കൊച്ചി വാട്ടർ മെട്രോ: റൂട്ട്, സമയം, നിരക്ക് | അറിയേണ്ടതെല്ലാം

കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനത്തിന് ഇനി ഒരു ദിവസം മാത്രം. വൈറ്റില-കാക്കനാട് റൂട്ടിലുള്ള സർവീസ് ഏപ്രിൽ 27 ന് ആരംഭിക്കും. പദ്ധതി പൂർണമായും പൂർത്തിയാകുന്നതോടെ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവീസ് നടത്തുമെന്നാണ് മന്ത്രി പി.രാജീവ് അറിയിച്ചത്.

വാട്ടർ മെട്രോയുടെ പ്രത്യേകതകൾ

നൂറുപേർക്ക് യാത്ര ചെയ്യാവുന്ന എട്ട് ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണ് വാട്ടർ മെട്രോയുടെ ഭാഗമായുള്ളത്. സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വേലിയേറ്റ സമയത്തും വേലിയിറക്ക സമയത്തും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനാകുന്ന ഫ്‌ളോട്ടിങ് ജട്ടികളും യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി സുരക്ഷ ഉറപ്പാക്കാൻ പാസഞ്ചർ കൺട്രോളിങ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. പദ്ധതി പൂർണമായും പൂർത്തിയാകുന്നതോടെ 10 ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവീസ് നടത്തും. മലിനീകരണം കുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റൂട്ടും സമയവും

വൈറ്റില-കാക്കനാട് റൂട്ടിലുള്ള സർവീസ് ഏപ്രിൽ 27 മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെയാണ് സർവീസ് നടത്തുന്നത്. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളയിൽ ഹൈക്കോർട്ട്‌വൈപ്പിൻ റൂട്ടിൽ സർവീസുണ്ടാകും. യാത്രക്കാരുടെ എണ്ണം പരിശോധിച്ചാണ് സമയം നിജപ്പെടുത്തുക.

നിരക്ക്

വളരെ കുറഞ്ഞ യാത്രാനിരക്കും വാട്ടർമെട്രോയുടെ പ്രത്യേകതയാണ്. മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് ടിക്കറ്റ് ചാർജ് വരുന്നത്. ഹൈക്കോർട്ട്‌വൈപ്പിൻ 20 രൂപയും വൈറ്റിലകാക്കനാട് 30 രൂപയുമാണ്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ്. ടെർമിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽനിന്ന് ഒറ്റത്തവണ യാത്രയ്ക്കുള്ള ടിക്കറ്റും വിവിധ യാത്രാ പാസുകളും ലഭിക്കും. മെട്രോ റെയിലിലെ കൊച്ചി വൺ കാർഡ് ഉപയോഗിച്ച് വാട്ടർ മെട്രോയിലും യാത്രചെയ്യാം. കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈൽ ക്യുആർ കോഡ് ഉപയോഗിച്ചും യാത്രചെയ്യാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights