ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി പ്രത്യേക നൈപുണ്യ വികസന കേന്ദ്രം സജ്ജീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള തൊഴിലധിഷ്ഠിത പുനരധിവാസ റസിഡൻഷ്യൽ പരിശീലനം “എസ്റ്റീം” രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം കൊളത്തറ യതീം ഘാനയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ഭിന്നശേഷി സൗഹൃദം ആകണമെന്ന കരുതൽ സർക്കാരിനുണ്ട്.
സമൂഹത്തിൽ ഏറെ പരിഗണന അർഹിക്കുന്ന ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക് വിദ്യാഭ്യാസത്തിനും വൈദ്യസഹായത്തിനും നിയമസഹായത്തിനും അർഹതയുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള തൊഴിലധിഷ്ഠിത പുനരധിവാസവുമായി ബന്ധപ്പെട്ട് നടക്കുന്ന റസിഡൻഷ്യൽ പരിശീലനം മികച്ച ഒരു പദ്ധതിയാണ്. കോഴ്സ് പൂർത്തിയാക്കുന്ന കുട്ടികൾക്ക് തൊഴിൽ ലഭ്യമാക്കുക എന്നതാണ് പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം പാങ്ങപ്പാറയിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചലഞ്ച്ഡ് എന്ന സ്ഥാപനത്തെ ഈ മേഖലയിലെ അപക്സ് സ്ഥാപനമായി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊളത്തറ സി ഐ സി എസ് പ്രസിഡന്റ് പി. കെ. അഹമ്മദ് മുഖ്യാതിഥിയായിരുന്നു. ഒന്നാംഘട്ട പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ മൈമൂന ടീച്ചർ, കൊളത്തറ സി ഐ സി എസ് സെക്രട്ടറി അഡ്വ. എം. മുഹമ്മദ്, കോർഡിനേറ്റർ റസാഖ്, ബി പി സി മാർ, എസ് എസ് കെ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ എ.കെ. അബ്ദുൽ ഹക്കീം സ്വാഗതവും ജില്ലാ പ്രോഗ്രാം ഓഫീസർ വി.ടി.ഷീബ നന്ദിയും പറഞ്ഞു.