അന്താരാഷ്ട്രതലത്തിലും തലയുയർത്തി തേങ്ങ;വിലയിൽ മുന്നിൽ ഇന്ത്യ.

നാളികേരത്തിന്റെ വിലയിലുണ്ടായ ഉണർവ് അന്താരാഷ്ട്രതലത്തിലും പ്രകടം. പ്രധാന നാളികേര ഉത്പാദക രാജ്യങ്ങളിലെല്ലാം തേങ്ങയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും വില മൂന്നുമാസത്തിനിടെ കുതിച്ചെങ്കിലും നാളികേരത്തിനും കൊപ്രയ്ക്കും ഉയർന്ന വില ഇന്ത്യയിലാണ്. വെളിച്ചെണ്ണ, ഡെസിക്കേറ്റഡ് കോക്കനട്ട് (ചിരകിയ തേങ്ങ) എന്നിവയ്ക്ക് ശ്രീലങ്കയിലാണ് ഉയർന്ന വില.

ഇന്ത്യയിൽ തേങ്ങയ്ക്ക് വിലകൂടിത്തുടങ്ങിയ സെപ്റ്റംബറിൽത്തന്നെ അന്താരാഷ്ട്രതലത്തിലും വിലയിൽ കാര്യമായ മാറ്റമുണ്ടായി. സമീപകാലത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇൻഡൊനീഷ്യയിലും ഫിലിപ്പീൻസിലും ശ്രീലങ്കയിലുമെല്ലാം.

വിലയിൽ വലിയ കുതിപ്പുണ്ടായത് ഇന്ത്യയിലും ശ്രീലങ്കയിലുമാണ്. തേങ്ങവില ഫിലിപ്പീൻസിൽ ഒരുവർഷംകൊണ്ട് ടണ്ണിന് 52 ഡോളറാണ് കൂടിയതെങ്കിൽ ഇന്ത്യയിൽ 282 ഡോളർ കൂടി. ഇന്ത്യയിലെ ആഭ്യന്തരവില മറ്റു രാജ്യങ്ങളെക്കാൾ കൂടിനിൽക്കുന്നത് നാളികേര ഉത്പന്നങ്ങളുടെ കയറ്റുമതിയെ ഉൾപ്പെടെ ബാധിച്ചേക്കുമെന്ന് ആശങ്കയുയർത്തുന്നു. എങ്കിലും വെളിച്ചെണ്ണ, ഡെസിക്കേറ്റഡ് കോക്കനട്ട്, ചിരട്ടക്കരി തുടങ്ങിയ ഉപോത്പന്നങ്ങൾക്ക് ഇന്ത്യയെക്കാൾ വില മറ്റു രാജ്യങ്ങളിലുണ്ടെന്നത് ആശ്വാസകരമാണ്.

ഫിലിപ്പീൻസിൽ പച്ചത്തേങ്ങയ്ക്ക് ടണ്ണിന് 176 ഡോളറും ഇൻഡൊനീഷ്യയിൽ 259 ഡോളറും ശ്രീലങ്കയിൽ 358 ഡോളറുമാണ് നവംബറിലെ ഉയർന്ന വില. ഇന്ത്യയിൽ ഇത് 642 ഡോളറാണ്. കൊപ്രയ്ക്ക് ഇന്ത്യയിൽ നവംബറിലെ ഏറ്റവും ഉയർന്ന വില ടണ്ണിന് 1,570 ഡോളറാണ്. ശ്രീലങ്കയിൽ 1,498 ഡോളറും ഇൻഡൊനീഷ്യയിൽ 943 ഡോളറും ഫിലിപ്പീൻസിൽ 873 ഡോളറുമുണ്ട്.

വെളിച്ചെണ്ണയ്ക്ക് ശ്രീലങ്കയിലാണ് കൂടുതൽ വില. ടണ്ണിന് 2,559 ഡോളർ. ഫിലിപ്പീൻസിൽ ടണ്ണിന് 1,716 ഡോളറും ഇന്ത്യയിൽ 2,543 ഡോളറുമാണ്. ഡെസിക്കേറ്റഡ് കോക്കനട്ട് വില ശ്രീലങ്കയിൽ ടണ്ണിന് 3,343 ഡോളർവരെയായി. ഇന്ത്യയിൽ നവംബറിലെ ഉയർന്ന വില 2,903 ഡോളറാണ്. ഇൻഡൊനീഷ്യയിൽ 3,000 ഡോളറും ഫിലിപ്പീൻസിൽ 2,205 ഡോളറുമാണ്.

ഒറ്റവർഷംകൊണ്ട് തേങ്ങയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും വിലയിലുണ്ടായ വർധന ടണ്ണിന് 50 ഡോളർമുതൽ 1,600 ഡോളർവരെയാണ്. ഡെസിക്കേറ്റഡ് കോക്കനട്ടിന് 2023 നവംബറിൽ ശ്രീലങ്കയിൽ 1,687 ഡോളറായിരുന്നത് ഈ നവംബറാകുമ്പോഴേക്കും 3,343 ഡോളറിലെത്തി. ആവശ്യത്തിന് തേങ്ങ കിട്ടാത്തതാണ് വിലവർധനയ്ക്കു കാരണം. ഇന്ത്യയിൽ ഉത്പാദനം കുറഞ്ഞതിനൊപ്പം ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിയിൽ നിയന്ത്രണം വന്നതും ഗുണകരമായി.

Verified by MonsterInsights