സമ്പൂർണ ആന്റിബയോട്ടിക് സാക്ഷര സംസ്ഥാനമാകാൻ കേരളം; എല്ലാ ജില്ലകളിലും AMR കമ്മറ്റികൾ

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവും കാരണമുണ്ടാകുന്ന അത്യാപത്തുകൾ നേരിടുന്നതിന് ആരോഗ്യ പ്രവർത്തകരേയും ജനങ്ങളേയും സജ്ജമാക്കുന്നതിന് നടപ്പിലാക്കുന്ന  ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് (AMR) കമ്മറ്റികൾ എല്ലാ ജില്ലയിലും രൂപികരിച്ചു. 2018 ഒക്ടോബറിൽ AMR കമ്മറ്റി സംസ്ഥാനതലത്തിൽ നിലവിൽ വന്നെങ്കിലും കോവിഡ്-19-ന്റെ വ്യാപനംമൂലം ആന്റിമൈക്രോബിയൽ പ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നു, ഇവയുടെ പ്രവർത്തനം വേഗത്തിലാക്കാനാണ് ഇപ്പോൾ ജില്ലാതല കമ്മറ്റികൾ രൂപീകരിച്ചിട്ടുള്ളത്‍.

ബാക്ടീരിയ, വൈറസ്, ഫംഗസ്, പരാദങ്ങൾ തുടങ്ങിയവ ജീവകോശങ്ങളെ ആക്രമിക്കുമ്പോഴാണ് മനുഷ്യരിലും മൃഗങ്ങളിലും സസ്യങ്ങളിലും രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. ഇവയെ പുറത്താക്കാൻ ഉപയോഗിക്കുന്ന മാർഗമാണ് ആന്റി ബയോട്ടിക് എന്നറിയപ്പെടുന്ന ആന്റി മൈക്രോബിയൽ മരുന്നുകൾ. കാലക്രമത്തിൽ ഈ മരുന്നുകളെ ചെറുക്കാനുള്ള കഴിവ് രോഗാണുക്കൾ ആർജിക്കുന്ന അവസ്ഥയാണ് ആന്റി മൈക്രോബിയൽ റസിസ്റ്റൻസ്. ആന്റിബയോട്ടിക്കിനു പോലും പിടിച്ചുനിർത്താനാവാത്ത രോഗങ്ങൾ മൂലം പ്രതിവർഷം ലോകത്ത് 7 ലക്ഷം പേർ മരണമടയുന്നതായാണ് കണക്ക്. 2050 ആകുമ്പോഴേക്കും ഇത്തരം മരണങ്ങളുടെ എണ്ണം ഒരുകോടിയോളമാകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് ഇന്ത്യയിലാദ്യമായി കേരളത്തിൽ AMR കമ്മറ്റികൾ രൂപീകരിച്ചത്.

ലോകാരോഗ്യസംഘടനയുടെ സഹകരണത്തോടെ ആരോഗ്യം, മൃഗസംരക്ഷണം, ഫിഷറീസ്, കൃഷി, പരിസ്ഥിതി വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഈ കർമ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തെ 2023ഓടെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റാൻ പ്രത്യേക ദ്രുതകർമ പദ്ധതി ആവിഷ്കരിച്ചട്ടുണ്ട്. കേരള ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ (Kerala Antimicrobial Resistance Strategic Action Plan – KARSAP) സമയബന്ധിതമായി നടപ്പാക്കുന്നതിനാണ് ദ്രുത കർമ പദ്ധതി തയാറാക്കിയിരിക്കുന്നത്. ഈ പദ്ധതി ജില്ലാതല ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് കമ്മറ്റികൾ വഴി നടപ്പിലാക്കും.

സ്വകാര്യ ആശുപത്രികൾ, പ്രൈമറി, സെക്കന്ററി കെയർ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്നതിന്, തിരുവനന്തപുരം മെഡിക്കൽ കോളേജ് കേന്ദ്രമാക്കി 21 സാറ്റ്‌ലൈറ്റ് സെന്ററുകൾ ഉൾപ്പെടുത്താൻ കേരള ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് സർവെയലൻസ് നെറ്റുവർക്ക് (KARS-NET) വിപുലീകരിച്ചു. സംസ്ഥാനത്തെ AMR സർവെയലൻസിന്റെ ഭാഗമായി ലബോറട്ടറി സൗകര്യങ്ങൾ ശക്തിപ്പെടുത്തും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗമാണ് AMR സർവെയലൻസിന്റെ സംസ്ഥാനത്തെ നോഡൽ സെന്ററായി പ്രവർത്തിക്കുന്നത്.

രോഗാണുക്കൾ മരുന്നുകൾക്കെതിരെയുണ്ടാക്കുന്ന ചെറുത്തുനിൽപ്പ് തടയുന്നതിനായി മരുന്നുകൾ വിവേകപൂർവ്വം ഉപയോഗിക്കുക, സ്വയം ചികിത്സയുടെ ദൂഷ്യഫലങ്ങളെകുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക ആന്റിബയോട്ടിക് മരുന്നുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നവംബർ 18 മുതൽ 24 വരെ ലോക ആന്റി മൈക്രോബിയൽ റസിസ്റ്റന്റ്സ് വാരമായി WHO ആചരിച്ചുവരുന്നു.

 

Verified by MonsterInsights