ചോദ്യപ്പേപ്പറായിരിക്കും.

എന്നാൽ ഉത്തരം എഴുതുന്നതിന് കംപ്യൂട്ടർ സഹായത്തോടെ ഉത്തരം കണ്ടെത്തി, പേപ്പറിൽ രേഖപ്പെടുത്തി നൽകുന്ന നിലവിലെ രീതി തുടരും. ചോദ്യങ്ങളുടെ എണ്ണവും 6 ആയിരിക്കും. ഇതിൽ വിദ്യാർഥിക്ക് ഇഷ്ടമുള്ള 4 ചോദ്യങ്ങൾക്ക് (8 മാർക്ക് വീതം) ഉത്തരമെഴുതിയാൽ മതി. 32 മാർക്കാണ് ഇതിലൂടെ ലഭിക്കുക. ബാക്കി 4 മാർക്ക് വൈവയ്ക്കും 4 മാർക്ക് റെക്കോർഡിനുമാണ്. ചോദ്യപ്പേപ്പർ ഓൺലൈനായി ലഭ്യമാക്കുന്നത് പരീക്ഷ പൂർണമായി നിഷ്പക്ഷവും കുറ്റമറ്റതുമാക്കാൻ സഹായിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രായോഗികത ഉറപ്പാക്കാതെ ധൃതിപിടിച്ച് പുതിയ രീതി നടപ്പാക്കരുതെന്ന് അധ്യാപക സംഘടനയായ എൻടിയു വകുപ്പുമന്ത്രിക്കു നിവേദനം നൽകി. പരീക്ഷാ ചുമതല വഹിക്കുന്ന കണക്ക് അധ്യാപകർക്ക് പരിശീലനം പോലും ലഭിച്ചിട്ടില്ലെന്നും എൻടിയു പ്രസിഡന്റ് പി.എസ്.ഗോപകുമാർ ചൂണ്ടിക്കാട്ടി.

Verified by MonsterInsights