എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി പ്ലസ്ടു പാസായി ; ഉമ്മിച്ചിയെ കോളജിൽ ചേർത്ത് മക്കൾ…

എക്സ്ക്യുസ് മീ… ഏതു കോളജിലാ പഠിക്കുന്നേ….’ ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന മൂത്ത മകനൊപ്പംകോളജിലേക്കു പുറപ്പെടുന്ന സഹീറ അപൂർവമായിട്ടെങ്കിലും ഈ ചോദ്യം നേരിടാറുണ്ട്. തൃക്കാക്കര ഭാരതമാത കോളജിൽ മക്കളുടെ പ്രായമുള്ള സഹപാഠികൾക്കൊപ്പം  ഒന്നാം വർഷ ബിഎ ഇംഗ്ലിഷ് വിദ്യാർഥിനി സഹീറയും കൗമാരക്കാരിയാകും. മക്കളൊക്കെ ഒരുനിലയിലെത്തിയ ശേഷമാണു സഹീറ ക്യാംപസിലെത്തിയത്. മൂത്ത മകൻ മുഹമ്മദ് ബാസിൽഷാ ഇൻഫോപാർക്കിൽ എൻജിനീയറാണ്. ഇളയ മകൻ മുഹമ്മദ് ബാദ്ഷാ കുസാറ്റിൽ ബിടെക്വിദ്യാർഥി. ഭർത്താവിനു ജോലി ഖത്തറിൽ. 

ഏലൂർ ഇഎസ്ഐ ഡിസ്പൻസറിക്കു സമീപം പള്ളിപ്പറമ്പിൽ ബദറുദീന്റെഭാര്യയാണു സഹീറ. വീട്ടുജോലി കഴിഞ്ഞുള്ള വിരസത അകറ്റാൻ കൂടിയാണു സഹീറ വീണ്ടും വിദ്യാർഥിനിയായത്. കല്യാണംകഴിച്ചയക്കുമ്പോൾ പത്താം ക്ലാസും ഐടിഐ ഡിപ്ലോമയുമായിരുന്നു സഹീറയുടെ വിദ്യാഭ്യാസം. മക്കൾക്കുള്ള ഭക്ഷണം തയാറാക്കി, വീട് അടിച്ചുവാരി, വസ്ത്രങ്ങൾ അലക്കിത്തേച്ചു കഴിഞ്ഞിട്ടും സമയം ഒരുപാടു ബാക്കി. അങ്ങനെയാണു വീടിനടുത്തുള്ള പാതാളം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ തുടർ വിദ്യാഭ്യാസ പദ്ധതിയിൽ ഹയർ സെക്കൻഡറി കോഴ്സിനു ചേർന്നത്. എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി പ്ലസ്ടു പാസായി. ‘ഉമ്മിച്ചി വെറുതേയിരിക്കണ്ട, കോളജിൽ പൊയ്ക്കോ’ എന്നായി മക്കൾ. ഭാർത്താവ് ബദറുദീനും പിന്തുണ നൽകി. …

കോളജിലോ, ഈ പ്രായത്തിലോ എന്ന ചിന്തയൊന്നും സഹീറയെ അലട്ടിയില്ല. ഭാരതമാത കോളജിൽ ഡിഗ്രിക്ക് അപേക്ഷ കൊടുത്തു. നല്ല മാർക്കുണ്ടായിരുന്നതിനാൽ അഡ്മിഷൻ കിട്ടി. സഹപാഠികൾക്കുചേച്ചിയൊന്നുമല്ല സഹീറ, നല്ല കൂട്ടുകാരി. കഴിഞ്ഞ മാസം ഉമ്മിച്ചിയുടെ ബെർത്ത്ഡേ മക്കൾ ആഘോഷിച്ചതു കോളജിൽ ഉമ്മിച്ചിയുടെ കൂട്ടുകാർക്കൊപ്പം.

  പിതാവ് ബദറുദ്ദീൻ വിദേശത്തായതിനാൽ മക്കളുടെ സ്കൂളിലും കോളജിലുംപിടിഎ യോഗങ്ങളിൽ പങ്കെടുത്തിരു ന്നതു സഹീറയാണ്. ഭാരതമാത കോളജിലെ പിടിഎ യോഗങ്ങളിൽ ഉമ്മിച്ചിയുടെ രക്ഷിതാവായി പങ്കെടുത്ത് ആ കടം വീട്ടുകയാണു മക്കൾ. ക്യാംപസിനെയും അധ്യാപകരെയും മക്കളുടെ പ്രായമുള്ള സഹപാഠികളെയും കുറിച്ചു പറയാൻ സഹീറക്ക് ആയിരം നാവ്. 


Verified by MonsterInsights